-
ഉള്ളിലുള്ള പ്രണയം തുറന്ന് പറയുന്ന പല പ്രൊപ്പോസൽ രംഗങ്ങളും മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും തെങ്ങും തൈ കൊടുത്ത് പ്രണയം പറഞ്ഞ പ്രകൃതി സ്നേഹികളായ കമിതാക്കളെ ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. ഷംസു സയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകനിലെ റാണി ടീച്ചറും രതീഷുമാണ് ആ കമിതാക്കൾ. രതീഷായി കൃഷ്ണശങ്കർ എത്തിയപ്പോൾ തനി നാട്ടിൻപുറത്തുകാരി റാണി ടീച്ചറായെത്തിയത് നയന എൽസയാണ്. ജൂൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അതേ പെൺകുട്ടി. റാണി ടീച്ചറിന്റെയും രതീഷിന്റെയും പ്രണയം ഹിറ്റാവുന്ന വേളയിൽ സിനിമാ വിശേഷങ്ങളുമായി നയന മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു.
ഗൃഹലക്ഷ്മിയുടെ 'മിസ്സായ' മുഖം
ഗൃഹലക്ഷ്മി നടത്തിയ ഫെയ്സ് ഓഫ് കേരള മത്സരത്തിലൂടെയാണ് മോഡലിങ്ങിലേക്കും തുടർന്ന് സിനിമയിലേക്കും എത്തുന്നത്. ടോപ് ഫൈനലിസ്റ്റായിരുന്നു മത്സരത്തിൽ. ബ്യൂട്ടി പേജന്റുകളോട് വല്ലാത്ത പാഷനായിരുന്നു. പാർവതി ഓമനക്കുട്ടൻ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര എന്നിവരെ പോലെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കണമെന്നൊക്കെ വലിയ ആഗ്രഹമായിരുന്നു.ചെറുപ്പം മുതലേ കണ്ണാടിക്ക് മുന്നിൽ റാംപ് വാക്കൊക്കെ നടത്തുമായിരുന്നു. അങ്ങനെയാണ് ഗൃഹലക്ഷ്മിയുടെ ഫെയ്സ് ഓഫ് കേരളയിൽ എത്തുന്നത്.
ടൈറ്റിൽ നേടാനാവാഞ്ഞതിൽ സങ്കടമുണ്ടായിരുന്നു. മാഗസിന്റെ മുഖചിത്രം ആവാനുള്ള അവസരം നഷ്ടമായില്ലേ. പക്ഷേ അതിലൂടെയാണ് സിനിമാ ഓഫർ വരുന്നത്.ഓഫർ സ്വീകരിക്കണോ വേണ്ടയോ എന്ന് ആദ്യം ആശയക്കുഴപ്പം ഉണ്ടായിരുന്നു. കാരണം യാതൊരു സിനിമാ പാരമ്പര്യവും എനിക്കില്ല. എന്താണ് എങ്ങനെയാണ് എന്നൊക്കെ സംശയമായിരുന്നു.
'സ്നേഹയ്ക്കും കനിഹയ്ക്കും ശേഷം നയന'
തമിഴിൽ നായികയായാണ് അരങ്ങേറ്റം. പക്ഷേ ആ ചിത്രം റിലീസായില്ല. സുശി ഗണേശൻ സംവിധാനം ചെയ്ത തിരുട്ടുപയലേ ആണ് രണ്ടാമത്തെ ചിത്രം. അതിൽ സെക്കൻഡ് ഹീറോയിനായിരുന്നു. തെന്നിന്ത്യൻ താരങ്ങളായ സ്നേഹയെയും കനിഹയെയുമെല്ലാം സിനിമയ്ക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. 'ആ മാജിക് തുടരുന്നു, കനിഹയ്ക്കും സ്നേഹയ്ക്കും ശേഷം ഇതാ നയന' എന്ന ടൈറ്റിലോടെയാണ് എന്നെ അവതരിപ്പിച്ചത്. ഓഗസ്റ്റ് സിനിമാസ് നിർമിച്ച കളിയിലൂടെയാണ് മലയാളത്തിലേക്കെത്തുന്നത്. പിന്നീടാണ് ജൂൺ ചെയ്യുന്നത്. ആ ചിത്രമാണ് എനിക്കൊരു ബ്രേക്ക് തന്നത്.
