മമ്മൂട്ടിയ്ക്കൊപ്പം മനോരഞ്ജൻ, 'നൻപകൽ നേരത്ത് മയക്ക'ത്തിൽ നിന്നുമുള്ള ദൃശ്യം
കോഴിക്കോട്: കഥയുടെ പുതുമകൊണ്ടും വേറിട്ട അവതരണശൈലികൊണ്ടും ഇതിനകം ശ്രദ്ധേയമായ മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്നചിത്രത്തിൽ മുഴുനീളകഥാപാത്രമായതിന്റെ ആവേശത്തിലാണ് എലത്തൂരിലെ അരങ്ങിൽ മനോരഞ്ജൻ. സിനിമയിൽ തുടക്കംതൊട്ട് ഒടുക്കംവരെ മമ്മൂട്ടിക്കൊപ്പമുള്ള യാത്രയിൽ മനോരഞ്ജനുമുണ്ട്. ബസിൽ വേളാങ്കണ്ണിക്ക് തീർഥാടനത്തിനുപോകുന്ന പതിനഞ്ചംഗസംഘത്തിലെ ഒരാളാണ് മനോരഞ്ജന്റെ ജോസ് എന്ന കഥാപാത്രം. ബസിന്റെ മുൻസീറ്റിലിരുന്ന് ഡ്രൈവറുടെ ഭാവചലനങ്ങൾ സദാനിരീക്ഷിച്ചിരിക്കുന്ന ഒരു ചെറിയമനുഷ്യൻ.
യാത്രയ്ക്കിടയിൽ തമിഴ്നാട്ടിലെ കുഗ്രാമത്തിൽവെച്ച് മമ്മൂട്ടിയുടെ ജയിംസ് എന്ന കഥാപാത്രത്തെ കാണാതാകുന്നതും ബസിലുള്ളവർ അദ്ദേഹത്തെ തേടിയിറങ്ങുന്നതുമാണ് നൻപകൽ നേരത്ത് മയക്കത്തിന്റെ അതിസങ്കീർണമായ കഥ.
വ്യത്യസ്തമായ ഒരു കഥാപാത്രം ലഭിച്ചു എന്നനിലയിൽ മാത്രമല്ല മനോരഞ്ജന്‍ നൻപകൽ അപൂർവതയാകുന്നത്. ഇതിന്റെ ചിത്രീകരണസമയത്തെ അനുഭവമുഹൂർത്തങ്ങൾ ജീവിതത്തിൽ മറക്കാനാവാത്തതാണെന്ന് മനോരഞ്ജൻ പറയുന്നു. പഴനിയിൽനിന്ന് 15 കിലോമീറ്റർ അകലെ ഉൾഗ്രാമത്തിലായിരുന്നു ഷൂട്ടിങ്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ അഭിനേതാക്കളും ഒത്തൊരുമിച്ച് സ്നേഹവും സൗഹൃദവും പങ്കിട്ട് ചിത്രീകരണം പൂർത്തിയാക്കിയ 32 ദിവസങ്ങൾ. ഇതിനിടയിൽ സിനിമയുടെ നിർമാതാവുകൂടിയായ മമ്മൂട്ടിയുടെ കരുതലും വാത്സല്യവും ലൊക്കേഷനിലെ നിത്യസാന്നിധ്യവും അഭിനയജീവിതത്തിൽ ഏറെ പ്രചോദനമായെന്ന് മനോരഞ്ജൻ പറഞ്ഞു.
ജയപ്രകാശ് കുളൂരിന്റെ ‘ഇത് ഒരു കുരങ്ങന്റെ കഥയല്ല’, ‘പാൽപ്പായസം’ എന്നീ നാടകങ്ങളിലൂടെ ശ്രദ്ധേയനായ മനോരഞ്ജൻ ഇതിനിടെ ചെറുതും വലുതുമായി മുപ്പതോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. വിനയ് ഫോർട്ട് നായകനായ ‘സോമന്റെ കൃതാവ്’, ലാലും നിരഞ്ജനും പ്രധാനവേഷത്തിലെത്തുന്ന ‘ഡിയർ വാപ്പി’, മാമുക്കോയ നായകനായ ‘മലബാർ’ എന്നിവയാണ് മനോരഞ്ജന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ. ആനന്ദപുരം അരങ്ങിൽ പരേതരായ പത്മനാഭന്റെയും രതീഭായിയുടെയും മകനാണ്. ഭാര്യ: ഷൈജ. മകൾ: പൂജ.
Content Highlights: Nanpakal Nerathu Mayakkam, mamootty, manoranjan actor, lijo jose pellissery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..