-
കോഴിക്കോട്ടെ സിനിമാസംഘത്തില്‍നിന്നാണ് മുഹമ്മദ് മുസ്തഫ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. സഹനടനായും സംവിധാന സഹായിയായും പല വേഷങ്ങള്‍ സിനിമാവഴിയില്‍ മുസ്തഫ അണിഞ്ഞു. എല്ലാ വഴികളിലൂടെയും മുസ്തഫ സഞ്ചരിച്ചത് സംവിധാനമെന്ന ലക്ഷ്യസ്ഥാനത്തിലേക്ക് എത്താനായിരുന്നു. സ്വപ്നങ്ങളെല്ലാം ഒരുമിച്ചുകൂട്ടി മുസ്തഫ ഒരു 'കപ്പേള' പണിഞ്ഞിരിക്കുകയാണ്. ജെസ്സിയും വിഷ്ണുവും റോയിയുമൊക്കെ ഒരുമിച്ചിരുന്ന് കഥ പറയുന്ന കുഞ്ഞുകപ്പേള. മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന കപ്പേള പറയുന്നത് ഒരു പെണ്‍കുട്ടി നടത്തുന്ന യാത്രയുടെ കഥയാണ്. അന്നാ ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ മുസ്തഫ പങ്കുവയ്ക്കുന്നു.
ജെസ്സിയുടെ യാത്ര
ഒരു റൊമാന്റിക് ത്രില്ലറെന്നാണ് കപ്പേളയെ ഞാന്‍ വിശേഷിപ്പിക്കുന്നത്. ജെസ്സി എന്ന വയനാട്ടിലെ മലയോരപ്രദേശത്തെ കര്‍ഷകകുടുംബത്തിലെ പെണ്‍കുട്ടി കോഴിക്കോട് നഗരത്തിലേക്ക് നടത്തുന്ന യാത്രയിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ഫോണിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍വേണ്ടിയാണ് ജെസ്സി വരുന്നത്.
ജെസ്സിയെ അന്നാ ബെന്നാണ് അവതരിപ്പിക്കുന്നത്. മറ്റ് രണ്ട് കേന്ദ്രകഥാപാത്രങ്ങളായ വിഷ്ണു എന്ന കഥാപാത്രമായി റോഷനെത്തുമ്പോള്‍ റോയിയെ അവതരിപ്പിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാമാണ്.
കപ്പേളയുടെ കഥ
മൂന്നുവര്‍ഷം മുന്‍പ് നാട്ടിലെ സുഹൃത്തുക്കളായ നിഖിലും വാഹിദുമൊക്കെയാണ് ഇത്തരമൊരു കഥാതന്തു എന്നോട് പറയുന്നത്. അത് ഇഷ്ടപ്പെട്ടതോടെ നാലുപേരടങ്ങുന്ന ഒരു ടീം ഇരുന്ന് തിരക്കഥ തയ്യാറാക്കുകയായിരുന്നു. പിന്നീട് പലരീതിയില്‍ കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്ത് നോക്കി. ഒന്നും ശരിയായില്ല. അന്നയെ കണ്ടപ്പോള്‍ ഇതാണ് ഞങ്ങളുടെ ജെസ്സി എന്ന തോന്നലുണ്ടായി. പിന്നാലെ റോഷനും ശ്രീനാഥ് ഭാസിയിലേക്കുമെത്തി. ഈ സിനിമയുടെ കഥ മനസ്സിലാകുന്ന പേര് വേണ്ട എന്ന തീരുമാനമാണ് കപ്പേള എന്ന പേരിലേക്ക് എത്തിച്ചത്. ജെസ്സിയുടെ വീടിനടുത്തുള്ള പ്രളയത്തില്‍ തകര്‍ന്ന കപ്പേള സിനിമയില്‍ പ്രാധാന്യമുള്ള ഇടമാണ്. കാരണം ആരും വരാത്ത ഈ കപ്പേളയാണ് ജെസ്സിയുടെ സ്വകാര്യ ഇടം. ബാക്കി സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും.
പാഠം ഒന്ന്
രഞ്ജിയേട്ടന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തതിന്റെ പരിചയവും നടനെന്ന നിലയില്‍ ചെയ്ത കഥാപാത്രങ്ങളുമെല്ലാം സംവിധാനത്തിലേക്ക് എത്തുമ്പോള്‍ സഹായകമായിട്ടുണ്ട്. എന്തൊക്കെ ചെയ്യാന്‍ പാടില്ല, എങ്ങനെയൊക്കെ ചെയ്യാം എന്ന തിരിച്ചറിവ് നല്‍കിയത് ഞാന്‍ അഭിനയിച്ച കുറേ സിനിമകള്‍ തന്നെയാണ്. പല ആള്‍ക്കാരുടെ സിനിമകള്‍ ചെയ്തതിനാല്‍ പല തരത്തിലുള്ള പാഠങ്ങള്‍ ലഭിച്ചു. ആ പാഠങ്ങളാണ് ഈ സിനിമയില്‍ പ്രയോഗിച്ചിരിക്കുന്നത്.
ചെറിയ കഥകളും കഥാപാത്രങ്ങളുമൊക്കെ നിറഞ്ഞ കൊച്ചുസിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന കാലത്തിലൂടെയാണ് മലയാളസിനിമ കടന്നുപോകുന്നത്. തമാശ, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങി പോയവര്‍ഷം അത്തരത്തില്‍ ഒരുപാട് സിനിമകള്‍ വിജയിച്ചു. അത്തരം വിജയങ്ങള്‍തന്നെയാണ് നവാഗത സംവിധായകനെന്ന നിലയില്‍ ഇത്തരമൊര സിനിമ ഒരുക്കാന്‍ എനിക്ക് ധൈര്യം നല്‍കിയത്.
Content highlights : Musthafa Interview On Kappela Movie starring Anna Ben Roshan Mathew and Sreenath Bhasi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..