അച്ഛനാകാൻ പോകുന്ന സന്തോഷം അറിഞ്ഞയുടനെ ചെയ്ത പാട്ട്, മകന് ഏറെ പ്രിയപ്പെട്ട 'അലരേ'; കൈലാസ് പറയുന്നു


ശ്രീലക്ഷ്മി മേനോൻ/ sreelakshmimenon@mpp.co.in

യാദൃശ്ചികമായാണ് അയ്റാന്റെ ആ ​ഗാനം ഞാൻ കേൾക്കാനിടയായത്. ആ ശബ്ദം ഭയങ്കര ഇഷ്ടമായി. ഈ ഹൃദയത്തിൽ നിന്നു പാടുക എന്ന് പറയില്ലേ. അങ്ങനെയൊരു ഫീൽ.

Photo | Facebook, Kailas Menon

ചുരുക്കം ​പാട്ടുകളേ ചെയ്തിട്ടുള്ളൂവെങ്കിലും അവ ഹിറ്റ് ചാർട്ടിൽ കയറ്റിയ സം​ഗീത സംവിധായകരിൽ ഒരാളാണ് കൈലാസ് മേനോൻ. തീവണ്ടിയിലെ ജീവാംശമായ് താനേയിൽ തുടങ്ങിയ ആ ഹിറ്റ് യാത്ര എടക്കാട് ബറ്റാലിയനിലെ നീ ഹിമമഴയായും കടന്ന് ഇപ്പോഴിതാ മെമ്പർ രമേശൻ ഒമ്പതാം വാർഡിലെ 'അലരേ'യിൽ എത്തി നിൽക്കുന്നു. ശബരീഷ് വർമയുടെ വരികൾക്ക് കൈലാസ് ഈണം നൽകി നിത്യ മാമനും അയ്റാനും ചേർന്ന് ആലപിച്ച ഈ പ്രണയ​ഗാനം പ്രേക്ഷകർ നെഞ്ചോട് ചേർക്കുമ്പോൾ കൈലാസ് പറയുന്ന ഏറെ സ്പെഷ്യലായ 'അലരേ'യെക്കുറിച്ച്

അലരേ ഏറെ സ്പെഷ്യൽ

എന്റെ ഭാര്യ അന്നപൂര്‍ണ ​ഗർഭിണി ആണെന്നറിഞ്ഞതിന്റെ പിന്നാലെയാണ് ഞാൻ 'അലരേ' കമ്പോസ് ചെയ്യുന്നത്. അങ്ങനെയൊരു വലിയ സന്തോഷമറിഞ്ഞതിന്റെ പുറത്ത് ആദ്യമായി ചെയ്ത പാട്ടാണ്. അത് ആദ്യം കേൾപ്പിക്കുന്നതും പുള്ളിക്കാരിയെ ആണ്. അന്നേരം നമുക്ക് ഉള്ളിന്റെഉള്ളിൽ ഒരു തോന്നൽ ഉണ്ടാകുമല്ലോ കുഞ്ഞും അത് കേൾക്കുന്നുണ്ടെന്ന്. മോന് ഇപ്പോൾ ആറ് മാസമായി. പാട്ട് റിലീസാവുന്നതിന് മുമ്പും അവൻ ആ പാട്ട് കേൾക്കുന്നുണ്ടായിരുന്നു. ആ പാട്ട് കേട്ട് കേട്ടാണ് അവൻ ഉറങ്ങുന്നത് തന്നെ.

വരികളാണ് പ്രധാനം

പാട്ട് ചെയ്യുമ്പോൾ അതിലെ വരികൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. ​ഗാനരചയിതാക്കളുമായി ഒന്നിച്ചിരുന്ന് ചർച്ച ചെയ്യാറുണ്ട്. ചില വാക്കുകളാണ് ഓരോ പാട്ടുകൾക്കും ഭം​ഗിയേകുന്നത്. ഉദാഹരണത്തിന് 'നീ ഹിമമഴയായ്' എന്ന പാട്ടിൽ 'അകമേ' എന്ന വാക്ക്.. അത് തുറന്ന് പാടേണ്ട ഭാ​ഗമാണ്. അവിടേ അകമേയ്ക്ക് പകരം വേറെ വാക്കാണെങ്കിൽ ആ ഭം​ഗി ലഭിക്കില്ല. വരികൾ നന്നായാൽ മാത്രമേ അത് എന്നെന്നും മൂളിനടക്കുന്ന ഒരു പാട്ടായി മാറുള്ളൂ. എനിക്ക് അങ്ങനത്തെ പാട്ടുകൾ ചെയ്യാനാണ് താത്‌പര്യവും. എത്ര വർഷം കഴിഞ്ഞാലും ആളുകൾ ഇഷ്ടപ്പെടുന്ന പാട്ടുകൾ ചെയ്യണം. ചിലപ്പോൾ വർഷങ്ങൾ കഴിഞ്ഞാലാകും നമ്മൾ അർഹിക്കുന്ന അം​ഗീകാരം ലഭിക്കുക. അത്തരം ​ഗാനങ്ങൾ ചെയ്യാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്.

ഹൃദയത്തിൽ നിന്നും പാടുന്ന ഗായകൻ

അയ്റാൻ എന്ന പുതിയൊരു ​ഗായകനാണ് 'അലരേ'യിലെ ഒരു ശബ്ദം. സത്യത്തിൽ ഇത് അയ്റാന്റെ ആദ്യ ​ഗാനമല്ല. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ 'തൂ ഹീ റാണി' എന്ന ​ഗാനം പാടിയിരിക്കുന്നത് അയ്റാൻ ആണെന്ന് അധികമാർക്കും അറിയില്ല. യാദൃശ്ചികമായാണ് അയ്റാന്റെ ആ ​ഗാനം ഞാൻ കേൾക്കാനിടയായത്. ആ ശബ്ദം ഭയങ്കര ഇഷ്ടമായി. ഈ ഹൃദയത്തിൽ നിന്നു പാടുക എന്ന് പറയില്ലേ. അങ്ങനെയൊരു ഫീൽ. അങ്ങനെ ആ ​ഗായകനെ തപ്പിയെടുത്ത് അങ്ങോട്ട് മെസേജ് അയച്ചു, കൂടുതൽ പാട്ടുകൾ അയച്ചു തരാൻ പറഞ്ഞു. എന്നിട്ടാണ് ഈ പാട്ടിനായി അയ്റാന്റെ ശബ്ദം ഒന്ന് നോക്കാം എന്ന് കരുതിയത്. പക്ഷേ അയ്റാൻ പാടിയത് കേട്ടപ്പോൾ അത്രമേൽ ഇഷ്ടമായി. ഓരോ വാക്കിനും അതിന്റേതായ ഭാവം നൽകിയും പ്രാധാന്യം നൽകിയും അത്രമേൽ മനോഹരമായാണ് അയ്റാൻ പാടിയത്. അതോടെയാണ് അയ്റാൻ അലരേയുടെ ഭാ​ഗമായത്.

നിത്യയുടെ അടുത്ത ഹിറ്റ്

അയ്റാനുമായി ചേർന്ന് പോകുന്ന പെൺശബ്ദമായിരുന്നു എനിക്കാവശ്യം, അതുപോലെ ഹൃദയത്തിൽ നിന്ന് പാടുന്ന ​ഗായികയെ. നിത്യ 'ഹിമമഴ' പാടിയത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. പക്ഷേ എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്. ഒരു ​ഗായിക/​ഗായകൻ ഒരു ഹിറ്റ് ​ഗാനം പാടിയാലും രണ്ടാമതൊരു ഹിറ്റ് കൂടി വന്നാലേ ആ പാട്ടുകാരനെ ആളുകൾ ശ്രദ്ധിക്കൂ. ജീവാംശമായി ഹിറ്റായതിന് പിന്നാലെ 'പവിഴ മഴ' വന്നപ്പോഴാണ് ഹരിശങ്കർ ഹിറ്റ് ​ഗായകനായി മാറിയത്. രണ്ടാമത്തെ ഹിറ്റിന് വലിയ പ്രാധാന്യമുണ്ട്. ഹിമമഴ പുറത്തിറങ്ങിയ സമയത്ത് കുറേ പേർ തെറ്റിദ്ധരിച്ചിട്ടുണ്ട് അത് പാടിയത് ശ്രേയ ഘോഷാലാണെന്ന്. നമ്മൾ കൊണ്ടുവരുന്ന ഒരു ​ഗായികയെ/​ഗായകനെ ഒരു പാട്ടിൽ മാത്രം നിർത്താതെ അവിടെ നിലനിർത്തണം എന്ന് ആ​​ഗ്രഹിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടാണ് നിത്യയെ ഈ പാട്ടിന്റെ ശബ്ദമായി തിരഞ്ഞെടുത്തത്. പക്ഷേ അതിന് മുമ്പ് തന്നെ പോയ വർഷത്തെ മികച്ചൊരു ഹിറ്റ് ​ഗാനം നിത്യയ്ക്ക് ലഭിച്ചിരുന്നു. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ 'വാതിക്കല് വെള്ളരിപ്രാവെ'ന്ന ​ഗാനം. അതോടെ നിത്യ ശ്രദ്ധിക്കപ്പെട്ടു.

ഏറെ പ്രിയപ്പെട്ട ഹിമമഴ

എല്ലാവരും ജീവാംശത്തെക്കുറിച്ചാണ് ഏറെ സംസാരിക്കാറുള്ളതെങ്കിലും എനിക്കേറ്റവും പ്രിയപ്പെട്ട ​ഗാനം 'നീ ഹിമമഴയായ് വരൂ' എന്നതാണ്. കുറച്ച് കൂടി ​ഗാഢമായ പ്രണയം ആ പാട്ടിലുണ്ട്. വർഷങ്ങളായുള്ള പ്രണയത്തിന്റെ ഒരു വിശുദ്ധിയാണ് ജീവാംശമായി എന്ന പാട്ടിലുള്ളത്. എന്നാൽ വളരെ ​ഗാഢമായ ഒരു പ്രണയം, വരാൻ പോകുന്ന വലിയ വേദന എല്ലാം ഉൾക്കൊണ്ട പാട്ടാണ് ഹിമമഴ. ഒളിഞ്ഞിരിക്കുന്ന ഒരു വേദനയുണ്ടതിൽ. അത്തരം വാക്കുകളും ആ ​ഗാനത്തിലുണ്ട്. അത് മനപൂർവം ഉപയോ​ഗിച്ചതാണ്. 'അലരേ' അതുപോലെ തന്നെ വളരെ സന്തോഷകരമായ, ഹൃദ്യമായ ഫീൽ തരുന്ന ​ഗാനമാണ്. അതുപോലെ അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഫൈനൽസ് എന്ന ചിത്രമാണ് ഞാൻ ഓവറോൾ ചെയ്തതിൽ വച്ച് ഏറ്റവും ഇഷ്ടം. ബാക്​ഗ്രൗണ്ട് സ്കോറാവട്ടെ, പാട്ടുകളാവട്ടെ...ആ സിനിമ തന്നെ ഞാൻ ചെയ്തതിലേറെ ഇഷ്ടമുള്ള ഒന്നാണ്.

പുതിയ സം​ഗീത വിശേഷം

തീവണ്ടിയുടെ തെലുങ്ക് റീമേയ്ക്കിലൂടെ തെലുങ്കിൽ ആദ്യമായി പാട്ടൊരുക്കുകയാണ്. അതുപോലെ സിബി മലയിൽ സാറിന്റെ കൊത്ത് എന്ന ചിത്രമാണ് മറ്റൊന്ന്. ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവരാണ് താരങ്ങൾ. പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും സിബി സാറിന്റേത്. എന്റെയും വലിയൊരു സ്വപ്നമായിരുന്നു ഇത്. സം​ഗീതം പ്രൊഫഷനായി എടുക്കണമെന്ന് ഞാനാ​ഗ്രഹിച്ച സമയത്ത് ഒരുമിച്ച് ജോലി ചെയ്യണം എന്നാ​ഗ്രഹിച്ച സംവിധായകരിലൊരാളാണ് അദ്ദേഹം. ഒരുപാട് പഠിക്കാനാവും നമുക്ക്. നമ്മളോട് അടുത്ത് കഴിയുമ്പോൾ പഴയ സിനിമാ കഥകളൊക്കെ അദ്ദേഹം പറയും. എങ്ങനെ ഭരതം ഉണ്ടായി, ഹിസ് ഹൈനസ് അബ്ദുള്ള ഉണ്ടായി എന്നൊക്കെ കേൾക്കുന്നത് ഭയങ്കര രോമാഞ്ചമുണ്ടാക്കുന്ന കാര്യമാണ്. അതൊരു വലിയൊരു അനുഭവമായിരുന്നു. നവാ​ഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന വാശി എന്ന സിനിമയാണ് മറ്റൊന്ന്. സൗബിൻ നായകനാവുന്ന കള്ളൻ ഡിസൂസയ്ക്ക് പശ്ചാത്തലസം​ഗീതം ചെയ്തിട്ടുണ്ട്. ഇതൊക്കെയാണ് പുതിയ സം​ഗീത​ വിശേഷങ്ങൾ.

Content Highlights : Music Director Kailas Menon Interview Member Rameshan Movie Song Alare

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented