യേശുദാസും സോമശേഖരനും. ഫോട്ടോ: മാതൃഭൂമി
ചെന്നൈ പ്രസാദ് സ്റ്റുഡിയോയിലേയ്ക്ക് അന്ന് ഉച്ചയോടെയാണ് പതിവ് തൂവെള്ള വേഷത്തില്‍ ഗാനഗന്ധര്‍വന്‍ വന്നുകയറിയത്. വന്ന പാടെ സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ പാടിയ ട്രാക്ക് കേട്ടു. പിന്നെ സോമശേഖരന്‍ അടുത്തുവന്നിരുന്ന് പാട്ട് പാടിക്കൊടുത്തുതുടങ്ങി. 'പുളിയിലക്കരയോലും പുടവചുറ്റി, ചന്ദനത്തൊടുകുറി ചാര്‍ത്തി...' പല്ലവി മനോഹരമായി തന്നെ പാടി യേശുദാസ്. അനുപല്ലവി പാടിത്തുടങ്ങിയതും ഗന്ധര്‍വന് ശബ്ദമിടറി. സംഗീതസംവിധായകന്‍ അടക്കം സ്റ്റുഡിയോയിലുണ്ടായിരുന്ന സകലരും ഞെട്ടി. പാട്ട് നിര്‍ത്തി ഒരു നിമിഷം തല കുനിച്ചിരുന്നശേഷം സോമശേഖരനെയും വിളിച്ച് അകത്തേയ്ക്ക് പോയി യേശുദാസ്.
മുറിയില്‍ നെഞ്ചിടിപ്പോടെ മുന്നില്‍ നില്‍ക്കുകയാണ് സോമശേഖരന്‍. മെല്ലെ സ്വരംതാഴ്ത്തി യേശുദാസ് പറഞ്ഞു: 'നല്ല ഒന്നാന്തരം പാട്ട്. നിങ്ങള്‍ നന്നായി ചെയ്തിരിക്കുന്നു. പക്ഷേ, എന്റെ ശബ്ദം അടച്ചിരിക്കുകയാണ്. തുടര്‍ച്ചയായി കച്ചേരി പാടിയതുകൊണ്ട് സംഭവിച്ചതാണ്. എന്റെ ശബ്ദം അത്ര നന്നാവുമെന്ന് തോന്നുന്നില്ല. ഇനി ഒരു മൂന്ന് ദിവസമെങ്കിലും വോയ്സ് റെസ്റ്റ് വേണം. അതുകഴിഞ്ഞേ ഇനി പാട്ട് റെക്കോഡ് ചെയ്യാനാവൂ. എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നുപോയി സോമശേഖരന്‍. മണിക്കൂറിന് പൊന്നുംവില വാടകയുള്ള സ്റ്റുഡിയോയില്‍ ഇത്രയും നേരം കാത്തിരുന്നതെല്ലാം വെറുതെയായല്ലോ. ആ മനസ്സ് വായിച്ചതുകൊണ്ടാണോ എന്നറിയില്ല. യേശുദാസ് തന്നെ പറഞ്ഞു. 'പ്രസാദ് സ്റ്റുഡിയോയിലെ വാടക എനിക്കറിയാം. അതോര്‍ത്ത് നിങ്ങള്‍ പേടിക്കേണ്ട. ഇന്നത്തെ ഒരു മണിക്കൂര്‍ നേരത്തെ സ്റ്റുഡിയോയുടെ വാടക ഞാന്‍ കൊടുത്തോളാം. ഞാന്‍ കാരണമാണല്ലോ ഇത് സംഭവിച്ചത്. വിരോധമില്ലെങ്കില്‍ ഈ ട്രാക്ക് ഞാന്‍ കൊണ്ടുപോവുകയാണ്. മൂന്ന് ദിവസം കഴിഞ്ഞ് എന്നെ ഒന്നു വിളിക്കൂ.'
മൂന്നാം ദിവസം കാലത്ത് നെഞ്ചിടിപ്പോടെയാണ് സോമശേഖരന്‍ യേശുദാസിനെ വിളിച്ചത്. വേഗം വീട്ടിലേയ്ക്ക് വരൂ എന്നായിരുന്നു മറുപടി. രണ്ടാമതൊന്ന് ആലോചിക്കാതെ വണ്ടി പിടിച്ച് മഹാലിംഗപുരത്തെ വീട്ടിലെത്തി. പക്കമേളക്കാരും മറ്റുമായി വീട് നിറയെ ആള്‍ക്കാര്‍. നാലു വയസ്സുകാരന്‍ വിജയ് ഓടിനടക്കുന്നു. ഒട്ടും നേരം കളയാതെ ട്രേഡ്മാര്‍ക്ക് വെള്ള വേഷത്തില്‍, വെള്ള ബെന്‍സില്‍ യേശുദാസ് ഇറങ്ങി. 'സോമശേഖരന്‍ മുന്നിലിരിക്കൂ. എന്നിട്ട് ആ വാക്ക്മാനില്‍ നമ്മുടെ പാട്ടൊന്ന് ഇടൂ.' സോമശേഖരന്‍ താന്‍ പാടിയ പുളിയിലക്കരയുടെ ട്രാക്ക് ഇട്ടു. കേട്ട് കഴിഞ്ഞപ്പോള്‍ ഒന്നുകൂടി പ്ലെ ചെയ്യണമെന്നായി യേശുദാസ്. റീവൈന്‍ഡ് ചെയ്ത് വീണ്ടുംവെച്ചു. അങ്ങനെ പതിനാറാമത്തെ തവണ പാട്ട് പാടിക്കഴിയുമ്പൊഴേയ്ക്കും ബെന്‍സ് പ്രസാദ് സ്റ്റുഡിയോയിലെത്തി.
എത്തിയ ഉടനെ യേശുദാസ് നേരെ മൈക്കിന് മുന്നിലേയ്ക്ക്. ഒറ്റ ടേക്കില്‍ നാലുവരി പല്ലവി. എന്തെങ്കിലും മാറ്റമുണ്ടോ എന്നൊരു ചോദ്യം മാത്രം.ഓകെ. പറഞ്ഞു. പിന്നെ ഒറ്റ ടേക്കില്‍ തന്നെ അനുപല്ലവിയും ചരണവും. സംഗീത സംവിധായകന്‍ അടക്കം സകലരും അത്ഭുതപ്പെട്ടുപോയി. വോയ്സ് റെസ്റ്റെടുത്ത ആ മൂന്ന് ദിവസം കൊണ്ട് ഗാനഗന്ധര്‍വന്‍ പാട്ടിന്റെ സത്ത മുഴുവന്‍ കലക്കിക്കുടിച്ചിരിക്കുന്നു. പുറത്തിറങ്ങിയ യേശുദാസ് നേരെ കണ്‍സോളില്‍ സോമശേഖരന്റെ അടുത്തെത്തി. എന്നിട്ട് തലയില്‍ കൈവച്ച് പ്രവചന സ്വരത്തില്‍ പറഞ്ഞു: 'ഈയൊരൊറ്റ പാട്ട് കൊണ്ടായിരിക്കും ഇനിയുള്ള കാലം മുഴുവന്‍ നിങ്ങള്‍ അറിയപ്പെടുക.' കണ്ണുനിറഞ്ഞ് ആ കാലില്‍ വീഴാതിരിക്കാന്‍ കഴിഞ്ഞില്ല സോമശേഖരന്.
മുപ്പത് കൊല്ലത്തിനുശേഷം ഇന്നും വെറും ഏഴ് സിനിമകള്‍ക്ക് മാത്രം ഈണമിട്ട ആര്‍.സോമശേഖരനെ ഓര്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം പുളിയിലക്കാരയോലും എന്ന ആ ഒരൊറ്റ നിത്യഹഹരിത ഗാനമാണ്. ഇന്നും ചുണ്ടില്‍ മൂളുന്ന ഈ ഗാനത്തിന്റെ സൃഷ്ടാവ് സോമശേഖരനാണെന്ന് അറിയാത്തവരും ഏറെ. പുളിയിലക്കര ജോണ്‍സന്‍ മാഷിന്റെ പാട്ടാണെന്നു പറഞ്ഞ് ബസ്സില്‍ തന്റെ തൊട്ടടുത്തിരുന്ന ചെറുപ്പക്കാര്‍ ബെറ്റുവച്ച കഥ ഗാനനിരൂപകന്‍ രവി മേനോനോട് വിവരിച്ചിരുന്നു സോമശേഖരന്‍. പിന്നീട് ഈ ചെറുപ്പക്കാരന്‍ തിരിച്ചറിയാതെ പോയതിന് സോമശേഖരനോട് ശതകോടി മാപ്പപേക്ഷിക്കുകയും ചെയ്തു.
.jpg?$p=e72b065&&q=0.8)
തലക്കുറി മാറ്റിയ ജാതകം
പുളിയിലക്കരയെന്ന നിത്യഹരിത മെലഡിക്കു മാത്രമല്ല, ജാതകം എന്ന അനിയന്‍ സുരേഷ് ഉണ്ണിത്താന്റെ കന്നി ചിത്രത്തിന് നാന്ദിയായതും സോമശേഖരന്‍ തന്നെ. അന്ന് മസ്‌ക്കറ്റില്‍ പ്രതിരോധവകുപ്പിലായിരുന്നു. അടുത്ത സുഹൃത്തായിരുന്നു സുല്‍ത്താന്റെ കൊട്ടാരത്തിലെ മെയിന്റനന്‍സ് എഞ്ചിനീയറായ കൃഷ്ണകുമാര്‍ മേനോന്‍. പ്രേംനസീര്‍, മമ്മൂട്ടി ചിത്രമായ മാന്യമഹാജനങ്ങളെ നിര്‍മിച്ച ചന്ദ്രശേഖര മേനോന്റെ മരുമകന്‍. കൃഷ്ണകുമാറാണ് ഒരു ദിവസം അത് ചോദിച്ചത്. 'അനിയന്‍ സുരേഷ് കുറേക്കാലമായില്ലെ പത്മരാജന്റെ കൂടെ. അവനെക്കൊണ്ട് നമുക്ക് സ്വന്തമായൊരു സിനിമ ചെയ്യിച്ചാലോ.' സോമശേഖരന്‍ ഉടനെ പത്മരാജനെ വിളിച്ചു. പത്മരാജന്റെ അനുവാദം വേണമല്ലോ.
കുട്ടിക്കാലം മുതല്‍ തന്നെ നാടകഭ്രമവുമായി നടന്ന അനിയനെ അടുത്ത സുഹൃത്തായ പത്മരാജന്റെ അടുക്കല്‍ കൊണ്ടാക്കിയതും സോമശേഖരനായിരുന്നു. അന്നൊരു വാക്ക് പറഞ്ഞിരുന്നു പത്മരാജന്‍. 'നല്ലവണ്ണം ചെയ്താല്‍ ഇവിടെ നില്‍ക്കാം. ഇല്ലെങ്കില്‍ രണ്ടാമത്തെ ദിവസം ഞാന്‍ പറഞ്ഞുവിടും.' അങ്ങനെ കൂടെവിടെയില്‍ സുരേഷ് ഉണ്ണിത്താന്‍ പത്മരാജന്റെ സംവിധാന സഹായികളില്‍ ആറാമനായി കൂടി. തിങ്കളാഴ്ച നല്ല ദിവസം മുതല്‍ അസോസിയേറ്റായി.
ഈ അവസ്ഥയില്‍ എങ്ങനെ പത്മരാജനോട് പറയും അവനെ വിട്ടുകിട്ടാന്‍. എങ്കിലും രണ്ടും കല്‍പിച്ച് ഫോണ്‍ ചെയ്തു. മൂന്നാംപക്കത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. പത്മരാജന് എതിര്‍പ്പൊന്നും ഉണ്ടായില്ല. ഒടുക്കം പറഞ്ഞു: 'എന്റെ ഒരു ചിറകാണ് മുറിച്ചെടുക്കുന്നത്.' പിന്നെ കൃഷ്ണകുമാറിനൊപ്പം പോയി ലോഹിതദാസിനെ കണ്ടു. ലോഹി തനിയാവര്‍ത്തനം ചെയ്തുനില്‍ക്കുന്ന സമയം. എതിര്‍പ്പൊന്നും പറഞ്ഞില്ല. അങ്ങനെയാണ് ജാതകം യാഥാര്‍ഥ്യമായത്.
വിമാനമിറങ്ങിയത് പുളിയിലക്കരയിലേയ്ക്ക്
ഇതും ഒരു ജീവിതം എന്ന ചിത്രം കഴിഞ്ഞ് ഏഴ് കൊല്ലത്തിനുശേഷമാണ് സോമശേഖരന്‍ വീണ്ടുമൊരു ചിത്രത്തിന് ഈണമിടുന്നത്. തിരുവനന്തപുരം ഗീത് ഹോട്ടലിലായിരുന്നു കമ്പോസിങ്. റെക്കോഡിങ്ങിന്റെ അന്നു കാലത്താണ് സംഗീതസംവിധായകന്‍ മസ്‌ക്കറ്റില്‍ നിന്നു വന്നത്. വിമാനമിറങ്ങി നേരെ ഹോട്ടലിലെത്തുകയായിരുന്നു. അരളിയും കദളിയുമാണ് ആദ്യം ഈണമിട്ട ഗാനം. കാലത്ത് തുടങ്ങിയിരുന്നു. ആദ്യം ഒരു ഫോക് ഈണമായിരുന്നു ചെയ്തത്. എന്നാല്‍, ഒ.എന്‍.വിക്ക് അത്ര തൃപ്തി ഉണ്ടായില്ല. ഒരു നാട്ടിന്‍പുറത്തെ സിറ്റ്വേഷനല്ലെ. അപ്പോള്‍ കല്ല്യാണിയോ മോഹനമോ നോക്കുന്നതല്ലെ നല്ലത് എന്നൊരു ആശയം ഒ.എന്‍.വി മുന്നോട്ടുവച്ചു. സോമശേഖരന്‍ കല്ല്യാണിയില്‍ ഒന്ന് ശ്രമിച്ചുനോക്കി. എല്ലാവര്‍ക്കും ഇഷ്ടമായി. ആ ഗാനത്തിന് ചിത്രയ്ക്ക് അവാര്‍ഡും ലഭിച്ചു.
