ആ സൗഭാഗ്യത്തിലൂടെ ഇനിയും ഒഴുകണമെന്നുണ്ട് - നാദിയ മൊയ്തു


സിറാജ് കാസിം| sirajkasim2000@gmail.com

നാദിയാ മൊയ്തു | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ

ആയിരം കണ്ണുമായി കാത്തിരുന്നവരുടെ മുന്നിലേക്ക് ഒരുസൈക്കിൾ ചവിട്ടിയാണ് അവൾ കടന്നുവന്നത്. മഞ്ഞുവീണതറിയാതെ, വെയിൽ വന്നു പോയതറിയാതെ നാളുമെണ്ണി കാത്തിരുന്ന വല്യമ്മച്ചിയുടെ പ്രിയപ്പെട്ട ഗേളി. ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞമന്ദാരംപോലെ വല്യമ്മച്ചിയുടെ ജന്മസാഫല്യമായ ഗേളി മലയാളത്തിന്റെ ഹൃദയത്തിലാണ് കൂടുകൂട്ടിയത്. ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറിയ നാദിയാ മൊയ്തു എത്രപെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായത്. പിന്നീട് ‘ആയിരം കണ്ണുമായി കാത്തിരുന്നു’ എന്ന പാട്ടിലെ വരികൾപോലെ പറന്നകന്നൊരു മലർതേൻകിളിയായ നാദിയാ മൊയ്തു ഇടവേളയ്ക്കുശേഷം മമ്മൂട്ടിച്ചിത്രമായ ‘ഭീഷ്മപർവ’ത്തിലൂടെ മലയാളത്തിൽ തിരിച്ചെത്തുകയാണ്.

പറന്നകന്ന കിളി

‘ഗേളി’യോടു ആദ്യം ചോദിച്ചത് ‘പറന്നകന്ന കിളി’യെക്കുറിച്ചായിരുന്നു. ഇതുവരെ എവിടെയായിരുന്നെന്ന ചോദ്യത്തിനു മനോഹരമായൊരു ചിരിയായിരുന്നു ആദ്യത്തെ മറുപടി. ‘‘ജീവിതത്തിൽ നമ്മളറിയാത്ത പല വേഷങ്ങളും നിയോഗങ്ങളുമുണ്ടാകും. ഞാൻ ഒരു സിനിമാനടിയായതും അതുപോലെത്തന്നെയാണ്. 1984-ൽ നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വന്നശേഷം കുറെ നല്ലസിനിമകളുടെ ഭാഗമാകാൻ എനിക്കുകഴിഞ്ഞു. ‘ഒന്നിങ്ങുവന്നെങ്കിൽ’ എന്ന സിനിമയിലെ മീരയും ‘ശ്യാമ’യിലെ ശ്യാമയും ‘കൂടുംതേടി’യിലെ ജൂഡിയും ‘പൂവിനു പുതിയ പൂന്തെന്നലി’ലെ നീതയും ഉൾപ്പെടെ ഒട്ടേറെ കഥാപാത്രങ്ങൾ.

1988-ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിന്റെ സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമായിരുന്നു എന്റെ യാത്ര. കുടുംബത്തിനൊപ്പം വിദേശത്തായിരുന്ന ആ കാലത്ത് ഞാൻ സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ഭർത്താവ് ശിരീഷ് ഗോഡ്‌ബോലെയും മക്കളായ സനവും ജാനയും അടങ്ങുന്ന കുടുംബമായിരുന്നു എന്റെ സ്വർഗം. അവർ കൂടെയുള്ളപ്പോൾ അതിനെക്കാൾ വലിയ ഒരു സന്തോഷവും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. പത്തുവർഷത്തിനുശേഷം ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു എന്റെ രണ്ടാംവരവ്. ഭർത്താവുതന്നെയാണ് സിനിമയിലേക്കുള്ള എന്റെ തിരിച്ചുവരവ് ഏറെ ആഗ്രഹിച്ചതും അതിനുള്ള പിന്തുണ തന്നതും.’’ -നാദിയ പറയുന്നു.

നോക്കെത്താദൂരത്തെ ഗേളി

നാദിയാ മൊയ്തു എന്നുകേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്കു വരുന്നത് ‘ആയിരം കണ്ണുമായി കാത്തിരുന്നു’ എന്ന പാട്ടാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത പാട്ടാണ് അതെന്നാണ് നാദിയ പറയുന്നത്. ‘‘ഞാൻ സിനിമയിൽ എത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്. ഞങ്ങൾ മുംബൈയിൽ താമസിക്കുന്ന കാലത്ത് ഒരുദിവസം ഞാൻ കോളേജിൽനിന്നുവരുമ്പോൾ ഫാസിൽ അങ്കിൾ വീട്ടിലുണ്ട്. പുതിയ സിനിമ ചെയ്യുന്നുണ്ടെന്നും അതിന്റെ ഭാഗമായി എന്നെ കാണാനായാണ് വരുന്നതെന്നും അങ്കിൾ നേരത്തേ എന്റെ പപ്പയോടു പറഞ്ഞിരുന്നു. വീട്ടിൽ ഞാൻ ചെയ്യുന്നതെല്ലാം ശ്രദ്ധിച്ചുനോക്കിക്കൊണ്ട് ഫാസിൽ അങ്കിൾ അവിടെ ഇരുന്നു. പിന്നീട് എന്നെയുംകൂട്ടി അങ്കിൾ നടക്കാൻ പോയി. എന്റെ ഇഷ്ടങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും നടക്കുന്നതിനിടയിൽ അങ്കിൾ ചോദിച്ചുകൊണ്ടിരുന്നു. ആ സമയത്ത് സൈക്കിൾ ചവിട്ടി കുറെ ആൺകുട്ടികൾ ഞങ്ങൾക്കരികിലൂടെ കടന്നുപോയി. അതിലാരോ എന്റെ അടുത്തെത്തിയപ്പോൾ എന്തോ അവ്യക്തമായി പറഞ്ഞിട്ടുപോയി. ഞാൻ തിരിഞ്ഞുനിന്ന് അവനെ ഒന്നു രൂക്ഷമായിനോക്കി. സത്യത്തിൽ ആ നോട്ടത്തിലാണ് ഗേളി എന്ന കഥാപാത്രത്തെ അങ്കിൾ എനിക്കുതന്നത്.’’ -ആദ്യ സിനിമയിലെത്തിയ കഥ പറയുമ്പോൾ നാദിയക്കു ചിരി.

മമ്മൂട്ടിയും ഗ്ലാമറും

‘ഭീഷ്മപർവ’ത്തിൽ മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ ത്രിൽ പറഞ്ഞപ്പോഴാണ് നാദിയയോടു മമ്മൂട്ടിയുടെ ഗ്ലാമറിനെപ്പറ്റി ചോദിച്ചത്. ‘മമ്മൂക്കയുടെ ഗ്ലാമർ ഒരദ്‌ഭുതം തന്നെയാണ്. 35 വർഷംമുമ്പ് ഒപ്പം അഭിനയിച്ചപ്പോൾ കണ്ട അതേ ഗ്ലാമറിലും ആവേശത്തിലുമാണ് മമ്മൂക്ക ഇപ്പോഴുമുള്ളത്. മമ്മൂക്കയെ ഒരിക്കലും തീരാത്ത ഗ്ലാമറിൽ കാണുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. പക്ഷേ, ഞങ്ങൾ പെണ്ണുങ്ങൾ ഫിറ്റ്‌നസ് എത്ര കാര്യമായി സൂക്ഷിച്ചാലും നല്ല റോളുകൾ ലഭിക്കുന്നില്ല എന്നതു സത്യമാണ്. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ നടിമാരെ നായിക എന്ന സങ്കല്പത്തിലേക്കു കൊണ്ടുവരാൻ ആരും തയ്യാറാകുന്നില്ല. ഈ ചിന്താഗതി ഉടനെയൊന്നും മാറുമെന്നു ഞാൻ വിശ്വസിക്കുന്നുമില്ല.’’ -നാദിയ പറയുന്നു.

അമലും ഭീഷ്മപർവവും

മമ്മൂട്ടി സിനിമയിലൂടെ മലയാളത്തിലേക്കു തിരിച്ചെത്തുമ്പോൾ അതൊരു പുതിയ അനുഭവമാണെന്നാണ് നാദിയ പറയുന്നത്. ‘‘അമൽ നീരദ് എന്ന സംവിധായകന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ അതു പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. സിനിമയുടെ ഓരോ ഫ്രെയിമിലും ഒരനുഭവം നിറയ്ക്കണമെന്നു നിർബന്ധമുള്ള സംവിധായകനാണ് അമൽ. വളരെ ശാന്തനായിരുന്ന്‌ ഓരോ സീനിലും എങ്ങനെയൊക്കെ ചെയ്യണമെന്നു അമൽ പറഞ്ഞുതരുമായിരുന്നു. ഒരു സംശയവും ഇല്ലാത്തവിധം എല്ലാം ക്ലിയർ ആയി അമൽ മുന്നിൽ വരച്ചിടുമ്പോൾ അഭിനയം എളുപ്പമാകും. ഫാത്തിമ എന്ന കഥാപാത്രത്തെയാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ഗതിയിൽ ശക്തമായ സ്വാധീനമുള്ള മികച്ച ഒരു കഥാപാത്രംതന്നെയാണിത്.’’ -നാദിയ പുതിയ സിനിമയുടെ വിശേഷങ്ങൾ പറഞ്ഞു.

ശ്രിന്ദയും മലയാളവും

പുതിയ സിനിമയുടെ വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോൾ അരികിലൂടെ നടന്നുപോയ നടി ശ്രിന്ദയെക്കണ്ടു നാദിയ മറ്റു ചില വിശേഷങ്ങളും പങ്കുവെച്ചു. ‘‘ഭീഷ്മപർവത്തിൽ എന്റെ ഭാഷ ഒരു കൊച്ചി സ്ലാങ്ങിലാകാമെന്നാണ് അമൽ ആദ്യം പറഞ്ഞിരുന്നത്. കൊച്ചിഭാഷ പഠിക്കാൻ ശ്രിന്ദയെയാണ് ഞാൻ ടീച്ചറാക്കിയത്. ശ്രിന്ദ എനിക്കു കൊച്ചി ഭാഷയിലെ കുറെ വോയ്‌സ് നോട്ട്‌സ് അയച്ചുതരുമായിരുന്നു. അതു പഠിച്ചുവരുമ്പോഴാണ് കൊച്ചി ഭാഷ മാറ്റി വേറെന്നാക്കാമെന്നു അമൽ പറഞ്ഞത്. എന്റെ മലയാളമാണെങ്കിൽ അത്ര ക്ലിയറായ ഒന്നല്ല. അതും അമൽ കണക്കിലെടുത്തിട്ടുണ്ടാകും. ഏതായാലും ഫാത്തിമ എന്ന കഥാപാത്രത്തിനു ചേരുന്ന ഒരു ഭാഷ തന്നെയാണ് ഞാൻ ഈ സിനിമയിൽ ചെയ്തിരിക്കുന്നത്.’’-നാദിയ പറഞ്ഞു.

ഇനിയും കഥ തുടരും

ഇനിയുള്ള ജീവിതത്തിലെ നാദിയ എങ്ങനെയായിരിക്കും? ചോദ്യംകേട്ട് അല്പനേരം മൗനമായിരുന്നശേഷമാണ് നാദിയ വീണ്ടും സംസാരിച്ചത്. ‘‘മുംബൈയിൽ താമസിക്കുന്ന കാലത്ത് അവിചാരിതമായാണ് ഞാൻ സിനിമയിലേക്കു വന്നത്. കല്യാണം കഴിഞ്ഞ് അമേരിക്കയിലും ഇംഗ്ലണ്ടിലുമായി 17 കൊല്ലം ഞാൻ താമസിച്ചു. എന്റെ മക്കൾ രണ്ടുപേരും ഇപ്പോഴും വിദേശത്താണ് താമസിക്കുന്നത്. എവിടെയൊക്കെ പോയാലും മലയാളം എനിക്കിഷ്ടപ്പെട്ട ഒരിടമാണ്. കുറച്ചുകാലം മുമ്പ് ഞാൻ അഞ്ജലിമേനോന്റെ സെറ്റിൽ നിൽക്കുമ്പോൾ ഒരു സ്ത്രീ അവിടെ വന്നിരുന്നു. ‘എന്നെ അറിയുമോ’യെന്നു അഞ്ജലി അവരോടു ചോദിച്ചപ്പോൾ ‘പിന്നേ, ഇതു ഞങ്ങളുടെ സ്വന്തമല്ലേ’ എന്നായിരുന്നു മറുപടി. ഞാൻ അറിയാത്ത ഒരു സാധാരണസ്ത്രീ ഇപ്പോഴും എന്നെ അവർക്കു പ്രിയപ്പെട്ട ഒരാളായി കാണുന്നുണ്ടെങ്കിൽ അതു മലയാളസിനിമ എനിക്കുതന്ന സൗഭാഗ്യമാണ്. ആ സൗഭാഗ്യത്തിലൂടെ ഇനിയും കുറേക്കൂടി ഒഴുകണമെന്ന്‌ ആഗ്രഹമുണ്ട്.’’ സംസാരം നിർത്തുമ്പോൾ നാദിയയുടെ മുഖത്ത് മായാതെ ആ പുഞ്ചിരിയുണ്ടായിരുന്നു.

Content Highlights: Nadiya Moidu interview Mammootty Amal Neerad Movie Bheeshma Parvam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented