‘മുന്തിരിവള്ളികൾ തളിർക്കുമ്പോളി’ന്റെ പ്രദർശന വിജയത്തെ കുറിച്ച് വന്ന ട്രോളുകളിലൊന്ന് ഇങ്ങനെ. മറ്റൊരു വെള്ളിമൂങ്ങ പ്രതീക്ഷിച്ച് മുന്തിരിവള്ളികൾ കാണാൻ ഒരിക്കലും പോകരുത്.... കാരണം അതുക്കും മേലെയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. സിനിമയിൽ ഛായാഗ്രാഹകനായി 12 വർഷം പ്രവർത്തിച്ചയൊരാൾ അപ്രതീക്ഷിതമെന്നോണം ഒരു സിനിമ സംവിധാനം ചെയ്യേണ്ടി വരിക. അത് ഹിറ്റാവുക.... രണ്ട് വർഷത്തിന് ശേഷം മറ്റൊരു ചിത്രം സംവിധാനം ചെയ്യുക. അതും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതോടെ ജിബു ജേക്കബ് എന്ന സംവിധായകൻ അംഗീകരിക്കപ്പെട്ടു തുടങ്ങി മുന്തിരിവള്ളികൾ തിയറ്ററുകളിൽ കൈയടി നേടി കുതിക്കുമ്പോൾ വൈപ്പിൻ ദ്വീപിലെ ഞാറക്കൽ പള്ളി മുറ്റത്ത് കൂട്ടുകാരോടൊപ്പം പതിവ് തമാശയും പറഞ്ഞിരിക്കുകയാണ് ജിബു ജേക്കബ്. വെള്ളിമൂങ്ങയുടെ വൻവിജയത്തിന് ശേഷവും ജിബു ഇവിടെ ഇങ്ങനെയൊക്കെ തന്നെയുണ്ടായിരുന്നു. 

മുന്തിരിവള്ളി ആദ്യ ഷോ എറണാകുളം പത്മ തീയേറ്ററിൽ കണ്ട ഭാര്യ ശ്രീജയ്ക്കും പറയാൻ മറ്റൊന്നില്ല. ജിബു റൊമാന്റിക്കല്ല, എന്നാൽ പ്രണയം മനസ്സിലുണ്ട്. ഏതൊരു പെണ്ണും തന്റെ ഭർത്താവ് തന്നെ എങ്ങനെ പ്രണയിക്കണം എന്നൊരു സ്വപ്‌നം കൊണ്ടു നടക്കുന്നുണ്ട്. ആ സ്വപ്‌നങ്ങളുടെ ചിത്രീകരണമാണീ സിനിമ. 

Read Review: പൂത്തുതളിര്‍ക്കുന്ന പ്രണയത്തിന്റെ മുന്തിരിവള്ളികള്‍

ആറാം ക്ലാസ് വിദ്യാർത്ഥിയായിരിക്കേ വീട്ടുകാരറിയാതെ സിനിമ കണ്ട് വളർന്ന ഞാറക്കൽ മെജസ്റ്റിക് തിയേറ്ററിൽ താൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തി ഏറെയാണെന്ന് ജിബു പറയുന്നു. 
എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമാണ് വെള്ളിമൂങ്ങയായി ചിറകടിച്ചുയർന്നത്.  ആദ്യത്തേതിന് കിട്ടിയത് അപ്രതീക്ഷിത വിജയം എന്നൊരു ധാരണ പൊതുവിൽ ഉണ്ടായി. അതുകൊണ്ടു തന്നെ രണ്ടാമത്തെ ചിത്രത്തിന്റെ വിജയം തനിക്ക് ഒരു അനിവാര്യതയായിരുന്നു. എത്ര നാളും കാത്തിരിക്കാനും തയ്യാറായിരുന്നു. വെള്ളിമൂങ്ങ പുറത്തിറങ്ങി ആറ് മാസം കഴിഞ്ഞപ്പോഴാണ് മുന്തിരിവള്ളികളുടെ നിർമാതാവായ സോഫിയ പോൾ വിളിക്കുന്നത്. സിന്ധുരാജിന്റെ തിരക്കഥയിൽ ഒരു മോഹൻലാൽ ചിത്രമുണ്ടെന്ന്. ആദ്യം സമ്മതം മൂളിയില്ല. ചിത്രം ചെയ്യാൻ തനിക്കൊരാത്മവിശ്വാസം ആവശ്യമായിരുന്നു.

Read More: ലാലേട്ടന് മാത്രമേ ഉലഹന്നാനാവാൻ പറ്റൂ: ജിബു ജേക്കബ്

സോഫിയ പോൾ ആവശ്യപ്പെട്ടതനുസരിച്ച് സിന്ധുരാജിനെ കണ്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വി.ജെ. ജെയിംസിന്റെ പ്രണയോപനിഷത് എന്ന ചെറുകഥയാണ് സിന്ധുരാജ് നൽകിയത്. അത് ഒരാവർത്തി വായിച്ച് കഴിഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു മിന്നലാട്ടം ഉണ്ടായി. ഉലഹന്നാന്റെ മനോവികാരങ്ങളിലൂടെയാണ് ഈ കഥ പറഞ്ഞ് പോകുന്നത്. അതിൽ അധികം കഥാപാത്രങ്ങളില്ല. വായിച്ചുകഴിഞ്ഞയുടൻ സിന്ധുരാജ് തന്നെ മറ്റൊരു മാസികയിൽ എഴുതിയ സ്കൂളിൽ പോയ പെൺകുട്ടി എന്ന ചെറുകഥ വായിക്കാൻ നൽകി. ഈ രണ്ടു കഥകളും ഭംഗിയായി സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു തിരക്കഥയാണ് പിന്നീട് രൂപം കൊണ്ടത്.  മോഹൻലാൽ പുലിമുരുകൻ, ഒപ്പം സിനിമകൾക്ക് ശേഷമാണ് ഈ സിനിമയ്ക്ക് തിയ്യതി നൽകിയിരുന്നത്. അതുകൊണ്ടാണ് ഇത്രയേറെ വൈകിയത്. ഷൂട്ടിംഗും മറ്റും രണ്ടര മാസം കൊണ്ട് പൂർത്തിയായി. 

jibu jacob

റിലീസിങ്‌ തിയ്യതിക്ക് തൊട്ടുമുൻപ് തുടങ്ങിയ സിനിമാസമരം വല്ലാതെ വേദനിപ്പിച്ചു. പക്ഷേ ഇപ്പോൾ ആലോചിക്കുമ്പോൾ എല്ലാം നല്ലതിനായിരുന്നു എന്നു തോന്നുന്നു. കുടുംബസദസ്സുകൾ ചിത്രം ഏറ്റെടുത്തതിനൊപ്പം ഒരു സംവിധായകന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്നു എന്ന അഭിപ്രായം കൂടുതൽ ആത്മവിശ്വാസം നൽകുന്നു.  പത്ത് ധ്യാനം കൂടിയ പ്രതീതിയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ കണ്ടപ്പോളെന്ന ട്രോൾ നൽകുന്ന വലിയ ഒരു സന്ദേശമുണ്ട്. സിനിമ രസിച്ചു തള്ളാൻ മാത്രമുള്ളതല്ല. വിവാഹമോചന കേസുകൾ ഏറുന്ന ഒരു കാലഘട്ടത്തിൽ നഷ്ടപ്പെട്ടു പോകുന്ന ദാമ്പത്യ പ്രണയത്തിന്റെ മാറ്റ് ബോധ്യപ്പെടുത്തൽ കൂടി ഈ സിനിമ പ്രയോജനപ്പെടും എന്നാണ് ജിബുവിന് പറയാനുള്ളത്.