നയൻതാര ഇരുന്നതും ഡിം!. കരണ്ട് പോയി, എസികൾ മുരണ്ടുനിന്നു, ആകെ ഇരുട്ടും


ജമേഷ് കോട്ടക്കൽ

മിനിറ്റിന് പതിനായിരങ്ങളുടെ വിലയുള്ള സൂപ്പർ താരമാണ് ചെന്നെയിൽ നിന്ന് പറന്നിറങ്ങി ഇരുട്ടത്തിരിക്കുന്നത്.

Nayanthara| Photo: Mathrubhumi Archives

ഫാസിൽസാർ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയെ ഞാൻ ആദ്യമായി കാണുന്നത്. നയൻതാരയുടെ രണ്ടാമത്തെ സിനിമയായിരുന്നു അത്. 'ഇത് ജമേഷ് കോട്ടയ്ക്കൽ.' പ്രശ്‌സത സിനിമാ പത്രപ്രവർത്തകൻ യശശരീരനായ ടി എച്ച് കോടമ്പുഴയാണ് എന്നെ നയൻതാരയ്ക്ക് പരിചയപ്പെടുത്തിയത്. 'ആ ചേട്ടാ എനിക്കറിയാം. ഞാൻ ചിത്രഭൂമിയിലെ ഫോട്ടോകൾ ശ്രദ്ധിക്കാറുണ്ട് '. നയൻതാര പറഞ്ഞു. എനിക്ക് സന്തോഷമായി. പുതിയ ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട്. കൊള്ളാം . ഞാൻ മനസ്സിൽപ്പറഞ്ഞു.

മുന്നെ പരിചയമുളള ഒരാളോട് സംസാരിക്കുന്ന പോലെയാണ് നയൻതാരയുടെ സംസാരം. വളരെ പെട്ടന്ന് തന്നെ റെഡിയായി ഔട്ട്‌ഡോറിൽ ചിത്രങ്ങളെടുക്കാൻ വരികയും ചെയ്തു. ആ ശുഷ്‌കാന്തിയിൽ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.

പുതുതാരങ്ങൾ സിനിമാവാരികകളുടെ ഫോട്ടോഗ്രഫർമാർക്ക് അത്തരം പരിഗണനകൾ നല്കാറുണ്ട്. പിറ്റേദിവസം മോഹൻലാലുമൊത്തും നയൻതാരയെ വെച്ച് കുറച്ച് സ്‌നാപ്‌സ് പകർത്തി. ആ സിനിമ റീലീസ് ആയതോടെ നയൻതാരയുടെ പ്രകടനം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പിന്നെ നയൻതാരയുടേതായി വരുന്നത് നാട്ടുരാജാവ് എന്ന് സിനിമയാണ്. അതും മോഹൻലാലിനോടൊപ്പം. അതോടെ നയൻതാര മലയാളികളുടെ പ്രിയപ്പെട്ട നടികളിലൊരാളായി മാറി.

Nayanthara
ഫോട്ടോ : ജമേഷ് കോട്ടക്കൽ

അങ്ങനെയൊരു ദിവസം എനിക്കൊരു ഫോൺ കോൾ. 'ഞാൻ നയൻതാര പറഞ്ഞിട്ട് വിളിക്കുകയാണ്. ' അങ്ങേ തലക്കൽ നിന്ന് മാത്യൂസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ പറഞ്ഞു. 'എന്റെ മൊബൈൽ ഫോൺ കമ്പനിയുടെ പരസ്യത്തിന് നയൻതാരയെ കാസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ ഷൂട്ട് ചെയ്താൽ മതിയെന്നാണ് നയൻതാരയുടെ സജഷൻ. എത്രയാണ് ചാർജ്?'. എനിക്ക് നയൻതാരയോട് വളരെ ഇഷ്ടം തോന്നി. മാത്യൂസിനോട് ഞാൻ കൊച്ചിയിലുള്ള എന്റെ സ്റ്റുഡിയോ ഫ്‌ളോറിൽതന്നെ വെച്ച് ഷൂട്ട് ചെയ്യാം എന്നുപറഞ്ഞപ്പോൾ അദ്ദേഹത്തിന് എന്തോ കൺഫ്യൂഷനുള്ളപോലെ. നയൻതാരയോട് ചോദിക്കാം എന്നുപറഞ്ഞു. അപ്പോൾതന്നെ ഞാൻ നയൻതാരെയെ വിളിച്ചു. 'ചേട്ടാ നമുക്ക് എന്റെ തിരുവല്ലയിലെ വീട്ടിൽവെച്ച് ഷൂട്ട് ചെയ്യാം. ഇവിടെ സൗകര്യങ്ങൾ ശരിയാക്കാം. ബുദ്ധിമുട്ടാവില്ലെങ്കിൽ ചേട്ടൻ ഇങ്ങോട്ട് വരാവോ? '

എനിക്ക് അക്കാലത്ത് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എന്ന പേരുമാത്രമാണ് കാര്യമായുള്ളത്. പണം തടയുന്ന വലിയ വർക്കുകൾ കുറവാണ്. അതും നയൻതാരയോട് അപ്പോഴേക്കും രൂപപ്പെട്ട അടുപ്പവും വെച്ച് ഞാൻ പൂർണ്ണമനസ്സോടെ സമ്മതിച്ചു. അങ്ങനെ അടുത്ത ദിവസം പുലർച്ചെ 5 മണിക്ക് കൊച്ചിയിൽ നിന്ന് ലൈറ്റുകളും ക്യാമറായൂണിറ്റും അസിസ്റ്റന്റുകളെയും ഒരു ടോയോട്ട ക്വാളിസിൽ കുത്തിക്കയറ്റി നയൻതാരയെുടെ തിരുവല്ലയിലെ വീട്ടിലേക്ക് ഞാൻ ആവേശപൂർവ്വം പുറപ്പെട്ടു. ഒരു നല്ല ഹൗസിംഗ് കോളനിയുടെ ഉള്ളിൽ സൗകര്യങ്ങളൊക്കെയുള്ള നല്ലൊരുവീട്. അച്ഛനും അമ്മയും വന്ന് പരിചയപ്പെട്ടു. ഇനി ഷൂട്ട് ചെയ്യണം. സ്വീകരണമുറി അത്യാവശ്യം വലുതാണ്. പക്ഷേ ഒരു പ്രശ്‌നമുണ്ട്. നിറയെ വലിയ ഫർണീച്ചറുകളാണ്. എന്തായാലും ആ വലിയ സ്വീകരണമുറി ഒറ്റ മണിക്കൂർകൊണ്ട് ലാലേട്ടന്റെ ജഗന്നാഥൻ ധാരാവി ഒഴിപ്പിച്ച പോലെ ഞങ്ങൾ ഒഴിപ്പിച്ചെടുത്തു.

നയൻതാര മെയ്ക്കപ്പ് കഴിഞ്ഞ് എത്തി. ആ ഷൂട്ടിലാണ് ഞാൻ നയൻതാരയുടെ റേഞ്ച് ശരിക്കും മനസ്സിലാക്കുന്നത്. ഫാഷൻ മോഡലിംഗ് പ്രഫഷണലായി പഠിച്ച സീനിയർ താരങ്ങളെ വെല്ലുന്ന രീതിയിൽ തന്റെ ഭാവങ്ങൾ മിന്നായം പോലെ മാറ്റിമറിച്ച് പോസ് ചെയ്ത് നയൻതാര ഞങ്ങൾ എല്ലാവരെയും വല്ലാതെ വിസ്മയിപ്പിച്ചു. ആ ചിത്രങ്ങൾ മാത്യൂസ് തന്റെ പരസ്യങ്ങളിൽ നന്നായി പ്ലെയിസ് ചെയ്തു. പല ഹോഡിഗുകളിലും ഷോപ്പിംഗ് മാളുകളിലും നയൻതാര പ്രസരിപ്പോടെ നിറഞ്ഞുനിന്നു.

