വിദ്യാസാഗർ | Photo: facebook/vidyasagar, mathrubhumi
ഗാനരചയിതാവിനൊപ്പം ചേർന്നിരുന്നുതന്നെ പാട്ടൊരുക്കണമെന്ന് നിർബന്ധമുള്ളയാളാണ് താനെന്ന് സംഗീത സംവിധായകൻ വിദ്യാസാഗർ. ഗാനസൃഷ്ടിക്ക് പിന്നിലെ ഒന്നിച്ചിരിപ്പ് പലപ്പോഴും മികച്ച അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിദ്യാസാഗറിന്റെ പ്രതികരണം.
'ടെക്നോളജിയുടെ കുതിപ്പ് ഒട്ടേറെ പുതിയ സാധ്യതകൾ നമുക്കുമുന്നിൽ തുറന്നുവെക്കുന്നുണ്ട്. അണിയറപ്രവർത്തകർ ഒന്നിച്ചിരിക്കാതെയും പരസ്പരം കാണാതെയും ഇന്ന് മികച്ചപാട്ടുകളുണ്ടാക്കാം. എന്നാൽ, ആ ഗ്രൂപ്പിൽ ഞാനില്ല. ഗാനരചയിതാവിനൊപ്പം ചേർന്നിരുന്നുതന്നെ പാട്ടൊരുക്കണമെന്ന് എനിക്ക് നിർബന്ധമാണ്. ട്യൂണിനനുസരിച്ച് വരികൾ എഴുതിവാങ്ങാറുണ്ട്, ചില അവസരങ്ങളിൽ സന്ദർഭത്തിനോട് ചേർന്നുള്ള വരികളായിരിക്കും ആദ്യം ലഭിക്കുക. ഈ രണ്ടുരീതിയിലും സംഗീതം ചെയ്തുകൊടുക്കുന്നതിൽ പ്രയാസമില്ല. ഗാനസൃഷ്ടിക്ക് പിന്നിലെ ഒന്നിച്ചിരിപ്പ് പലപ്പോഴും മികച്ച അനുഭവമാണ്. മലയാളത്തിലെ എന്റെ ആദ്യ ചിത്രമായ ‘അഴകിയരാവണന്’ സംഗീതമൊരുക്കുമ്പോൾ തമിഴിലെ പാട്ടിലെല്ലാം കാണുന്നപോലെ ഏതെങ്കിലുമൊരു വാക്ക് വരികളിൽ ആവർത്തിച്ചു വന്നാൽ, നന്നായിരിക്കുമെന്ന നിർദേശം ഞാൻ മുന്നോട്ടുവെച്ചു. ‘മഴ’ എന്ന വാക്ക് ആവർത്തിച്ചുപയോഗിച്ചുകൊണ്ടാണ് കൈതപ്രം തിരുമേനി അന്ന് പാട്ടെഴുതിത്തന്നത്. ജനപ്രിയമായ പല ഈണങ്ങളും മനസ്സിലേക്ക് താനേ ഒഴുകിയെത്തിയതാണ്', വിദ്യാസാഗർ പറഞ്ഞു.
ജനപ്രിയ പാട്ടുകളിൽ പലതും നിമിഷനേരംകൊണ്ട് പിറന്നവയാണെന്നും പാട്ടുകൾ സ്വീകരിക്കപ്പെടുമ്പോഴും അതിനുപിന്നിലെ കഥകൾ പലപ്പോഴും അധികമാരും കാണുകയും കേൾക്കുകയും ചെയ്യുന്നില്ലെന്നും വിദ്യാസാഗർ പറഞ്ഞു. ടി.വി ഷോക്കിടെ നിമിഷങ്ങൾക്കുള്ളിൽ ലൈവായി പാട്ട് സൃഷ്ടിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി താൻ ചെയ്യുന്ന ജോലി ടി.വി. ചാനലിനുവേണ്ടി ചെയ്തു എന്നേയുള്ളൂ എന്നും ക്യാമറയ്ക്ക് മുന്നിലിരുന്ന് പാട്ടു സൃഷ്ടിച്ചതുകൊണ്ടാണ് അത് വൈറലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: music director vidyasagar about his musical life interview vidyasagar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..