നഞ്ചിയമ്മ, വസന്തറാവു ദേശ്പാണ്ഡെ പേരകുട്ടി രാഹുൽ ദേശ്പാണ്ഡെയ്ക്കൊപ്പം| Photo: https://www.instagram.com/p/CdCjg10Kpjz/?hl=en
മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഉയര്‍ത്തിയ വാദപ്രതിവാദങ്ങള്‍ക്കിടെ, ഗായകനുള്ള ബഹുമതി രാഹുല്‍ ദേശ്പാണ്ഡെക്ക് നേടിക്കൊടുത്ത 'മീ വസന്ത്റാവു' എന്ന മറാഠി പടത്തെ കുറിച്ച് അല്‍പ്പം.
കടുത്ത വെല്ലുവിളികളും വിമര്‍ശനങ്ങളും ഒറ്റപ്പടുത്തലുകളും അതിജീവിച്ച് ഒരു ഘരാനയുടെയും പിന്‍ബലമില്ലാതെ സംഗീത ലോകത്ത് ഇതിഹാസമായി വളര്‍ന്ന വസന്ത്റാവു ദേശ്പാണ്ഡെ എന്ന ശാസ്ത്രീയ സംഗീതജ്ഞന്റെ ജീവിതകഥയാണ് നിപുണ്‍ ധര്‍മാധികാരി സംവിധാനം ചെയ്ത ആ ചിത്രം. നായക കഥാപാത്രത്തെ അവതരിപ്പിച്ചതും പിന്നണി പാടിയതും വസന്ത്റാവുവിന്റെ പൗത്രന് രാഹുല്‍ ദേശ്പാണ്ഡെ. ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെ.
ജനിച്ചു വീണ് അധികം കഴിയും മുന്‍പ് ചിറ്റമ്മയുടെ വധശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വസന്തിനെ വളര്‍ത്തിയത് അമ്മയാണ്. ദുരിതമയമായ ബാല്യകൗമാരങ്ങള്‍ ഏല്‍പ്പിച്ച മുറിവുകള്‍ വസന്തിന്റെ സംഗീതത്തിന് ഊര്‍ജ്ജം പകര്‍ന്നു. പാരമ്പര്യവാദികളുടെയും വരേണ്യവര്‍ഗ്ഗത്തിന്റെയും കടുത്ത വിമര്‍ശനങ്ങള്‍ വേറെ. അതിജീവനത്തിന്റെ പാതയില്‍ എന്നും തുണയായിരുന്നത് നടനും സംഗീതജ്ഞനുമായ ദിനനാഥ് മങ്കേഷ്കറാണ്-- ലതാ മങ്കേഷ്കറുടെ പിതാവ്. ദിനനാഥിന് പുറമെ ബേഗം അക്തറും പി എല്‍ ദേശ്പാണ്ഡെയുമൊക്കെ കടന്നുവരുന്നു സിനിമയില്‍ കഥാപാത്രങ്ങളായി.
എട്ടാം വയസ്സില്‍ കാളിയമര്‍ദന്‍ (1935) എന്ന നിശബ്ദചിത്രത്തില്‍ ഉണ്ണികൃഷ്ണന്റെ വേഷം അഭിനയിച്ചുകൊണ്ടാണ് വസന്തിന്റെ തുടക്കം. സംഗീതാഭ്യസനം ഡി വി പലുസ്കറും ദിനനാഥ് മങ്കേഷ്കറും ഉള്‍പ്പെടെയുള്ള ഗുരുക്കളുടെ കിഴില്‍. എന്നിട്ടും മറാഠി സംഗീത ലോകത്തിന്റെ അംഗീകാരം ലഭിക്കാന്‍ മധ്യവയസ്സ് പിന്നിടും വരെ കാത്തിരിക്കേണ്ടി വന്നു അദ്ദേഹത്തിന്. പില്ക്കാലത്ത് സംഗീതത്തില്‍ പി എച്ച് ഡി വരെ എടുത്തു വസന്ത്റാവു. രാജ്കല്യാണ് എന്നൊരു രാഗം സൃഷ്ടിച്ചു. 1983 ലായിരുന്നു വസന്ത്റാവുവിന്റെ വിയോഗം.
എട്ടു വര്‍ഷത്തെ കഠിന തപസ്യ വേണ്ടിവന്നു മുത്തച്ഛന്റെ റോളിന് പൂര്‍ണ്ണത പകരാന്‍ എന്നു പറയുന്നു രാഹുല്‍. ആ തപസ്യയുടെ സൗന്ദര്യം മുഴുവന്‍ രാഹുലിന്റെ ഗാനങ്ങളിലുമുണ്ട്. ഗേ ചന്ദ് മകരന്ദ്, വിഠല ദര്ശന് ദേയൂനജാ എന്നിവ ഉദാഹരണം. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ഗ്രാമീണന് ഏകാഗ്രമായ പോരാട്ടത്തിലൂടെ സംഗീത ലോകത്ത് കീഴടക്കിയ സിംഹാസനങ്ങളെ കുറിച്ചാണ് 'മീ വസന്ത്റാവു' എന്ന ചിത്രം പറഞ്ഞുതരുന്നത്. മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടിയതിന്റെ പേരില്‍ ശുദ്ധ സംഗീത സ്നേഹികളുടെ മുറുമുറുപ്പുകള്‍ക്ക് പാത്രമായ നഞ്ചിയമ്മക്കും പ്രചോദനമാകട്ടെ ഈ പോരാട്ടം...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..