ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ  സാംസ്കാരിക നിലവാരമില്ലാത്ത പങ്കുവെയ്ക്കലുകൾ ആകുമ്പോൾ


വി.കെ. ചെറിയാൻ

National Film Awards

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ (2020 വർഷത്തിലേത്) കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. വാർഷിക പുരസ്കാരങ്ങൾ തന്നെ നിർത്തേണ്ട സമയമായില്ലേ എന്ന് വ്യസ്ഥാപിതമായ ദേശീയ പുരസ്കാര അളവുകോലുകൾ വെച്ചു നോക്കുമ്പോൾ ആർക്കും തോന്നാം. ഇതാണ് നിലവാരമെങ്കിൽ ഈ പുരസ്കാരങ്ങൾ നിർത്തുകയാണ് നല്ലതെന്നാണ് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണ ൻ അഭിപ്രായപ്പെട്ടത്.

2020-ലെ ഏറ്റവും നല്ല ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട “സുരൈ പോട്ര്” എന്ന സുധാ കൊങ്കര, അതും പ്രശസ്തനായ മണിരത്നത്തിന്റെ സഹായി ആയി വന്ന ആ വനിത സംവിധായികയുടെ ചിത്രമെടുക്കു. ഓടിടി (OTT)-യിൽ അത് കണ്ടപ്പോൾ തോന്നിയത് “അയ്യപ്പനും കോശിയും” അതിലും നല്ല ചിത്രമാണ് എന്നാണ്. “സുരൈ പോട്ര്” എങ്ങുമെത്താത്ത ഒരു കഥ പറയുന്ന, ഒരു നല്ല ചിത്രത്തിന് വേണ്ട ദൃഢമായ കഥാ ഘടനയോ ചിത്രീകരണ മേന്മയോ ഇല്ലാത്ത ഒരു കദന കഥ. പക്ഷെ പുരസ്കാരം നല്ല ചിത്രത്തിന്റേത്. കാരണം അത് എയർ ഡെക്കാൻ എന്ന ജനകീയ വിമാന കമ്പനിയുടെ സ്ഥാപകന്റെ അത്യധ്വാനത്തെപ്പറ്റിയാണ് എന്നതുകൊണ്ട്, അതായതു സിനിമ - ബാഹ്യമായ കാരണത്താൽ ഒരു ചിത്രത്തിന് ആ വർഷത്തെ ഏറ്റവും മികച്ച ചിത്രമാകുവാൻ കഴിയുന്നു.

ഏതു പുരസ്കാരവും അതിന്റെ ജൂറിയുടെ മേധാവി മുതൽ, അംഗങ്ങളുടെ സിനിമാ ബോധത്തിന്റെ ഒരു പ്രതിഫലനം ആണെന്ന് നിസംശയം പറയാം. ഇവിടെയാണ് ഈ ദേശീയ പുരസ്കാരങ്ങൾ തുടങ്ങി നാളിതുവരെയുളള ജൂറി അംഗങ്ങളുടെ പുരാവൃത്തം പരിശോധിക്കേണ്ടത്. ആദ്യ കാലഘട്ടത്തിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ ഈ ജൂറികളിൽ ഭാഗഭാക്കായിരുന്നു. അതിനു കാരണം ചലച്ചിത്രത്തെ എങ്ങനെ മറ്റു കലാസൃഷ്ടികളുമായി കൂട്ടി യോജിപ്പിക്കാം എന്നതായിരുന്നു ജൂറിയുടെ പ്രഖ്യാപിത ലക്ഷ്യംതന്നെ. എങ്കിൽ ഇപ്പോൾ കച്ചവട സിനിമാക്കാരുടെ ഒരു കൂട്ടമായി അത് തരംതാണിരിക്കുന്നു. അവർ തങ്ങളുടെ കുടെയുളളവർക്ക്, ഭരിക്കുന്ന പാർട്ടികളുടെ രാഷ്ട്രീയ ചായ്വുളളവരെ എങ്ങനെ പുരസ്കാര അഭിഷക്തർ ആക്കാമെന്ന് ലക്ഷ്യമിടുന്നു.

ചലച്ചിത്ര അവാർഡ് ജൂറി അംഗങ്ങൾ മന്ത്രി അനുരാഗ് താക്കൂറിനെ സന്ദർശിച്ചപ്പോൾ

ഈ വർഷത്തെ ജൂറിയും കഴിഞ്ഞ കുറെ വർഷങ്ങളിലെപോലെ മുംബൈ കച്ചവട സിനിമക്കാരാണ് നേതൃത്വം നൽകിയത്. 2020-ലെ ജൂറി മേധാവി വിപുൽഷാ എന്ന നിർമാതാവ് ആണ്. അദ്ദേഹം ഗുജറാത്തിയും, ചില തട്ടുപൊളിപ്പൻ ഹിന്ദി പടങ്ങളുടെ സംവിധായകനുമാണ്. കേരളത്തിൽ നിന്ന് വി.ജി. തമ്പി എന്ന കച്ചവട സിനിമ സംവിധായകൻ ആയിരുന്നു ജൂറിയിൽ. സംവിധായകൻ എന്നതിനേക്കാൾ ഉപരി വിശ്വഹിന്ദു പരിഷത്ത് കേരള ഘടകത്തിന്റെ മേധാവി എന്നതാകണം അദ്ദേഹത്തിന് ജൂറിയിൽ ഇരിക്കുവാനുളള അർഹത.

2014 മുതൽ മുംബൈ കച്ചവട സിനിമക്കാരാണ് ജൂറി മേധാവികൾ എന്ന് കാണാം. 2014-ൽ ഷോലെ, സംവിധായകൻ രമേശ് സിപ്പി. 2015 -ൽ പ്രിയദർശൻ തുടർന്നുള്ള വർഷ ങ്ങളിൽ രാഹുൽ റവയിൽ, എൽ. ചന്ദ്ര എന്നിവർ ജൂറി മേധാവികളായിരുന്നു. എന്നാൽ യു.പി.എ. രണ്ട് അവസാന മൂന്നു വർഷം ഭാരതി രാജ, സയ്ദ് മിർസ, ബസു ചാറ്റർജി എന്നിവരായിരുന്നു ജൂറി മേധാവികൾ എന്ന് കാണാം. അതായതു എൻ.ഡി.എ. സർക്കാർ സിനിമയെ മുംബൈ കച്ചവട സിനിമാക്കാർക്ക് തീറെഴുതി കൊടുക്കുമ്പോൾ യു.പി.എ. അത് സിനിമ രംഗത്തെ കച്ചവടമല്ലാതെ മറ്റു കലാരംഗത്തെപോലെ കരുതു ന്നവരെയാണ് ജൂറി മേധാവി ആക്കിയിരുന്നത്. കേന്ദ്ര സർക്കാർ ദേശീയ സിനിമ പുരസ്കാരങ്ങൾ ആരംഭിച്ച 1954 മുതൽ എൺപതുകൾ വരെ സാഹിത്യകാരന്മാർ, അക്കാദമിക്കുകൾ, ബുദ്ധി ജീവികൾ എന്നിവരായിരുന്നു ജൂറി മേധാവികൾ. കാരണം ഈ പുരസ്കാരങ്ങൾ തുടങ്ങിവെച്ച പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഉദ്ദേശം സിനിമയെ കച്ചവട വസ്തു മാത്രം ആക്കാതെ മറ്റു കലകളുമായി അടുപ്പിച്ചു ഇന്ത്യൻ സിനിമയ്ക്ക് ലോക ഭൂപടത്തിൽ ഒരു മേൽവിലാസം ഉണ്ടാക്കണം എന്നതായിരുന്നു. അതു കൊണ്ടു തന്നെയാണല്ലോ രാജ്യത്തിന്, സത്യജിത് റായിയും, മൃണാൾ സെന്നും, ശ്യം ബംഗാളും, അടൂർ ഗോപാലകൃഷ്ണനും പോലുള്ള ലോകോത്തര ചലച്ചിത്രകാരന്മാരെ ലഭിച്ചതും.
1955-ൽ സത്യജിത് റായിയുടെ “പഥേർ പാഞ്ചാലിക്ക്” ഏറ്റവും നല്ല ചിത്രത്തിനു ള്ള പുരസ്കാരം നൽകിയ ജൂറി മേധാവി സി.ഡി. ദേശ്മമുഖ് എന്ന മുതിർന്ന ഉദ്യോഗസ്ഥനും, സാംസ്കാരിക രംഗത്ത് ഡഹിയിലെ ബുദ്ധിജീവി കേന്ദ്രമായ ഇന്ത്യ ഇന്റർനാഷണൽ സെന്റിന്റെ സ്ഥാപകനുമാണ്. 1972-ലെ മികച്ച ദേശീയ പുരസ്കാര ജൂറി മേധാവി രമേഷ് ഥാപ്പർ, സെമിനാർ എന്ന മാസികയുടെ എഡിറ്റർ ആയിരുന്നു. കൂടെ അംഗമായി തകഴിയും, കെ.ജി. ബച്ചനും (അമിതാഭ് ബച്ചന്റെ അമ്മ) ഉഷ ഭഗത് (പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സോഷ്യൽ സെക്രട്ടറി) ഗിരീഷ് കർണാട്, ഐ.എസ്. ജോഹർ എന്നിവരുടെ പേരും കാണാം. അവരാണ് ദക്ഷിണേന്ത്യൻ ജൂറി നിർദേശിക്കാത്ത “സ്വയംവരം” കണ്ട് അതിനു നാലു ദേശീയ പുരസ്കാരം നൽകുവാൻ തീരുമാനിച്ചത്. അതും മൃണാൾ സെന്നിന്റെ “കൽക്കട്ട 71', സേതുമാധവന്റെ “അച്ഛനും ബാപ്പയും, കുമാർ ഷാഹ്നിയുടെ “മായാ ദർപ്പൺ” എന്നിവയെ രണ്ടാം സ്ഥാനം, മികച്ച ഭാഷ ചിത്രം എന്ന സ്ഥാനത്തേക്ക് തളളി. അതുപോലെയായിരുന്നു 1965-ൽ "ചെമ്മീൻ” എന്ന രാമു കാര്യാട് ചിത്രത്തിന് മികച്ച ദേശീയ പുരസ്കാരം മലയാളത്തിനു നേടിയപ്പോൾ ആ സിനിമ ഋതിക് ഘട്ടക്കിന്റെ “സുവർണ രേഖ”യെയും, മലയാളത്തിന്റെതന്നെ “ഓടയിൽ നിന്നിനെയും” രണ്ടാം സ്ഥാന ത്തേക്ക് തള്ളിയാണ് മികച്ചതായത് എന്നും ഓർക്കണം. ജസ്റ്റീസ് ജി.ഡി. ഖോസ്ലയും, ബി.കെ. കരഞ്ജിയ (ഫിലിം ഫെയർ മാസിക എഫ്.എഫ്.സി. മേധാവി) എന്നിവർ നയിച്ച ജൂറിയാണ് ആ നിർണയം നടത്തിയത്. 1969-ൽ മൃണാൾ സെന്നിന്റെ “ഭുവൻ ഷോം” മികച്ച ചിത്രമാക്കി ഇന്ത്യൻ നവ സിനിമ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയതും ജസ്റ്റീസ് ജി.ഡി. ഖോസ്ലയുടെ ജൂറിയായിരുന്നു. ഭുവൻ ഷോം വളരെ മുതിർന്ന സംവിധായകനായി രുന്ന കെ.എ. അബ്ബാസിന്റെ “സാത് ഹിന്ദുസ്ഥാനി” (അമിതാഭ് ബച്ചനും മധുവും അഭിനയി ച്ചത്) എന്ന ചിത്രത്തെ രണ്ടാം സ്ഥാനത്തേക്ക് നീക്കിയിരുന്നു.

ഈ തീരുമാനങ്ങളുടെയും പുറകിൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും നയപരമായ, രാഷ്ട്രീയപരമല്ലാത്ത കൈയൊപ്പ് കാണാം. ഇന്ത്യയെ ലോക ഫിലിം ഫെസ്റ്റിവലുകളുടെ ഭൂപടത്തിൽ അടയാളപ്പെടുത്തി ക്കൊണ്ട് 1952-ൽ ആരംഭിച്ച അന്താരാഷ്ട്ര ചലച്ചിത്ര മേള ഉൽഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നെഹ്റു തന്റെ സിനിമ പോളിസി വ്യക്തമാക്കിയിരുന്നു. “പ്രക്ഷോഭകരവും അതിഭാവുകത്വം നിറഞ്ഞതും, കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയുമായ ചലച്ചിത്ര ങ്ങളെ പ്രോത്സാഹിപ്പിക്കരുത്. ഈ സത്യം നമ്മുടെ ഫിലിം രംഗം മനസ്സിലാക്കുമെങ്കിൽ അവർ നല്ല അഭിരുചി വളർത്തി, പുതിയ ഇന്ത്യയുടെ വളർച്ചയിൽ പങ്കു ചേരുമെന്നും കരുതട്ടെ”.ഇന്ത്യയുടെ സംസ്കാരത്തിന്റെയും, കലയുടെയും വളർച്ചയ്ക്ക് സിനിമയിലൂടെ വഴി തെളിക്കുവാനാണ് ഈ നയം പിന്തുടർന്നതുകൊണ്ട് നെഹ്റുവിന്റെ സർക്കാർ 1954-ൽ ആദ്യ ദേശീയ ചലച്ചിത്ര അവാർഡുകൾ ഒരു വാർഷിക സംഭവമാക്കിയത്. “രാജ്യം ഈ പുരസ്കാരങ്ങൾ കൊടുക്കുന്നത്, 1951-ലെ കേന്ദ്ര ഫിലിം അന്വേഷണ കമ്മിറ്റിയുടെ ശുപാർശ പ്രകാരം, സൗന്ദര്യശാസ്ത്രപരമായും, സാങ്കേതികമായും ഉയർന്ന നിലവാരം പുലർത്തു ന്നവയും, സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും നിർമ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുവാനാണ്”. ആദ്യ പുരസ്കാര പ്രസ്താവനയിൽതന്നെ ഈ വാർഷിക മേളയുടെ ലക്ഷ്യം സർക്കാർ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെയാകണം ആദ്യമികച്ച ചിത്ര പുരസ്കാരം ഒരു ഹിന്ദി സിനിമയ്ക്കു നൽകാതെ “സമാക്കി ആയി” എന്ന മറാത്തി-കുടുംബ ചിത്രത്തിന് നൽകിയതും. അന്നത്തെ പുരസ്കാരത്തെ രാഷ്ട്രപതിയുടെ ഗോൾഡ് മെഡൽ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 1955-ലെ ഏറ്റവും നല്ല ചിത്രം “മിർസ ഗാലിബ് ആയിരുന്നു. രണ്ടാമത്തെ നല്ല ചിത്രം “നീലക്കുയിലും'. ആദ്യ രണ്ടു വർഷ ജൂറിയിൽ കമലദേവി ചതോപാധ്യായ എന്ന സാംസ്കാരിക നായിക ഉണ്ടായിരുന്നു. സാഹിത്യ അക്കാദമിക് രംഗത്തെയും സിനിമയിലെയും പ്രഗത്ഭർ ആദ്യ ജൂറികളിൽ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

കങ്കണ റണൗട്ട്

പക്ഷെ ഇന്ന് ജൂറികളിൽ സിനിമാക്കാരല്ലാത്ത മറ്റുള്ള രംഗത്തുള്ളവർ കാണുക വിരളമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി കച്ചവട സിനിമക്കാരും കുറെ രാഷ്ട്രീയ നോമിനികളും മാത്രമാണ് ജൂറികളിൽ. അവർക്ക് ഈ പുരസ്കാരങ്ങളെ മേഖലയിൽ കൂടെയുളള വരെ ആദരിക്കാനും ചില രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാനുമുള്ള ഇടമായി മാറ്റികഴി ഞ്ഞിരിക്കുന്നു. ഒരു ആന്ധ്രാപ്രേദേശുകാരൻ വാർത്താ വിതരണ മന്ത്രി ആകുമ്പോൾ, “ബാഹുബലിക്ക്” മികച്ച ചിത്രത്തിന്റെ പുരസ്കാരം ലഭിക്കുന്നതും, തങ്ങളുടെ രാഷ്ട്രീയ ചായ്വുളള നടീനടന്മാർ മികച്ച നടനാകുന്നതും (അക്ഷയ് കുമാർ, കങ്കണ റണൗത്) അങ്ങനെയാണ്.

കഴിഞ്ഞമാസം പ്രഖ്യാപിച്ച പുരസ്കാരം നോക്കിയാൽ മത്സരം “സുരൈ പോട്ര്” എന്ന സാധാരണ ചിത്രവും “അയ്യപ്പനും കോശിയും” തമ്മിൽ ആയിരുന്നു എന്നു പറയേണ്ടിവരും. “പോട്രിൽ” ഒരു പുതിയ കഥ ഉണ്ടായിരുന്നതുകൊണ്ട് അത് മികച്ചതായി, “കോശിയുടെ” പകയുടെ ചിത്രം അതിന്റെ പരിണാമ ഗുസ്തികൊണ്ട് നല്ല സംവിധാനത്തിലേക്ക് ഒതുക്കപ്പെട്ടു. കൂടെ നല്ല പാട്ടിനും, അടിതടയ്ക്കുള്ള അവാർഡും. അങ്ങനെ “അയ്യപ്പനെയും കോശിയെ” യും കൂടി വിപുൽഷാ എന്ന നിർമ്മാണം സംവിധാ യകൻ ശ്രദ്ധിച്ചു. ഇനി അതിന്റെ ഹിന്ദി പതിപ്പ് അദ്ദേഹം എപ്പോൾ ഇറക്കി എന്ന് നോക്കി യാൽ മതി. അത്രയുമേയുള്ളു ഇപ്പോളത്തെ പുരസ്കാരത്തിന്റെ നിലവാരം. അതുകൊണ്ടുതന്നെയാകണം ഈ പുരസ്കാരങ്ങളിലുടെ ദേശീയ, അന്തർ ദേശീയ ശ്രദ്ധ തന്റെ കലാപരവും സാംസ്കാരികവുമായ ചലച്ചിത്രങ്ങളിലൂടെ നേടിയെടുത്ത അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ള ഒരു സർഗ്ഗപ്രതിഭ ഈ പുരസ്കാരങ്ങൾ നിർത്തണം എന്ന് പ്രസ്താവിച്ചത്. കാരണം നല്ല കുറെ ലോകോത്തര ചലച്ചിത്രങ്ങളെ, സംവിധായകരെ, സാങ്കേതിക വിദഗ്ധരെ ഉരുത്തിരിയാൻ നിമിത്തമായ ഒരു പുരസ്കാര വേദിയെ വിലകുറഞ്ഞ, അസാംസ്കാരികമായ പങ്കിടലിന്റെ, രാഷ്ട്രീയ പരിലാളനത്തിന്റെ ഉപകര ണമാക്കി മാറ്റുന്നത് തികച്ചും ജുഗുപ്സാവഹമാണ്. അതിലും നല്ലത് ഈ വാർഷിക പരി പാടി നിർത്തുക എന്നതാണ്. കച്ചവട സിനിമാക്കാർക്കു പുരസ്കാരത്തിന്റെ യാതൊരു ക്ഷാമവും ഇല്ല. രണ്ടു മണിക്കുർ ഇരുന്നുകൊടുത്താൻ ഏതു ടെലിവിഷൻ ചാനലുകളും മീഡിയയും അത്തരം അവാർഡുകൾ കൊടുക്കുന്നത് ഒരു സാധാരണ സംഭവുമായി കഴിഞ്ഞിരിക്കുന്നു.

Content Highlights: National Film Awards,soorarai pottru, film award controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented