Madhurima Narla
മലയാളത്തില്‍ വിരലില്‍ എണ്ണാവുന്ന സിനിമകളേ മധുരിമ നര്‍ല ചെയ്തിട്ടുള്ളൂ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മൈഡിയര്‍ മുത്തച്ഛനിലെ മീരയും തുളസീദാസിന്റെ ശുദ്ധമദ്ദളത്തിലെ മാളുവും ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് ജീവിതത്തില്‍ മധുരിമ തിരഞ്ഞെടുത്തത് മറ്റൊരു പാതയായിരുന്നു. ഇന്ന് മധുരിമ അറിയപ്പെടുന്ന നര്‍ത്തകിയാണ്, യോഗാധ്യാപികയാണ്. വിദേശത്തും ഇന്ത്യയിലുമായി നൃത്തം പരിശീലിപ്പിക്കുന്ന തന്മയ എന്ന നൃത്തവിദ്യാലയത്തിന്റെ ഡയറക്ടറാണ്.
ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരികയാണ് മധുരിമ. 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ തനിക്ക് യാതൊരു സങ്കോചവും തോന്നുന്നില്ലെന്ന് മധുരിമ പറയുന്നു.
''കുട്ടിക്കാലം മുതല്‍ നൃത്തത്തോട് താല്‍പര്യമുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ നൃത്ത പഠനവും തുടങ്ങി. സ്‌കൂള്‍, കോളേജ് കാലഘട്ടം എത്തിയപ്പോഴേക്കും നൃത്തത്തിന് വേണ്ടി അധികം സമയം ചെലവഴിക്കാനായില്ല. 2007 മുതലാണ് ഞാന്‍ നൃത്തത്തെ വീണ്ടും ഗൗരവത്തോടെ സമീപിച്ചത്. അന്ന് മുതല്‍ നൃത്തം മാത്രമാണ് എന്റെ ജീവിതം. ''- മാതൃഭൂമി ഡോട്ട്കോമുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മധുരിമ.
മൈഡിയര്‍ മുത്തച്ഛനിലേയ്ക്കെത്തിയത് എങ്ങനെയായിരുന്നു?

റോജ രമണി ആന്റിയാണ് (ചെമ്പരത്തി ശോഭന) എന്നെ മീര എന്ന കഥാപാത്രത്തിനായി മൈ ഡിയര്‍ മുത്തച്ഛനിലേക്ക് ശുപാർശ ചെയ്യുന്നത്. അവരുടെ മകന്‍ തരുണും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആ കുടുംബവുമായി എനിക്ക് അടുപ്പമുണ്ട്. പിന്നീട് സത്യന്‍ അന്തിക്കാട് സാര്‍ എന്നെ വിളിച്ച് ഷൂട്ടിങ്ങിന് വരാന്‍ പറഞ്ഞു. അഭിമുഖമോ സ്‌ക്രീന്‍ ടെസ്റ്റോ അങ്ങനെ യാതൊന്നുമില്ലാതെ ഞാന്‍ നേരിട്ട് അഭിനയിക്കുകയായിരുന്നു. അതും തിലകന്‍, ഉര്‍വശി, ജയറാം, ശ്രീനിവാസന്‍, മുരളി, ഫിലോമിന, ഇന്നസെന്റ്, കെ.പി.എ.സി ലളിത, ജനാര്‍ദ്ദനന്‍ തുടങ്ങിയ സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം. നാലു കുട്ടികളില്‍ മുത്തകുട്ടിയുടെ കഥാപാത്രമായിരുന്നു എന്റേത്. ഞാന്‍ അന്ന് പത്താം ക്ലാസിലായിരുന്നു പഠിക്കുന്നത്. കോളേജിലെത്തിയ കുട്ടിയുടെ കഥാപാത്രത്തെയാണ് എനിക്ക് അവതരിപ്പിക്കേണ്ടിയിരുന്നത്. എന്റെ പ്രായത്തേക്കാള്‍ അല്‍പ്പം പക്വത കൂടുതലുള്ള കഥാപാത്രം. ആദ്യം കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. ഭാഷയറിയില്ല, അഭിനയത്തിന്റെ യാതൊന്നും അറിയില്ല. സെറ്റിലെത്തിയപ്പോള്‍ എല്ലാം മാറി. സത്യന്‍ അന്തിക്കാട് സാര്‍ ആകട്ടെ, സഹതാരങ്ങളാകട്ടെ എല്ലാവരും എന്നോട് വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്. ഞങ്ങള്‍ കുട്ടികളെല്ലാം വളരെ ആസ്വദിച്ച് ചെയ്ത ഒരു സിനിമയായിരുന്നു. സത്യത്തില്‍ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ സങ്കടമായിരുന്നു.
പിന്നീട് ചെയ്തത് തുളസീദാസ് സാറിന്റെ ശുദ്ധമദ്ദളമായിരുന്നു. മുകേഷ്, വിജയകുമാര്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, സിദ്ദിഖ് തുടങ്ങിയ വലിയതാര നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. മോഹന്‍ലാല്‍ സാറിനൊപ്പം പക്ഷേ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തിലും വേഷമിട്ടിരുന്നു.
ഉര്‍വശിയുമൊത്തുള്ള രംഗം സമൂഹ മാധ്യമങ്ങളില്‍ വലിയ ഹിറ്റാണ്? അതെല്ലാം ശ്രദ്ധിക്കാറുണ്ടോ?

ആ രംഗം ഇപ്പോഴും ആഘോഷിക്കപ്പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിയായ സന്തോഷമുണ്ട്. ഉര്‍വശിയുടെ പ്രകടനമാണ് ആ രംഗത്തെ മറ്റൊരു തലത്തില്‍ എത്തിച്ചത്. എത്ര മനോഹരമായാണ് ഉര്‍വശി അവതരിപ്പിച്ചത്. ചിത്രത്തില്‍ ഉര്‍വശിയ്ക്ക് അധികം സീനുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ ഒരൊറ്റ സീനാണ് ഇന്ന് മൈ ഡിയര്‍ മുത്തച്ഛനെക്കുറിച്ചോര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം വരുന്നത്. ആദ്യ സിനിമ തന്നെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ചെയ്യുക എന്നത് വലിയ ഭാഗ്യമായിരുന്നു.
സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധനേടിയിട്ടും പിന്നീട് സിനിമയില്‍ നിന്ന് മാറി നിന്നത് എന്തുകൊണ്ടായിരുന്നു?
മംഗളഗിരിയിലായിരുന്നു ഞാന്‍ ജനിച്ചത്. വളര്‍ന്നതും ചെന്നൈയിലും അച്ഛനും അമ്മയും ഞങ്ങള്‍ അഞ്ച് സഹോദരങ്ങളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു. ചെന്നൈയില്‍ സ്‌കൂള്‍ പഠനത്തിന് ശേഷം അമേരിക്കയിലും ഓസ്ട്രേലിയയിലുമായിട്ടായിരുന്നു ഉപരിപഠനം. അപ്പോഴേക്കും സിനിമയില്‍ നിന്ന് അകന്നു. പഠനത്തിനായിരുന്നു അന്ന് മുന്‍തൂക്കം. പിന്നീട് നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

വെമ്പട്ടി ചിന്നസത്യത്തിന്റെ കീഴിലാണ് ഞാന്‍ കുച്ചിപ്പുടി അഭ്യസിച്ചത്. അദ്ദേഹത്തോടൊപ്പം ധാരാളം പരിപാടികള്‍ ചെയ്യാനും ഭാഗ്യം ലഭിച്ചു. ഭരതനാട്യത്തിലും പരിശീലനം നേടിയിട്ടുണ്ട്. 2007 മുതലാണ് ഞാന്‍ നൃത്തത്തെ ഗൗരവത്തോടെ സമീപിച്ചത്. അന്ന് മുതല്‍ നൃത്തം മാത്രമാണ് എന്റെ ജീവിതംഇപ്പോള്‍ നാട്യശാസ്ത്രത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനായി സംസ്‌കൃതവും പഠിച്ചു. തന്മയ എന്ന പേരില്‍ എനിക്ക് നൃത്ത വിദ്യാലയമുണ്ട്. ചെന്നൈയിലും അമേരിക്കയിലുമായി ധാരാളം വിദ്യാര്‍ഥികളുമുണ്ട്. ഓണ്‍ലൈനിലൂടെയും നൃത്ത പരിശീലനം നല്‍കുന്നു. വിദേശത്ത് ജീവിക്കുന്നവര്‍ക്ക് നമ്മുടെ കലയോടും സംസ്‌കാരത്തോടും കടുത്ത അഭിനിവേശമാണ്. അതുകൊണ്ടു തന്നെ വിദേശത്ത് ധാരാളം വിദ്യാര്‍ഥികളുണ്ട്. നൃത്തം എനിക്ക് വിനോദമോ ജീവിതോപാധിയോ മാത്രമല്ല എന്റെ ആത്മാവാണെന്ന് പറയാം. എനിക്കതൊരു ധ്യാനമാണ്. നൃത്തം മാത്രമല്ല, ഞാന്‍ യോഗയും പഠിപ്പിക്കുന്നുണ്ട്. വ്യക്തിത്വ വികസനത്തിനും ഊന്നല്‍ നല്‍കിയാണ് തന്മയയിലെ പരിശീലനം. ഞാന്‍ വിവാഹിതയാണ്, എന്റെ നൃത്തമാണെന്റെ ജീവിത പങ്കാളി.

29 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ മടങ്ങിയെത്തുകയാണ്, വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ആശങ്കകളുണ്ടായിരുന്നുവോ? മലയാളത്തിലും അഭിനയിക്കുമെന്ന് പ്രതീക്ഷിക്കട്ടെ?

ലോകം വളരെ പെട്ടന്ന് മാറികൊണ്ടിരിക്കുകയാണല്ലോ. അതോടൊപ്പം സിനിമയും മാറി. കലാരംഗത്ത് തന്നെ പ്രവര്‍ത്തിച്ചതിനാല്‍ മാറ്റങ്ങളെ ഉള്‍ക്കൊണ്ടു തന്നെയാണ് ജീവിക്കുന്നത്. വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ചോര്‍ത്ത് എനിക്ക് യാതൊരു സങ്കോചവുമില്ലായിരുന്നു. മാത്രവുമല്ല മീര എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ എനിക്ക് അതെക്കുറിച്ച് ഒരുപാട് സന്ദേശങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. കന്നടയിലും തെലുങ്കിലും ഇപ്പോള്‍ ചിത്രങ്ങള്‍ ചെയ്യാനൊരുങ്ങുകയാണ്. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ വരുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ മലയാളത്തിലും അഭിനയിക്കും.
Content Highlights: My Dear Muthachan actress Madhurima Narla Interview, comeback, Dance performance, teaching, yoga, life story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..