ആ ഷൂട്ടിനുശേഷം പല തവണ നയൻതാര എന്റെ സ്റ്റുഡിയോയിൽ വന്നു. സെറ്റിൽവെച്ചായാലും സ്റ്റുഡിയോയിൽ വെച്ചായായാലും ലൈറ്റപ്പ് ഒക്കെ ചെയ്ത് നല്ല രീതിയിൽ പ്രഫഷണലായി ഫോട്ടോ ഷൂട്ട് ചെയ്യാൻ നയൻതാര ക്ഷമയോടെ സഹകരിക്കും. ജോ കൊരട്ടി മെയ്ക്ക്പ്പ് ചെയ്ത അത്തരമൊരു ഫോട്ടോഷൂട്ടിൽ ഹെയർ സെറ്റ് ചെയ്തതും ഗംഭീരമായിരുന്നു. അന്ന് മഞ്ഞ ബാക്ഗ്രൗണ്ടിൽ പച്ച നിറമുള്ള വസ്ത്രമിട്ട് നയൻതാരെയെ ഒരു സ്റ്റൂളിൽ ഇരുത്തി ഞാൻ ഷൂട്ട് ചെയ്തു. നല്ല റിസൽട്ടായതിനാൽ ആ കോസ്റ്റ്യൂം ഞാൻ ഇന്നും ഓർക്കുന്നുണ്ട്.
ആ ഷൂട്ടുകളിൽ എടുത്ത എല്ലാ ചിത്രങ്ങളും വളരെ നന്നായി വന്നു. നയൻതാരക്കും അവ ബോധിച്ചിട്ടുണ്ടാകണം. എന്റെ കൈയിൽ നിന്ന് എല്ലാത്തിന്റെയും നിരവധി പ്രിന്റുകൾ അവർ കലക്ട് ചെയ്യുമായിരുന്നു. നയൻതാര തമിഴ് സിനിമകളിൽ അഭിനയിക്കാൻ പോയപ്പോൾ ആ ഫോട്ടോകളും കൂടെപ്പോയി. താമസിയാതെ ചെന്നെയിൽ നിന്ന് പുറത്തിറങ്ങുന്ന പല പ്രശസ്ത സിനിമാ മാഗസിനുകളിലും അവ നിരന്തരം പ്രത്യക്ഷപ്പെട്ടു.

Nayanthara
ഫോട്ടോ : ജമേഷ് കോട്ടക്കൽ

അക്കാലത്ത് ചെന്നെയിൽ നിന്ന് എന്റെ മൊബൈൽ ഫോണിൽ സ്ഥിരമായി കോളുകൾ വരുമായിരുന്നു. നയൻതാര മാഡത്തിന്റെ പടം വേണം. അതാണ് ആവശ്യം .'ജമേഷ് കോട്ടക്കൽ താനേ?' എന്ന് ഫോണിന്റെ അങ്ങേത്തലക്കൽ നിന്ന് കേട്ടാൽ 'ഉങ്കൾക്ക് നയൻതാര ഫോട്ടോ കെടക്കണം അല്ലയാ?' എന്ന് ഞാൻ അങ്ങോട്ട് ചോദിക്കുന്ന സ്ഥിതിയായി. അവരുടെയെല്ലാം സംസാരത്തിൽ നിറഞ്ഞുനിൽക്കുന്ന ബഹുമാനത്തിൽ നിന്ന് നയൻതാര തമിഴിൽ താരമായി മാറുന്നത് ഞാൻ സന്തോഷത്തോടെ തിരിച്ചറിഞ്ഞു.

ചെന്നെയിൽ നിന്ന് ഫോട്ടോകൾ ചോദിച്ചുള്ള വിളികൾ കൂടിയപ്പോൾ ഒരു ദിവസം ഞാൻ നയൻതാരയെ വിളിച്ചു. 'ഫോട്ടോകൾ ഹിറ്റാകുന്നതിൽ സന്തോഷം. ഇനി വരുമ്പോൾ സ്റ്റുഡിയോയിൽ വന്ന് വീണ്ടും ഫോട്ടോഷൂട്ട് ചെയ്യണം. സ്റ്റോക്ക് തീർന്നു.' 'അതിനെന്താ. ഓ കെ വരാം ചേട്ടാ' എന്ന് നയൻ പറഞ്ഞത് എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെന്ന് സ്വാഭാവികമായും ഞാൻ കരുതി. പക്ഷേ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് നയൻതാര ഭംഗിയുള്ള ചിരിയുമായി ഇടക്കെല്ലാം സ്റ്റുഡിയോയുടെ പടികയറിവന്നു. പലതവണ ഫോട്ടോഷൂട്ടുകൾ നടന്നു. ഗൃഹലക്ഷ്മിക്കുവേണ്ടി ട്രാവൽ ഇഷ്യൂവിനുവേണ്ടി ചെയ്തത് എനിക്ക് വളരെ ഇഷ്ടപ്പെട്ട വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടായി മാറി. ബാഗും ട്രാവൽ ആക്‌സറീസും എല്ലാം ധരിച്ച് സ്‌പെഷ്യൽ ബാക്‌ഗ്രൈണ്ട് സെറ്റ് ചെയ്താണ് ആ ഷൂട്ട് ചെയ്തത്.