പുളിയിലക്കരയോലും എന്ന ഗാനത്തിന്റെ പിറവിക്ക് പിറകില്‍ രസകരമായ ഒരു സംഭവമുണ്ട്. 'അരളിയും കദളിയും കഴിഞ്ഞ് സോമശേഖരന്‍ സഹസംവിധായകന്‍ സജിയുടെ ബൈക്കില്‍ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ പോയി. മനസ്സില്‍ അപ്പോള്‍ ഒരു ഈണം അങ്ങനെ ശ്രുതിയിടുന്നു. ഉടനെ ഹാര്‍മോണിയമെടുത്തു. കട്ടകളില്‍ മെല്ലെ വിരലോടിച്ചിരിക്കെ ആ ഈണം അങ്ങനെ അറിയാതെ ഒഴുകിയിറങ്ങുന്നു. ഖരഹരപ്രിയയായിരുന്നു രാഗം. 'സുസ്മിതേ നീ വന്നു, വിസ്മൃത നേത്രനായി നിന്നു.' അടുക്കളയില്‍ തിരക്കിലായിരുന്ന സോമശേഖരന്റെ ഭാര്യയാണ് ആദ്യം അഭിപ്രായം പറഞ്ഞത്. 'ഇത് കൊള്ളാം. മറന്നുപോകേണ്ട വേഗം റെക്കോഡ് ചെയ്തുവച്ചോളൂ.' അപ്പോള്‍ ഒരു ധൈര്യമായി. ആ ഒരൊറ്റ ഇരിപ്പില്‍ പല്ലവിയും അനുപല്ലവിയും ചരണവും സോമശേഖരന്‍ തീര്‍ത്തു. എല്ലാം പാടി കാസറ്റിലാക്കുകയും ചെയ്തു. പാട്ടുകളുമായി നേരെ ഹോട്ടല്‍ ഗീതിലേയ്ക്ക്. പാട്ടുകളെല്ലാം എല്ലാവര്‍ക്കും ഇഷ്ടമായി. വൈകീട്ട് ആറു മണിയോടെ മൂന്ന് പാട്ടുകളുടെയും കമ്പോസിങ് കഴിഞ്ഞു.
ജാതകത്തിന്റെ ട്രാക്കും ചിന്നതമ്പിയിലെ പാട്ടും
കമ്പോസിങ് മാത്രമല്ല, ജാതകത്തിലെ ഗാനങ്ങളുടെ റെക്കോഡിങ്ങും സംഭവബഹുലമായിരുന്നു. പുളിയിലക്കരയ്ക്കും അരളിയും കദളിക്കും പുറമെ ഒരു സെമി ക്ലാസിക്കല്‍ ഗാനം കൂടിയുണ്ടായിരുന്നു ചിത്രത്തില്‍. ഹിന്ദോളത്തില്‍ ചെയ്ത നീരജ ദലനയനെ. ചിദംബരനാഥും ചിത്രയും ചേര്‍ന്ന് പാടിയ ഗാനം. ഇതില്‍ ചിത്രയ്ക്കു വേണ്ടി അന്ന് ട്രാക്ക് പാടാന്‍ ഒരു പതിനാറുകാരി പെണ്‍കുട്ടി വന്നു സ്റ്റുഡിയോയില്‍. പേര് സ്വര്‍ണലത. ട്രാക്ക് പാടിക്കഴിഞ്ഞപ്പോള്‍ സോമശേഖരന്റെ മനസ്സില്‍ ഒരാശയം. അസാധ്യമായി പാടിയിരിക്കുന്നു. എന്തിന് ട്രാക്കില്‍ ഒതുക്കണം. പാട്ട് തന്നെ ഈ കുട്ടിയെ കൊണ്ട് പാടിച്ചാലോ. കാര്യം സംവിധായകന്‍ സുരേഷ് ഉണ്ണിത്താനോടും നിര്‍മാതാവിനോടും പറഞ്ഞു. നല്ല ആലാപനം. നല്ല സ്വരം നമുക്ക് ഈ കുട്ടിക്ക് ഒരു അവസരം കൊടുത്തുനോക്കിയാലോ. രക്ഷപ്പെട്ടുപോവാനുള്ള സാധ്യതയുണ്ട്. എന്നാല്‍, അവര്‍ക്ക് അത്ര തൃപ്തി പോര. ചിത്രയെയും യേശുദാസിനെയും പോലുള്ള പേരുകളുണ്ടെങ്കിലേ കാസറ്റ് ചെലവാകൂ. പുതുമുഖത്തെ വച്ചൊരു പരീക്ഷണം നടത്തേതുണ്ടോ. മനസ്സില്ലാ മനസ്സോടെ സോമശേഖരന്‍ ആ ശ്രമം ഉപേക്ഷിച്ചു. ട്രാക്ക് പാടിക്കഴിഞ്ഞ്, ഇക്കഥയൊന്നുമറിയാതെ സ്വര്‍ണലത മടങ്ങിപ്പോവുകയും ചെയ്തു.
അന്ന് രാജാമണിയായിരുന്നു കമ്പോസിങ്ങിന് സഹായിക്കാന്‍ ഉണ്ടായിരുന്നത്. പിറ്റേ ദിവസം രാജാമണി സോമശേഖരനെയും ഭാര്യയെയും വീട്ടിലേയ്ക്ക് ക്ഷണിച്ചു. കാലത്ത് രാജാമണിയുടെ വീട്ടിലെത്തുമ്പോള്‍ അവിടെ മുന്നില്‍ തന്നെ ഇരിക്കുന്നു സ്വര്‍ണലതയും സഹോദരിയും. കണ്ട പാടെ നമസ്‌കരിച്ചുകൊണ്ട് സ്വര്‍ണലത പറഞ്ഞു: 'സാര്‍ ഇന്നലെ എന്നെ കൊണ്ട് പാടിപ്പിക്കാന്‍ ഒത്തിരി ശ്രമിച്ചവരല്ലെ. സാരമില്ല സര്‍. ഭാഗ്യം വേണ്ടെ? സാറിന് ഒരു ഉപകാരം ചെയ്യാന്‍ പറ്റുമോ. നാളെ ഇളയരാജ സാര്‍ കാണാമെന്ന് പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ പാടിപ്പിച്ചേക്കും. പറ്റുമെങ്കില്‍ സാറിന് ഞാന്‍ ഇന്നലെ പാടിയ പാട്ടിന്റെ ട്രാക്ക് ഒന്ന് തരാന്‍ പറ്റുമോ. ഇളയരാജ സാറിനെ കേള്‍പ്പിക്കാനാണ്.' സ്വര്‍ണലതയുടെ ആവശ്യം കേട്ട് ആകെ ആശയക്കുഴപ്പത്തിലായെന്ന് സോമശേഖരന്‍. 'എന്തു ചെയ്യണമെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. ട്രാക്ക് മാത്രമേ ആയിട്ടുള്ളൂ. ചിത്ര പാട്ട് പാടിയിട്ടില്ല. ഇത് മറ്റാരും കേട്ടിട്ടുമില്ല. എങ്ങനെയാണ് ഇത് പുറത്ത് കൊടുക്കുക. മുന്നില്‍ ദയനീയ ഭാവത്തില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ നിരാശപ്പെടുത്താനും മനസ്സ് വന്നില്ല. ഒടുവില്‍ മകന്റെ കൈയില്‍ ട്രാക്ക് കൊടുത്തുവിട്ടു. ഒരു കടയില്‍ നിന്ന് കാസറ്റില്‍ പകര്‍ത്തി മറ്റാരും കേള്‍ക്കരുതെന്ന് പറഞ്ഞ് സ്വര്‍ണലതയുടെ കൈവശം കൊടുത്തുവിട്ടു.'
ഇളയരാജയെ കണ്ട് തിരിച്ചെത്തിയ സ്വര്‍ണലത കരച്ചില്‍ അടക്കാന്‍ പാടുപെട്ട് സോമശേഖരന്റെ കാല്‍ക്കല്‍ വന്നു വീഴുകയായിരുന്നു. 'രാജാസാറിന് ഞാന്‍ പാടിയ ട്രാക്ക് ഇഷ്ടപ്പെട്ടു. അടുത്ത പടത്തില്‍ ഒരു ചാന്‍സുണ്ട്. ഒരുപാട് നന്ദിയുണ്ട് സര്‍.' പറഞ്ഞു തീര്‍ക്കുമ്പോള്‍ സന്തോഷമടക്കാന്‍ പാടുപെട്ട സ്വര്‍ണലതയുടെ മുഖം മരിക്കുവോളം സോമശേഖരന്റെ മനസിലുണ്ടായിരുന്നു. അടുത്ത ദിവസം തന്നെ സ്വര്‍ണലത ഇളയരാജയുടെ പാട്ട് പോയി പാടി. ഒന്നല്ല, രണ്ട് പാട്ടുകള്‍. ചിന്നതമ്പിയിലെ 'പൂവോമാ ഊര്‍കോലവും' അതേ ട്യൂണിലുള്ള 'നീ എങ്കേ'യും. തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുകള്‍. ആ വര്‍ഷത്തെ ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡും അങ്ങനെ സ്വര്‍ണലതയ്ക്ക് സ്വന്തം. പിന്നെ ഒരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. തമിഴിന് പുറമെ മലയാളത്തിലും കന്നഡയിലും തെലുങ്കിലും ഒറിയയിലും ബംഗാളിയിലുമായി ഏഴായിരത്തിലേറെ ഗാനങ്ങള്‍.
'എനിക്ക് പോലും പിന്നെ അവരെ കൊണ്ട് പാടിക്കാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ ഒരു സീരിയലിന്റെ ടൈറ്റില്‍ഗാനം റെക്കോഡ് ചെയ്യാന്‍ ചെന്നൈയിലെത്തിയപ്പോള്‍ ചിത്രയാണ് ആ കാര്യം പറഞ്ഞത്. 'സ്വര്‍ണലത എപ്പോഴും പറയും സാറിന്റെ കാര്യം. സാറിനെ ഒന്ന് കാണണമെന്നും പറയാറുണ്ട്.' അങ്ങനെ ഒരു ദിവസം അവരുടെ വീട്ടില്‍ പോയി. വലിയ വീട്. മുറ്റത്ത് ആറോ ഏഴോ അംബാസിഡര്‍ കാറുകള്‍. എല്ലാം സ്വര്‍ണലതയുടേതാണെന്ന് ചിത്ര പറഞ്ഞു. ചെന്നൈ നഗരത്തില്‍ വാടകയ്ക്ക് ഓടുകയാണ്. ഒരുപാട് കാശ് സമ്പാദിച്ചിട്ടുണ്ട്. കണ്ടപ്പോള്‍ സന്തോഷം തോന്നി. നിറഞ്ഞ ചിരിയും കൂപ്പുകൈകളും കൊണ്ടാണ് അന്ന് സ്വര്‍ണലത സ്വീകരിച്ചത്. ഒരു കാര്യം പറയാനും മറന്നില്ല. സാറിന്റെ ആ ട്രാക്കാണ് എന്റെ ഈ വളര്‍ച്ചയ്ക്കെല്ലാം കാരണം'. അന്ന് ജാതകത്തില്‍ ഇവരെ കൊണ്ട് പാടിപ്പിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുന്നെന്ന് ഇടയ്ക്കെങ്കിലും ഓര്‍ക്കാറുണ്ടെന്ന് തെല്ലൊരു നഷ്ടബോധത്തോടെ ഒരിക്കല്‍ ഓര്‍ത്തിരുന്നു സോമശേഖരന്.

നഷ്ടപ്പെട്ട കിരീടവും കണ്ണീര്‍പ്പൂവും
നഷ്ടബോധം മാത്രമല്ല, ഓര്‍ക്കുമ്പോള്‍ ഇതിനേക്കാള്‍ വേദനയുള്ള നഷ്ടങ്ങള്‍ തന്നെയുണ്ട് സോമശേഖരന്റെ സംഗീതജീവിതത്തില്‍. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി കേള്‍ക്കുമ്പോള്‍ അത്തരമൊരു നഷ്ടബോധം വന്നു നിറയുമായിരുന്നു സോമശേഖരന്റെ മനസ്സില്‍. ജാതകത്തിന്റെ ഗാനങ്ങളുടെ കമ്പോസിങ് ഗീത് ഹോട്ടലില്‍ നടക്കുമ്പോള്‍ തന്നെ ലോഹിതദാസ് കിരീടത്തിന്റെ തിരക്കഥാരചന ആരംഭിച്ചിരുന്നു. അന്ന് ലോഹിയുടെ മുറിയില്‍ സംവിധായകന്‍ സിബി മലയിലും നിര്‍മാതാക്കളായ ഉണ്ണിയും ദിനേഷ് പണിക്കരുമുണ്ട്. 'ഒരൊറ്റ ദിവസം കൊണ്ട് ഞാന്‍ ജാതകത്തിന്റെ മൂന്ന് ഗാനങ്ങള്‍ കമ്പോസ് ചെയ്ത കാര്യം ലോഹി അവരോട് പറഞ്ഞു. പുളിയിലക്കരയുടെ പ്രത്യേകതയും എടുത്തുപറഞ്ഞു. അങ്ങനെഎല്ലാവരും കൂടി തൊട്ടടുത്ത മുറിയില്‍ എന്റെടുത്ത് വന്നു. അന്ന് പാട്ടുകളുടെ റെക്കോഡിങ് കഴിഞ്ഞിട്ടില്ല. എങ്കിലും പുളിയിലക്കര ഒന്ന് കേള്‍ക്കണമെന്ന് മടിച്ചുമടിച്ച് കൊണ്ട് എന്നോട് ആഗ്രഹം പറഞ്ഞു. ഞാന്‍ ഹാര്‍മോണിയം എടുത്ത് മടി കൂടാതെ അവര്‍ക്ക് പാടിക്കൊടുത്തു. ഗംഭീരമെന്ന് പറഞ്ഞ് മടങ്ങിപ്പോകുമ്പോള്‍ ഒരു വാക്കും തന്നു. കിരീടത്തിന്റെ പാട്ടുകള്‍ ചെയ്യുന്നത് സോമേട്ടനായിരിക്കും.
'കിരീടത്തിലെ പാട്ടുകള്‍ ചെയ്യാന്‍ മനസ്സ് കൊണ്ട് ഒരുങ്ങിയിരുന്നു ഞാന്‍. പക്ഷേ, ഒരു പ്രശ്നം. അവധിക്ക് നാട്ടില്‍ വന്നതാണ്. അവധി തീരുന്നതിന് മുന്‍പ് റെക്കോഡിങ് നടക്കണം. പക്ഷേ, മുപ്പത് ദിവസം കഴിഞ്ഞിട്ടും കിരീടം ഒന്നുമായില്ല. എനിക്ക് മടങ്ങിപ്പോകേണ്ടിവന്നു. കിരീടത്തില്‍ എനിക്ക് പകരം ജോണ്‍സണ്‍ വന്നു. കണ്ണീര്‍പ്പൂവ് പിറക്കുകയും ചെയ്തു. വല്ലാത്തൊരു നഷ്ടമായിപ്പോയി അത്.' സോമശേഖരന്‍ ആ നഷ്ടത്തെ കുറിച്ച് പറഞ്ഞതിങ്ങനെ. തന്റെ ആദ്യ ചിത്രമായ ഇതും തുടക്കത്തില്‍ ജോണ്‍സണായിരുന്നു ഓര്‍ക്കസ്ട്ര ചെയ്തത്. അന്ന് ദേവരാജന്‍ മാഷിന്റെ സഹായിയാണ് ജോണ്‍സണ്‍. കിരീടം മാത്രമല്ല, ജാതകത്തിന്റെ പേരില്‍ കിട്ടിയ പത്ത്, പന്ത്രണ്ട് ചിത്രങ്ങള്‍ അങ്ങനെ സോമശേഖരന് നഷ്ടമായി. 'മുഖചിത്രം, മൃഗയ, രാധാമാധവം, ഉത്തരം തുടങ്ങിയ ചിത്രങ്ങളൊക്കെ ഇങ്ങനെ നഷ്ടമായവയാണ്. എല്ലാം നല്ല പാട്ടുകളുള്ള ചിത്രങ്ങള്‍.'
ജ്യോതിഷം നഷ്ടപ്പെടുത്തിയ മുഖചിത്രം
ജ്യോതിഷം വിഷയമായ സിനിമയിലെ ഗാനത്തിന്റെ പേരില്‍ ഓര്‍ക്കപ്പെടുന്ന സോമശേഖരന് ഇതേ ജ്യോതിഷത്തിന്റെ പേരില്‍ ഒരു സിനിമ നഷ്ടപ്പെട്ട അനുഭവവമുണ്ട്. അനിയന്‍ സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന മുഖചിത്രത്തിന്റെ ചര്‍ച്ചകളൊക്കെ കഴിഞ്ഞ സമയം. രഞ്ജിത്തും ജയനുമാണ് നിര്‍മാതാക്കള്‍. പിറ്റേ ദിവസം രാവിലെ സോമശേഖരന്‍ മൂകാംബിയിലേയ്ക്ക് പോയി. ഫെബ്രുവരി നാലിനകം റെക്കോഡിങ് വെക്കണമെന്ന് പറഞ്ഞാണ് പോയത്. അങ്ങനെ അവര്‍ ഫെബ്രുവരി നാലിന് റെക്കോഡിങ് നിശ്ചയിച്ചു. അതുവരെ സോമശേഖരനെ ആരും ബന്ധപ്പെട്ടില്ല. അന്നു രാവിലെ ഒരു സംവിധാന സഹായി വഴി സുരേഷ് ഉണ്ണിത്താന്‍ കത്ത് കൊടുത്തയച്ചു. ചില കാരണങ്ങള്‍ കൊണ്ട് റെക്കോഡിങ് മാറ്റിവച്ചു എന്നായിരുന്നു ഉള്ളടക്കം. വല്ലാത്തൊരു ഷോക്കായിപ്പോയി. നാല് പാട്ടായിരുന്നു അതിലുണ്ടായിരുന്നത്. സിറ്റ്വേഷനൊക്കെ കേട്ടതുകൊണ്ട് അതിനനുസരിച്ച് ട്യൂണൊക്കെ മനസ്സില്‍ കണ്ടിരുന്നു. പിന്നെ മോഹന്‍ സിത്താരയാണ് ആ പാട്ടുകള്‍ ചെയ്തത്. ആ ട്യൂണുകള്‍ സോമശേഖരന്റെ മനസ്സില്‍ അങ്ങനെ ശ്വാസംകിട്ടാതെ കിടന്നു. അത് പിന്നെ ഉപയോഗിച്ചതുമില്ല.
റെക്കോഡിങ് നീണ്ടുപോകാനുള്ള കാരണം പിന്നെയാണ് അറിയുന്നത്. പാര്‍ട്ണര്‍ഷിപ്പില്‍ പടം എടുക്കുന്നതിനാല്‍ രഞ്ജിത്തിന്റെ മോശം സമയം കഴിഞ്ഞശേഷം മാത്രം സിനിമയെടുത്താല്‍ മതിയെന്ന് ഏതോ ജ്യോത്സ്യന്‍ രഞ്ജിത്തിന്റെ അച്ഛനെ ഉപദേശിച്ചു. മാര്‍ച്ചിലാണ് അവര്‍ പിന്നീട് റെക്കോഡിങ് നടത്തിയത്. അപ്പൊഴേയ്ക്കും സോമശേഖരന്‍ മസ്‌ക്കറ്റിലേയ്ക്ക് മടങ്ങിയിരുന്നു. രഞ്ജിത്തിന്റെ നല്ല സമയം നോക്കി സിനിമയെടുത്തപ്പോള്‍ നഷ്ടം വന്നത് സോമശേഖരന്.
ഈ അനുഭവം ഉള്ളിലുള്ളതുകൊണ്ട് സുരേഷ് ഉണ്ണിത്താന്റെ തന്നെ ആര്‍ദ്രത്തിന്റെ സമയത്ത് സോമശേഖരന്‍ ഒരു നിബന്ധന മുന്നോട്ടുവച്ചു. റെക്കോഡിങ് നിശ്ചയിച്ച് സ്റ്റുഡിയോ ബുക്ക് ചെയ്തശേഷം മാത്രമേ ലീവിന് അപേക്ഷിക്കൂ. റിസ്‌ക്കെടുക്കാന്‍ വയ്യെന്ന് തീര്‍ത്തു പറഞ്ഞു. അങ്ങനെ തരംഗിണി സ്റ്റുഡിയോ ബുക്ക് ചെയ്ത് ഓര്‍ക്കസ്ട്രയും ഒരുക്കിയശേഷമാണ് സോമശേഖരന്‍ മസ്‌ക്കറ്റില്‍ നിന്നു വന്നത്. അതില്‍ ജോണ്‍സന്റെയും രാജാമണിയുടെയും ശുപാര്‍ശ അനുസരിച്ചാണ് സോമശേഖരന്‍ ലതികയ്ക്ക് അവസരം കൊടുക്കുന്നത്. ഗര്‍ഭിണിയായിട്ടും ചെന്നൈയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്ത് വന്നാണ് അവര്‍ മൗനങ്ങള്‍ പോലും നാദങ്ങളായും തപ്പെടുക്കെടിയും പാടിയത്.
യേശുദാസ് പാടാന്‍ കൊതിച്ച ഡ്യുയറ്റ്
പുളിയിലക്കരയുടെ പേരിലാണ് പ്രശസ്തിയെങ്കിലും ആദ്യഗാനം തന്നെ ഹിറ്റാക്കിയതാണ് സോമശേഖരന്റെ ചരിത്രം. 'ഇതും ഒരു തുടക്ക'ത്തിലെ പ്രകൃതി പ്രഭാമയീ. രണ്ട് ഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. യേശുദാസിന്റെ തരംഗിണിയിലായിരുന്നു റെക്കോഡിങ്. വെള്ളനാട് നാരായണന്‍ എഴുതിയ മാറിണിച്ചെപ്പിലെ പാടിയത് സോമശേഖരന്‍ തന്നെ. ജാനകിക്കൊപ്പമുള്ള ഡ്യുയറ്റ്. പാടാന്‍ ചാന്‍സ് തേടി ചെന്നൈയില്‍ അലയുന്ന കാലം മുതലേയുള്ള മോഹമായിരുന്നു. യേശുദാസ് പാടിയ 'പ്രകൃതി പ്രഭാമയീ' ആയിരുന്നു ആദ്യം റെക്കോഡ് ചെയ്തത്. കൊന്നിയൂര്‍ ഭാസായിരുന്നു രചന. മുന്നിലിരിക്കാന്‍ പേടിച്ച് നിന്നാണ് അന്ന് പാട്ട് പാടി പഠിപ്പിച്ചത്. അഞ്ചാറ് പ്രാവശ്യം പാടിക്കൊടുത്ത് ഞാന്‍ ആകെ തളര്‍ന്നശേഷമാണ് ദാസേട്ടന്‍ പാടിത്തുടങ്ങിയത്. ലൈവ് റെക്കോഡിങ്ങാണ്. എട്ട് ടേക്കിനുശേഷമാണ് പാട്ട് ഓക്കെയായത്. ദേവരാജന്‍ മാഷ് ചെയ്തതുപോലെയുണ്ടല്ലോ എന്നായിരുന്നു അന്ന് വിളക്ക് കൊളുത്താന്‍ സ്റ്റുഡിയോയില്‍ വന്ന മാധുരിയമ്മ പറഞ്ഞത്. ജാനകി വരുന്നതിന് മുന്‍പേ വിടണേ എന്ന നിബന്ധനയിലായിരുന്നു ദേവരാജന്‍ മാഷ് മാധുരിയമ്മയെ വിട്ടത്.
എട്ടാമത്തെ ടേക്കില്‍ പാടിപ്പൂര്‍ത്തിയാക്കിയ യേശുദാസ് സന്തോഷത്തോടെയാണ് കണ്‍സോളിലേയ്ക്ക് വന്നത്. എന്നാല്‍, പാടിക്കഴിഞ്ഞ് മടങ്ങുന്ന പതിവിന് പകരം കണ്‍സോളില്‍ തന്നെ ഇരിക്കുകയാണ് അദ്ദേഹം. അടുത്ത പാട്ട് ഏതാണെന്ന് ചോദിച്ചു. ഡ്യുയറ്റാണെന്ന് മറുപടി പറഞ്ഞപ്പോള്‍ പാടുന്നത് ആരാണെന്നായി. ജാനകിയമ്മയും മെയില്‍ വോയ്സ് താനുമാണെന്ന് മടിച്ചുമടിച്ചു പറഞ്ഞു സോമശേഖരന്‍. അതിനിടയ്ക്ക് സോമശേഖരന്‍ പാടുന്നത് കേട്ട് അദ്ദേഹം ഈ പാട്ട് പഠിച്ചിരുന്നു. വലിയ ഇഷ്ടമാവുകയും ചെയ്തു. എന്നാല്‍, അടുത്ത ചോദ്യം കേട്ടപ്പോള്‍ സോമശേഖരന്‍ ഒന്ന് ഞെട്ടി. 'ഈ പാട്ടും ഞാന്‍ അങ്ങ് പാടിയാലോ?' സോമശേഖരന്‍ വല്ലാതായി. മറുത്തൊന്നും പറയാന്‍ പറ്റാതായി. നിര്‍മാതാക്കള്‍ക്ക് സ്വാഭാവികമായും ദാസേട്ടന്‍ പാടുന്നതായിരിക്കുമല്ലോ താത്പര്യം. ആശിച്ചൊരു പാട്ട് കൈവിട്ടുപോവുകയാണെന്ന് ഉറപ്പിച്ചുനില്‍ക്കുമ്പോള്‍ സംവിധായകന്‍ വെളിയം ചന്ദ്രന്‍ ഇടപെട്ടു. ജാനകിയമ്മയ്ക്കൊപ്പം അദ്ദേഹം പാടണം എന്നത് ഞങ്ങള്‍ തീരുമാനിച്ചതാണെന്ന് സംവിധായകന്‍ പറഞ്ഞതോടെ ദാസേട്ടന്‍ പറഞ്ഞു. 'അതു സാരമില്ല. റെക്കോഡിങ് സമയത്ത് ഞാനും കണ്‍സോളില്‍ ഇരിക്കാം.' പിന്നെ സോമശേഖരന്‍ പാടിത്തീരുന്നതുവരെ അദ്ദേഹം അവിടെയിരുന്നു. പാടുമ്പോള്‍ ഇത്തിരി സംഭ്രമം ഉണ്ടായിരുന്നുവെന്നത് വാസ്തവം. എങ്കിലും അതൊരു വല്ലാത്ത അനുഭവമായിരുന്നുന്നുവെന്ന് സോമശേഖരന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എഴുപത്തിയൊന്‍പതിലായിരുന്നു റെക്കോഡിങ്ങെങ്കിലും ഷൂട്ടിങ്ങും റിലീസുമെല്ലാം വൈകി മൂന്ന് വര്‍ഷം കഴിഞ്ഞ് എണ്‍പത്തിരണ്ടിലാണ് ചിത്രം തിയ്യറ്ററുകളിലെത്തിയത്. സുകുമാരന്‍ കത്തി നില്‍ക്കുന്ന സമയമല്ലെ. മികച്ച വിജയമായിരുന്നു ചിത്രം.
നാടകം സിനിമയാകുന്നു
വലിയൊരു കഥയുണ്ടായിരുന്നു സുകുമാരനും തിക്കുറിശ്ശിയും കൊട്ടാരക്കരയുമെല്ലാം മത്സരിച്ചഭിനയിച്ച 'ഇതും ഒരു ജീവിത'മെന്ന ചിത്രത്തിന്. എഴുപത്തിരണ്ട്, എഴുപത്തിമൂന്ന് കാലത്ത് ഞാനും അനിയന്‍ സുരേഷ് ഉണ്ണിത്താനും വെളിയം ചന്ദ്രനുമെല്ലാം ചേര്‍ന്ന് തുടങ്ങിയതായിരുന്നു ദീപാഞ്ജലി തിയ്യറ്റേഴ്സ്. ദീപാഞ്ജലിയുടെ ആദ്യ നാടകമായിരുന്നു ഉര്‍വശി. ഒരു വീട്ടുവേലക്കാരി വീട്ടുടമയായ കലാകാരനെ പ്രണയിക്കുന്നതും മറ്റുമായിരുന്നു കഥ. ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത സ്ത്രീ കേന്ദ്രീകൃതമായ കഥയായിരുന്നു അത്. അതിലെ നായികയുടെ പേരാണ് ഉര്‍വശി. നടിമാരായ ഉര്‍വശിയുടെയും കല്‍പനയുടെയുമെല്ലാം അച്ഛനമ്മമാരായ ചവറ വി.പി.നായരും വിജയലക്ഷ്മിയും അഭിനയിച്ചിരുന്നു അതില്‍. ജഗതിയും മല്ലികയുമെല്ലാം അതില്‍ വേഷമിട്ടിരുന്നു. സുരേഷ് ഉണ്ണിത്താന് കോമഡി വേഷമായിരുന്നു. അന്ന് പത്തോ പന്ത്രണ്ടോ വയസ്സുള്ള കല്‍പനയും അതില്‍ ബാലതാരമായി അഭിനയിച്ചിരുന്നു.
മികച്ച പ്രതികരണമായിരുന്നു വെളിയം ചന്ദ്രന്‍ സംവിധാനം ചെയ്ത ഈ നാടകത്തിന്. ഇരുപതിലേറെ വേദികളില്‍ ഈ നാടകം കളിച്ചു. അതിലെ ഗാനമായിരുന്നു വന്ധ്യമേഘങ്ങള്‍ അലഞ്ഞു. എഴുപത്തിയൊന്‍പതില്‍ ഞങ്ങള്‍ ഈ നാടകം സിനിമയാക്കി. ഇതാണ് 'ഇതും ഒരു ജീവിതം'. സിനിമയില്‍ സുകുമാരന്‍ നായകനായി. വിജയലക്ഷ്മിക്ക് പകരം തമിഴ്നടി ഷര്‍മിള വന്നു. കനകദുര്‍ഗ നല്ലൊരു വേഷം ചെയ്തു. കൊട്ടാരക്കരയും ജഗതിയും കല്‍പനയുമെല്ലാമുണ്ടായിരുന്നു. ബാലതാരമായി സായികുമാറും അതിലൊരു വേഷം ചെയ്തു. സായി കുമാറും കല്‍പനയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രവും ഇതാണ്. നാടകത്തില്‍ നായകനായിരുന്ന ചവറ വി.പി.നായരും സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. നാടകത്തിലെ വന്ധ്യമേഘങ്ങള്‍ അലഞ്ഞു എന്ന ഗാനമാണ് സിനിമയില്‍ പ്രകൃതി പ്രഭാമയി ആയത്. സോമശേഖരന്‍ ഈണമിട്ട ആദ്യ ചലച്ചിത്രഗാനം.
നാടകമേ ജീവിതം
കോഴിക്കോട്ടെ ഡിഗ്രി പഠനം കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തിയ സോമശേഖരന്റെ കലാജീവിതത്തിന് ഊര്‍ജം പകര്‍ന്നത് നാടകങ്ങള്‍ തന്നെയായിരുന്നു. കോളേജ് കാലം മുതല്‍ പാടിയതത്രയും മഹാരാഥന്മാരുടെ ഗാനങ്ങള്‍. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു ആദ്യഗാനം. ആകാശവാണിയില്‍ യുവവാണിയില്‍ പാടിയ രണ്ട് ഗാനങ്ങള്‍ക്കും ഈണം നല്‍കിയത് കെ.രാഘവന്‍ മാസ്റ്റര്‍. അന്ന് അകമ്പടിയായി ഗിറ്റാറില്‍ ഹട്ടനുമുണ്ടായിരുന്നു.
അമച്വര്‍ നാടകങ്ങളിലാണ് പാടിയും ഈണമിട്ടും തുടങ്ങിയതെങ്കിലും പ്രൊഫഷണല്‍ നാടകരംഗത്തെത്താന്‍ സോമശേഖരന്‍ വൈകിയില്ല. കൊട്ടാരക്കരയുടെ ജയശ്രീ തിയ്യറ്റേഴ്സിന്റെ യുഗസന്ധിയിലാണ് ആദ്യമായി പിന്നണി പാടുന്നത്. വ്യോമസേന വിട്ടു വന്നശേഷം എം.ജി.സോമന്‍ ആദ്യമായി അഭിനയിക്കുന്ന നാടകമായിരുന്നു അത്. അതില്‍ അര്‍ജുനന്‍ മാസ്റ്റര്‍ ഈണമിട്ട 'സര്‍ഗചേതനകള്‍ ഇവിടെയാണ്' എന്ന ഗാനമാണ് വേദിയില്‍ ആദ്യമായി ആലപിച്ചത്. കുമരകം രാജപ്പനാണ് അന്നതില്‍ ഹാര്‍മോണിയം വായിച്ചത്. സോമനും കൊട്ടാരക്കരയ്ക്കും പുറമെ മാവേലിക്കര പൊന്നമ്മയും പങ്കജവല്ലിയുമെല്ലാമുണ്ടായിരുന്നു ആ നാടകത്തില്‍. പിന്നെ വേട്ടക്കുളം ശിവാനന്ദന്റെ കേരള തിയ്യറ്റേഴ്സിന്റെ ശംഖനാദം. ജി.കെ.പിള്ള നായകനായ ആ നാടകത്തില്‍ എല്‍.പി.ആര്‍. വര്‍മ-ഒ.എന്‍.വി. ടീമിന്റെ 'ഷാരോണ്‍ താഴ്വര'യായിരുന്നു അടുത്ത ഗാനം. പിന്നെ കായംകുളം പീപ്പിള്‍സ് തിയ്യറ്ററിന്റെ കതിര്‍മണ്ഡപം. എം.എസ്. ബാബുരാജായിരുന്നു സംഗീതം. ഗാനം പ്രവാഹിനീ, ജീവിതമൊരു മഹാപ്രവാഹിനി. ഈ ഗാനത്തിന്റെ റെക്കോഡിങ്ങിനാണ് ആദ്യമായി ചെന്നൈ എച്ച്.എം.വി സ്റ്റുഡിയോയില്‍ പോകുന്നത്. റെക്കോഡിലാകുന്ന സോമശേഖരന്റെ ആദ്യ സോളോയും ഇതുതന്നെ.
.jpg?$p=475b0a5&&q=0.8)
ജയചന്ദ്രനും രവീന്ദ്രനുമൊപ്പം ആദ്യ റെക്കോഡിങ്
അന്ന് മദ്രാസില്‍ റെക്കോഡിങ്ങിന് പോയപ്പോള്‍ സോമശേഖരന്‍ താമസിച്ചത് ഗായകന്‍ പി.ജയചന്ദ്രന്റെ മുറിയിലായിരുന്നു. അന്ന് തൊട്ടടുത്ത മുറിയില്‍ സിനിമയില്‍ പാടാന്‍ അവസരം തേടിയെത്തിയ ഒരാള്‍ കൂടിയുണ്ടായിരുന്നു. കുളത്തൂപ്പുഴ രവി എന്ന സംഗീത സംവിധായകന്‍ രവീന്ദ്രന്‍. ഛായാഗ്രാഹകന്‍ വില്ല്യംസിനൊപ്പമാണ് അദ്ദേഹം താമസം. തിരുവനന്തപുരത്തെ തണ്ടര്‍ബേഡ്സ് എന്ന സംഗീത ട്രൂപ്പില്‍ തമിഴ് ക്ലാസിക്കല്‍ പാട്ടുകളും ബാബുരാജിന്റെ ഗസലുകളും പാടിക്കൊണ്ടിരുന്ന സുഹൃത്തായ രവീന്ദ്രനെ അവസരങ്ങള്‍ക്കായി മദ്രാസിലേയ്ക്ക് പോകാന്‍ പ്രേരിപ്പിച്ചത് സോമശേഖരനും കൂട്ടരുമാണ്. രവീന്ദ്രന്‍ മാഷ് അന്ന് തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലെ വിദ്യാര്‍ഥിയാണ്. ഇടവേളകളില്‍ തണ്ടര്‍ബേഡ്സില്‍ വന്ന് പാടുകയായിരുന്നു. പണ്ട് ഇതുപോലെ അവസരങ്ങള്‍ തേടി ഒരുപാട് അലഞ്ഞ അനുഭവമുണ്ട് സോമശേഖരനും. 'പലതവണ ദേവരാജന്‍ മാസ്റ്ററുടെ വീട് കയറിയിറങ്ങി. പിന്നെ വിളിക്കാം എന്നു പറഞ്ഞ് പറ്റിക്കുകയായിരുന്നു മാഷ്. അവിടെ വച്ചാണ് ആദ്യമായി ദാസേട്ടനെ കാണുന്നത്. പിന്നെ കിട്ടിയ അവസരങ്ങളെല്ലാം കോറസ്. ആദ്യംപാടിയത് മരുന്നോ നല്ല മരുന്നിലെ കോറസ്. പിന്നെ രക്തപുഷ്പത്തിലും കോറസ്. രാമു കാര്യാട്ടിന്റെ അഭയത്തിലാണ് ജയചന്ദ്രനും പി.ലീലയ്ക്കുമൊപ്പം ഒരു നാലു വരി കവിത കിട്ടുന്നത്. അന്ന് സോമന്‍ തിരുവനന്തപുരം എന്നായിരുന്നു ടൈറ്റിലില്‍.'
പാട്ടുകാരിയായി പ്രിയാമണിയുടെ അമ്മ
അന്ന് തണ്ടര്‍ബേഡ്സില്‍ ഇവര്‍ക്കൊപ്പം പാടാന്‍ ഒരു ഗായിക കൂടിയുണ്ടായിരുന്നു. ലതാമണി. ഹിന്ദി പാട്ടുകള്‍ പാടിയിരുന്നത് അന്ന് ലത കൈലാസായിരുന്ന ഇവരാണ്. അവരുടെ അമ്മ കമല കൈലാസ് അറിയപ്പെടുന്നൊരു സംഗീതജ്ഞയായിരുന്നു. പിന്നീട് സ്പോര്‍ട്സ് ക്വാട്ടയില്‍ യൂണിയന്‍ ബാങ്കില്‍ ജോലി കിട്ടിപ്പോവുകയായിരുന്നു ലത. ദേശീയ ബാഡ്മിന്റണ്‍ താരം കൂടിയായിരുന്നു അവര്‍. ഇവരുടെ മകളാണ് ഇന്ന് നമ്മള്‍ അറിയുന്ന നടി പ്രിയാമണി.
പിന്നെയും സിനിമയില്‍
1992ല്‍ ബാബറി മസ്ജിദ് സംഭവത്തിനുശേഷം മസ്‌ക്കറ്റില്‍ നിന്ന് മടങ്ങേണ്ടിവന്ന സോമശേഖരന്‍ വീണ്ടും സംഗീതരംഗത്തേയ്ക്കിറങ്ങി. ചെന്നൈയില്‍ വീണ്ടും അവസരങ്ങള്‍ തേടിപ്പോയെങ്കിലും ഫലമുണ്ടായില്ല. മലയാള ഗാനരംഗം അപ്പൊഴേയ്ക്കും അടിമുടി മാറിക്കഴിഞ്ഞിരുന്നു. ഒന്നിച്ചിരുന്ന് പാട്ട് കമ്പോസ് ചെയ്യുന്നതും ഒന്നിച്ചിരുന്ന് പാടി പഠിക്കുന്നതുമെല്ലാം അപ്രത്യക്ഷമായി. പിന്നീട് ടെലിവിഷന്‍ സീരിയല്‍ രംഗത്താണ് സോമശേഖരന്‍ ഒരു കൈനോക്കിയത്. മോശമായില്ല. തൊണ്ണൂറോളം സീരിയലുകള്‍ക്കുവേണ്ടി ശീര്‍ഷകഗാനങ്ങള്‍ ഒരുക്കി. ഇതിനിടയില്‍ വീണ്ടും സിനിമയില്‍ നിന്ന് വിളി വന്നു.
നിനച്ചിരിക്കാതെ കിട്ടിയ ബ്രഹ്മാസ്ത്രമായിരുന്നു ആദ്യചിത്രം. പിന്നെ യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്സ്, സുരേഷ് ഉണ്ണിത്താന്റെ അയാള്‍. ലാലിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത അയാളില്‍ മൂന്ന് പാട്ടുകളാണ് സോമശേഖരന്‍ ചെയ്തത്.അതുകഴിഞ്ഞ് അടുത്തിടെ ഇറങ്ങുന്ന മിസ്റ്റര്‍ പവനായി 99.99. ക്യാപ്റ്റന്‍ രാജു അഭിനയിച്ച ഈ ചിത്രത്തിനുവേണ്ടിയാണ് വര്‍ഷങ്ങള്‍ക്കുശേഷം സോമശേഖരനും യേശുദാസും വീണ്ടും ഒത്തുചേരുന്നത്. ഇതിലെ മഴ പെയ്തു മാറാതെ എന്ന ഗാനമാണ് യേശുദാസ് പാടിയത്. പിന്നെ ഒരു ആല്‍ബത്തില്‍ മകന്‍ വിജയ് യേശുദാസിനെ കൊണ്ട് പാടിക്കാനുള്ള യോഗവുമുണ്ടായി സോമശേഖരന്. ഇതിനുശേഷം ഏതാനും ചിത്രങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ട്. പിന്നെ അഞ്ച് പാട്ടുകളുള്ള തുരീയം. എല്ലാറ്റിനും മേല്‍വിലാസമാവുന്നത് മുപ്പത് വര്‍ഷമായി മലയാളം മനസ്സറിഞ്ഞ് മൂളുന്ന ആ ഒരൊറ്റ ഗാനവും. പുളിയിലക്കരയോലും പുടവചുറ്റി...
Content Highlights: music director r somasekharan jathakam movie puliyilakkara karayolum yesdas jayachandran, chithra


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..