ദിലീപ് പറഞ്ഞു; ഡാ ഇതെനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു, വ്യത്യസ്തമായൊരു ഗെറ്റപ്പായാലോ?


ശ്രീലക്ഷ്മി മേനോൻ| sreelakshmimenon@mpp.co.in

ദിലീപിന് വേണ്ടി എഴുതിയ കഥാപാത്രമല്ല കേശു. ഈ കഥാപാത്രത്തെ പറ്റി ആലോചിച്ച സമയത്ത് ദിലീപ് മനസിലേ ഇല്ലായിരുന്നു.

Photo | Facebook, Nadhirshah

മിമിക്രി വേദിയില്‍ നിന്ന് കൂട്ടുകൂടിയ രണ്ട് പേര്‍. ഒന്നിച്ച് കണ്ട സ്വപ്‌നങ്ങള്‍ പിന്തുടര്‍ന്ന് ഇരുവരും സിനിമയിലെത്തി. കാലം അതിലൊരാളെ ജനപ്രിയ നടനാക്കി, മറ്റെയാളെ വര്‍ഷങ്ങള്‍ക്കിപ്പുറം സംവിധായകനും. ആ നടന്‍ ദിലീപാണ്, സംവിധായകന്‍ നാദിര്‍ഷായും. 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ നാദിര്‍ഷായുടെ നാലാമത്തെ ചിത്രത്തിലൂടെ ഈ സൗഹൃദക്കൂട്ട് ആദ്യമായി നടനും സംവിധായകനുമായി ഒന്നിക്കുകയാണ്. ദിലീപിന്റെ വേറിട്ട ഗെറ്റപ്പിലൂടെ ശ്രദ്ധ നേടിയ കേശു ഈ വീടിന്റെ നാഥന്‍ ഡിസംബര്‍ 31ന് ഓടിടി റിലീസായി പ്രദര്‍ശനത്തിനെത്തുന്ന വേളയില്‍ നാദിര്‍ഷാ മനസ് തുറക്കുന്നു

സൗഹൃദക്കൂട്ട് ആദ്യമായി ഒന്നിക്കുന്നു

ഇപ്പോഴാണ് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒന്നിക്കാനുളള നല്ലൊരു കഥ വന്നുചേര്‍ന്നത്. ഞങ്ങള്‍ ഒന്നിച്ച് ഒരു ചിത്രം ചെയ്യുമ്പോള്‍ അത്യാവശ്യം ചിരിക്കാനുള്ള വകയൊക്കെ ഉള്ള ഒരു വ്യത്യസ്ത കഥയും കഥാപാത്രവും വേണം എന്നുണ്ടായിരുന്നു. വേറിട്ട ഗെറ്റപ്പില്‍ ദിലീപിനെ അവതരിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. അതെല്ലാം ഒത്തുവന്നത് കേശു ഈ വീടിന്റെ നാഥനിലാണ്.

ഒരു ഡ്രൈവിങ്ങ് സ്‌കൂള്‍ അധ്യാപകനാണ് 67 വയസുകാരനായ കേശു. ഭാര്യ, രണ്ട് കുട്ടികള്‍, അമ്മ, കെട്ടിച്ചുവിട്ട മൂന്ന് സഹോദരിമാരും അളിയന്മാരുമൊക്കെയുള്ള വലിയ കുടുംബമാണ് കേശുവിന്റേത്. ഒരു പക്കാ കുടുംബനാഥൻ. രണ്ട് ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ഒന്ന് മുപ്പതുകളിലുള്ള കേശുവേട്ടനും മറ്റൊന്ന് അറുപതുകളില്‍ എത്തിയ കേശുവേട്ടനും.

ദിലീപിലേക്ക് വന്നുചേര്‍ന്ന കേശുവേട്ടന്‍

ദിലീപിന് വേണ്ടി എഴുതിയ കഥാപാത്രമല്ല കേശു. ഈ കഥാപാത്രത്തെ പറ്റി ആലോചിച്ച സമയത്ത് ദിലീപ് മനസിലേ ഇല്ലായിരുന്നു. വേണുച്ചേട്ടനോ അലന്‍സിയര്‍ ചേട്ടനോ കേശുവിനെ അവതരിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. ഇതൊരു പക്കാ റിയലിസ്റ്റിക് സിനിമയായി ഒരുക്കാനാണ് വിചാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആ പ്രായത്തിലുള്ള നടന്മാരെ വച്ച് അധികം മേക്കപ്പ് ഉപയോഗിക്കാതെ കേശുവിനെ അവതരിപ്പിക്കണം എന്നാണ് കരുതിയിരുന്നത്. പിന്നീട് സുരാജിനെയും ഈ കഥാപാത്രത്തിനായി ആലോചിച്ചിരുന്നു. സുരാജ് ആന്‍ഡ്രോയ്ഡ് കുഞ്ഞ്പ്പനൊക്കെ ചെയ്യുന്നതിന് മുമ്പാണിത്.

അപ്പോഴാണ് ദിലീപ് പറയുന്നത് ഡാ ഈ കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു. ഇത് നമുക്കൊരു വേറിട്ട ഗെറ്റപ്പില്‍ ചെയ്താലോ എന്ന്. റോഷന്‍ എന്ന മേക്കപ്പ്മാന്‍ ആണ് ദിലീപിനെ കേശുവായി ഒരുക്കിയത്. ദിലീപ് കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. മുടി മുഴുവനായി മൊട്ടയടിച്ചിട്ടാണ് വിഗ് വച്ചത്. പകുതി വടിച്ച മുറി മീശയുമായി ഏകദേശം രണ്ട് മാസത്തോളം നടന്നു. മൂന്ന് നേരം ചോറും മറ്റ് ഭക്ഷണങ്ങളും കഴിച്ച് വയറു ചാടിച്ചു, ഒരു വ്യായാമവും ചെയ്യാതെ ശരീരം തടിപ്പിച്ചു. അങ്ങനെ ശാരീരികമായി കുറേ തയ്യാറെടുപ്പുകള്‍ ചിത്രത്തിനായി ദിലീപ് നടത്തിയിട്ടുണ്ട്.

ദിലീപ് ചിത്രത്തിന് വേണ്ട ചേരുവകള്‍

ദിലീപില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്ന കോമഡി ഈ ചിത്രത്തിലുണ്ട്. ഒരു സാധാരണ പ്രേക്ഷകനായി സിനിമ കാണുന്ന ആളാണ് ഞാന്‍. അത്തരത്തിലുള്ള പ്രേക്ഷകന്‍ തീയേറ്റില്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളാണ് ഞാന്‍ എടുക്കാറുള്ളൂ. ദിലീപിന്റെ ഒരു സിനിമ കാണാന്‍ തീയേറ്ററില്‍ വരുന്ന പ്രേക്ഷകന് കുറേ ചിരിക്കാനും ഓര്‍ത്തിരിക്കാനും ഉള്ള കുറേ നല്ല നിമിഷങ്ങള്‍ ആ ചിത്രത്തിലുണ്ടാവണം എന്ന് സാധാരണ പ്രേക്ഷകനെ പോലെ ഞാനും ആഗ്രഹിച്ചിരുന്നു. അത്തരത്തിലാണ് ഈ ചിത്രം ഒരുക്കിയതും. ദിലീപിന്റെ ഫാന്‍ ബേസില്‍ വലിയൊരു ശതമാനവും കുട്ടികളാണ്. അവര്‍ക്കും എല്ലാത്തരം കുടുംബപ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും കേശു ഈ വീടിന്റെ നാഥന്‍.

രത്‌നമ്മയായി ഉര്‍വശി ചേച്ചിയല്ലാതെ മറ്റാരുമില്ല

കേശുവേട്ടനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന കഥാപാത്രമാണ് ഭാര്യ രത്നമ്മ. അത് ചെയ്യാന്‍ ഏറ്റവും അനുയോജ്യയായ താരം ഉര്‍വശി ചേച്ചി മാത്രമാണ്. ചേച്ചിക്ക് പകരം എന്നൊരു ചിന്ത പോലും ഉണ്ടായിട്ടില്ല. ചേച്ചി ഈ ചിത്രം ചെയ്യില്ല എന്ന് പറഞ്ഞിരുന്നുവെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്നറിയില്ല. പകരം വേറൊരു ആളില്ല, ആരെയും ചിന്തിക്കാനാവില്ല എന്ന് തന്നെയാണ് കഥ പറഞ്ഞ സമയത്ത് ചേച്ചിയോട് ഞാന്‍ പറഞ്ഞതും. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നാണ് ഈ കോമ്പോ.

Dileep

13 കോടിയുടെ ചിത്രം

തീയേറ്റര്‍ ലക്ഷ്യം വച്ച് ഒരുക്കിയ ചിത്രം തന്നെയാണ്. 2019 മുതല്‍ ചിത്രീകരണം തുടങ്ങിയതാണ്. 2021 ഏപ്രില്‍ വരെ നമ്മള്‍ ഓടിടി എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് കൂടിയില്ല. പിന്നെ സിനിമയ്ക്കായി പണം മുടക്കിയ ആളുകളെക്കുറിച്ച് നമുക്ക് ചിന്തിക്കാതിരിക്കാനാവില്ല. ബിഗ് ബഡ്ജറ്റ് ചിത്രം തന്നെയാണ് കേശു ഈ വീടിന്റെ നാഥന്‍. 13 കോടിയോളം നിര്‍മാണച്ചെലവ് വന്നിട്ടുണ്ട്. രാമേശ്വരം, കാശി, പളനി തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ചിത്രീകരിച്ച സിനിമയാണ്. കാണുമ്പോള്‍ ഒരു കൊച്ചു ചിത്രം എന്ന് തോന്നുമെങ്കിലും ഇതിന്റെ ബജറ്റ് വലുതാണ്. അത്രയും പണം മുടക്കിയവരുടെ ഭാഗത്ത് നിന്നും നമ്മള്‍ ചിന്തിക്കണം. അങ്ങനൊണ് ഓടിടിയെക്കുറിച്ച് ആലോചിക്കുന്നത്. കുറുപ്പും മരക്കാറുമൊക്കെ തീയേറ്റര്‍ റിലീസ് തീരുമാനിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ ഓടിടിയുമായി കരാര്‍ ഒപ്പിട്ടിരുന്നു.

ഇപ്പോ ദാ ചിത്രം ഡിസംബര്‍ 31ന് നിങ്ങളിലേക്ക് എത്തുകയാണ്. പക്കാ ഫാമിലി എന്റര്‍ടെയ്നറാണ് കേശു ഈ വീടിന്റെ നാഥന്‍. തമാശയുണ്ട്, ഇമോഷണലായുള്ള രംഗങ്ങളുണ്ട് ഇതെല്ലാം ചേര്‍ന്നുള്ള ഒരു ചിത്രമാണ്. നിങ്ങളെല്ലാം ഇഷ്ടപ്പെടുന്ന ദിലീപ് ഈ ചിത്രത്തില്‍ ഉണ്ട്. ചിരിക്കാനും ചിന്തിക്കാനും ഉള്ള വകയുണ്ട്. ചിത്രം എല്ലാവരും സ്വീകരിക്കുമെന്ന് തന്നെ കരുതുന്നു.

Content Highlights : Nadhirshah Interview Dileep Nadhirshah movie Keshu Ee veedinte Nadhan OTT Release

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented