'മോശം കമന്റിട്ടാല്‍ പ്രതികരിക്കും, പല്ല് ശരിയാക്കാൻ എനിക്ക് താത്പര്യമില്ല, ഇത് യുണീക്കല്ലെ?'


ശ്രീലക്ഷ്മി മേനോന്‍

ഒരിക്കല്‍ ഒരാള്‍ വളരെ മോശമായി കമന്റ് ഇട്ടപ്പോള്‍ ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്ന് അതിന് മറുപടി നല്‍കി. അത് പെട്ടെന്ന് വന്ന മറുപടി ആണ്. ആ സമയത്ത് അത് കുറച്ച് വിവാദമായി. കുറേ പേര്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് വിമര്‍ശിച്ചു.

-

യാളും ഞാനും തമ്മില്‍, ഗപ്പി ഈ രണ്ട് ചിത്രങ്ങള്‍ കണ്ടവരാരും തന്നെ നന്ദനയെ മറക്കില്ല, തിളങ്ങുന്ന കണ്ണുകളും കുസൃതിച്ചിരിയുമായി അത്ര പെട്ടെന്നാണ് ഈ ബാലതാരം മലയാളികളുടെ മനസില്‍ കയറിക്കൂടിയത്. ബാലതാരം എന്ന് പറഞ്ഞെങ്കിലും നിലപാടുകളുടെ കാര്യത്തില്‍ നന്ദനയ്ക്ക് കുട്ടിക്കളിയില്ല. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയ ആളാണ് നന്ദന. പുതിയ ചിത്രമായ വാങ്ക് റിലീസിന് തയ്യാറെടുത്ത വേളയില്‍ കൊച്ചു കൊച്ചു ഇഷ്ടങ്ങളും വിശേഷങ്ങളും മാതൃഭൂമി ഡോട് കോമുമായി പങ്കുവയ്ക്കുകയാണ് നന്ദന വര്‍മ.

മാറ്റിപ്പിടിക്കേണ്ടെയെന്ന് കാവ്യ പറഞ്ഞു, 'വാങ്കി'ലെ ജ്യോതിയായിവാങ്കിലേക്ക് എന്നെ വിളിച്ചത് കാവ്യയാണ്. കഥ പറയുന്ന സമയത്ത് വികെപി സാറും ഉണ്ണി.ആര്‍ സാറും പിന്നെ തിരക്കഥാകൃത്ത് ഷബ്നയും ഉണ്ടായിരുന്നു. എല്ലാവരും കൂടിയാണ് കഥ കേട്ടത്. വാങ്ക് എന്ന കഥയെക്കുറിച്ച് നേരത്തെ എനിക്കറിയാമായിരുന്നു. വായിച്ചിട്ടില്ല, പക്ഷേ പറഞ്ഞു കേട്ടിട്ടുണ്ട്. കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ ഓ.കെ പറഞ്ഞു.

ഒരുപാട് പ്രശംസയൊക്കെ കിട്ടിയ ഒരു കഥയുടെ ദൃശ്യാവിഷ്‌കാരത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞാനിതുവരെ ചെയ്ത കഥപാത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് വാങ്കിലെ കഥാപാത്രം. ഇതുവരെ ചെയ്തതൊക്കെ വളരെ സൈലന്റായ കഥാപാത്രങ്ങളോ അല്ലെങ്കില്‍ മുസ്ലിം പെണ്‍കുട്ടിയുടെയോ ഒക്കെ വേഷമായിരുന്നു. പക്ഷേ, വാങ്കിലേത് ബോള്‍ഡായ, കുറച്ച് കോമഡി ഒക്കെ ഉള്ള കഥാപാത്രമാണ്. ജ്യോതി എന്നാണ് പേര്.

നാല് പെണ്‍കുട്ടികളുടെ കഥയാണ്. അതില്‍ രണ്ട് മുസ്ലിം കഥാപാത്രങ്ങളുണ്ട്. അതില്‍ ഒന്നായിരുന്നു എനിക്ക് ആദ്യം പറഞ്ഞു വച്ചിരുന്നത്. ഗപ്പിയില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വേഷമായിരുന്നു. ആകാശമിഠായിയിലും അതേ. കാവ്യയാണ് പറഞ്ഞത്, നമുക്കൊന്ന് മാറ്റിപ്പിടിക്കണ്ടെ എന്ന്. ജ്യോതി എന്ന കഥാപാത്രത്തിന് കുറച്ച് പെര്‍ഫോം ചെയ്യാനൊക്കെ ഉണ്ട്. എന്നും ഒരേ ടൈപ്പ് ചെയ്യുന്നതിലും നല്ലത് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നതല്ലേ...

കുടുംബം പോലെ സെറ്റ്

ഞാനിത് വരെ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു വാങ്കിന്റെ സെറ്റ്. ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് ഞങ്ങള്‍ക്കൊരു വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചിരുന്നു. അന്ന് തന്നെ എല്ലാവരുമായും ഭയങ്കര ക്ലോസായിരുന്നു. കാവ്യയാകട്ടെ, ഷബു (തിരക്കഥാകൃത്ത് ഷബ്‌ന മുഹമ്മദ്) ആകട്ടെ എല്ലാവരും ഭയങ്കര ഫ്രണ്ട്‌ലി ആയിരുന്നു. അതുകൊണ്ട് തന്നെ സെറ്റിലും ഭയങ്കര രസമായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു.

ഒഴിവുസമയത്തൊക്കെ ടിക് ടോക്ക് പരീക്ഷണങ്ങളാണ്. അതില്‍ കാവ്യയായാലും ഷബു ആയാലും ഞങ്ങളോടൊപ്പം കൂടും. ഒട്ടും ടെന്‍ഷനുണ്ടായിരുന്നില്ല. രണ്ട് പെണ്‍കുട്ടികള്‍ തന്നെയാണ് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ എന്തും തുറന്നു പറയാനുള്ള ഒരു അവസരം വാങ്കിന്റെ സെറ്റില്‍ ഉണ്ടായിരുന്നു. ഭയങ്കര കംഫര്‍ട്ടബിളായിരുന്നു. ഞങ്ങള്‍ ലൊക്കേഷനില്‍ അടിച്ച്പൊളിക്കുകയായിരുന്നു. ഷൂട്ട് കഴിഞ്ഞലും ഞങ്ങള്‍ റൂമില്‍ ഒന്നിച്ച് കൂടും. ഞങ്ങള്‍ തമ്മില്‍ നല്ല റാപ്പോ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അഭിനയവും എളുപ്പമായിരുന്നു.

അയാളും ഞാനും തമ്മിലും ഗപ്പിയും

അയാളും ഞാനും തമ്മില്‍ ചെയ്യുന്നതിന് മുന്‍പ് സ്പിരിറ്റില്‍ ചെറിയ വേഷം ചെയ്തിരുന്നു. പക്ഷേ സിനിമ ഇറങ്ങിയപ്പോള്‍ അതില്‍ കുറേ സീനുകളൊക്കെ കട്ടായിപ്പോയി. അതുകഴിഞ്ഞാണ് അയാളും ഞാനും തമ്മിലും ചെയ്യുന്നത്. ലാല്‍ ജോസ് അങ്കിള്‍, പൃഥ്വി ചേട്ടന്‍, മണി ചേട്ടന്‍ എല്ലാവരും വലിയ വലിയ താരങ്ങള്‍, ഞാന്‍ ആണെങ്കില്‍ കുഞ്ഞു കുട്ടിയും എനിക്ക് അഭിനയിക്കാന്‍ ഒന്നും അങ്ങനെ അറിയില്ലായിരുന്നു. പക്ഷേ അവരൊക്കെ എന്നോട് ഭയങ്ക ഫ്രണ്ട്​ലി ആയാണ് സംസാരിച്ചതൊക്കെ. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട് ഇത്രേം വലിയ ആള്‍ക്കാര്‍ക്കൊപ്പമാണല്ലോ ഞാന്‍ അഭിനയിച്ചേ എന്ന്.

അതുകഴിഞ്ഞാണ് ഗപ്പി ചെയ്തത്, അവിടേം അതെ ടൊവിനോ ചേട്ടനായാലും ശ്രീനിവാസന്‍ അങ്കിളായാലും ഭയങ്കര ഫ്രണ്ട്‌ലി ആയിരുന്നു. സീനെടുക്കുമ്പോ കറക്ഷന്‍സൊക്കെ പറഞ്ഞു തരും. ഡയറക്ടര്‍ ചേട്ടന്‍, ക്യാമറാമാന്‍ ചേട്ടന്‍ എല്ലാവരും നല്ല പിന്തുണയായിരുന്നു. ഒരുപാട് പഠിക്കാന്‍ പറ്റി.

ഞാന്‍ ചെയ്തതില്‍ ഈ രണ്ട് ചിത്രങ്ങളും തന്നെയാണ് എന്റെ പ്രിയപ്പെട്ടത്.. മൂന്ന് വര്‍ഷം കഴിഞ്ഞു ഗപ്പി ഇറങ്ങിയിട്ട്. പക്ഷേ ഇപ്പോഴും ഞാന്‍ പുറത്തുപോകുമ്പോള്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ആമിനയുടെ പേരും പറഞ്ഞാണ്. ആ കഥാപാത്രത്തെ ഇന്നും ആരും മറന്നിട്ടില്ല എന്നതില്‍ സന്തോഷമുണ്ട്.

