ആടുമേച്ചു നടന്ന അട്ടപ്പാടിയുടെ സ്വന്തം നഞ്ചമ്മ പാട്ടുപാടി; ഇപ്പോള്‍ ദേശീയ പുരസ്‌കാരവും


റീഷ്മ ദാമോദര്‍| ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

പാലക്കാട് അട്ടപ്പാടിക്കടുത്തുള്ള നക്കുപ്പതി പിരിവിലെ നഞ്ചമ്മ ഒറ്റ സിനിമയിലൂടെയാണ് പ്രശസ്തയായത്. അത്ര എളുപ്പമൊന്നും തിരിച്ചറിയാനാവാത്ത കൊച്ചു വീട്. ഉടമ സിനിമാക്കാരിയാണെങ്കിലും വീടിന് അതിന്റെതായ പത്രാസൊന്നുമില്ല. കറുത്ത മിനുത്ത രോമങ്ങളുള്ളൊരു ആട് മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചാടി നടന്നു. ഇടയ്ക്ക് നഞ്ചമ്മയെ മുട്ടിയുരുമ്മി നിന്നു. അതിന്റെ തലയില്‍ നഞ്ചമ്മ പതുക്കെ തലോടി.

Nanjiyamma

ദേശീയ പുരസ്‌കാരം നേടിയ നഞ്ചമ്മയ്ക്ക് അഭിനന്ദനങ്ങള്‍. അയ്യപ്പനും കോശിയും സിനിമയുടെ റിലീസിനോടനുബന്ധിച്ച് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖം

സൂര്യന്‍ പതുക്കെ വിശ്രമിക്കാനുള്ള തത്രപ്പാടിലാണ്. ഒരുപറ്റം ആടുകള്‍ കുണുങ്ങിക്കുണുങ്ങി മലഞ്ചെരിവില്‍നിന്ന് താഴേക്ക് ഓടിവന്നു. ആടുകളുടെ കരച്ചിലിന് മീതേ കേള്‍ക്കാം കാറ്റിനെ കീറിമുറിച്ചെത്തുന്ന ആ പാട്ട്.

കളക്കാത്ത സന്ദനമേര വെഗു വേഗാ
പൂത്ത്രിക്കും
പൂപ്പറിക്കാ പോഗിലാമോ വിമനേത
പാക്കിലാമോ
ആ പാട്ടിന് പുറകേ കൈയിലൊരു വടിയും തലയില്‍ തോര്‍ത്തും ചുറ്റി ആളുമെത്തി. 'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ ആ കിടിലന്‍ താരം തന്നെ, നഞ്ചമ്മ. ആടിനെ മേയ്ച്ചുള്ള വരവാണ്. കൂടെ വേറെയുമുണ്ട് മൂന്നാല് പേര്‍. ''രാവിലെ പോയതാണ്, ഇപ്പോള്‍ തിരിച്ചുവന്നു'', ദ്രാവിഡഭാഷയുടെ സൗന്ദര്യത്തോടെ നഞ്ചമ്മ.

അമ്മ പാടിയ പാട്ടുകളൊക്കെ എത്ര പേരാണ് കേട്ടതെന്ന് അറിയാമോ എന്ന ചോദ്യത്തിന് ഉടനെത്തി ഡയലോഗ്, ''എന്റെയോ, അറിയില്ല''. നിഷ്‌കളങ്കമായ ചിരിയോടെ നഞ്ചമ്മ തുടര്‍ന്നു. ''മരങ്ങളെപ്പറ്റി, കുഞ്ഞുങ്ങളെപ്പറ്റി, കുട്ടികള്‍ക്ക് ചോറുകൊടുക്കുന്നതിനെപ്പറ്റി ഒക്കെയാണ് ആ പാട്ട്. കുഞ്ഞായിരുന്നപ്പോള്‍ ചുറ്റുവട്ടത്തെ വീടുകളിലൊക്കെ കളിക്കാന്‍പോകും, ഊരിലെ മരിപ്പിനും കല്യാണത്തിനും പോകും. അങ്ങനെ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ കണ്ടും കേട്ടും അറിഞ്ഞു. അതില്‍നിന്ന് ഞാനുണ്ടാക്കിയ പാട്ടുകളാണ് ഇതൊക്കെ''.

പാലക്കാട് അട്ടപ്പാടിക്കടുത്തുള്ള നക്കുപ്പതി പിരിവിലെ നഞ്ചമ്മ ഒറ്റ സിനിമയിലൂടെയാണ് പ്രശസ്തയായത്. അത്ര എളുപ്പമൊന്നും തിരിച്ചറിയാനാവാത്ത കൊച്ചു വീട്. ഉടമ സിനിമാക്കാരിയാണെങ്കിലും വീടിന് അതിന്റെതായ പത്രാസൊന്നുമില്ല. കറുത്ത മിനുത്ത രോമങ്ങളുള്ളൊരു ആട് മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചാടി നടന്നു. ഇടയ്ക്ക് നഞ്ചമ്മയെ മുട്ടിയുരുമ്മി നിന്നു. അതിന്റെ തലയില്‍ നഞ്ചമ്മ പതുക്കെ തലോടി.
''സിനിമ ഇറങ്ങിയതില്‍പ്പിന്നെ എല്ലാ ദിവസവും വീട്ടില്‍ ആളുകള്‍ കാണാന്‍വരും. കഴിഞ്ഞ രണ്ടുദിവസം ഒരുപാടുപേരങ്ങനെ വന്നു. അതുകൊണ്ട് ആടിനെ മേയ്ക്കാനൊന്നും പോവാന്‍പറ്റിയില്ല. അല്ലാത്ത ദിവസങ്ങളില്‍ രാവിലെ പത്ത് പത്തരയ്ക്ക് ആടിനെയുംകൊണ്ട് മല കയറും. രാവിലെ എന്തെങ്കിലും ഭക്ഷണം കഴിക്കും. ചിലപ്പോള്‍ റാഗിപ്പുട്ട്, ചിലപ്പോള്‍ ചോറ്. ഉച്ചയ്ക്ക് ഒന്നും കഴിക്കില്ല. വെള്ളം മാത്രം കുടിക്കും'', നഞ്ചമ്മ വീടിന്റെ

പടിയിലിരുന്ന് ചിരിച്ചു. മൂക്കിന്റെ രണ്ട് വശങ്ങളിലുമുള്ള മൂക്കുത്തിയിലേക്കും ആ ചിരി പടര്‍ന്നു.''ആടിനെയും മാടിനെയും മേച്ച് നടന്ന എന്നെ സച്ചിസാറാണ് നാട്ടിലറിയുന്ന ആളാക്കിമാറ്റിയത്. കാണാന്‍ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞു, 'സാറേ, ഒന്നും അറിയാത്ത ആളാണ്'. അപ്പോള്‍ പറഞ്ഞു, 'നിങ്ങളൊന്നും പേടിക്കണ്ട. ഞാനുണ്ട്. ഞാന്‍ പറയുന്നപോലെ അഭിനയിച്ചാമതി.' പറഞ്ഞപോലെ അഭിനയിച്ചു. പക്ഷേ, നമ്മള്‍ പടം എടുത്ത് ആറുമാസമാകുമ്പോഴേക്കും സാര്‍ മരിച്ചു. മരിക്കുന്നതിന് മുമ്പത്തെ ദിവസം ഫോണില്‍ വിളിച്ചിരുന്നു, 'നഞ്ചമ്മച്ചേച്ചീ, ഞാനെന്തായാലും അട്ടപ്പാടിക്ക് വരും, കുടുംബത്തിനെയും കൂട്ടി. നിങ്ങളെ വീട്ടില്‍ വന്നാല്‍ എന്ത് തരും.' ഞാന്‍ പറഞ്ഞു, 'സാറിന് തരാന്‍ വേണ്ടീട്ട് ഒന്നുമില്ല എന്റെ കൈയില്‍. ഞാന്‍ പുട്ടുണ്ടാക്കിത്തരാം. അല്ലെങ്കില്‍ റാഗിക്കളി ഉണ്ടാക്കിത്തരാം. വാ സാറേന്ന്'. സാര്‍ ചിരിച്ചു. ഇപ്പഴും ഓര്‍ക്കുമ്പോള്‍ സങ്കടമാവും. എന്റെ അച്ഛനും അമ്മയും മരിച്ചിട്ടുപോലും ഇത്ര സങ്കടം വന്നിട്ടില്ല''. അവരുടെ കണ്ണുകള്‍ നിറഞ്ഞു. ആ സങ്കടം മാറ്റാനെന്നതുപോലെ ഒരാട്ടിന്‍കുട്ടി ഓടിവന്ന് മടിയിലേക്ക് കയറി. ''വെള്ളച്ചീ...'' ആട് സ്നേഹത്തോടെ ഒതുങ്ങിക്കൂടിയിരുന്നു.

''എന്റെ ഭര്‍ത്താവ് നഞ്ചപ്പന്‍. പേരുപോലെതന്നെ ഞങ്ങള്‍ടെ മനസ്സും ഒരുപോലായിരുന്നു. അത്രയും സ്നേഹമായിരുന്നു തമ്മില്‍. ഇന്നത്തെക്കാലത്ത് അങ്ങനൊന്നും ആരുമുണ്ടാവില്ല. ഞാന്‍ വീട്ടില്‍ അടങ്ങിയിരിക്കുന്നതൊന്നും ഇഷ്ടമല്ലായിരുന്നു. എപ്പഴും എന്നോട് പറയും, നീ പോയി നാലുപേരെയൊക്കെ കണ്ടിട്ട് വാ എന്ന്. എനിക്കും തോന്നി, അട്ടപ്പാടിയില്‍ മാത്രം ഇരുന്നാല്‍പ്പോരാ. വെളിയിലൊക്കെ പോവണം. പതിനഞ്ചുവര്‍ഷമായിട്ട് ഞങ്ങള് കുറേപ്പേര് ഗ്രൂപ്പായിട്ട് പാട്ടുപാടാന്‍ പോവും. പതിനാല് ജില്ലകളിലും പോയിട്ടുണ്ട്. നഞ്ചപ്പന്‍ പത്തുവര്‍ഷം മുമ്പ് മരിച്ചു. ഞങ്ങള്‍ക്ക് രണ്ട് മക്കളാണ്. ഒരു മോനും ഒരു മോളും. രണ്ടാളെയും കുറച്ചൊക്കെ പഠിപ്പിച്ചു. ഇപ്പോള്‍ മോളും മരുമകനുമുണ്ട് എന്റൊപ്പം വീട്ടില്‍''. അട്ടപ്പാടിയിലെ ആസാദ് കലാസംഘത്തിലെ അംഗമാണ് നഞ്ചമ്മ. 2010-ല്‍ സംസ്ഥാന ഫോക്ലോര്‍ അവാര്‍ഡ് നേടിയിട്ടുമുണ്ട്.

''ഇപ്പോള്‍ അട്ടപ്പാടി കാണാന്‍ വരുന്നവരൊക്കെ എന്റെ വീട്ടിലും വരും. കുഞ്ഞുമക്കളെയൊക്കെ കൂട്ടിയിട്ടാണ് വരുന്നത്. അവര്‍ക്ക് ഞാനൊന്നും കൊടുക്കുന്നില്ലല്ലോ. എന്നിട്ടും പൈസയൊക്കെ ചെലവാക്കി കാണാന്‍ വരുന്നതെന്തിനാണ്? ഇഷ്ടമുള്ളതുകൊണ്ടല്ലേ? വരുന്നവര്‍ക്കൊക്കെ പാട്ടുപാടിക്കൊടുക്കും. ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കും. ഇന്ന് ഭര്‍ത്താവ് ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് സന്തോഷിച്ചേനെ''.
''ഇപ്പോള്‍ രണ്ട് സിനിമയില്‍ അഭിനയിച്ചു. ഒന്ന് ഐ.എം. വിജയന്‍സാര്‍ അഭിനയിക്കുന്ന സിനിമയാണ്. അതില്‍ പാട്ടും പാടി. പിന്നെ വേറൊരു സിനിമയില്‍ അട്ടപ്പാടി മൂപ്പത്തിയായിട്ടാണ്. വിജയന്‍സാറിന് എന്നെ ഭയങ്കര ഇഷ്ടപ്പെട്ടു. ഈ പടത്തില്‍ അഭിനയിച്ച് പോരുമ്പഴേക്കും എന്റെ പുറത്തിങ്ങനെ തട്ടി, ഈ പടം റിലീസാവട്ടെ, എന്നിട്ട് കാണാമെന്ന് പറഞ്ഞു''. പ്രശാന്ത് കാനത്തൂരിന്റെ 'സ്റ്റേഷന്‍ 5', വിജീഷ് മണിയുടെ 'മ്മ്' എന്നിവയാണ് നഞ്ചമ്മയുടെ പുതിയ സിനിമകള്‍. അതിനൊപ്പം സീ കേരളത്തില്‍ സീരിയല്‍ പ്രൊമോ സോങ് പാടുകയും ചെയ്തു.

''ഐ.എം.വിജയന്‍ സാറിനെയൊന്നും എനിക്ക് അറിയില്ലായിരുന്നു. ആരെയും അറിയില്ല. പൃഥ്വിരാജിനെ അറിയുമോ? ഇല്ല. ബിജു മേനോനെ അറിയുമോ? അതും ഇല്ല. ഈ കാണുന്ന ആള്‍ക്കാരെയൊന്നും ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഇപ്പോള്‍ അഭിനയിക്കാന്‍ പോവുന്നതിനുമുമ്പ് ഇത്ര പൈസ വേണമെന്ന് പറയും. എന്റെ പണിയൊക്കെ വിട്ട്, പശുവിനെയും ആടിനെയുമൊക്കെ മറന്നിട്ട് വേണ്ടേ അഭിനയിക്കാന്‍ പോവാന്‍? അയ്യപ്പനും കോശിയും അഭിനയിച്ചപ്പോ 50,000 രൂപ കിട്ടി. ഇപ്പോ ഓരോ പരിപാടിക്കൊക്കെ വിളിച്ചാല്‍ ആയിരമോ രണ്ടായിരമോ കിട്ടും. അതൊക്കെ ചെലവിനെടുക്കും. ആ കിട്ടുന്ന പൈസ അനുസരിച്ച് സാധനങ്ങള്‍ വാങ്ങും. അരി ഗവണ്‍മെന്റ് തരും. എന്നാലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ?

മുമ്പ് തൊഴിലുറപ്പുപണിക്ക് പോവുമായിരുന്നു. സിനിമയില്‍ വന്നതുകൊണ്ട് അവരെന്നെ ജോലിക്ക് എടുക്കില്ല. നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തിലൊക്കെ ചീത്തപറയുമെന്ന് പറയും. അങ്ങനെ ആ പണിയും പോയി. പിന്നെ കണക്ക് പറഞ്ഞ് പൈസ വാങ്ങിയില്ലെങ്കില്‍ എങ്ങനെ ജീവിക്കും?'', നഞ്ചമ്മ പൊട്ടിച്ചിരിയില്‍ സങ്കടങ്ങളെല്ലാമൊതുക്കി. റോഡിലൂടെ നടന്നുവരുന്ന പശുവിനെ കണ്ടതോടെ സംസാരമെല്ലാം നിര്‍ത്തി നഞ്ചമ്മ അതിനുപുറകെ പോയി. ''സുട്ടിപ്പിള്ളൈ...'' എന്ന് നീട്ടിവിളിച്ചു. ''നെറ്റിയില്‍ ചുട്ടി കണ്ടില്ലേ. അതുകൊണ്ടാ ആ പേരിട്ടത്. എവിടെ പോയാലും പശുവിനെയും ആടിനെയും കാണാന്‍ മനസ്സ് തുടിക്കും. എന്ത് ചെയ്യുകയാവും, ആര്‌ടെ തോട്ടത്തിലൊക്കെ പോയിട്ടുണ്ടാവും എന്നൊക്കെ ആലോചിക്കും. എന്നാലും സന്തോഷമാണ്. പുതിയ നാട് കണ്ടു, എല്ലാ മക്കളേം കണ്ടു. പാട്ടൊക്കെ പാടി. സ്റ്റേജില് കയറി. ഇനി എനിക്കൊന്നും വേണ്ട. ഇങ്ങനെ ജീവിച്ചാല്‍മതി...'' ആട്ടിന്‍കുട്ടിയെ തലോടിക്കൊണ്ട് നഞ്ചമ്മ പാടി,
''പൂപ്പറിക്കാ പോഗിലാമോ...'' നഞ്ചമ്മയുടെ സുട്ടിപ്പിള്ളൈയും വെള്ളച്ചിയും അതുകേട്ട് നിശ്ശബ്ദരായങ്ങനെ...

Content Highlights: National Film Awards, Nanjiyamma for best play back female singer Interview

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented