ലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഭാവുകത്വം പകര്‍ന്നു കൊടുത്ത അതുല്യ നടന്‍ നരേന്ദ്ര പ്രസാദ് അന്തരിച്ചിട്ട് പതിനാലാണ്ട്‌ നടനെന്നതിനൊപ്പം സാഹിത്യ നിരൂപകന്‍, നാടകകൃത്ത്, നാടക സംവിധായകന്‍, അധ്യാപകന്‍ എന്നീ നിലയിലും പ്രശസ്തനായിരുന്നു നരേന്ദ്ര പ്രസാദ് എന്ന അതുല്യ പ്രതിഭ. 2003 നവംബര്‍ മൂന്നിന് കോഴിക്കോട്ടായിരുന്നു ഈ ബഹുമുഖ പ്രതിഭയുടെ അന്ത്യം.

1945-ല്‍ മാവേലിക്കരയിലാണ് നരേന്ദ്രപ്രസാദിന്റെ ജനനം. ബിരുദ കാലഘട്ടം മുതല്‍ക്കേ സമകാലികങ്ങളിലും മറ്റും സാഹിത്യ സൃഷ്ടികളുമായി സജീവമായിരുന്നു. 1967-ല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പാലക്കാട് വിക്‌ടോറിയ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 1989 മുതല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടറായ നരേന്ദ്രപ്രസാദ് വിരമിക്കും വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു.

1980-കളിലാണ് നരേന്ദ്രപ്രസാദ് നാടക രംഗത്ത് സജീവമാകുന്നത്. അദ്ദേഹം സ്ഥാപിച്ച 'നാട്യഗൃഹം' എന്ന നാടകസംഘം കേരളത്തിലെ നാടക ചരിത്രത്തിലെ ഒരു പ്രധാന ഏടാണ്. നടന്‍ മുരളി ഉള്‍പ്പെടെയുള്ളവരെ ഉയര്‍ത്തിക്കൊണ്ടു വന്നത് ഈ നാടക സമിതിയായിരുന്നു. നാട്യഗൃഹത്തില്‍ നരേന്ദ്രപ്രസാദ് 14 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1985-ല്‍ നരേന്ദ്രപ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'സൗപര്‍ണ്ണിക' എന്ന നാടകം കേരള സാഹിത്യ അക്കാദമി-സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ നേടി.

ആദ്യകാലങ്ങളില്‍ ചലച്ചിത്ര മേഖലയോട് അത്രതന്നെ ആഭിമുഖ്യം പുലര്‍ത്താതിരുന്ന നരേന്ദ്രപ്രസാദ് ശ്യാമപ്രസാദിന്റെ 'പെരുവഴിയിലെ കരിയിലകള്‍' എന്ന ടെലിഫിലിമിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സാമ്പത്തിക ബാധ്യതകള്‍ മൂലം നാട്യഗൃഹം അടച്ചുപൂട്ടിയതിനു ശേഷം തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്.

1989-ല്‍ 'അസ്ഥികള്‍ പൂക്കുന്നു' എന്ന ചിത്രത്തിലൂടെയാണ് നരേന്ദ്രപ്രസാദിന്റെ സിനിമയിലെ അരങ്ങേറ്റം. അതിനും മുമ്പേ ഭരതന്റെ 'വൈശാലി'യില്‍ ബാബു ആന്റണിയുടെ രാജാവിന്റെ കഥാപാത്രത്തിലൂടെ അദ്ദേഹം ചലച്ചിത്ര രംഗത്ത് ശബ്ദസാന്നിധ്യമായിരുന്നു. പത്മരാജന്റെ അവസാന ചിത്രം 'ഞാന്‍ ഗന്ധര്‍വ്വനില്‍' അശരീരിയായതും അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു. തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ തന്നെ തലസ്ഥാനം, രാജശില്‍പി, അദൈ്വതം, പൈതൃകം, ഏകലവ്യന്‍, ആയിരപ്പറ, മേലേപറമ്പില്‍ ആണ്‍വീട്, തലമുറ, യാദവം, ഭീഷ്മാചാര്യ, സിഐഡി ഉണ്ണിക്കൃഷ്ണന്‍, ഭാഗ്യവാന്‍, വാര്‍ധക്യ പുരാണം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള ചലച്ചിത്ര മേഖലയിലെ അവിഭാജ്യ ഘടകമായി മാറി.

ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴിക്കല്ലായിരുന്നു. സവിശേഷമായ ശരീരഭാഷ കൊണ്ടും വ്യത്യസ്തമായ ശബ്ദവിന്യാസം കൊണ്ടും നരേന്ദ്ര പ്രസാദ് അമൂര്‍ത്താനന്ദക്ക് അനനുകരണീയമായ ഭാവതീക്ഷ്ണത നല്‍കി. ഒരു വില്ലനാവശ്യമായ ശരീരഘടന ഇല്ലാതിരുന്നിട്ടു പോലും നരേന്ദ്രപ്രസാദ് എന്ന നടന്‍ മലയാള സിനിമയില്‍ വില്ലന്‍ എന്ന സങ്കല്‍പ്പത്തിന്റെ പര്യായമായി മാറിയത് അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ ഒന്നുകൊണ്ടു മാത്രമായിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഭ വില്ലന്‍ കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. മേലേപറമ്പില്‍ ആണ്‍വീട്, ആലഞ്ചേരി തമ്പ്രാക്കള്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ഗൗരവം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ നര്‍മ്മം വിളമ്പി. പൈതൃകത്തിലെ ദേവദത്തന്‍ ചെമ്മാന്തിരിപ്പാടും ആറാംതമ്പുരാനിലെ അപ്പന്‍ തമ്പുരാനും നരേന്ദ്രപ്രസാദ് എന്ന നടന്റെ അഭിനയ പ്രതിഭയുടെ ആഴമളന്ന കഥാപാത്രങ്ങളായിരുന്നു. ഇവയൊന്നുമല്ലാതെ വാര്‍ധക്യ പുരാണം, സുകൃതം, കഥാപുരുഷന്‍, മയില്‍പ്പീലിക്കാവ്, അസുരവംശം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വാഴുന്നോര്‍, നരസിംഹം തുടങ്ങി ചെറുതും വലുതുമായ എത്രയോ കഥാപാത്രങ്ങളായി അദ്ദേഹം പകര്‍ന്നാടി.


അഭിനയ പ്രതിഭ എന്ന നിലയ്ക്കാണ് നരേന്ദ്രപ്രസാദ് ഏറെ പ്രശസ്തനായതെങ്കിലും ഒരു സാഹിത്യ നിരൂപകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഔന്നത്യം അതൊട്ടും കുറയ്ക്കുന്നില്ല. മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നരേന്ദ്രപ്രസാദിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര-നാടക-സാഹിത്യ മേഖലകളില്‍ ഇത്രത്തോളം കഴിവു തെളിയിച്ച മറ്റൊരാള്‍ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു.

Content Highlight: Actor Narendra Prasad, Remembering Narendra Prasad