ലാലേട്ടന് ഇഷ്ടപ്പെട്ട സ്‌നാക്ക്

സ്പിരിറ്റില്‍ ലാലേട്ടനൊപ്പം കോമ്പിനേഷന്‍ സീനുകളൊക്കെ ഉണ്ടായിരുന്നു.. ലാലേട്ടന്‍ ഭയങ്കര കമ്പനി ആയിരുന്നു. അന്ന് ഞാന്‍ കൊണ്ടുവന്ന ഒരു സ്‌നാക്ക് ലാലേട്ടന് ഒരുപാട് ഇഷ്ടപ്പെടുകയും അത് ഞാന്‍ പിന്നീടും വീട്ടില്‍ നിന്ന് ഉണ്ടാക്കി കൊണ്ട് വന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ ഭയങ്കര വലിയ അനുഭവവമാണ്. ലാലേട്ടനെപ്പോലെ ഒരാളോടൊപ്പെം അടുത്തിടപഴകാന്‍ സാധിച്ചത് ഒക്കെ വലിയ കാര്യമല്ലേ.

ചെറിയ ബ്രേക്ക് അഭിനയത്തിനും ബാലതാരം ഇമേജിനും

ഇപ്പോള്‍ പ്ലസ് വണ്ണിലാണ്. ഹ്യുമാനിറ്റീസ് ആണ് സബ്ജക്ട്. കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസിലാണ് പഠിക്കുന്നത്. പരീക്ഷ ആയിരുന്നു. കൊറോണ കാരണം രണ്ടെണ്ണം മാറ്റിവച്ചു. സ്‌കൂളില്‍ ഭയങ്കര പിന്തുണയാണ്. ക്ലാസ് ടീച്ചര്‍ പ്രിന്‍സിപ്പൽ എല്ലാവരും കട്ട സപ്പോര്‍ട്ടാണ്. ലീവ് എടുക്കുമ്പോള്‍ ടീച്ചേഴ്‌സ് എനിക്കായി ആ ഭാഗങ്ങള്‍ വീണ്ടും എടുത്തു തരാറുണ്ട്.

വീട്ടിലും ഇതേവരെ കുഴപ്പമൊന്നുമില്ലാതെ പോയിട്ടുണ്ട്. അച്ഛന്‍ സന്തോഷ്, അമ്മ അനിത, അനിയന്‍ അവന്‍ പത്തില്‍ പഠിക്കുന്നു, പിന്നെ അമ്മൂമ്മ.. ഇത്രയുമാണ് എന്റെ ചെറിയ കുടുംബം. സിനിമയില്‍ അഭിനയിക്കുന്നതിന് ഇവരുടെ ഒക്കെ പിന്തുണയുണ്ട്. പരീക്ഷാ സമയത്ത് അല്‍പം സ്ട്രിക്ട് ആയിരിക്കും എന്നേയുള്ളൂ...അവരും വന്‍ സപ്പോര്‍ട്ടാണ്. എനിക്കിഷ്ടമുള്ളത് എന്താണെന്ന് വച്ചാല്‍ ചെയ്തോളാനാണ് അവരും പറഞ്ഞത്.

പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനത്തിന് പ്രാധാന്യം നല്‍കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. സൈക്കോളജി പഠിക്കണം. അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാനാണ് ഇപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. പഠിത്തം കഴിഞ്ഞ് വീണ്ടും നല്ലൊരു അവസരം വന്നാല്‍ ഈ ബാലതാരം ഇമേജ് ഒന്ന് ബ്രേക്ക് ചെയ്ത് തിരിച്ചു വരണം.

കോന്ത്രപ്പല്ലും കളിയാക്കലുകളും

കഴിഞ്ഞ ദിവസം കൂടി വീട്ടില്‍ പറഞ്ഞേയുള്ളൂ, ആ പല്ല് ഭയങ്കര ബോറാ ഒന്ന് ശരിയാക്കിക്കൂടേന്ന്. പലരും പറഞ്ഞിട്ടുണ്ട്, ചിരിക്കുമ്പോള്‍ ഭയങ്കര ബോറാണെന്നൊക്കെ. പക്ഷേ കളിയാക്കുന്നവരോട് ഇടക്ക് ഞാന്‍ പറയാറുണ്ട് ഇത് യുണീക്കല്ലേ എന്ന്.. പല്ല് ശരിയാക്കണമെന്ന് എനിക്കൊട്ടും താത്പര്യമില്ല. ഇനി വലുതാകുമ്പോള്‍ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. ആദ്യമൊക്കെ ഇന്‍സ്റ്റാഗ്രാമിലൊക്കെ ഇടുന്ന ചിത്രങ്ങള്‍ക്ക് താഴെ കുറേ നെഗറ്റീവ് കമന്റുകളൊക്കെ വന്നിരുന്നു. പക്ഷേ പിന്നെ പോസ്റ്റ് ഇട്ട് ഇട്ട് ആരും അങ്ങനെ മൈന്‍ഡ് ചെയ്യാതായി.

ആ ചേട്ടന് വേറെന്ത് മറുപടി കൊടുക്കണം

സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ് ഞാന്‍. അക്കൗണ്ട് ഒക്കെ ഞാന്‍ തന്നെ ആണ് ഹാന്‍ഡില്‍ ചെയ്യുന്നത്. ഒരിക്കല്‍ ഒരാള്‍ വളരെ മോശമായി കമന്റ് ഇട്ടപ്പോള്‍ ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്ന് അതിന് മറുപടി നല്‍കി. അത് പെട്ടെന്ന് വന്ന മറുപടി ആണ്. ആ സമയത്ത് അത് കുറച്ച് വിവാദമായി. കുറേപേര്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് വിമര്‍ശിച്ചു. പക്ഷേ കുറേപേര്‍ എന്നെ പിന്തുണച്ചു. സിനിമാ രംഗത്ത് നിന്ന് എന്നെ അറിയുന്ന കുറേ പേര്‍ ആ കൊടുത്ത മറുപടി നന്നായി എന്ന് പറഞ്ഞു.

എനിക്കിഷ്ടമില്ലാത്ത, അല്ലെങ്കില്‍ മോശം ഭാഷയില്‍ ആര് കമന്റ് ചെയ്താലും ഞാന്‍ അതിന് അപ്പോള്‍ തന്നെ മറുപടി കൊടുക്കാറുണ്ട്. അങ്ങനെ മറുപടി കൊടുത്തതിന് ശേഷം മാത്രമേ വീട്ടില്‍ പറയാറുള്ളൂ. അന്ന് ആ ചേട്ടന്‍ ആ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്തു. അത്തരക്കര്‍ക്കൊക്കെ അങ്ങനത്തെ മറുപടി അല്ലേ കൊടുക്കണ്ടേ. പിന്നീട് അങ്ങനെ ആര് ചെയ്താലും അതിന് മറുപടി കൊടുക്കേം ചെയ്യും അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സ്‌റ്റോറിയായി ഇടുകയും ചെയ്യും.

വീട്ടില്‍ വെറുതേ ഇരിപ്പ് ബോറടിയാണ്, പക്ഷേ ഇത് നമുക്ക് വേണ്ടി തന്നെയല്ലേ

ഈ ക്വാറന്റൈന്‍ ശരിക്കും ബോറ് പരിപാടി തന്നെയാണ്. സമയം കളയാന്‍ എന്ത് ചെയ്യണമെന്ന് ആലോചിച്ച് കൊണ്ടിരിക്കുകയാണ്. ഡാന്‍സ് പഠിക്കണമെന്ന് ആലോചിക്കുന്നുണ്ട്. ഇടയ്ക്ക് അമ്മയെ അടുക്കളപ്പണിയില്‍ സഹായിക്കും. പുതിയ പുതിയ വിഭവങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. ഭാഗ്യവശാല്‍ ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല ഇതുവരെ.

സത്യം പറഞ്ഞാല്‍ ആര്‍ക്കായാലും വീട്ടില്‍ വെറുതേ ഇരിക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കര ബോറടി തന്നെയാണ്. പക്ഷേ ഇത് നമുക്ക് വേണ്ടി തന്നെയാണെന്ന് ആരും ചിന്തിക്കാത്തതാണ് പ്രശ്നം കാരണം ഒരാള്‍ വിലക്ക് ലംഘിച്ച് ഇറങ്ങുന്നത് എത്ര പേരെയാണ് ബാധിക്കുന്നത് എന്ന് ആരും ചിന്തിക്കുന്നില്ല.

കുറച്ച് ദിവസത്തേക്കാണ് വീട്ടില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അത് എല്ലാവരും അതുപേലെ തന്നെ അനുസരിക്കുകയാണ് വേണ്ടത്. കുറേ പേര്‍ പുറത്തിറങ്ങി നടക്കുന്നുണ്ട്. അത് അവരുടെ വേണ്ടപ്പെട്ടവരെ തന്നെ അപകടത്തിലാക്കും എന്ന് ചിന്തിക്കുന്നില്ല. പല രാജ്യത്തും നമ്മള്‍ കണ്ടിരുന്നു ഇങ്ങനെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ പോലീസ് തല്ലിച്ചതയ്ക്കുന്നത്. അതൊന്നും ഇവിടെ ഇതുവരെ വന്നിട്ടില്ല. പക്ഷേ ഇത്തരക്കാരായി അത് ഇവിടെയും വരുത്താതെ നോക്കണം.

Content Highlights : Nandhana Varma Interview Vaanku New Movie Ayalum Njanum Thammil Guppy Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented