സുജിത് കുര്യൻ , ജയന്റ്‌സ് എന്ന പാട്ടിന്റെ കവർ ചിത്രം | Photo: Special Arrangement
നിനച്ചിരിക്കാതെ പൊടുന്നനേ സ്വപ്നം കണ്ടതിലേക്കെല്ലാം എത്തിപ്പെട്ടവരുടെ കഥ കേട്ടിട്ടുണ്ടോ, അത്തരത്തിലൊരു കഥയാണ് സുജിത് കുര്യന്റേത്. കൊച്ചിയിലെ തന്റെ മുറിയില്‍ പാട്ടും മ്യൂസിക്കുമായി അടച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഹൃദയം നിറയെ സംഗീതം മാത്രമായിരുന്നു അന്നുമിന്നും.
ചിന്നിച്ചിതറുന്ന മഴയിലും പൊട്ടിയുടയുന്ന ചില്ലുപാത്രത്തിലുമെല്ലാം അയാള്‍ പുതിയ കേള്‍വികള്‍ക്കായി ചെവി കൂര്‍പ്പിച്ചു. പൂച്ചക്കുഞ്ഞിന്റെ കരച്ചിലില്‍ വരെ സംഗീതം കണ്ടെത്തി. ഇതൊന്നും വെറും പറച്ചിലല്ല, സുജിത്തെന്ന കലാകാരന്റെ ജീവിതമാണ്. ഇന്നയാള്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായ സംഗീതലോകത്തെ അതികായരായ ബെന്റ്‌ലി റെക്കോര്‍ഡ്‌സിന്റെ ലേബലുള്ള മ്യൂസിക് പ്രൊഡ്യൂസറാണ്.
ലോകത്തിലെ അപൂര്‍വ്വം കലാകാരന്മാര്‍ക്ക് ലഭിക്കുന്ന ഭാഗ്യം. ബെന്റ്‌ലി റെക്കോര്‍ഡ്‌സ് ലേബലുള്ള ആദ്യത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് ഇദ്ദേഹം. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത ഒരാള്‍ പെട്ടെന്നെങ്ങനെയാണ് ഗ്ലോബല്‍ മ്യൂസിക്കിന്റെ ഭാഗമായതെന്നത് കൗതുകമുണര്‍ത്തുന്ന ചോദ്യമാണ്. അതിനുള്ള ഉത്തരം സുജിത് തന്നെ പറയുന്നു. ഗ്രാമി അവാര്‍ഡ് ജേതാവായ ജാക്കീസ് ബോയി (കാര്‍ലോസ് ബാറ്റി)യോടൊപ്പമുള്ള തന്റെ പുതിയ പാട്ടിന്റെ വിശേഷങ്ങളും മാതൃഭൂമി ഡോട്ട് കോമിനോട് അദ്ദേഹം പങ്കുവെയ്ക്കുന്നു.
ജീവിതം തിരുത്തിയ ആ ഇ-മെയില്‍
ഇടപ്പള്ളിയിലെ വീട്ടിലിരുന്നാണ് തന്റെ പരിമിതമായ സൗകര്യത്തില്‍ സുജിത് സംഗീതലോകത്ത് അഭിരമിക്കുന്നത്. കീബോര്‍ഡിലും സോഫ്റ്റ്‌വെയറിലുമായി പുതിയ ഈണങ്ങളും ബീറ്റ്‌സുകളും അദ്ദേഹം ക്രമപ്പെടുത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ശബ്ദങ്ങളില്‍നിന്ന് ഈണങ്ങളെ ക്യൂറേറ്റ് ചെയ്‌തെടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കേള്‍ക്കുമ്പോള്‍ അപരിചിതമായി തോന്നുമെങ്കിലും അദ്ദേഹത്തിന്റെ സര്‍ഗാത്മകത പ്രവര്‍ത്തിക്കുന്നത് അവിടെയാണ്.
കേള്‍ക്കുന്നതും സാധാരണമെന്നും തോന്നിക്കുന്നതുമായ ശബ്ദങ്ങളില്‍നിന്നു സംഗീതത്തിന്റെ അനന്തസാധ്യതകളെയാണ് അദ്ദേഹം സാങ്കേതികവിദ്യയുടെ സഹായത്താല്‍ വേര്‍തിരിച്ചെടുക്കുന്നത്. ഇത്തരത്തില്‍ സൃഷ്ടിക്കുന്ന ബീറ്റ്‌സുകളും ട്യൂണുകളും ഇലക്ട്രോണിക്, ബ്ലൂസ്, ഹിപ്-ഹോപ് തുടങ്ങിയ പല ജോണറുകളിലുള്ള സംഗീതത്തില്‍ ഉപയോഗപ്പെടുത്താം.
.jpg?$p=e3bab8c&&q=0.8)
ലോകത്തിലെ വിവിധ ഭാഗത്തുനിന്നുള്ള സംഗീതജ്ഞര്‍ തങ്ങളുടെ സൃഷ്ടികള്‍ അപ്‌ലോഡ് ചെയ്യുന്ന റിവര്‍ബ്നേഷന്‍ എന്ന വെബ്‌സൈറ്റില്‍ സുജിത്തും ട്രാക്കുകള്‍ പതിവായി പങ്കുവെച്ചിരുന്നു. അവിടെനിന്നാണ് സുജിത്തിനെ തേടി ബെന്റ്‌ലീ അധികൃതർ എത്തുന്നത്. ബെന്റ്‌ലീ സി.ഇ.ഒ. ലൂക്ക ഡേസിന്റ മെയിലാണ് സുജിത്തിനെ ഗ്ലോബല്‍ മ്യൂസിക്കിലേക്ക് കൈപിടിച്ചുനടത്തിയത്. മെയില്‍ ലഭിക്കുമ്പോള്‍ ഇത്രയും വലിയ അവസരം ലഭിച്ചുവെന്ന് ചിന്തിക്കാന്‍ കൂടി കഴിഞ്ഞില്ലെന്നും വല്ലാത്ത ഞെട്ടലായിരുന്നുവെന്നും സുജിത് പറയുന്നു.
ബെന്റ്‌ലീയും ലൂക്കയും
ന്യൂയോര്‍ക്ക് ആസ്ഥാനമായി 2013-ല്‍ സ്ഥാപിതമായ ബെന്റലീ ഗ്ലോബല്‍ മ്യൂസിക് രംഗത്തെ ലക്ഷ്വറി ഇന്റര്‍നാഷണല്‍ റെക്കോര്‍ഡ് ലേബലാണ്. ലോകമെമ്പാടുമുള്ള സംഗീതജ്ഞര്‍ ബെന്റ്‌ലീയൊടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ മത്സരമാണ്. പാശ്ചാത്യസംഗീതരംഗത്തെ അതികായരെല്ലാം ബെന്റ്‌ലീയോടൊപ്പം പ്രവര്‍ത്തിക്കുന്നവരാണ്. ആര്‍ ആന്‍ഡ് ബി റെക്കോര്‍ഡ് ആര്‍ട്ടിസ്റ്റും ഗാനരചയിതാവും ലോകമെമ്പാടും മ്യൂസിക് ഷോകളുടെ ഭാഗമാകുകയും ചെയത ലൂക്ക ഡേസാണ് ഇതിന്റെ സ്ഥാപകനും സി.ഇ.ഒയും. അദ്ദേഹം നിലവില്‍ വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിക്കുകയാണ്. ബെന്റ്ലീ റെക്കോര്‍ഡ്സ് ലേബലില്‍ സുജിത് ആറു ട്രാക്കുകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തീകരിച്ചത്.
സംഗീതം പഠിക്കാത്ത മ്യൂസിഷ്യന്‍
ഒരുപാട് പ്രതിബന്ധങ്ങളിലൂടെ ജീവിതത്തിന്റെ പലഘട്ടത്തിലും കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഒടുവില്‍ വീണ്ടും ഞാന്‍ സംഗീതത്തിലേക്കു തന്നെ എത്തിച്ചേരും- സുജിത് പറയുന്നു. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. അമ്മയോടൊപ്പം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കും പോകുമ്പോള്‍ ഉണ്ടായ കൗതുകം പിന്നീട് സുജിത്തിന്റെ ജീവിതം തന്നെയായി മാറുകയായിരുന്നു. അവിടെ നിന്നാണ് പിയാനോയും കീബോര്‍ഡും ഒക്കെ സ്വയം പഠിക്കാന്‍ തുടങ്ങിയത്.
.jpg?$p=d8cbf09&&q=0.8)
കരിയറിന്റെ തുടക്കത്തില്‍ രണ്ടു വര്‍ഷത്തോളം വിദ്യാഭ്യാസ മേഖലയിലാണ് സുജിത്ത് ജോലി നോക്കിയിരുന്നത്. എന്നാല്‍, സംഗീതമാണ് തന്റെ വഴിയെന്ന തിരിച്ചറിവ് വന്നതോടെ ജോലിയുപേക്ഷിച്ച് തിരികേ വന്നു. തുടര്‍ന്ന് എട്ട് വര്‍ഷം ' സിങ് ഇന്ത്യ വിത്ത് ജെറി അമല്‍ദേവ്' എന്ന സംഗീത സംഘത്തിനൊപ്പം അദ്ദേഹവും കൂടി.
ഇതിനിടെ ഏതാനും ക്രിസ്ത്യന്‍ സംഗീത ആല്‍ബങ്ങളും ഗാനങ്ങളും സുജിത്ത് ചിട്ടപ്പെടുത്തുകയും ചെയ്തു. അതൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറയുന്നു. പക്ഷെ, ചിലത് പാളിപ്പോകുമ്പോള്‍ ശുദ്ധസംഗീതത്തെ ആര്‍ക്കും തള്ളിക്കളയാന്‍ പറ്റില്ലെന്ന വിശ്വാസമാണ് മുന്നോട്ട് നടത്തിയത്. തന്റെ ഉള്ളിലുള്ളത് എന്നെങ്കിലും അംഗീകരിക്കപ്പെടുമെന്ന് ഉറപ്പിലാണ് വീണ്ടും സംഗീതത്തില്‍ തന്നെ ഉറച്ചു നിന്നതെന്നും അദ്ദേഹം പറയുന്നു.
.jpg?$p=c2197a1&&q=0.8)
സ്വപ്നത്തിനപ്പുറം ചിലത്
പലതും എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. ബെന്റ്ലീയില്‍ നിന്നുള്ള ക്ഷണം സ്വീകരിക്കുമ്പോള്‍ ആദ്യം എല്ലാം സ്വപ്നം പോലെയായിരുന്നു. പാട്ടിനുള്ള എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി വേണം ബെന്റ്ലീയ്ക്ക് അയച്ചുകൊടുക്കാന്‍. സൗണ്ട് ഡിസൈനിങ്, അറേഞ്ച്മെന്റ്, പ്രോഗ്രാമിങ്ങ് വരെ ചെയ്തു ആദ്യം ആര്‍ട്ടിസ്റ്റിന് നല്‍കണം. അവര്‍ അതിനുള്ള പാട്ടെഴുതി പാടി അയച്ചുതരും.ഡ്യൂയറ്റാണെങ്കില്‍ അതിലുള്ളത് ഒഴിച്ചിട്ടായിരിക്കും അവര്‍ പാടി അയക്കുന്നത്.
കഴിഞ്ഞ വര്‍ഷം കിട്ടിയത് ഒരു വര്‍ഷത്തേക്കുള്ള കരാര്‍ ആയിരുന്നു. ഇപ്പോളത് ലൈഫ് ടൈമാക്കി ഉയര്‍ത്തിത്തന്നു. ഇലട്രോണിക്, ജാസ് തുടങ്ങിയ ജനപ്രിയ ജോണറുകള്‍ മ്യൂസിക്കിലുള്ളതായി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തന്റെ പാട്ടുകളില്‍ തനത് സ്‌റ്റൈലാണുള്ളതെന്നും അദ്ദേഹം പറയുന്നു.
ലോകസംഗീതത്തിലെ വമ്പന്മാരുടെ ഒപ്പമാണ് വര്‍ക്ക് ചെയ്യുന്നതെങ്കിലും തന്റെ പാട്ടുകളെല്ലാം സീറോ ബജറ്റിലാണെന്നും അദ്ദേഹം പറയുന്നു. അവര്‍ തരുന്ന അവസരം തന്നെ വലിയൊരു അനുഗ്രഹമാണ്. നമ്മുടെ കഴിവിനെ അംഗീകരിക്കാന്‍ അവര്‍ തയ്യാറാണ്. പാട്ടിനായി ആര്‍ട്ടിസ്റ്റിനെ സമീപിക്കുമ്പോള്‍ ബെന്റ്ലീയുടെ മ്യൂസിക് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ അവരെന്നെയും ബഹുമാനത്തോടെ കാണുന്നു. കൊളാബാണ് കൂടുതലും ചെയ്യുന്നത്.
സംഗീതം തന്നെ ജീവിതം
തന്റെ മ്യൂസിക്കില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. ഉറക്കമില്ലാത്ത രാത്രികളുടെയും അക്ഷീണ പരിശ്രമത്തിന്റേയും ഫലമാണ് ഓരോന്നും. ഫോളേവേഴ്സിനെ കൂട്ടാനോ ക്രൗഡ് പുള്ളറാവാനോ ആയിട്ടല്ല ഒരു പാട്ടും ചെയ്തത്. തികച്ചും സ്വതന്ത്രമായതും എന്റേതുമായൊരു സംഗീതം കണ്ടെത്താനാണ് ഓരോ വര്‍ക്കിലും ശ്രമിക്കുന്നത്.
.jpg?$p=c521eaf&&q=0.8)
ലക്ഷക്കണക്കിന് ലൂപ്പുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എ.ഐ. കൂടി പ്രചാരത്തില്‍ മുന്നിട്ടുവന്നതോടെ അത്തരം സാധ്യതകളുടെ എണ്ണം കൂടി. പക്ഷെ, അത്തരത്തില്‍ എളുപ്പമാക്കാന്‍ ഒരു പാട്ടിലും ഒന്നും ചെയ്തിട്ടില്ല. എട്ടു മാസം മുന്‍പാണ് ജാക്കി ബോയിയോടൊപ്പം ചെയ്ത പാട്ടിന്റെ പണികള്‍ തുടങ്ങുന്നത്. അത്രയും വലിയൊരു ആര്‍ട്ടിസ്റ്റിനൊപ്പമുള്ള വര്‍ക്ക് എന്ന നിലയില്‍ ഉത്തരവാദിത്വവും വളരെ വലുതായിരുന്നു.
മലയാളത്തില്‍ കഴിവ് മാത്രം പോരാ
ആ പാട്ടിന്റെ ഫീമെയില്‍ വോയ്സിനായി മലയാളത്തിലെ പലരേയും ഞാന്‍ സമീപിച്ചിരുന്നു. പക്ഷെ, അവരില്‍നിന്നു പോസീറ്റീവായ പ്രതികരണം ഉണ്ടായില്ലെന്നുള്ളതാണ് ദുഃഖകരമായ സത്യം. ഗ്രാമി വിന്നറായ സിംഗറിനൊപ്പമുള്ളതാണെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നില്ല. ഒരു വര്‍ക്കുണ്ടെന്ന നിലയിലാണ് സമീപിച്ചത്. എന്നാല്‍, അവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല. മലയാളത്തില്‍ നല്ല അവസരങ്ങളില്ലെന്നു പരാതി പറയുമെങ്കിലും ശരിയായി രീതിയില്‍ പ്രയോജനപ്പെടുത്താനും പലരും തയ്യാറല്ല.
ആര്‍ട്ടിസ്റ്റിന്റെ വലുപ്പമാണ് ഇവിടെ പ്രാധാന്യമെങ്കില്‍ അന്താരാഷ്ട്രതലത്തിലെല്ലാം ആളുകളുടെ കഴിവിലാണ് അവര്‍ വിശ്വസിക്കുന്നത്. ആ പാട്ട് പാടിയത് എലിഷിമ മാനി എന്ന യു.എസ്. ഗായികയാണ്. അവര്‍ ബാര്‍ സിംഗറാണ്. അവര്‍ക്ക് പാട്ട് പാടാനുള്ള റൈറ്റ്സ് മാത്രം കിട്ടിയാല്‍ മതി. അവരോടൊപ്പം നേരെത്തെ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. എന്നിട്ടും മലയാളത്തില്‍നിന്നു ഞാന്‍ ശ്രമിച്ചതിന് ശേഷമാണ് പുറത്തുള്ളൊരു ഒരു ആര്‍ട്ടിസ്റ്റിനൊടൊപ്പം ചെയ്തത്. വളറെ ചുരുങ്ങിയ സമയത്തില്‍ അവര്‍ ആ പാട്ട് പാടിത്തരികയും. 'ജയന്റ്‌സ്' എന്നാണ് ആ സിംഗിളിന്റെ പേര്. ഗ്രാമി നോമിനേഷനും സമര്‍പ്പിക്കുന്നുണ്ടെന്നും ബെന്റ്ലീ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതിന്റെ നടപടിക്രമങ്ങളെല്ലാം അവരാണ് നടത്തുന്നത് ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ എനിക്ക് വ്യക്തമല്ല.
ഡിമാന്റ് ജനപ്രിയസംഗീതത്തിന്
ബെന്റ്ലീയുടെ തന്നെ വലിയൊരു പ്രോജക്ടിന്റെ ഭാഗമാകാനും അതിനൊപ്പം ക്ഷണം കിട്ടി. ബെന്റ്ലീയുടെ സി.ഇ.ഒ. ആയ ലൂക്കായുടെ വോയിസ് മെസേജാണ് അതിന് തനിക്ക് ലഭിച്ചതെന്ന് സുജിത്ത് പറയുന്നു. ബെന്റ്ലീ എല്ലാവര്‍ഷവും ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ലോകടൂറും നടക്കുന്നുണ്ട്. അതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും പുതിയ വര്‍ക്കിന് ക്ഷണിച്ചുകൊണ്ടുമായിരുന്നു ആ മെസേജ്.
മെസേജ് ലഭിക്കുമ്പോള്‍ കേരളത്തിന് പുറത്ത് ഒരു യാത്രയിലായിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ട ട്രാക്കായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. യാത്ര അവിടെ അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയാണ് പണി തുടങ്ങിയത്. ഗുച്ചി മാന്‍,ഫ്യൂച്ചര്‍, റിക് റോസ്, ഫാറ്റ് ജോ,ലിസിയ, ജാക്കീസ് ബോയ് തുടങ്ങിയവരാണ് ആ ലെജന്ററി കംപൈലേഷന്‍ ആല്‍ബത്തിലുള്ളത്. അന്നും നാട്ടിലുള്ള ആര്‍ട്ടിസ്റ്റുകളാരും സഹകരിച്ചില്ല. ലിസിയ എന്ന ഫ്രഞ്ച് സിംഗറാണ് അതില്‍ പാടിയിരിക്കുന്നത്.
.jpg?$p=998287b&&q=0.8)
മ്യൂസിക് ജീവിതത്തെ വലിയൊരു ലോകവീക്ഷണത്തിലേക്ക് കൂടിയാണ് നമ്മളെ നയിക്കുന്നത്. കഴിവുണ്ടായിട്ട് അതുപയോഗിക്കാനും മാര്‍ക്കറ്റ് ചെയ്യാനും നമ്മുടെയാളുകള്‍ക്ക് അറിയില്ല. ആളുകള്‍ എളുപ്പമുള്ള കാര്യങ്ങളിലേക്ക് പോകുന്നത് പതിവാണ്. സ്നൂപ് ഡോഗ്, റിക് റോസ് തുടങ്ങിയ മുന്‍നിര പാട്ടുകാരോടൊപ്പമുള്ള വര്‍ക്ക് ചെയ്താല്‍ ജീവിതം തന്നെ മാറിമറിയും. ഈ പാട്ടുകളാകട്ടെ 130-ലധികം രാജ്യങ്ങളിലും റേഡിയോ സ്റ്റേഷനുകളിലും ചാനലുകളിലുമായി ഇത് റീലീസ് ചെയ്യും.
നാട്ടില്‍ നമ്മളെ വിലയിരുത്തുന്നത് പോലും സിനിമ ചെയ്തു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെയുള്ളവര്‍ നമ്മളോട് ആദ്യം ചോദിക്കുന്നതും അതാണ്. എല്ലായിടത്തും ജനപ്രിയ സംഗീതത്തിനാണ് ഡിമാന്റ്. ഇനി പുതിയ പാട്ടിനുള്ള തയ്യാറെടുപ്പാണ്. ബീറ്റ് മേക്കിങ്ങില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നും വിചാരിക്കുന്നു. ഞാനെല്ലാം പഠിച്ചുകൊണ്ടിരിക്കുകയാണ്.-സുജിത് പറയുന്നു.
ഇടപ്പള്ളി ടോള്‍ ചേരാവള്ളില്‍ സി.വി. കുര്യന്റെയും തൃക്കാക്കര നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ മേരി കുര്യന്റെയും മകനാണ്.
Content Highlights: sujith kurian, bently records ,snoop dogg,jackie's boy,fat joe,rick ross,electronic music
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..