പപ്പായത്തണ്ട് തുളച്ച് കുരിയില തിരുകി ഷഹനായി പോലെ വായിച്ച ചന്ദ്രൻ, ഞെട്ടി സംവിധായകൻ


എ.കെ.ശ്രീജിത്ത്

നാട്ടുദേവതകളെ തോറ്റിയുണർത്തുന്ന താളമാണ് ചന്ദ്രൻ സംഗീതത്തിന്റെ ആത്മാവ്. അതൊരുകുലസ്മൃതിയുടെ സംഗീതമാണ്.

പാരീസ് ചന്ദ്രൻ | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി

നരിക്കുനി എന്ന കോഴിക്കോടൻ ഗ്രാമത്തിൻറ ഇടവഴികളിലൂടെയും നാട്ടുകാരുടെ തോളിൽ കൈയിട്ട് തനി നാട്ടിൻപുറത്തുകാരനായി നടക്കുമ്പോഴും വേയാട്ടുമ്മൽ ചന്ദ്രൻ നാട്ടുകാർക്ക് പാരീസ് ചന്ദ്രനാണ്. മടിയൊട്ടുമില്ലാതെയാണ് യൂറോപ്യൻ നാടകവേദിയിൽ സംഗീത വിസ്മയം സൃഷ്ടിക്കുന്ന ചന്ദ്രനെ നരിക്കുനിക്കാർ പാരീസിന് നൽകിയത്. പാരീസിലെ നാടകവേദിയിൽ അന്നേരമൊക്കെ നാട്ടിൻപുറത്തിന്റെ ഓർമകളുടെയും അനുഷ്ഠാനങ്ങളുടെയും സംഗീതം പാശ്ചാത്യസംഗീതത്തിനൊപ്പം സമന്വയിപ്പിച്ച്, ഷേക്സിയറിയൻ ഭാവങ്ങൾക്ക് പിന്നണി ഒരുക്കുകയായിരുന്നു ചന്ദ്രൻ.

ബയോസ്കോപ്പ് എന്ന ചിത്രത്തിന് ചന്ദ്രൻ ഒരുക്കിയ സംഗീതമാണ് സംസ്ഥാന സർക്കാറിന്റെ അംഗീകാരത്തിന് അർഹമായത്. യൂറോപ്യൻ നാടകാവതരണങ്ങളുടെ ഇടവേളകളിൽ ചന്ദ്രൻ മലയാള സിനിമകൾക്ക് സംഗീതമൊരു ക്കുന്നത് അധികമാരും അറിഞ്ഞിരുന്നില്ല. അവാർഡ് തേടി എത്തിയതോടെ യുറോപ്യൻ തിയേറ്ററിന്റെ പ്രിയപ്പെട്ട സംഗീതകാരൻ മലയാള സിനിമയുടെയും സ്വന്തമാവുകയായിരുന്നു. പാരമ്പര്യമായി പ കർന്നുകിട്ടിയ ഓർമകളുടെയും ഉണർത്തുപാട്ടിന്റെയും സംഗീതവും പാശ്ചാത്യദ്രുതതാളവും സമന്വയിപ്പിച്ചാണ് യൂറോപ്പിൽ ചന്ദ്ര സംഗീതം ഹിറ്റായത്.

കൊയ്ത്തൊഴിഞ്ഞ പാടത്തെ മൺതിട്ടകൾ തട്ടിനിരത്തി കെട്ടിയുണ്ടാക്കിയ വെള്ളരി നാടകവേദിയിൽനിന്ന് തെംസ് നദിക്കരയിലെ വിഖ്യാതമായ നാഷണൽ തിയേറ്റിലേക്കുള്ള വളർച്ചയാണ് ചന്ദ്രന്റേത്. സ്കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫസർ ജി.ശങ്കരപ്പിള്ളയുടെ നാടകസംഘവും ലണ്ടനിലെ ഏഷ്യൻ നാടകസംഘമായ താരാ ആർട്സും ചേർന്ന വനവാസം എന്ന നാടകം ചെയ്തതാണ് ചന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവ്. വനവാസം ആറുമാസം ഇംഗ്ലണ്ടിൽ അവതരിപ്പിക്കപ്പെട്ടപ്പോഴേക്കും ഇംഗ്ലീഷ് തിയേറ്റർ ചന്ദ്രന്റെ സംഗീതത്തെ സ്നേഹിച്ചുതുടങ്ങി. താര ആർട്സ്, പാരീസിലെ പ്രമുഖ ടൂറിങ് നാടകസംഘമായ ഫുട്സ്ബാൻ തിയേറ്റേഴ്സ് എന്നിവയ്ക്കൊപ്പം തന്റെ സം​ഗീതവുമായി ഇരുപത്തെട്ടിലേറെ രാജ്യങ്ങളിലെ എണ്ണമില്ലാത്ത അരങ്ങുകൾ ചന്ദ്രൻ പിന്നിട്ടു.

Also Read

സം​ഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു

ചെണ്ട, ഇടയ്ക്ക, കുറുങ്കുഴൽ, സിത്താർ, സാക്സഫോൺ, മൃദംഗം, തബല, ഓടക്കുഴൽ തുടങ്ങിയ സംഗീതോപകരണങ്ങളെല്ലാം പാ ശ്ചാത്യ സംഗീതത്തിനൊപ്പം ഇടകലർത്തിയാണ് ചന്ദ്രൻ വനവാസ ത്തിന് സംഗീതമൊരുക്കിയത്. പുതുമയാർന്ന ഈ പരീക്ഷണം ഇംഗ്ലീഷ് തിയേറ്ററിൽ ഹിറ്റായി. ഇതോടെയാണ് താര ആർട്സ് ചന്ദ്രനെ സ്വന്തമാക്കുന്നത്. താളപ്പെരുക്കങ്ങളും തനിയാവർത്തനങ്ങളുമായി പിന്നെ ചന്ദ്രന്റെ കാലമായിരുന്നു യുറോപ്യൻ നാടകസംഗീതത്തിൽ. ജതീന്ദ്രവർമ സംഗീതസംവിധാനം ചെയ്ത ഗോഗോളിന്റ ഇൻസ്പെക്ടർ ജനറൽ, മോളിയറിന്റെ താർത്തൂഫ്, ട്രാൻഡോൻസ് ഡെത്ത്, ഈഡിപ്പസ്, ദി ലിറ്റിൽ സ്നേകാർട്ട് തുടങ്ങി ഷേക്സ്പിയറിന്റെ കുറേ നാടകങ്ങൾക്കും ചന്ദ്രൻ സംഗീതമൊരുക്കി. ലണ്ടൻ നാഷണൽ തിയേറ്റർ എന്ന ലോകത്ത പേരുകേട്ട തിയേറ്ററിലെ ആദ്യ മലയാളിയുമായി അദ്ദേഹം. ലിറ്റിൽ സ്നേകാർട്ടിൽ അഭിനേതാക്കളായി മുരളി മേനോനും കുക്കു പരമേശ്വരനും ഉണ്ടായിരുന്നു.

ഷേക്സ്പിയറിൻറ വെനീസിലെ വ്യാപാരി താരാ ആർട്സ് അവ തരിപ്പിച്ചപ്പോൾ അതിന് ചന്ദ്രനൊരുക്കിയ സംഗീതം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജൂത പശ്ചാത്തലമുള്ള കഥയ്ക്ക് ഇന്ത്യൻ സംഗീത മായിരുന്നു അകമ്പടി. പുല്ലാങ്കുഴലും സാക്സഫോണും യസ്തരാജും ഇ ടകലർന്ന് സദസ്സിൻറ മൗനത്തിനു മേൽ ലയിച്ചിറങ്ങിയപ്പോൾ അ ത് തിയേറ്ററിന് പുതിയ അനുഭൂതി ആയി.

അരങ്ങിലെ ഷേക്സ്പിയറിയൻ ഭാവങ്ങൾക്കുമേൽ ഹിന്ദുസ്ഥാനി യിലും കർണാട്ടിക്കിലും സ്വരസ്ഥാനങ്ങൾ മാറിമാറി പടർന്നു. ഒരു ഉൾനാടൻ മലയാള ഗ്രാമത്തിന്റെ ഗൃഹാതുരഗീതം ഹൃദയത്തിലേറ്റു വാങ്ങിയ സദസ്സ് നാടകാന്തം അഭിനന്ദനങ്ങൾ കൊണ്ട് ചന്ദ്രനെ പൊതിഞ്ഞു. ദ ടേസ്റ്റ് ഫോർ മാംഗോ എന്ന നാടകത്തിന് മുഗൾ കാലത്തിന്റെ സംഗീതം നൽകിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ സംഗീതം പശ്ചാത്തലമാക്കി അതിൽ യുറോപ്പിന്റെ താളംകുടി ഇടകലർത്തുക എന്ന ചന്ദ്രന്റെ പരീക്ഷണങ്ങളുടെ വിജയമായിരുന്നു അത് രണ്ടും. പ്രകൃതിയിൽ നിന്ന് സംഗീതം പഠിച്ചതിന്റെ ആത്മധൈര്യമാണ് ദേശാന്തരങ്ങൾ താണ്ടുമ്പോഴും പരീക്ഷണങ്ങൾക്ക് തനിക്ക് ധൈര്യം പകരുന്നതെന്ന് ചന്ദ്രൻ.

ഈ ആത്മധൈര്യംകൊണ്ടാണ് യിങ് ഫോർ ഗോദോയ്ക്ക് ഒരു തീം മ്യൂസിക് തിരഞ്ഞു നടന്ന സ്വീഡിഷ് സംവിധായകൻ സ്റ്റേപ്പോലു തിലെയ്ക്ക് പപ്പായ തണ്ടിൽ തുളകളുണ്ടാക്കി അതിൽ കുരിയില ചുരുട്ടിക്കയറ്റി ഷഹനായി പോലെ വായിച്ചു കേൾപ്പിക്കാൻ ചന്ദ്രനെ പ്രേരിപ്പിച്ചത്. പപ്പായ തണ്ടിന്റെ സംഗീതം സ്റ്റെപ്പോയ്ക്ക് ആഹ്ലാദത്തക്കാളേറെ അമ്പരപ്പാണ് സമ്മാനിച്ചത്.

നാട്ടിൻപുറത്തിന്റെ നിരാമയമായ ജീവിതത്തിന്റെ സാരള്യമാണ് ചന്ദ്രൻ സംഗീതം. തെയ്യത്തിന്റെയും തിറയുടെയും ചടുല സംഗീതമാണ് ചന്ദ്രന്റെ ബാല്യത്തിന്റെ താളം. കഥകളി കലാകാരനും തായമ്പക വിദഗ്ധനുമായിരുന്നു അച്ഛൻ കോരപ്പൻ. കർണാടക സംഗീതം പഠിച്ച അമ്മ അമ്മാളുക്കുട്ടിയായിരുന്നു ആദ്യഗുരു. അമ്മാവൻ തെയ്യൻ ആശാന്റെ കൂടെ ഭജനയ്ക്കു പോകുമ്പോഴാണ് താളപ്പെരുക്കവും തനിയാവർത്തനവും പഠിച്ചത്. വീട്ടിൽ ചെമ്പുപാനി കമിഴ്ത്തിവെച്ച് ഒരാവർത്തികൂടി അതു വായിച്ചു. പന്ത്രണ്ടാം വയസ്സിലാണ് നാട്ടിൻപുറത്തെ നാടക വേദിയിൽ തബല വായിച്ചുതുടങ്ങിയത്. ചേട്ടന്മാർ പാട്ടുകാരായപ്പോൾ അവർക്ക് പകരം സംഗീത വിഭാഗത്തിന്റെ മേലാളായി. 82-ൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന് ഞെരളത്ത് രാമപ്പൊതുവാളിനു കീഴിൽ സംഗീതം പഠിച്ചു. അവിടുന്ന് ശങ്കരപ്പിള്ളയുടെ പെരുങ്കാലൻ എന്ന നാടകത്തിന് സംഗീതം ചെയ്യാൻ അവസരം കിട്ടി. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റിൽ തിയേറ്റർ എന്ന കൾട്ടിൽ. താരയുമായി ചേർന്ന് യൂറോപ്പിലേക്കുള്ള കൂടുമാറ്റമായിരുന്നു പിന്നീട്.

പാരീസിലെ ടൂറിങ് നാടകസംഘമായ ഫുട്ബാനിൽ 94ലാണ് ചന്ദ്രനെത്തുന്നത്. അവരുടെ ഒഡീസി നാടകത്തിനായി ലോകം മുഴുവൻ സഞ്ചരിച്ച് അഭിനേതാക്കളെയും അണിയറക്കാരെയും തിരഞ്ഞെടുക്കുമ്പോഴാണ് ചന്ദ്രനും അവസരം കിട്ടിയത്. ഒഡീസി ഫ്രാൻസിലും സ്പെയിനിലും ഇംഗ്ലണ്ടിലും വലിയ വിജയമായിരുന്നു. ചന്ദ്രന്റെ സംഗീതവും ശ്രദ്ധിക്കപ്പെട്ടു. ഫുട്ബാനൊപ്പം 28ലേറെ രാജ്യങ്ങളിലായി ചന്ദ്രൻ നാടുചുറ്റി. സ്പെയിൻ, ഇറ്റലി, അയർലൻഡ്, തുർക്കി, ഈജിപ്ത് എന്നു തുടങ്ങി ആ പട്ടിക അങ്ങനെ നീളുന്നു.

തോറ്റംപാട്ടിന്റെയും സിത്താർ, ചെണ്ട, തകിൽ തുടങ്ങിയ ഉപകരണങ്ങളുടെയും സാധ്യതകൾ യൂറോപ്യൻ നാടകങ്ങളുടെ ആത്മാവിന് ചേരുംവിധം സമന്വയിപ്പിച്ചതാണ് ചന്ദ്രൻ വിജയം. നാഷണൽ തിയേറ്ററിലെ നാടകങ്ങൾക്ക് പൂർണത നല്ലുന്നത് ചന്ദ്രന്റെ സംഗീതമാണെന്ന് 2005ൽ ലണ്ടൻ ടെംസ് എഴുതിയിരുന്നു. ഇന്ത്യൻ രീതിയിൽ ഉറച്ചുനിന്ന് താൻ നടത്തിയ പരീക്ഷണങ്ങൾ എല്ലാ രാജ്യങ്ങളിലേയും പ്രേക്ഷകർ ഒരുപോലെ സ്വീകരിച്ചതായി ചന്ദ്രൻ പറയുന്നു. നാട്ടുദേവതകളെ തോറ്റിയുണർത്തുന്ന താളമാണ് ചന്ദ്രൻ സംഗീതത്തിന്റെ ആത്മാവ്. അതൊരുകുലസ്മൃതിയുടെ സംഗീതമാണ്.

ഷേക്സ്പിയറുടെ മിഡ്സമ്മർ നെറ്റ്സ് ഡ്രീം ആണ് ഫുട്ബാനുമായി അവസാനം ചന്ദ്രൻ സഹകരിച്ച നാടകം. സ്ഥിരം ശൈലിയിൽ നിന്നുള്ള ഒരു മാറ്റമാണ് ബയോസ്കോപ്പിന്റെ പശ്ചാത്തല സംഗീതത്തിൽ വരുത്തിയത്. സാക്സഫോണും നാഗസ്വരവും പതിവു ടോൺ മാറ്റി ഉപയോഗിക്കുകയായിരുന്നു. യൂറോപ്യൻ നാടകവേദിയിലെ അനുഭവങ്ങളും പരമ്പരാഗത സംഗീതവും ചേർത്ത് മലയാള ചലച്ചിത്രങ്ങൾക്ക് പ ശ്ചാത്തലമൊരുക്കാനായിരുന്നു ചന്ദ്രന്റെ ശ്രമം. ദൃഷ്ടാന്തം, ഒറ്റക്കൈയൻ, തകരച്ചെണ്ട, ഗലീലിയോ എന്നീ ചിത്രങ്ങൾക്കും പശ്ചാത്തല സംഗീതമൊരുക്കിയത് ചന്ദ്രനാണ്.

തിരുവനന്തപുരം വഴി പാരീസിലേക്കും തിരിച്ച് നരിക്കുനിയിലെ നാട്ടിടവഴിയിലേക്കും ചന്ദ്രന്റെ സംഗീതം ഒരുപോലെ ഒഴുകിപ്പരക്കുന്നു. നരി ക്കുനിയുടെ നാട്ടുതാളങ്ങൾകൊണ്ട് പാരീസിനെയും പാരീസ് എന്ന വിളിപ്പേരുകൊണ്ട് നരിക്കുനിയെയും ഒരുപോലെ രമിപ്പിച്ചു, അയാൾ.

(പുനഃപ്രസിദ്ധീകരണം)

Content Highlights: music director paris chandran passed away remembering paris chandran's music

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022

Most Commented