ജൂണിലെ കുഞ്ഞി
സിദ്ധാർഥ് ശിവ സാറാണ് സിനിമയ്ക്കായി ഞങ്ങളെ എല്ലാം ട്രെയ്ൻ ചെയ്തത്.12 ദിവസത്തോളം വർക്ക്ഷോപ്പ് ഉണ്ടായിരുന്നു. ചിത്രത്തിലെ കുഞ്ഞി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സത്യത്തിൽ കുഞ്ഞിയുടെ ലുക്ക് എനിക്ക് ചേരുമോ എന്ന ടെൻഷനുണ്ടായിരുന്നു. കുഞ്ഞിയുടെ മാത്രമല്ല മണിയറയിലെ അശോകനിലെ റാണി ടീച്ചറുടെയും. ചുരിദാറൊന്നും ഞാൻ ഉപയോഗിച്ചിട്ടേ ഇല്ല. ജീൻസും ടോപ്പുമാണ് എന്റെ സ്ഥിരം വേഷം. പക്ഷേ കുഞ്ഞി അങ്ങനെ അല്ലല്ലോ. തനി നാടൻ പെൺകുട്ടിയല്ലേ. പക്ഷേ എന്റെ സ്വഭാവം പക്കാ കുഞ്ഞിയുടേത് തന്നെയാണ്. ഇങ്ങനെ ചാടിത്തുള്ളി നടക്കുന്ന, വാ തോരാതെ വർത്തമാനം പറയാനിഷ്ടമുള്ള പെൺകുട്ടിയാണ് നയനയും. ആ സിനിമയും എന്റെ കഥാപാത്രവും ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു.
നാട്ടിൻപുറത്തുകാരി റാണി ടീച്ചർ

വളരെ രസകരമായിരുന്നു മണിയറയിലെ അശോകന്റെ സെറ്റ് തന്നെ. സംവിധായൻ ഷംസു സയ്ബ ഉൾപ്പടെ മിക്ക ആൾക്കാരും പുതുമുഖങ്ങളാണ് അണിയറയിൽ. അഭിനയിക്കാൻ വന്നതാണെന്ന ഒരു അനുഭവമേ ആയിരുന്നില്ല. ഇത്ര ചിത്രങ്ങൾ ചെയ്തതിൽ എല്ലാവരുമായും ഏറ്റവുമധികം അടുത്തത് മണിയറയിലെ അശോകനിലാണ്. അനുപമ, കിച്ചുവേട്ടൻ(കൃഷ്ണശങ്കർ) ഒക്കെ ഭയങ്കര സഹായമായിരുന്നു. ഞാനായിരുന്നു ആ സെറ്റിലെ പുതുമുഖം . പക്ഷേ അങ്ങനെ ഒരു വേർതിരിവേ അവിടെ ഉണ്ടായിരുന്നില്ല.
റാണി ടീച്ചർ എന്ന എന്റെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു കൊണ്ടുള്ള പ്രതികരണങ്ങൾ കാണുന്നുണ്ട്. ഒരുപാട് സന്തോഷം തോന്നുന്നു. ഒരുപാട് താരങ്ങൾ ഉള്ള ചിത്രമല്ലേ. ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയതല്ല. ആ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ എനിക്ക് സംശയമുണ്ടായിരുന്നു. സാരിയൊക്കെ ഉടുത്ത് ഒരുപാട് പ്രായം തോന്നിക്കുമായിരുന്നു. പക്ഷേ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞു എന്നതിൽ സന്തോഷം.
എ.ഡി പണി അത്ര സിമ്പിളല്ല
സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിക്കാനായി. അതും ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമാണ്. അനുപമ(അനുപമ പരമേശ്വരൻ) ആദ്യം എ.ഡി ആയി പുറകേ ഞാനുമെത്തി. ഷംസു ചേട്ടൻ വെറുതേ ചോദിച്ചതാണ് നീയും പോരുന്നോ എ.ഡി ആയിട്ട് എന്ന്. 'പിന്നേ ഞാൻ റെഡി' എന്ന് പറഞ്ഞ് പിറ്റേന്ന് തന്നെ റോൾ ഏറ്റെടുത്തു.


ഈ എഡി പണി എന്നത് ഭയങ്കര കഷ്ടപ്പാടുള്ള പണി തന്നെയാണ്. വെയിലൊക്കെ കൊണ്ട് കരുവാളിച്ചു. ക്ലാപ്പ് അടിക്കുന്നത് മുതൽ കാരവന് പുറത്ത് അഭിനേതാക്കളെ കാത്തു നിൽക്കലും കോസ്റ്റ്യൂമുകൾ ശരിയാക്കുന്നതുമെല്ലാം ഉണ്ടായിരുന്നു. പാലക്കാട് ഒരു പാട്ട് സീൻ ചിത്രീകരിക്കുന്ന സമയത്ത് ഭയങ്കര വെയിലായിരുന്നു. വെയിലടിച്ച് ചെറുതായൊന്ന് തലകറങ്ങി വീഴുകയും ആശുപത്രിയിലേക്ക് കൊണ്ട് ഓടേണ്ടി വരികയും ചെയ്തു. പക്ഷേ എത്ര കഷ്ടപ്പാട് ആയിരുന്നെങ്കിലും മനോഹരമായ അനുഭവമായിരുന്നു അത്.
ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. അഭിനയത്തേയും ഈ അനുഭവങ്ങൾ മെച്ചപ്പെടുത്തുകയേ ഉള്ളൂ. ക്യാമറയെക്കുറിച്ചും മറ്റ് ടെക്നിക്കൽ വശങ്ങളെക്കുറിച്ചും ഒരുപാട് കാര്യങ്ങളെക്കുറിച്ചും പഠിക്കാനായി. ഭാവിയിലും ഇതുപോലെ നല്ലൊരു ടീമിനെ കിട്ടുകയാണെങ്കിൽ ഇനിയും എ.ഡി ആവാൻ ഞാൻ തയ്യാറാണ്.
സിനിമയ്ക്കാണ് തത്‌കാലം പ്രാധാന്യം
തിരുവല്ലയാണ് നാട്. പക്ഷേ ഒന്നാം ക്ലാസ് മുതൽ ഞാൻ വളർന്നത് കൊച്ചിയിലാണ്. സി.എം.എസിൽ നിന്നാണ് ബിരുദമെടുത്തത്.അതിന് ശേഷം സി.എം.എ ചെയ്തു . ഇപ്പോൾ ചെറിയൊരു ബ്രേക്ക് വന്നിരിക്കുകയാണ് പഠനത്തിൽ. ഇന്റർമീഡിയറ്റ് കഴിഞ്ഞു. ഇനി ഇന്റ്ൺഷിപ്പും മറ്റുമായി അഞ്ചു വർഷത്തെ പരിപാടിയുണ്ട്. തത്‌കാലം സിനിമയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. പതിയെ ഒരു എം.ബി.എ എടുക്കണം. വീട്ടിലെല്ലാവരും നല്ല പിന്തുണ തന്ന് കൂടെയുണ്ട്.
വരാനിരിക്കുന്ന സന്തോഷങ്ങൾ
വില്യം ഷേക്സ്പിയറിന്റെ ഒഥല്ലോ എന്ന നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന ഋ ആണ് പുതിയ ചിത്രങ്ങളിൽ ഒന്ന്. ഫാ. വർഗീസ് ലാൽ ആണ് സംവിധാനം ചെയ്യുന്നത്. മഞ്ജു ചേച്ചിയും സുരേഷേട്ടനും വേഷമിട്ട 97ൽ പുറത്തിറങ്ങിയ കളിയാട്ടത്തിന്റെ പുതിയ കാല അവതരണം. അതിൽ മഞ്ജു ചേച്ചി ചെയ്ത വേഷമാണ് എന്റേത്. സിദ്ധാർഥ് ശിവ സാറാണ് ഛായാഗ്രഹണം. ഷെയ്ൻ നിഗം നായകനായെത്തുന്ന ഉല്ലാസത്തിലും, കുർബാനിയിലും അഭിനയിക്കുന്നുണ്ട്. പിന്നെ ദുൽഖർ നായകനായെത്തുന്ന കുറുപ്പിലും ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. കാണ്മാനില്ല എന്ന ഒരു ചിത്രം കൂടി ചെയ്യുന്നുണ്ട്.
Content Highlights :Nayana Elza Interview Maniyarayile Ashokan June Movie Fame Nayana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..