ചന്ദ്രമുഖി എന്ന രജനീകാന്ത് സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിലെ ഗംഭീര പ്രകടനം കണ്ടപ്പോൾ നയൻതാരയെ മലയാളികൾക്ക് ഇനി കിട്ടാത്ത അവസ്ഥ വരാൻ പോകുന്നു എന്ന് ഞാൻ മനസ്സിലുറപ്പിച്ചു. എന്നാൽ 'തസ്‌കരവീരൻ' എന്ന സിനിമ കമ്മിറ്റ് ചെയ്ത് മമ്മുക്കയുടെ ജോഡിയായി നയൻതാര വീണ്ടും മലയാളിയായി. അതിനുശേഷം 'രാപ്പകൽ' എന്ന കമൽ സിനിമയുടെ ലൊക്കേഷനിൽ പോയി നയൻതാരെയെ ലൊക്കേഷൻ ഷൂട്ട് ചെയ്തു.

ഗജിനി എന്ന സിനിമ നയൻതാരയുടെ സ്ഥാനം വേറെ ഒരു ലവലിൽ ഉറപ്പിച്ച സിനിമയാണ്. അതിനുശേഷം നയൻതാര റോളുകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധിക്കാൻ തുടങ്ങി. അതിനുഫലമുണ്ടായി. തെന്നിന്ത്യയിലെ വലിയ ബാനറുകളിലേക്കും തിരക്കുകളിലേക്കും നയൻതാര വളർന്നു. താമസിയാതെ തമിഴിലെ സൂപ്പർനായിക പദവി നയൻതാര എന്ന ഡയാന മറിയം കുര്യൻ എന്ന തിരുവല്ലാക്കാരിയുടെ അർഹിക്കുന്ന കൈകളിൽ വളരെ ഭദ്രമായി പ്ലെയ്‌സ് ചെയ്യപ്പെട്ടു.

നയൻതാരയെ ഫോൺചെയ്താൽ നേരിട്ട് കിട്ടാത്രതയും തിരക്കുളള അവസ്ഥയായി എന്ന് വിഷമത്തോടെയും ഒപ്പം സന്തോഷത്തോടെയും മനസ്സിലാക്കി. ആ വളർച്ചയുടെ പടവുകളിലൊന്നിൽ ആവശ്യമായി പങ്ക് വഹിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിൽ ഞാൻ എന്റെ ചെറിയ പരസ്യനിർമ്മാണ തിരക്കുകളിലും ഫോട്ടോഷൂട്ടുകളിലും വ്യാപൃതനായി. പുതിയ താരങ്ങളുടെ ഫോട്ടോഷൂട്ടുകൾ ചെയ്യുമ്പോൾ നയൻതാരയുടെ ആറ്റിറ്റൂഡും അവരുടെ ശരീരഭാഷയും പഠിക്കാൻ ഞാൻ അവരെ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു. അങ്ങനയിരിക്കെ പെട്ടെന്നൊരു ദിവസം നയൻതാരയുടെ നമ്പർ റിംഗ് ചെയ്യുന്നു. മാനജരായിരിക്കും എന്ന് മനസ്സിൽകരുതി ഞാൻ ഫോണെടുത്തു.

അപ്പുറത്ത് നയൻതാര തന്നെ. 'ജമേഷേട്ടാ' എന്ന വിളിയിൽ വർഷങ്ങളുടെ ഇടവേളകൾ അലിഞ്ഞുപോയി.
'എന്റെ പിറന്നാൾ വരാൻ പോകുന്നു. കുറച്ച് പേഴ്ണണൽ ഫോട്ടോകൾ വേണം. അത് ജമേഷേട്ടൻതന്നെ എടുത്തുതരണം. ചെന്നെയിൽ വരാൻ പറ്റുമോ?'. നയൻതാരയുടെ ചോദ്യം എന്റെ ഉള്ളുകുളിർപ്പിച്ചു. വലിയൊരു പുരസ്‌കാരം കിട്ടിയതിനുതുല്യമായി എന്റെ മനസ്സ് നിറഞ്ഞു. ഫോട്ടോഷൂട്ട് ചെയ്താൽ മാത്രം മതി. ബാക്കി മെയ്ക്കപ്പ് ഹെയർ സ്‌റ്റൈലിസ്റ്റ് എല്ലാം നയൻതാരയുടെ ചോയ്‌സിലുണ്ട്. തീർത്തും വ്യത്യസ്തമായി ചില ഫോട്ടോകൾ ആണ് അവരുടെ മനസ്സിൽ.

കൊച്ചിയിലെ സ്റ്റുഡിയോ അപ്പോഴേക്കും ഞാൻ മിനുക്കുപണികൾ ചെയ്ത് സുന്ദരിയാക്കിയിരുന്നു. മുഴുവനായും എയർകണ്ടീഷൻ ചെയ്യുകയും ചെയ്തു. ഈ വിവരം ഞാൻ നയൻതാരയോട് പറഞ്ഞു. എന്നാൽ ഞാൻ അടുത്ത ദിവസം കൊച്ചിയിൽവരാം. ഡേറ്റ് ഫിക്‌സ് ചെയ്ത് വിളിക്കാം എന്നുപറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു. നയൻതാര ഫോട്ടോഷൂട്ടിനായി വരുന്ന കാര്യം ഞാൻ ആരോടും പറഞ്ഞില്ല. ഇനി തിരക്കുകാരണം അവർക്ക് വരാൻ കഴിയാതെ വന്നാലോ? ചെന്നെയിൽ നിരവധി ഫോട്ടോഗ്രഫർമാരുള്ളപ്പോൾ ഒരു പിറന്നാൾഷൂട്ടിനായി കൊച്ചിവരെ വരാൻ സാധ്യതയില്ല എന്നുതന്നെ ഞാൻ കണക്കൂകൂട്ടി.

എന്നാൽ അടുത്ത ദിവസം തന്നെ നയൻതാരയുടെ കൺഫർമേഷൻ കോൾ കിട്ടി. രാവിലെ കൊച്ചിയിലെത്തും. നേരെ സ്റ്റുഡിയോയിൽ . ഫോട്ടോ ഷൂട്ട് കഴിഞ്ഞ് പുലർച്ചെ ചെന്നെയിലേക്ക് തന്നെ മടക്കം. ഞാൻ ഒരുക്കങ്ങൾ തുടങ്ങി. ഗൃഹലക്ഷ്മിയിൽ വിളിച്ച് കാര്യം പറഞ്ഞു. ഒരു കോസ്റ്റ്യൂമിലുള്ള ഫോട്ടോ ഗൃഹലക്ഷ്മിക്കുവേണ്ടി ചെയ്യാൻ ധാരണയായി. പറഞ്ഞതുപോലെ രാവിലെ കൃത്യസമയത്ത് നയൻതാരയുടെ അസിസ്റ്റന്റുകൾ ആദ്യമെത്തി. പിറകിലെ കാറിൽ തെന്നിന്ത്യ മുഴുവൻ കീഴടക്കിയ ആ നിറഞ്ഞ ചിരിയുമായി താരസുന്ദരി വന്നിറങ്ങി. സ്റ്റുഡിയോയുടെ പടികൾ കയറി മുകളിലെത്തി. 'എല്ലാം നന്നായിട്ടുണ്ട് ജമേഷേട്ടാ. എന്ന് നയൻതാര പറഞ്ഞതുകേട്ടപ്പോൾ എനിക്ക് സന്തോഷമായി. മെയ്ക്കപ്പ് റൂമില്ലേക്ക് കയറി നയൻതാര ഇരുന്നതും. ഡിം!. കരണ്ട് പോയി. എസികൾ മുരണ്ടുനിന്നു. ഫ്‌ളോർ ആകെ ഇരുട്ടിൽ മുങ്ങി.

എന്റെ മുഖത്തും കണ്ണിലും ഇരുട്ടുകയറിയത് ചുറ്റും ഇരുട്ടായതിനാൽ ആരും കണ്ടില്ല.
എന്തുചെയ്യും.? !ഞാൻ ഓടിതാഴെക്കു പോയി അപ്പുറത്തെ സ്റ്റോറിൽനിന്ന് പത്രമെടുത്തുനോക്കി. സംഗതി അതുതന്നെ.അറ്റകുറ്റപ്പണി മരിക്കാൻ പോകുന്ന രോഗി അവസാന വഴി നോക്കുന്നതുപോലെ ഞാൻ കെ എസ് ഇ ബിയിൽ വിളിച്ചു. പേടിക്കേണ്ട. വൈകുന്നേരം 3 മണിക്ക് കരണ്ട് വരും എന്ന് ആ ചേട്ടൻ ആശ്വസിപ്പിച്ച് മറുപടി തന്നു.തിരിച്ച് കയറുമ്പോൾ നയൻതാരയോടെ എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. മിനിറ്റിന് പതിനായിരങ്ങളുടെ വിലയുള്ള സൂപ്പർ താരമാണ് ചെന്നെയിൽ നിന്ന് പറന്നിറങ്ങി ഇരുട്ടത്തിരിക്കുന്നത്.
എന്റെ മുഖം കണ്ടപ്പോൾ തന്നെ എല്ലാവർക്കും കാര്യം മനസ്സിലായി.
'സപ്ലൈ വരാൻ ലേറ്റാകും എന്നാണ് പറഞ്ഞത്'.
ഞാൻ നയൻതാരയുടെ മുഖത്ത് വിഷമത്തോടെ നോക്കി.
'സാരമില്ല ജമേഷേട്ടാ. ഞാൻ കുറച്ച് റസ്റ്റ് എടുക്കാം . ഇവിടെ ഒരു സുഹൃത്തിന്റെ ഫ്‌ളാറ്റുണ്ട്. കുറച്ച് ഉറങ്ങി തിരിച്ചുവരാം. കറണ്ട് വരുമ്പോൾ എന്നെ വിളിച്ചാൽ മതി. '

സൂപ്പർതാരം പഴയ തിരുവല്ലാക്കാരിയായി പരിഭവമില്ലാതെ പടികൾ ഇറങ്ങിപ്പോയി.
പവർ തിരിച്ചുവന്നപ്പോൾ വൈകുന്നേരം 5 മണിയായി. അതുവരെ ചെന്നെയിൽനിന്ന് വന്ന് മെയ്ക്കപ്പ് ടീമിനൊപ്പം തമിഴ്‌പേച്ചി ഇരുപ്പുറക്കാതെ ഇരുന്നു. വെളിച്ചം എത്തിയ വിവരം കിട്ടി ഒരു മണിക്കൂറിനുള്ളിൽ കൂടുതൽ സുന്ദരിയായി നയൻതാര ഫ്‌ളോറിൽ തിരിച്ചെത്തി. അന്ന് രാത്രി ഒരുമണിവരെ പ്രഫഷണലിസത്തിന്റെ ഏറ്റവും ഉദാത്തമായ ഭാവങ്ങൾ ചൊരിഞ്ഞ് അവർ എന്റെ ഫ്‌ളോറിനെ ജ്വലിപ്പിക്കുകയും ലെൻസുകളെ വിസ്മയിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

Nayanthara
മൂക്കുത്തി അമ്മൻ, ആരം എന്നീ ചിത്രങ്ങളിൽ നയൻതാര

star and style
പുതിയ ലക്കം സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

വെളുത്ത ഫ്രോക്ക് കോസ്റ്റ്യൂമിൽ മെയ്ക്കപ്പ് കഴിഞ്ഞ് അന്ന് നയൻതാര ക്യാമറക്ക് മുന്നിൽ എത്തിയപ്പോൾ ഞാൻ ശ്രദ്ധിച്ചത് കൺപോളകൾക്ക് താഴെയുള്ള ഇളംനീലനിറമുള്ള റൂഷ് ആണ്. ചെന്നൈ ടീം അവരുടെ ജോലി ഭംഗിയായി ചെയ്തിരിക്കുന്നു. വെറുതെയല്ല നയൻതാര അവരെ കൂടെക്കൂട്ടിയത്. ഞാനുടനെ നയൻതാരയുടെ ആ കൺനിറത്തെ ബെയ്‌സ് ചെയ്ത് ഒരു സ്‌കൈബ്ലൂ ബാക്ഗ്രൗണ്ട് സെറ്റ് ചെയ്തു. അതിലേക്ക് അഡീഷനലായി രണ്ടു ഗ്രിഡ് ലൈറ്റ് ഒക്കെ കൊടുത്ത് വാഷ് ഔട്ട്‌ചെയ്ത ശേഷം കുറെ ചിത്രങ്ങൾ ക്ലിക്ക് ചെയ്തു. എനിക്കും ഏറെ സന്തോഷം നല്കിയ ഒരു ഫോട്ടോഷൂട്ടായി മാറി.

അന്ന് മടങ്ങിപ്പോകുമ്പോൾ സന്തോഷത്തോടെ ഇനിയും വരാം എന്ന് പറഞ്ഞാണ് നയൻതാര മടങ്ങിയത്.
എന്റെ സ്റ്റുഡിയോ ഫ്‌ളോർ കാത്തിരിക്കുകയാണ്. എത്രപകർത്തിയാലും മതിയാവാത്ത ചില മുഖങ്ങളെ കാലമെത്ര വൈകിയാലും ഫോട്ടോഗ്രഫർ കാത്തിരിക്കുക തന്നെ ചെയ്യും.

Content Highlights : Nayanthara Actress Old Photoshoot Movie Stories by Jamesh kottakkal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented