മലയാളികളുടെ സ്വന്തം രവീന്ദ്രന്‍ മാഷുടെ എഴുപത്തിയഞ്ചാം ജന്മവാര്‍ഷികദിനമാണ് നവംബർ ഒൻപത്. 1943ല്‍ ജനിച്ച മാധവന്‍ രവീന്ദ്രന്‍ സംഗീതലോകത്തേക്ക് നല്‍കിയ സമഗ്ര സംഭാവനകളിലൂടെ സംഗീതാസ്വാദകരുടെ രവീന്ദ്രന്‍ മാഷായി മാറുകയായിരുന്നു. പ്രമദവനത്തിലൂടെയും.. ഹരിമുരളീരവത്തിലൂടെയും അമരത്തിലെ അഴകേയിലൂടെയെല്ലാം മലയാളികള്‍ ഇന്നും രവീന്ദ്രന്‍ മാഷ് നമ്മുടെയിടയില്‍ അമരനായിത്തന്നെ നിലകൊള്ളുന്നു.

1943 നവംബര്‍ ഒമ്പതിന് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ ജനിച്ച അദ്ദേഹത്തിന് ബാല്യകാലം ദാരിദ്ര്യത്തില്‍ കഴിച്ചുകൂട്ടേണ്ടി വന്നു. സ്‌കൂള്‍ പഠനത്തിനു ശേഷം സംഗീതവിദ്യാഭ്യാസത്തിനായി ചേര്‍ന്ന തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് യേശുദാസിനെ കാണുന്നത്തതും മാഷിന്റെ ജീവിതത്തില്‍ പ്രധാന വഴിത്തിരിവായി.. പിന്നീട് മദ്രാസിലേക്ക് ചേക്കേറി, 'കുളത്തൂപ്പുഴ രവി'യായി പിന്നണിഗാനരംഗത്ത് കുറേക്കാലം സജീവമായിരുന്നു. 'വെള്ളിയാഴ്ച്ച' എന്ന ചിത്രത്തിനു വേണ്ടി പാര്‍വണരജനി തന്‍ എന്ന ഗാനം പാടിയത് രവീന്ദ്രന്‍ മാഷാണ്. പിന്നണി ഗായകന്‍ പിന്നീട് സൂപ്പര്‍ഹിറ്റുകള്‍ക്ക് ഈണം നല്‍കുന്ന സംഗീത സംവിധായകനാവാന്‍ കാലതാമസമുണ്ടായില്ല. അതില്‍ ഗാനഗന്ധര്‍വനും വലിയ പങ്കുണ്ടെന്നത് ഏവര്‍ക്കും അറിയുന്ന പരമമായ സത്യം. 

1979ല്‍ ജെ ശശികുമാര്‍ സംവിധാനം ചെയ്ത ചൂളയില്‍ സംഗീതം നല്‍കിയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അതിലെ താരകേ മിഴിയിതളില്‍ കണ്ണീരുമായ് എന്ന ഗാനം ഹിറ്റായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, അദ്ദേഹത്തിന്. തേനും വയമ്പും, അമരം, ഹിസ് ഹൈനസ് അബ്ദുള്ള, അയാള്‍ കഥ എഴുതുകയാണ്, നന്ദനം, രാജശില്‍പി, ഭരതം, ആറാം തമ്പുരാന്‍ എന്നിങ്ങനെ മലയാളത്തില്‍ ഹിറ്റുകള്‍ പിറന്നു കൊണ്ടേയിരുന്നു. സിനിമാഗാനങ്ങള്‍ക്കു പുറമേ നിരവധി ഭക്തിഗാനങ്ങള്‍ക്കും ലളിതഗാനങ്ങള്‍ക്കും അദ്ദേഹം ഈണം നല്‍കിയിട്ടുണ്ട്. പൊന്നോണ തരംഗിണി, തരംഗിണിയുടെ ഉത്സവ ഗാനങ്ങള്‍, വസന്ത ഗീതങ്ങള്‍, അമ്മേ ശരണം, ദേവീ ശരണം, ശരണതീര്‍ഥം, ഉത്രാടപ്പൂനിലാവേ തുടങ്ങിയവ ചിലത് മാത്രം. കാലാതിവര്‍ത്തിയായ ഈണങ്ങള്‍ സമ്മാനിച്ച് അകാലത്തിലാണ് അദ്ദേഹത്തിന്റെ അന്ത്യം. 2005 മാര്‍ച്ച് മൂന്നിന് ചെന്നൈയില്‍ വച്ചാണ് അദ്ദേഹം അന്തരിച്ചത്.

മക്കളായ നവീന്‍ മാധവ്, രാജന്‍ മാധവ്, സാജന്‍ മാധവ് എന്നിവര്‍ സിനിമാ സംഗീത മേഖലയിലും സംവിധാനത്തിലും മികവ് തെളിയിച്ചു. ഇരട്ടകളില്‍ ഒരാളായ രാജന്‍ മാധവ് സംവിധായകനാണ്. സാജന്‍ മാധവ് തെലുങ്ക്, മലയാളം, തമിഴ് സിനിമകളില്‍ സംഗീത സംവിധായകനാണ്. ഇളയ മകന്‍ നവീന്‍ മാധവ് തമിഴിലും തെലുങ്കിലും കന്നടയിലും പിന്നണി ഗാനരംഗത്ത് സജീവമാണ്.