അയ്യപ്പനും കോശിയും ചിത്രീകരണത്തിനിടെ സച്ചി | Photo: facebook/ sachy
ജോക്കര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ഹീത്ത് ലെഡ്ജറെ ഒരു സിനിമാപ്രേമിക്കും മറക്കാനാകില്ല. വെള്ളിത്തിര തന്നെ കൊണ്ടാടുന്നത് അറിയാതെ, തന്റെ പേരില്‍ ലോകം പ്രശംസ ചൊരിയുന്നത് അറിയാതെ, ഓസ്കര് വേദി കാണാതെ ആ മഹാനടന് മണ്ണോട് ചേരുകയായിരുന്നു. ബോളിവുഡിലും തെന്നിന്ത്യയിലും തിളങ്ങിയ ശ്രീദേവിയുടെ ജീവിതവും ഇതിനോട് സാമ്യമുള്ളതായിരുന്നു. 2018-ലെ മികച്ച നടിയായി മോം എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീദേവിയെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് രണ്ടു മാസം പിന്നിട്ടിരുന്നു.
അതുപോലെ ഒരു ജീവിതമാണ് മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിദാനന്ദനും കാലം കാത്തുവെച്ചിരുന്നത്. ദേശീയ പുരസ്കാരത്തില്‍ താന്‍ സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമ നാല് അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ അതു കാണാന്‍ സച്ചിയില്ലാത്തതിന്റെ വിങ്ങല്‍ മാത്രം അവശേഷിക്കുന്നു.
ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനമോഹങ്ങളും മുഖ്യധാര സിനിമയോട് പരമപുച്ഛവുമായി ജീവിച്ച ഒരു കാലം സച്ചിക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീടുള്ള ജീവിതസാഹചര്യങ്ങള്‍ കാരണം എല്ലാം വിട്ടെറിഞ്ഞ് വക്കീല്‍ കുപ്പായം എടുത്തിട്ടു. 10 വര്‍ഷത്തോളം ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. പക്ഷേ ഉള്ളിലുള്ള സിനിമാ മോഹം കെട്ടടങ്ങിയില്ല.
ഒടുവില്‍ ക്യാമറയ്ക്കു പിന്നിലെത്തിയപ്പോള്‍ പഴയ സിനിമാ ധാരണകള്‍ക്കെല്ലാം മാറ്റം വന്നുവെന്നും സിനിമയിലൂടെ സമൂഹത്തിന് സന്ദേശം നല്‍കാം, അവാര്‍ഡ് നേടാം എന്ന മോഹങ്ങളെല്ലാം പോയെന്നും സച്ചി 2020-ല്‍ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമ ഉപജീവനമാര്‍ഗമായി മാത്രമേ താന്‍ കാണുന്നുള്ളൂവെന്നും ആ അവസ്ഥ മാറിവരുമ്പോള്‍ വേറെ വഴി നോക്കാമെന്നും അന്ന് സച്ചി മനസുതുറന്നിരുന്നു. എന്നാല്‍ ഉപജീവനമാര്‍ഗം മാത്രമല്ല, അവാര്‍ഡ് നല്കി ആദരിക്കാന്‍ പ്രതിഭയുള്ള വ്യക്തി കൂടിയാണ് സച്ചിയെന്നാണ് ജൂറി ദേശീയ പുരസ്കാരത്തിലൂടെ അടിവരയിടുന്നത്.
ചോക്ലേറ്റ് നല്കിയ മധുരത്തോടൊപ്പമായിരുന്നു സച്ചിദാനന്ദന് എന്ന കൊടുങ്ങല്ലൂര്ക്കാരന് മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. മാല്യങ്കര എസ്എന്‍ കോളേജില്‍ ബിരുദ പഠനത്തിന് ശേഷം എറണാകുളം ലോ കോളേജില്‍ ചെന്നെത്തി. കൊമേഴ്സ് പഠിച്ചവരെ പുണെ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ എടുക്കില്ലെന്ന തെറ്റിദ്ധാരണയാണ് സച്ചിയെ നിയമലോകത്ത് എത്തിച്ചത്.
Also Read
ഇടപ്പള്ളിക്കാരനായ സേതുവെന്ന വക്കീലിനെ കണ്ടുമുട്ടിയത് ജീവിതത്തില്‍ വഴിത്തിരിവായി. വക്കീല്‍പ്പണി വിട്ട് സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരായിരുന്നു ഇരുവരും. ബോളിവുഡില്‍ നിന്ന് അതുല്‍ കുല്‍ക്കര്‍ണിയെ കൊണ്ടുവന്ന് ആദ്യ സിനിമ ചെയ്യാന്‍ പ്ലാനെല്ലാം ചെയ്തു. പക്ഷേ എല്ലാം മുടങ്ങി. പിന്നീടാണ് ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിന്റെ തിരക്കഥാ ജോഡിയാകുന്നത്. പിന്നീട് റോബിന്‍ഹുഡ്, മേക്കപ്പ്മാന്, സീനിയേഴ്സ്, ഡബിള്‍സ് തുടങ്ങി ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ചു.
ഇതിനിടയില്‍ ഇരുവരും വഴിപിരിഞ്ഞു. സച്ചി ഒറ്റയ്ക്ക് തിരക്കഥാകൃത്തും സംവിധായകനുമായി. റണ്‍ ബേബി റണ്‍, ചേട്ടായീസ്, രാമലീല, ഡ്രൈവിങ് ലൈസന്‍സ്, ഷെര്‍ലക് ടോംസ് എന്നീ സിനിമകള്‍ക്കെല്ലാം ഒറ്റയ്ക്ക് തിരക്കഥയൊരുക്കി. അനാര്‍ക്കലിയും അയ്യപ്പനും കോശിയും സംവിധാനവും ചെയ്തു. മലയാളത്തിലെ ന്യൂജനറേഷന് പ്രമേയ വിപ്ലവത്തിനിടയില്‍ സച്ചി എല്ലാ ജനറേഷനേയും ചേര്‍ത്തുപിടിച്ച് ഹിറ്റുകള്‍ സൃഷ്ടിക്കാമെന്ന് തെളിയിച്ചു.
2020 ജൂണ്‍ പത്തൊമ്പതിന് തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ സച്ചി അവസാന ശ്വാസമെടുത്തിട്ട് രണ്ടു വര്‍ഷവും 33 ദിവസവും പൂര്‍ത്തിയാകുമ്പോഴാണ് പുരസ്കാരനേട്ടത്തിലൂടെ നഞ്ചിയമ്മയും ബിജു മേനോനുമെല്ലാം പ്രിയപ്പെട്ട സംവിധായകന്റെ മാറ്റു കൂട്ടുന്നത്. സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയ മാഫിയ ശശി, രാജശേഖരന്, സുപ്രീം സുന്ദര്‍ ടീം മികച്ച സംഘട്ടന സംവിധാനത്തിനുള്ള പുരസ്കാരവും നേടി സച്ചിയെന്ന പേര് അനശ്വരമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..