തിയേറ്റർ നിറയ്ക്കാൻ പുത്തൻചിത്രങ്ങളുടെ നീണ്ടനിര, നവംബറിലെ വമ്പന്മാരാവാൻ കുറുപ്പും കാവലും


4 min read
Read later
Print
Share

നിയന്ത്രണങ്ങളുണ്ടെങ്കിലും വീണ്ടുമൊരു അടച്ചിടൽ വേണ്ടിവരില്ല എന്ന പ്രതീക്ഷയിൽ, വാക്സിൻ നൽകുന്ന സുരക്ഷിതബോധത്തിൽ, തിയേറ്ററുകളിൽ നമുക്ക് ഇരിപ്പുറപ്പിക്കാം.

കാവലിൽ സുരേഷ് ​ഗോപി, സുകുമാരക്കുറുപ്പായി ദുൽഖർ | ഫോട്ടോ : www.facebook.com|ActorSureshGopi|photos|?ref=page_internal, www.facebook.com|DQSalmaan|photos

തിയേറ്ററിലെ സിനിമയ്ക്കിടയിൽ നൽകുന്ന ഇടവേള ആവേശത്തിന്റെയും ആനന്ദത്തിന്റെയുമാണ്. എ.സി. തണുപ്പിൽനിന്ന് ​വിശ്രമമുറിയിൽപ്പോയി റിഫ്രഷായി പോപ് കോണും ഐസ്‌ക്രീമും വാങ്ങി അടുത്ത ഒന്നൊന്നരമണിക്കൂർ ആസ്വദിക്കാൻ ഊർജംപകരുന്ന ബ്രേക്ക്. എന്നാൽ, സിനിമയേ ഇല്ലാതെ തിയേറ്ററുകൾ കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി അടഞ്ഞുകിടന്ന നീണ്ട ഇടവേള ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും മാത്രമായിരുന്നു. സിനിമ എന്ന വ്യവസായത്തിന്റെ, കലാകാരന്മാരുടെ സ്വപ്നങ്ങളുടെ, തൊഴിലാളികളുടെ ജീവിതത്തിന്റെ, സാധാരണക്കാരുടെ ഉല്ലാസത്തിന്റെ, നീണ്ട ഇടവേള. പതിനെട്ടുമാസത്തെ ഇടവേള കഴിഞ്ഞ് കേരളത്തിലെ തിയേറ്ററുകൾ വീണ്ടും തുറന്നിരിക്കുകയാണ്. ആദ്യ ലോക്ഡൗൺ പിൻവലിച്ച് തിയേറ്ററുകൾ തുറന്നപ്പോൾ റിലീസിന് തയ്യാറെടുത്ത് സജ്ജമായിനിന്ന സിനിമകൾ കൂടുതൽ ആളും ആവേശവുമെത്തുന്ന, നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന, ഉത്സവകാലത്തിനുവേണ്ടി മാറ്റിവെച്ചെങ്കിലും അതിലുംനീണ്ട ഇടവേളയും സമ്മർദവും അനിശ്ചിത്വവുമാണ് രണ്ടാം ഇടവേള സൃഷ്ടിച്ചത്. അതും ഒഴിയുകയാണ്. നിയന്ത്രണങ്ങളുണ്ടെങ്കിലും വീണ്ടുമൊരു അടച്ചിടൽ വേണ്ടിവരില്ല എന്ന പ്രതീക്ഷയിൽ, വാക്സിൻ നൽകുന്ന സുരക്ഷിതബോധത്തിൽ, തിയേറ്ററുകളിൽ നമുക്ക് ഇരിപ്പുറപ്പിക്കാം. സിനിമ, തിയേറ്ററിനുള്ളതാണെന്ന ബോധ്യത്തിൽ നൂറോളം ചിത്രങ്ങളാണ് അണിയറയിൽ സജ്ജമായിരിക്കുന്നത്. അവയിൽ സമീപനാളുകളിൽ തിയേറ്ററിൽ നേരിട്ടുപ്രദർശനത്തിനെത്താൻ സാധ്യതയുള്ള പ്രധാന സിനിമകളിതാ.

കുറുപ്പെന്ന ഉറപ്പ്

തിയേറ്ററിലേക്കുള്ള മടങ്ങിവരവിൽ മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് റിലീസ് ദുൽഖർ സൽമാന്റെ ഇതുവരെയുള്ള ഏറ്റവുംവലിയ പ്രോജക്ടുകളിലൊന്നായ ‘കുറുപ്പ്’ ആണ്. ‘സെക്കൻഡ് ഷോ’യ്ക്കുശേഷം ശ്രീനാഥ്‌ രാജേന്ദ്രൻ-ദുൽഖർ സൽമാൻ ടീം ഒന്നിക്കുന്ന കുറുപ്പ് നവംബർ 12-നാണ് തിയേറ്ററുകളിലെത്തുന്നത്. കേരളംകണ്ട ഏറ്റവുംവലിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് കുറുപ്പ് കഥപറയുന്നത്. നായകനൊപ്പം നിർമാതാവിന്റെ റോളിൽക്കൂടി ദുൽഖറെത്തുന്ന ‘കുറുപ്പ്‌’ ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ യുവതാരനിര അണിനിരക്കുന്ന ബഹുഭാഷ റിലീസാണ്. യുവതാരങ്ങളിൽ ഏറ്റവുംസ്ഥിരതയാർന്ന ഫാൻ ബേസുള്ള, യുവതാരങ്ങളിലെ ഏറ്റവുംവലിയ ക്രൗഡ് പുള്ളർ എന്നുവിശേഷിപ്പിക്കാവുന്ന താരമാണ് ദുൽഖർ. ദുൽഖറും ഏറെ പ്രതീക്ഷയർപ്പിക്കുന്ന സിനിമ, വലിയ റിലീസായി എത്തുമ്പോൾ തിയേറ്ററിലേക്ക് ആളുകൾ തിരികെയെത്തുമോ എന്നതിന്റെ ടെസ്റ്റ് ഡോസ് കൂടിയാവും കുറുപ്പ് നൽകുന്ന ഉറപ്പ്.

കാവലാകാൻ ‘കാവൽ’

നവംബർ മൂന്നാംവാരംതന്നെ ആസിഫ് അലി-രജിഷാ വിജയൻ ജോഡികൾ ഒന്നിക്കുന്ന ജിബു ജേക്കബിന്റെ, രാഷ്ട്രീയപശ്ചാത്തലത്തിൽ കുടുംബകഥ പറയുന്ന ‘എല്ലാം ശരിയാകും’ എന്ന സിനിമയും തിയേറ്ററുകളിലെത്തും. തോമസ് തിരുവല്ല ഫിലിംസ് ആൻഡ് ഡോ. പോൾ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ തോമസ് തിരുവല്ലയും ഡോ. പോളും ചേർന്നുനിർമിക്കുന്ന ചിത്രം സെൻട്രൽ പിക്ച്ചേഴ്സാണ് പ്രദർശനത്തിനെത്തിക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ് ഗോപിയുടെ മാസ്‌ വേഷത്തിലെ തിരിച്ചുവരവ് എന്നുവിശേഷിപ്പിക്കാവുന്ന ‘കാവൽ’ ആണ് നവംബറിലെ വലിയ റിലീസ്. മമ്മൂട്ടി നായകനായ ‘കസബ’യിലൂടെ സംവിധായകനായി അരങ്ങേറിയ നിതിൻ രൺജി പണിക്കരുടെ രണ്ടാംസിനിമയായ കാവൽ നവംബർ 25-നാണ് റിലീസ് നിശ്ചയിച്ചിട്ടുള്ളത്. ഗുഡ്‌വിൽ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് കാവൽ നിർമിക്കുന്നത്.

ഈ മൂന്നുസിനിമകൾക്കും ഈ നിയന്ത്രണങ്ങൾക്കിടയിൽ ജനക്കൂട്ടത്തെ തിരിച്ച്‌ തിയേറ്ററിലെത്തിക്കാൻ സാധിച്ചാൽ മലയാള സിനിമയുടെ തിരിച്ചുവരവ് ഉറപ്പിക്കാം. തൊട്ടുപിന്നാലെ വടംവലി പ്രമേയമാക്കി കഥപറയുന്ന ഇന്ദ്രജിത്ത് ചിത്രം ആഹാ, ആന്റണി വർഗീസ് നായകനായ ടിനു പാപ്പച്ചന്റെ അജഗജാന്തരം എന്നിവയും തിയേറ്ററുകളിലെത്തുന്നുണ്ട്.

അതേസമയം, ആളുകൾ തിയേറ്ററിലെത്തുന്നതുനോക്കി സിനിമകൾ കൂട്ടത്തോടെ റിലീസിനെത്തുന്നത് ഒഴിവാക്കാൻ നിർമാതാക്കളും വിതരണക്കാരും തിയേറ്ററുകളും റിലീസ് ചാർട്ട് തയ്യാറാക്കിയിട്ടുണ്ട്. ജനുവരിവരെയുള്ള ചാർട്ടിങ് പുരോഗമിക്കുകയാണ്. നൂറോളം സിനിമകളാണ് പോസ്റ്റ് പ്രൊഡക്‌ഷൻ അടക്കമുള്ളവ പൂർത്തിയാക്കി റിലീസിനായി സജ്ജമായിരിക്കുന്നത്. റിലീസിന് തയ്യാറായിക്കിടക്കുന്ന മറ്റൊരു ബിഗ് ബജറ്റ് മാസ് എന്റർടെയ്നർ ബി. ഉണ്ണികൃഷ്ണന്റെ മോഹൻലാൽ നായകനാകുന്ന മാസ് സിനിമ ‘ആറാട്ട്’ ആണ്. ആറാട്ട്‌ 2022 ഫിബ്രവരി 10-ന്‌ റിലീസ്‌ ചെയ്യും.

തരംഗമാകാൻ അണ്ണാത്തെ

ഇന്ത്യൻ സിനിമയിലെത്തന്നെ ഏറ്റവുംവലിയ ഉത്സവസീസണാണ് ദീപാവലി. ഇതരഭാഷകളെ അപേക്ഷിച്ച് ദീപാവലി കേരളത്തിലെ തിയേറ്ററുകൾക്ക് അത്രവലിയ ആഘോഷമല്ലെങ്കിലും തിയേറ്ററുകൾ വീണ്ടും തുറക്കുന്ന വേളയിലെ ദീപാവലിക്ക് വലിയ പ്രാധാന്യമുണ്ട്.

വലിയ മലയാളസിനിമകൾ ദീപാവലി റിലീസായി എത്താനുള്ള സാധ്യത കുറവാണെങ്കിലും വമ്പൻ ഹിന്ദി-തമിഴ്‌ സിനിമകൾ ദീപാവലിദിനമായ നവംബർ നാലിനും അഞ്ചിനും എത്തും. അജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ ശിവ (സിരുത്തെ ശിവ) സംവിധാനംചെയ്യുന്ന രജനീകാന്ത് സിനിമ അണ്ണാത്തെയാണ് നവംബർ റിലീസിന് ദീപാവലിദിനത്തിൽ എത്തുന്ന ഈവർഷത്തെ തെന്നിന്ത്യയിലെതന്നെ ഏറ്റവുംവലിയ സിനിമ. നയൻതാരയാണ് നായിക.

രജനിപ്പടങ്ങളുടെ വലിയ മാർക്കറ്റായ കേരളത്തിൽ അണ്ണാത്തൈ റിലീസ് ദിവസങ്ങളിൽ തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം. ബോളിവുഡിലെ തട്ടുപൊളിപ്പൻ ഹിറ്റുകളുടെ ആശാനായ രോഹിത് ഷെട്ടിയുടെ മെഗാബജറ്റ് മൾട്ടിസ്റ്റാർ സിനിമ ‘സൂര്യവംശി’ റിലീസ് തൊട്ടടുത്തദിവസമാണ്, നവംബർ അഞ്ചിന്. അക്ഷയ്‌ കുമാർ, അജയ് ദേവ്ഗൺ, രൺവീർ കപുർ, കത്രീന കൈഫ് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന സൂര്യവംശി ഹിന്ദിയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെത്തന്നെ സമീപകാലത്തെ ഏറ്റവുംവലിയ റിലീസാണ്. ഇതരഭാഷാ സിനിമകളാണെങ്കിലും കോളേജുകൾകൂടി തുറന്ന പശ്ചാത്തലത്തിൽ റിലീസ് വാരത്തിൽ യുവപ്രേക്ഷകർ കൂട്ടത്തോടെ എത്തുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ തിയേറ്ററുകൾ.

മരക്കാർ എവിടെയെത്തും ?

2020 മാർച്ചിൽ ആദ്യ ലോക്ഡൗൺ വന്നതോടെ റിലീസ് അനിശ്ചിതത്വത്തിലായ ചിത്രമാണ് പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ മെഗാബജറ്റ് സിനിമ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. മറ്റുപല സിനിമകളും ഒ.ടി.ടി. റിലീസ് ആയപ്പോഴും തിയേറ്റർവഴി റിലീസ് എന്ന നിലപാടിൽ തന്നെയായിരുന്നു മരക്കാർ. എന്നാൽ, തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ മരക്കാർ റിലീസ് തന്നെയാണ് മലയാളസിനിമ നേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധി. തിയേറ്ററുകൾ തുറന്നുവെങ്കിലും ആന്റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാൽ നായകനാകുന്ന മറ്റ് മൂന്നുസിനിമകളുടെ റിലീസിങ്ങും ഇനിയും തീരുമാനമായിട്ടില്ല. ഷാജി കൈലാസിന്റെ തിരിച്ചുവരവ് സിനിമയായ എലോൺ, ലൂസിഫറിനുശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ദൃശ്യം-2വിനുശേഷം ജീത്തു ജോസഫ് സംവിധാനംചെയ്യുന്ന ട്വൽത്ത് മാൻ എന്നിവയാണിവ.

കാത്തിരിക്കുന്നത് നീണ്ടനിര

രണ്ടുമാസംമാത്രം ബാക്കിയുള്ള ഈവർഷത്തിൽ അവശേഷിക്കുന്ന വലിയ റിലീസ് കാലം ഡിസംബറിലെ ക്രിസ്മസ് വെക്കേഷനാണ്. പലപ്പോഴും മലയാളത്തിലെ ചരിത്രഹിറ്റുകൾ റിലീസ് ചെയ്തിട്ടുള്ള കാലം. എന്നാൽ, ഇക്കുറി ഇതുവരെയും ക്രിസ്മസ് റിലീസുകൾ ഏതെന്ന് ഉറപ്പിച്ചിട്ടില്ല. മമ്മൂട്ടിയുടെ അമൽ നീരദ് സിനിമ ‘ഭീഷ്മപർവം’, വിനയൻ സംവിധാനംചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’, മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്ന നവാഗത സംവിധായിക രതീനയുടെ ‘പുഴു’, രാജീവ് രവിയുടെ നിവിൻ പോളി സിനിമ ‘തുറമുഖം’, ആസിഫ് അലി ചിത്രം ‘കുഞ്ഞെൽദോ’, നാദിർഷയുടെ ജയസൂര്യ സിനിമ ‘ഈശോ’, ദിലീപിനെ നായകനാക്കി നാദിർഷ ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥൻ’, പൃഥ്വിരാജ്-നയൻതാര ജോഡികൾ ഒന്നിക്കുന്ന അൽഫോൻസ് പുത്രന്റെ ത്രില്ലർ ‘ഗോൾഡ്’, 'ജാൻ എ മൻ', 'ഉപചാരപൂർവം ഗുണ്ട ജയൻ' എന്നിങ്ങനെയുള്ള സിനിമകളാണ് ചിത്രീകരണം പൂർത്തിയാക്കിയും പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളുമായി റിലീസിനു സജ്ജമായിക്കൊണ്ടിരിക്കുന്നത്. ഇവയിൽപലതും ഈ വർഷം അവസാനത്തോടെയും അടുത്തവർഷത്തിന്റെ ആദ്യപാദത്തിലും വിഷു-ഈസ്റ്റർ സീസണിലുമായി തിയേറ്ററുകളിലെത്തുമെന്ന് കരുതാം.

അടുത്തവർഷം ആദ്യം നിശ്ചയിച്ചിട്ടുള്ള വലിയ റിലീസുകളിലൊന്ന് ‘തട്ടത്തിൻ മറയത്തി’ലൂടെ ന്യൂജനറേഷൻ സോഫ്റ്റ് പ്രണയസിനിമകൾക്ക് തുടക്കമിട്ട വിനീത് ശ്രീനിവാസന്റെ ‘ഹൃദയ’മാണ്. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ഹൃദയം 2022-ൽ ആദ്യമാസംതന്നെ തിയേറ്ററിലേക്കെത്തും.

Content Highlights: New Movies to Kerala Theatres, Kurup, Kaval, Ellam Sheriyakum, Annaatthe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KG George and Mammootty

കെ.ജി. ജോർജ് കണ്ടു, മമ്മൂട്ടിയുടെ മനസ്സിലെ മാന്ത്രികക്കുതിരയെ

Sep 26, 2023


Ganesh and KG George

3 min

ആഖ്യാനകലയുടെ ആചാര്യൻ, വിട കെ.ജി. ജോർജ്‌

Sep 25, 2023


Dev Anand

3 min

റൊമാന്റിക് ഹീറോ, ബോളിവുഡിന്റെ ആദ്യ ഫാഷന്‍ ഐക്കണ്‍; ദേവാനന്ദിന് ഇത് നൂറാം ജന്മവാര്‍ഷികദിനം

Sep 26, 2023


Most Commented