താലിബാന്‍ അധിനിവേശത്തില്‍ അഫ്ഗാനിസ്ഥാനിലെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചുപോയ സാഹചര്യമാണിപ്പോള്‍. സിനിമാ പ്രവര്‍ത്തകര്‍ ഒട്ടുമിക്കവരും അഫ്ഗാനിസ്ഥാനില്‍നിന്ന് ജീവനുമായി വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ താലിബാന്റെ നിയന്ത്രണത്തില്‍ അഫ്ഗാനില്‍നിന്ന് സിനിമയുണ്ടാകുമെന്ന പ്രതീക്ഷ പൊലിയുന്നു. 

അഫ്ഗാന്‍ ജനതയുടെ സാമൂഹ്യജീവിതത്തെക്കുറിച്ചും താലിബാന്‍, പുരുഷമേധാവിത്തം എന്നിവയ്‌ക്കെതിരേ സ്ത്രീകള്‍ നടത്തുന്ന പോരാട്ടത്തെക്കുറിച്ചും ഒരുപാട് സിനിമകള്‍ മറ്റു രാജ്യങ്ങളുടെ സഹായത്തോടെ അഫ്ഗാന്‍ സംവിധായകര്‍ ഒരുക്കിയിട്ടുണ്ട്.  മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളോട് പൊരുതിയും പടവെട്ടിയും പരിമിതമായ ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗിച്ചുമാണ്‌ സിനിമയെന്ന ജനകീയ മാധ്യമത്തെ അവിടുത്തെ സംവിധായകര്‍ പ്രയോജനപ്പെടുത്തിയത്. അവയില്‍ താലിബാനെ നിശിതമായി വിമര്‍ശിക്കുന്ന ചലച്ചിത്രങ്ങളും ധാരാളം ഒരുപാടുണ്ട്. സിനിമയെ താലിബാന്‍ വെറുക്കാന്‍ ഇതില്‍പ്പരം എന്ത് കാരണമാണ് വേണ്ടത്. 

ജീവിക്കാന്‍ ജനങ്ങള്‍ നെട്ടോട്ടമോടുന്ന അഫ്ഗാനില്‍ സിനിമ എന്നു തിരിച്ചുവരുമെന്ന് നിശ്ചയമില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തിന്റെ തീവ്രത എന്തെന്നറിയാന്‍ ഒരുപക്ഷേ ഏതാനും ചലച്ചിത്രങ്ങള്‍ സഹായിച്ചേക്കും. അത്തരത്തിലുള്ള ഏതാനും ചിത്രങ്ങളും ഡോക്യുമന്ററികളും.

ഹവ, മറിയം, അയേഷ (2019)

സ്ഹറ കരീമിയുടെ സംവിധാനത്തില്‍ 2019-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹവ, മറിയം, അയേഷ. 92-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിന് മികച്ച അന്താരാഷ്ട്ര ചലച്ചിത്രങ്ങളുടെ മത്സരപട്ടികയില്‍ ഈ ചിത്രം ഇടം നേടിയിരുന്നു. 

21-ാം നൂറ്റാണ്ടിലെ അഫ്ഗാന്‍ വനിതകള്‍ അനുഭവിക്കുന്ന സാമൂഹ്യവിവേചനമാണ് ചിത്രം സംസാരിക്കുന്നത്. ഹവ, മറിയം, അയേഷ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. പുരുഷാധിപത്യ സമൂഹത്തിന് കീഴ്‌പ്പെട്ട് ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന മൂന്ന് വനിതകളുടെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. 

ഒസാമ (2003)

കാബൂള്‍ പിടിച്ചടക്കിയ ശേഷം താലിബാന്‍ പ്രതിനിധികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മതം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സിദ്ദിഖ് ബര്‍മാക്‌സ് സംവിധാനം ചെയ്ത ഒസാമ എന്ന ചിത്രവും സംസാരിക്കുന്നത് ഇതേ വിഷയം തന്നെയാണ്. സത്രീകള്‍ക്ക് ബഹുമാനം നല്‍കുന്നുവെന്ന പേരില്‍ അവരില്‍ പുരുഷാധിപത്യ സമൂഹം അടിച്ചേല്‍പ്പിക്കുന്ന ശാരീരിക-മാനസിക പീഡനങ്ങള്‍ എത്രത്തോളം വലുതാണെന്ന് ഒസാമ അടയാളപ്പെടുത്തുന്നു. 

ഒസാമ എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അവളുടെ വീട്ടില്‍ പുരുഷന്‍മാരില്ല. താലിബാന്‍ ഭരിക്കുന്ന പ്രദേശത്ത് താമസിക്കുന്ന അവള്‍ക്കും കുടുംബത്തിനും പുറത്തിറങ്ങാന്‍ നിര്‍വാഹമില്ല. അതിന് കാരണം സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങാനോ ജോലിയ്ക്ക് പോകാനോ താലിബാന്‍ അനുവദിക്കുകയില്ല എന്നതു തന്നെ. ജീവിക്കാന്‍ ഒരു നിര്‍വാഹവുമില്ലാതെ വന്നപ്പോള്‍ ഒസാമ തന്റെ മുടിമുറിച്ച് പുരുഷവേഷം ധരിച്ച് പുറത്തിറങ്ങുന്നു. പിന്നീട് അവളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെ  കഥ മുന്നോട്ട് പോകുന്നു. 2004-ല്‍ മികച്ച വിദേശ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ ചിത്രമാണ് ഒസാമ.  

വൂള്‍ഫ്‌ ആന്റ് ദ ഷീപ്പ് (2016), ദ ഓര്‍ഫനേജ് (2019)

സംവിധായിക ഷഹര്‍ബാനു സാദത് 2016-ല്‍ ഒരുക്കിയ ചിത്രമാണ് വൂള്‍ഫ്‌ ആന്റ് ദ ഷീപ്പ്. ഗ്രാമീണ അഫ്ഗാനിലെ ആട്ടിടയരുടെ ദൈനംദിന ജീവിതത്തെ അടയാളപ്പെടുത്തുകയാണ് ഈ ചിത്രം. താരതമ്യേന ദരിദ്രജീവിതം നയിക്കുന്ന അവരെ അഫ്ഗാനിസ്ഥാനില്‍ മാറിമറിയുന്ന രാഷ്രീയ സാഹചര്യം എങ്ങനെ ബാധിക്കുന്നുവെന്ന് പറയാന്‍ ശ്രമിക്കുകയാണ് ഷഹര്‍ബാനു സാദത്. വൂള്‍ഫ്‌ ആന്റ് ഷീപ്പിലൂടെ കാനില്‍ മികച്ച ഡയറക്ടേഴ്സ് ഫോര്‍നൈറ്റ് പുരസ്‌കാരം ഷഹര്‍ബാനു സ്വന്തമാക്കി.

വൂള്‍ഫ്‌ ആന്റ് ദ ഷീപ്പിന്റെ തുടര്‍ച്ചയാണ് ദ ഓര്‍ഫനേജ്. 1989-ല്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധവും സോവിയറ്റ് യൂണിയന്റെ പിന്‍മാറ്റവും കുട്ടികളുടെ കാഴ്ചപ്പാടില്‍നിന്നു കൊണ്ട് സംവദിക്കുകയാണ് സംവിധായിക.  

ദ ഫോര്‍ബിഡന്‍ റീല്‍ (2019)

ഏരിയല്‍ നാസ്സര്‍ ഒരുക്കിയ അഫ്ഗാന്‍- കനേഡിയന്‍ ഡോക്യുമെന്ററി ചിത്രമാണ് ദ ഫോര്‍ബിഡന്‍ റീല്‍. താലിബാന്‍ അധിനിവേശത്തില്‍ അഫ്ഗാന്‍ സിനിമയുടെ അതിജീവനത്തെക്കുറിച്ചാണ് ഡോക്യുമെന്ററി സംസാരിക്കുന്നത്. 1990-ല്‍ താലിബാന്റെ സ്വാധീനത്തില്‍ അഫ്ഗാന്‍ സിനിമ അടിച്ചമര്‍ത്തി. സിനിമയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കാന്‍ അന്നത്തെ കാലത്ത് ചലച്ചിത്ര പ്രവര്‍ത്തകര്‍ വലിയ പോരാട്ടമാണ് നടത്തിയത്. അഫ്ഗാന്‍ സിനിമയിലെ പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകരുടെ അനുഭവങ്ങളും ഈ ഡോക്യുമെന്ററിയിലൂടെ അനാവരണം ചെയ്യുന്നു. 

Content Highlights: Must watch Afghanistan films, Hava Maryam Ayesha, osama, The Forbidden Reel, future of Afghan Movie industy after Taliban Invasion, The Orphanage, Wolf and Sheep