തിരുത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, നടക്കാതിരുന്ന പത്രസമ്മേളനം; ആരാണ് മെർലിൻ മൺറോയെ കൊന്നത്?


പ്രിയരാജ് ​ഗോവിന്ദരാജ്

മെർലിൻ രഹസ്യങ്ങളെല്ലാം എഴുതി വച്ചിരുന്ന അവളുടെ ചുവന്ന ഡയറി ഉൾപ്പെടെ എല്ലാ രേഖകളും അവിടെ നിന്നും നീക്കം ചെയ്യപ്പെട്ടതിനു ശേഷം മാത്രമാണ് ആ മരണ വാർത്ത ലോകമറിയുന്നത്.

മർലിൻ മൺറോ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

മെർലിൻ മൺറോ - ജനനം: 1926, മരണം: 1962

"യൗവ്വനങ്ങളിൽ മരിച്ചവർ ഭാഗ്യം ചെയ്തവരാണ്, കാരണം കാലത്തിന്റെ ഓർമ്മകളുടെ അടരുകളിലെവിടെയോ അവർ അതേ യൗവ്വനത്തോടെ തന്നെ ജീവിക്കുന്നു."

മെർലിൻ മൺറോ തന്റെ മുപ്പത്തിയാറാമത്തെ വയസ്സിലാണ് ഈ ലോകത്തു നിന്നും വിട വാങ്ങുന്നത്. മുപ്പതോളം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും, നടിയായും, ജ്വലിക്കുന്ന ശരീരമായും ഹോളിവുഡിനെ ലഹരി പിടിപ്പിച്ച, ലോകത്തിന്റെ ഹൃദയഭാഗം പിടിച്ചു വാങ്ങിയ വിശ്വസുന്ദരി. ടെലിവിഷൻ പോലും അത്ര പ്രചാരത്തിലില്ലാതിരുന്ന ആ അമ്പതുകളുടെ നിറവിൽ, സ്വപ്നസദൃശമായ ലോകപ്രശസ്തിയുടെ കൊടുമുടിയിൽ മെർലിൻ തന്റെ സ്ഥാനമുറപ്പിച്ചിരുന്നു.

മെർലിൻ മൺറോയെ മോഹിക്കാത്ത പുരുഷന്മാരുണ്ടായിരുന്നില്ല, അവൾ ആഗ്രഹിച്ച പുരുഷന്മാരെയെല്ലാം ഒരു കാന്തമെന്ന പോലെ തന്നിലേക്കെത്തിക്കാൻ അവൾക്കു കഴിഞ്ഞു. നിരവധി പ്രണയബന്ധങ്ങളുണ്ടായിരുന്നു മെർലിന്‌. അതിൽ ചാർളി ചാപ്ലിൻ ജൂനിയർ മുതൽ ഗോഡ് ഫാദർ എന്ന സിനിമയിലെ നായകൻ മാർലോൺ ബ്രാണ്ടോ വരെ ഉൾപ്പെട്ടിരുന്നു. മൂന്നു വിവാഹങ്ങൾ, ആദ്യ ഭർത്താവ് നാവിക ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് ഡോഗെർട്ടി. പിന്നീട് പ്രശസ്ത ബേസ്‌ബോൾ താരമായിരുന്ന ജോ ഡി മാഗ്ഗിയോ, അതിനു ശേഷം വിഖ്യാത തിരക്കഥാകൃത്ത് ആർതർ മില്ലർ. അനേകം പ്രണയബന്ധങ്ങൾ പോലെ തന്നെ അഗാധമായ പ്രണയ നൈരാശ്യങ്ങളും മെർലിനുണ്ടായിരുന്നു. ഉറക്കം നഷ്ടപ്പെടുന്ന രാത്രികളെ അതിജീവിക്കുന്നതിനു വേണ്ടി, ഉറക്ക ഗുളികകൾ കഴിച്ചു തുടങ്ങിയിരുന്നു. പിന്നീട് തുടർച്ചയായ 12 വർഷങ്ങൾ അവർ സ്ഥിരമായി ഇത്തരം മയക്കുമരുന്നുകൾ ഉപയോഗിക്കുമായിരുന്നു.

മെർലിൻ മൺറോയുടെ മരണത്തിന്റെ കഥ

1962 ഓഗസ്റ്റ് അഞ്ചാം തിയതി പുലർച്ചെ 4.25 ന് ലോസ് ആഞ്ജിലിസ്‌ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ വരുന്നു, ഫോണിന്റെ അങ്ങേത്തലയ്ക്കൽ ഡോക്ടർ റാൽഫ് ഗ്രീൻസൺ ആണ്. മെർലിൻ മൺറോയുടെ സൈക്യാട്രിസ്റ്റ്. ഫോണെടുത്ത പോലീസ് സെർജൻറ് ജാക്ക് ക്ലെമെൻസ് അയാളറിയിച്ച വാർത്ത കേട്ട് ഞെട്ടിപ്പോയി. മെർലിൻ മൺറോ ആത്മഹത്യ ചെയ്തിരിക്കുന്നു. ബ്രെന്റ് വൂഡിലെ മെർലിന്റെ ബംഗ്ലാവിൽ അയാളെത്തുമ്പോൾ കണ്ടത്, മെർലിൻ പൂർണ നഗ്നയായി കട്ടിലിൽ കമിഴ്ന്നു കിടക്കുന്നതാണ്. ഒരു കയ്യിൽ ടെലിഫോൺ റിസീവർ പിടിപ്പിച്ചിരിക്കുന്നു. മരണകാരണമായ പറയപ്പെടുന്ന മയക്കുമരുന്നിന്റെ കുപ്പികൾ അടുത്തുള്ള മേശപ്പുറത്ത് നിരയൊപ്പിച്ച്‌ അടുക്കിവച്ചിരിക്കുന്നു, എന്നാൽ അത് കുടിച്ചിറക്കാൻ ഒരു ഗ്ലാസ് വെള്ളമോ, ഒഴിഞ്ഞ കുപ്പിയോ ഒന്നും തന്നെ അവിടെയുണ്ടായിരുന്നില്ല.

മരണശേഷം ആരൊക്കെയോ ചേർന്ന് മെർലിന്റെ ശരീരം മാറ്റിക്കിടത്തിയിരിക്കുന്നു എന്നയാൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി. ആ മുറിയിൽ ആത്മഹത്യ ചെയ്തതിന്റെ യാതൊരു ലക്ഷണങ്ങളും കാണാനില്ലായിരുന്നു. എല്ലാം കൃത്യമായ പദ്ധതിക്കനുസരിച്ച്‌ ആരോ തയ്യാറാക്കിയ ഒരു നാടകത്തിന്റെ അവസാന സീനിലാണ് താൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത് എന്ന് ജാക്ക് ക്ലെമെൻസ് തിരിച്ചറിഞ്ഞു. അയാൾ, അയാളുടെ ഡയറിയിൽ ചുവന്ന മഷികൊണ്ട് ഇങ്ങനെ കുറിച്ചിട്ടു."മെർലിൻ മൺറോ ആത്മഹത്യ ചെയ്തതല്ല, അവൾ ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു, അതാണ് സത്യം" എന്ന്. അങ്ങിനെ ചിന്തിക്കാൻ പിന്നെയും കാരണങ്ങളുണ്ടായിരുന്നു, രാത്രി 10.30 നാണ് മെർലിൻ മരണപ്പെടുന്നത്, എന്നാൽ മരണത്തിനു ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് ആ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചിരിക്കുന്നത്. അതിനിടയിലുള്ള സമയത്തിനുള്ളിൽ പല വാഹനങ്ങളും അവിടെ വന്നു പോയിരുന്നതായും, അവിടെ നിന്നും വിലപിടിപ്പുള്ള പല രേഖകൾ കടത്തപ്പെട്ടുവെന്നും ജാക്ക് ക്ലെമെൻസ് കണ്ടെത്തിയിരുന്നു.

മെർലിന്റെ പ്രണയ ബന്ധങ്ങളിൽ ഏറ്റവും പിഴവേറിയതും, അവളുടെ നാശത്തിനു വഴി വച്ചതും അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജോൺ എഫ്. കെന്നഡിയുമായും, അദ്ദേഹത്തിന്റെ സഹോദരൻ ബോബി എന്നറിയപ്പെട്ടിരുന്ന അറ്റോണി ജനറൽ റോബർട്ട് കെന്നഡിയുമായുമുണ്ടായിരുന്ന ബന്ധമായിരുന്നു. ഇവരുമായുള്ള മെർലിന്റെ പ്രണയകഥകൾ പത്രങ്ങളിൽ അച്ചടിച്ചു വന്നതോടെ വിഷയം കൂടുതൽ വഷളാവുകയായിരുന്നു. പിന്നാലെ; തന്നെ ഒഴിവാക്കിയാൽ ഉള്ള രഹസ്യങ്ങൾ മുഴുവനും പത്രസമ്മേളനം നടത്തി ഈ ലോകത്തോട് വിളിച്ചു പറയും എന്ന മെർലിന്റെ ഭീഷണിയുമെത്തുന്നു. ഒരുപക്ഷേ അന്ന് ആ പത്രസമ്മേളനം നടന്നിരുന്നുവെങ്കിൽ, മെർലിൻ വിളിച്ചു പറയുമായിരുന്നത് കെന്നഡി സഹോദരന്മാരുമായുള്ള പ്രണയ ബന്ധത്തിന്റെ കഥകൾ മാത്രമായിരുന്നിരിക്കില്ല, അന്നത്തെ അമേരിക്കൻ ഗവൺമെന്റിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാമായിരുന്ന രാഷ്ട്രീയ രഹസ്യങ്ങൾ കൂടിയായിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു.

ഏറെക്കുറെ, മെർലിന്റെ മരണം ഒരു കൊലപാതകം തന്നെ എന്ന് നമുക്ക് ഊഹിക്കാം, എന്നാൽ ആരാണ് മെർലിൻ മൺറോയെ കൊന്നത്? പതിറ്റാണ്ടുകൾക്കിപ്പുറം ചില രഹസ്യങ്ങൾ ചുരുളുകളഴിഞ്ഞു.

മെർലിന്റെ ആന്തരികാവയവങ്ങൾ പരിശോധിച്ച ടോക്സിക്കോളജിസ്റ്റ് രക്തത്തിൽ നെബ്യുറ്റാൽ എന്ന മാരകവിഷം കലർന്നിരിക്കുന്നതായി കണ്ടെത്തിയിരുന്നു, എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇതൊഴിവാക്കി, അമിതമായ മയക്കുമരുന്നിന്റെ ഉപയോഗമാണ് മരണകാരണം എന്നാണു രേഖപ്പെടുത്തിയത്. അതൊരു ആത്മഹത്യയാണെന്ന് എല്ലാ റേഡിയോ ചാനലുകളും, പത്രങ്ങളും ഏറ്റു പറഞ്ഞു. അല്ലെങ്കിൽ, അങ്ങനെ പറയാനായിരുന്നു നിർദേശം.

മെർലിൻ മരണപ്പെടുന്നതിന്റെ തലേ ദിവസം തന്റെ ഔദ്യോഗിക ഉത്തരവാദിത്വങ്ങളെല്ലാം മാറ്റി വച്ച് ബോബി കെന്നഡി, തന്റെ ഭാര്യാസഹോദരനായ പീറ്റർ ലഫോർഡിനൊപ്പം, മെർലിനുമായി സംസാരിക്കുന്നതിനു ബ്രെൻറ് വൂഡിലെ അവരുടെ ബംഗ്ലാവിൽ എത്തുന്നു. അവർ തമ്മിലുണ്ടായ തർക്കസംഭാഷണങ്ങൾ അവിടെ ഒളിപ്പിച്ചിരുന്ന ടേപ്പ് റെക്കോർഡറിൽ രേഖപ്പെടുത്തപ്പെട്ടു. ബോബി കെന്നഡിയുടെ ആവശ്യം മെർലിൻ ആ പത്രസമ്മേളനത്തിൽ നിന്നും പിന്മാറണം എന്നതായിരുന്നു. എന്നാൽ മെർലിൻ അതിനു തയ്യാറായിരുന്നില്ല. അവിടെ നിന്നും ഇറങ്ങിയ ശേഷം ബോബിയും, പീറ്റർ ലഫോർഡും അവളെ നിശ്ശബ്ദയാക്കാൻ തീരുമാനിക്കുന്നു. പിന്നീട് ചില പദ്ധതികൾ രൂപപ്പെടുത്തുന്നു. അന്ന് രാത്രി തന്റെ ബെഡ്‌റൂമിൽ ബോധരഹിതയായി കാണപ്പെട്ട മെർലിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടി വീട്ടു ജോലിക്കാരിയായിരുന്ന യൂനിസ് മോറെ, ആംബുലൻസിനു ഫോൺ ചെയ്യുന്നു, തൊട്ടു പിന്നാലെ മെർലിന്റെ സൈക്യാട്രിസ്റ്റായിരുന്ന ഡോക്ടർ റാൽഫ് ഗ്രീൻസണിനെയും വിവരമറിയിക്കുന്നു.

എന്നാൽ ഡോക്ടർ ഗ്രീൻസൺ അവിടെ എത്തുന്നതിനു മുൻപ് തന്നെ ആംബുലൻസ് അവിടെയെത്തുന്നു. ആ ആംബുലൻസിലുണ്ടായിരുന്ന പാരാ മെഡിക്കൽ സ്റ്റാഫ് ആയിരുന്ന ജെയിംസ് ഹോൾ പിന്നീട് വെളിപ്പെടുത്തിയത് ഇപ്രകാരമാണ്. "ഞങ്ങൾ അവിടെയെത്തുമ്പോൾ മെർലിന്‌ ജീവനുണ്ടായിരുന്നു, എന്നാൽ ഡോക്ടർ ഗ്രീൻസൺ വന്നതിനു ശേഷം അയാളുടെ ബാഗിൽ നിന്നും ഒരു സിറിഞ്ച് പുറത്തെടുത്തു, ഒരു സൈക്യാട്രിസ്റ്റിന്റെ കയ്യിൽ കാണാൻ സാധ്യതയില്ലാതിരുന്ന തരം ഒരു സിറിഞ്ചായിരുന്നു അത്. അതിൽ അഡ്രിനാലിൽ ആണെന്നായിരുന്നു അദ്ദേഹം അപ്പോൾ പറഞ്ഞത്, എന്നാൽ അത് കുത്തി വച്ച രീതിപോലും എന്നെ ഞെട്ടിച്ചു. മെർലിന്റെ മാറിലേക്ക് നേരിട്ടാണ് അത് കുത്തിവച്ചത്. അൽപസമയത്തിനു ശേഷം അദ്ദേഹം മെർലിൻ മരിച്ചതായി അറിയിക്കുകയായിരുന്നു. എന്നിട്ടു ഞങ്ങളെ തിരിച്ചയച്ചു" - ഡോക്ടർ ഗ്രീൻസൺ അന്ന് കുത്തിവച്ചത് അഡ്രിനാലിൽ ആയിരുന്നില്ലേ?

മെർലിൻ രഹസ്യങ്ങളെല്ലാം എഴുതി വച്ചിരുന്ന അവളുടെ ചുവന്ന ഡയറി ഉൾപ്പെടെ എല്ലാ രേഖകളും അവിടെ നിന്നും നീക്കം ചെയ്യപ്പെട്ടതിനു ശേഷം മാത്രമാണ് ആ മരണ വാർത്ത ലോകമറിയുന്നത്. പീറ്റർ ലഫോർഡിന്റെ നേതൃത്വത്തിലായിരുന്നു തെളിവുകൾ മുഴുവനും നശിപ്പിച്ചത്. മെർലിന്റെ ശരീരം കമഴ്ത്തിക്കിടത്തിയത് പോലും ശരീരത്തിന്റെ മുൻവശത്തേയ്ക്കു രക്തം കല്ലിച്ച്‌ മാറിലെ സിറിഞ്ചു കുത്തിയ പാട് കാണാതിരിക്കാൻ വേണ്ടിയായിരുന്നു. മെർലിന്റെ മരണം ഒരു ആത്മഹത്യയല്ല എന്ന് കണ്ടെത്തിയ ജാക്ക് ക്ലെമെൻസിനെ അന്വേഷണത്തിൽ നിന്നും നീക്കം ചെയ്തു, പിന്നീട് ഈ കേസ് അന്വേഷിച്ചത് ബോബി കെന്നഡിയുടെ വിശ്വസ്തനായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. കെന്നഡി സഹോദരന്മാരുടെ പങ്കിനെക്കുറിച്ച്‌ ആരും ചർച്ച ചെയ്തില്ല. പതിറ്റാണ്ടുകളോളം മെർലിന്റെ കൊലപാതകം ആത്മഹത്യയായി മൂടിവയ്ക്കപ്പെട്ടു.

മെർലിന്റെ മരണത്തിനു ശേഷമുള്ള ആറ് വർഷങ്ങളുടെ ഇടവേളയ്ക്കിപ്പുറം കെന്നഡി സഹോദരന്മാരും ക്രൂരമായി തന്നെ കൊലചെയ്യപ്പെടുകയായിരുന്നു. രണ്ടു പേരും തലയ്ക്കു വെടിയേറ്റാണ് കൊല്ലപ്പെടുന്നത്. കാലം അതിന്റെ കണക്കുകൾ കൃത്യമായി തീർത്തിരിക്കുന്നു.

Content Highlights: marilyn monroe, mysteries behind marilyn monroe's death

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


mb.com

മഹറായി ചോദിച്ചത് വീല്‍ചെയര്‍; ഇത് ഫാത്തിമ നല്‍കുന്ന സന്ദേശം

Oct 13, 2021

Most Commented