വഴിത്തിരിവായ ഗരുഡ ഗമന ഋഷഭ വാഹന, മലയാളഗാനമില്ലാതെ ആദ്യ മലയാളചിത്രം | മിഥുന്‍ മുകുന്ദന്‍ INTERVIEW


അഞ്ജയ് ദാസ്. എന്‍.ടി

കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ചെറുപ്പക്കാരന്‍ എങ്ങനെ കന്നഡ സിനിമയിലെത്തി? ആദ്യ മലയാളചിത്രത്തില്‍ മലയാളഗാനങ്ങളൊന്നും ഇല്ലാതിരുന്നതെങ്ങനെ? എല്ലാത്തിനുമുള്ള ഉത്തരം മിഥുന്‍ തന്നെ പറയും.

സം​ഗീത സംവിധായകൻ മിഥുൻ മുകുന്ദൻ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

മാസ് മസാലകളില്‍ തങ്ങിനിന്നിരുന്ന കന്നഡ സിനിമാ മേഖലയില്‍ 2017-ല്‍ ഒരു പുതുമുഖചിത്രം ബോക്‌സോഫീസില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഒണ്ടു മൊട്ടേയ കഥേ എന്ന ആ ചിത്രത്തിലൂടെ രണ്ടുപേര്‍ ഉദയം ചെയ്തു. സംവിധായകനും നടനുമായ രാജ് ബി ഷെട്ടിയും സംഗീതസംവിധായകന്‍ മിഥുന്‍ മുകുന്ദനും. രാജ് ബി ഷെട്ടിയുടെ തന്നെ രണ്ടാം ചിത്രമായ ഗരുഡ ഗമന ഋഷഭ വാഹനയിലൂടെ കന്നഡയിലെ മുന്‍നിര സംഗീതസംവിധായകരുടെ കൂട്ടത്തിലേക്കും പിന്നെ മിഥുന്‍ എത്തി. റോഷാക്കിലൂടെ മലയാളത്തിലേക്കും വരവറിയിച്ചു മിഥുന്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ചെറുപ്പക്കാരന്‍ എങ്ങനെ കന്നഡ സിനിമയിലെത്തി? ആദ്യ മലയാളചിത്രത്തില്‍ മലയാളഗാനങ്ങളൊന്നും ഇല്ലാതിരുന്നതെങ്ങനെ? എല്ലാത്തിനുമുള്ള ഉത്തരം മിഥുന്‍ തന്നെ പറയും.

കേരളത്തില്‍ അധികം താമസിച്ചിട്ടില്ലഅച്ഛന്റേയും അമ്മയുടേയും തറവാട് കണ്ണൂര്‍ അഴീക്കോടാണ്. കേരളത്തില്‍ ഞാനങ്ങനെ അധികം ജീവിച്ചിട്ടില്ല. കാരണം ഞാന്‍ ഖത്തറിലായിരുന്നു. 20 വര്‍ഷം അവിടെയായിരുന്നു. പിന്നെ പഠിക്കാനൊക്കെയായി മംഗലാപുരത്തേക്ക് വന്നു. പിന്നെ ബെംഗളൂരുവിലേക്ക് മാറി. പിന്നെ ചാച്ചനും അമ്മയും കണ്ണൂര്‍ ടൗണിനടുത്ത് പുതിയാപ്പറമ്പ് എന്ന സ്ഥലത്താണ്് വീടുവെച്ചിരിക്കുന്നത്. അവര്‍ രണ്ടുപേരും ഇപ്പോളും ഖത്തറിലാണ്. സഹോദരിയുണ്ട്, കുടുംബവുമൊത്ത് ബെംഗളൂരുവില്‍ താമസിക്കുന്നു.

കന്നഡ സിനിമയിലേക്കുള്ള വരവ്

കന്നഡ സിനിമയിലേക്ക് എന്നതിലുപരി സിനിമയില്‍ വരണമെന്നായിരുന്നു ആഗ്രഹം. മലയാളത്തില്‍ വരണമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ സിനിമാമേഖലയില്‍ എവിടേയും പരിചയക്കാരൊന്നുമുണ്ടായിരുന്നില്ല. മംഗലാപുരത്ത് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സംഗീത സംവിധായകന്റെ ചെറിയ ഒരു സ്റ്റുഡിയോയില്‍ രണ്ടാഴ്ചത്തെ പ്രോജക്റ്റ് ചെയ്യാനാണ് ആദ്യമായി ബെംഗളൂരുവില്‍ വരുന്നത്. പിന്നെ അവിടെ നിന്ന് പരിചയപ്പെട്ട ആള്‍ക്കാരില്‍ നിന്ന് ഒരു ബാന്‍ഡില്‍ ചേര്‍ന്നു. ആഭാ ഹഞ്ചൂറയുടെ 'സൂഫിസ്റ്റിക്കേഷന്‍' ആയിരുന്നു അത്. ഇക്കൂട്ടത്തിലുള്ള സംഗീതജ്ഞര്‍ വഴിയാണ് എന്റെ ആദ്യസിനിമയുടെ സംവിധായകനെ പരിചയപ്പെട്ടത്. ആഭാ ഹഞ്ചൂറയും സംഘവും ഇപ്പോഴും ഉഷാറായി പരിപാടികള്‍ നടത്തുന്നുണ്ട്. ഞാന്‍ സിനിമയിലെ തിരക്കുകള്‍ കാരണം അതില്‍ നിന്ന് മാറിയിരിക്കുകയാണ്. നാലഞ്ച് കൊല്ലം ആ ബാന്‍ഡിലുണ്ടായിരുന്നു ഞാന്‍.

കഹി, ശ്രീനിവാസ കല്യാണം, ഒണ്ടു മൊട്ടേയ കഥേ

അരവിന്ദ് ശാസ്ത്രിയാണ് ആദ്യമായി പരിചയപ്പെട്ട സംവിധായകന്‍. അദ്ദേഹത്തിനൊപ്പം കഹി എന്ന സിനിമയാണ് ചെയ്തത്. ശ്രീനിവാസ കല്ല്യാണം ആയിരുന്നു രണ്ടാമത്തെ ചിത്രം. കഹിയുടെ ആദ്യ ട്രെയിലര്‍ കണ്ടിട്ടാണ് രാജ് ബി ഷെട്ടി ഒണ്ടു മൊട്ടേയ കഥേയിലേക്ക് ക്ഷണിച്ചത്. അതെന്റെ മൂന്നാമത്തെ സിനിമയായിരുന്നു. ഈ സിനിമയാണ് മലയാളത്തില്‍ തമാശ എന്ന പേരില്‍ വന്നത്. എല്ലാം തുടക്കക്കാര്‍, ചെറിയ ബഡ്ജറ്റില്‍ ചെയ്ത സിനിമകളായിരുന്നു. ഒണ്ടു മൊട്ടേയ കഥേ ഹിറ്റായതോടെയാണ് നാലാള്‍ അറിഞ്ഞുതുടങ്ങിയത്. പിന്നെ പുനീത് രാജ്കുമാറിന്റെ നിര്‍മാണത്തിലുള്ള മായാ ബസാര്‍ എന്ന പടം ചെയ്തു. അതും നല്ലൊരു വിജയമായി. പിന്നെ വേറെയും സിനിമകള്‍ ചെയ്തു.

കന്നഡയിലെ 'ഷെട്ടി' ഗ്യാങ്ങില്‍ എത്തിയോ?

എന്റെ പതിനൊന്നാമത്തെ ചിത്രമായിരുന്നു ഗരുഡ ഗമന ഋഷഭ വാഹന. അത് രാജ് ബി ഷെട്ടിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു. ശരിക്ക് ഞാനും രാജ് ബി ഷെട്ടിയുമൊക്കെയാണ് ഗ്യാങ് എന്ന് പറയുന്നത്. രക്ഷിത് ഷെട്ടിയേയും റിഷഭ് ഷെട്ടിയേയും പിന്നെയാണ് പരിചയപ്പെടുന്നത്. ഒണ്ടു മൊട്ടേയ കഥ വന്നതിന് ശേഷമാണ് രക്ഷിതും റിഷഭും ഞങ്ങളേക്കുറിച്ച് അറിയുന്നത്. പിന്നെ രാജ് മറ്റ് രണ്ടുപേരുമായി ചേര്‍ന്ന് 777 ചാര്‍ലി പോലുള്ള പടങ്ങളൊക്കെ ചെയ്തു. ഗരുഡ ഗമനയില്‍ പ്രവര്‍ത്തിച്ചപ്പോഴാണ് റിഷഭുമായി പരിചയമായത്.

പുത്തന്‍ കാലത്തെ ശിവതാണ്ഡവം

ഗരുഡ ഗമനയിലെ പാട്ടുകളുടെ കണ്‍സെപ്റ്റ് രാജ് ബി ഷെട്ടി പറഞ്ഞുതന്നിരുന്നു. സോജുഗാഡാ സോജുമല്ലിഗേ കര്‍ണാടകയിലെ പ്രശസ്തമായ ഒരു നാടന്‍പാട്ടാണ്. എന്റെ അറിവ് ശരിയാണെങ്കില്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാട്ടാണ്. പലരും അവരുടേതായ രീതിയില്‍ അതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. സത്യത്തില്‍ വളരെ ശാന്തമായ പാട്ടാണിത്. നമ്മുടെ ഈ പതിപ്പ് ഒഴികെ വേറെ ഏത് കേട്ടാലും വളരെ ശാന്തമായ പാട്ടാണ്. ശിവനെ ശാന്തനാക്കാനുള്ള പാട്ടാണ്. മല്ലിപ്പൂവ് പോലെ മഴ നിങ്ങളുടെ ശിരസിലേക്ക് വീഴുന്നു, ശാന്തനാവൂ എന്ന് പ്രകൃതി തന്നെ ശിവനോട് പറയുന്ന ആശയത്തില്‍ നിന്നാണ് ആ പാട്ട് വന്നത്. ചന്ദ്രചൂഡയുടേയും സോജുഗാഡായുടേയും സീന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ത്തന്നെ സംഭവം തീവ്രതനിറഞ്ഞതായിരിക്കുമെന്ന് മനസിലായിരുന്നു. രാജ് തന്നെയാണ് സിനിമാ ചര്‍ച്ചകള്‍ക്കിടെ നാടന്‍പാട്ടിനേക്കുറിച്ചും അത് പടത്തില്‍ ഉപയോഗിച്ചാല്‍ ആ സീനിന് യോജിക്കുമെന്നും പറഞ്ഞത്. രാജ് പറഞ്ഞപ്പോഴാണ് പാട്ടുകളുടെ അര്‍ത്ഥവും ശരിക്ക് മനസിലായത്. കഴുത്തില്‍ രുദ്രാക്ഷം ധരിച്ച നീ തന്നെയാണ് ഏറ്റവും ഉന്നതനായ വൈഷ്ണവന്‍ എന്ന് ശിവനേക്കുറിച്ച് മഹാവിഷ്ണു തന്നെ പറയുന്ന ഒരു വരി ആ പാട്ടിലുണ്ട്. അതുവരെ പാവമായിരുന്ന ഒരാളുടെ ഉഗ്രരൂപത്തിലേക്കുള്ള മാറ്റമാണ് സോജുഗാഡാ എന്ന പാട്ട്.

ഗരുഡ ഗമന വഴി റോഷാക്കിലേക്ക്

നിസാം ബഷീറും ഞാനുമായി മുന്‍പ് ഒരു പരിചയവുമില്ല. കെട്ട്യോളാണെന്റെ മാലാഖയേക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ട്. അന്ന് കണ്ടിരുന്നില്ല. നിസാമിന്റെ വിവാഹം നടക്കുന്ന സമയത്താണ് ഗരുഡ ഗമനയുടെട്രെയിലര്‍ ഇറങ്ങുന്നത്. അന്ന് ആരോ പറഞ്ഞറിഞ്ഞതാവാം, നിസാം അതുകണ്ടു. പടം ആദ്യദിവസം കൊച്ചിയില്‍ വെച്ച് അദ്ദേഹം കണ്ടു. കണ്ട ഉടനെ റോഷാക്കിന്റെ തിരക്കഥാകൃത്ത് സമീറിനെ വിളിച്ചുപറഞ്ഞു ഇങ്ങനെയൊരാളുണ്ട്, കേട്ടിട്ട് മലയാളിയാണെന്ന് തോന്നുന്നു, നമ്മുടെ പുതിയ പടത്തിന് പറ്റുമെന്ന്. എല്ലാം ഒരു നിമിത്തംപോലെ തോന്നുന്നു.

മലയാളത്തിലെത്താന്‍ വൈകിയോ?

ഒരിക്കലുമില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ എന്നുപറഞ്ഞത് തന്നെയാണ് എന്റെ അനുഭവം. മുമ്പ് മലയാളത്തില്‍ ഞാനൊരു പടം ചെയ്തിരുന്നു. ഒരു കുമ്പസാര രഹസ്യം എന്ന സിനിമയായിരുന്നു അത്. അന്നത് അത്യാവശ്യം ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. അതായിരുന്നു മലയാളത്തില്‍ ആദ്യം ചെയ്തത് എന്ന് പറയാവുന്നത്. അന്നുമുതലേ പലരും മലയാളത്തില്‍ നിന്ന് വിളിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷേ പല കാരണങ്ങള്‍കൊണ്ട് ഒന്നും അങ്ങോട്ട് വര്‍ക്കൗട്ടായില്ല. പിന്നെ ഒരു മമ്മൂട്ടി പടം ചെയ്തുകൊണ്ട് മലയാളത്തില്‍ തുടങ്ങണമെന്നതായിരിക്കാം എന്റെ തലയില്‍ വരച്ചത്. അത് ഇത്രയും നല്ലരീതിയില്‍ ആളുകള്‍ ഇഷ്ടപ്പെട്ട സിനിമയിലൂടെ വരാന്‍ പറ്റിയതില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുണ്ട്.

റോഷാക്കിലെ പാട്ടുകള്‍

റോഷാക്കിന്റെ എല്ലാ മേഖലകളെയുമെന്നപോലെ മ്യൂസിക്കിനേക്കുറിച്ചും നിസാമിന് നല്ല ബോധ്യമുണ്ടായിരുന്നു. ഇന്ന ടൈപ്പ് ഴോണര്‍ വേണമെന്ന് പറഞ്ഞിരുന്നില്ല. എനിക്ക് പരിമിതികളുമുണ്ടായിരുന്നില്ല. ഏതൊരു സംവിധായകന്റെ കൂടെ ജോലി ചെയ്യുമ്പോഴും അതിന്റേതായ സമയം ഞാനെടുക്കാറുണ്ട്. പിന്നെ കഥ കാണുമ്പോള്‍ സംഗീതജ്ഞന്‍ എന്ന നിലയില്‍ നമുക്കും ചില കാര്യങ്ങള്‍ തോന്നുമല്ലോ. എന്റെ സഹജമായ വാസനയും നിസാമിന്റെ കാഴ്ചപ്പാടും യോജിക്കുന്ന പോയിന്റിലെത്തിക്കാനുള്ള റിസര്‍ച്ച് നടന്നു എന്നുപറയാം. അതെല്ലാം മനസിലാക്കിയാണ് പടം ചെയ്തത്. വളരെ ശ്രദ്ധിച്ചാണ് ചെയ്തത്. അവിടെയെല്ലാം നിസാമിന്റെ സംഭാവനകളുണ്ടായിരുന്നു. എല്ലാത്തിലും അദ്ദേഹത്തിന്റെ മേല്‍നോട്ടമുണ്ടായിരുന്നു. എന്നാല്‍ എന്നെ ഒന്നിലും തടഞ്ഞുമില്ല. ട്രെയിലറിലെ സംഗീതം മൂന്ന് തവണയാണ് മാറ്റി ചെയ്തത്.

പുതുചിത്രങ്ങളുമായി തിരക്കേറുന്നു

വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന പൂവന്‍ ആണ് മലയാളത്തില്‍ പുതിയ ചിത്രം. റോഷാക്കില്‍ നിന്നും തികച്ചും വ്യത്യസ്തമായ പാട്ടുകളായിരിക്കും ഇതില്‍. എന്റെ കരിയറില്‍ ഒരു മലയാളചിത്രത്തിനുവേണ്ടി ആദ്യമായി മലയാളം പാട്ട് ചെയ്യുന്നത് പൂവന് വേണ്ടിയാണ്. കാരണം റോഷാക്കില്‍ മലയാളം പാട്ടുകള്‍ ഉണ്ടായിരുന്നില്ല. അതിന്റെയൊരു എക്‌സൈറ്റ്‌മെന്റുണ്ട്. പിന്നെ കന്നഡയില്‍ രാജ് ബി ഷെട്ടി സംവിധാനം ചെയ്ത് നായകനാവുന്ന 'സ്വാതി മുത്തിന മലേ ഹണിയേ' എന്ന പടമുണ്ട്. ആദ്യ മഴയിലെ മുത്തുപോലിരിക്കുന്ന മഴത്തുള്ളിയേ എന്നാണ് ഇതിന്റെ അര്‍ത്ഥം. രാജിന്റെ ആദ്യ രണ്ട് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി വളരെ വൈകാരികമായ പ്രണയകഥയാണ്. രമ്യ എന്ന ദിവ്യസ്പന്ദന കുറേക്കാലത്തിന് ശേഷം നായികയായി അഭിനയിക്കുന്ന ചിത്രംകൂടിയാണിത്.

Content Highlights: music director midhun mukundan interview, garuda gamana vrishabha vahana, rorschach songs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented