വിവാഹിതരുടെ ലോക സുന്ദരി പട്ടം  മിസിസ് യു.എന്‍. ക്‌ളാസിക്  നേടിയ ഇന്ത്യക്കാരി നീപാ സിങ് സിനിമാ സംവിധാന രംഗത്തേക്ക്. നീപയുടെ പ്രഥമ ചിത്രം  'അലങ്കൃത' യുടെ പോസ്റ്റര്‍ അഹമ്മദാബാദില്‍ കേന്ദ്ര വിനോദസഞ്ചാര  സാംസ്‌കാരിക മന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേല്‍ പ്രകാശനം ചെയ്തു. നീപാ സിങ് പ്രൊഡക്ഷന്‍സിന്റെ പേരില്‍ നീപ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. പുത്രന്‍ ദകാഹ് ആണ് സഹായി.

ഗുജറാത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ദേവേന്ദ്ര പട്ടേലിന്റേതാണ്  കഥയും തിരക്കഥയും സംഭാഷണവും. മുംബൈയിലെ അറിയപ്പെടുന്ന ടിവി താരം ശ്വേത സിന്‍ഹയാണ്  നായിക. ഗുജറാത്തി സിനിമയില്‍ ശ്വേതയുടെ അരങ്ങേറ്റം. മുംബൈയിലെ ടിവി , സിനിമാ നടന്‍ ജെയ് സോണി നായകനാകും.സമീര്‍ മനാ ദ്വയങ്ങളാണ്  സംഗീത സംവിധാനം.

ഹൃദ്യമായൊരു പ്രണയ സങ്കല്‍പ്പമെന്നു കഥയെ വിശേഷിപ്പിച്ച നീപ ഗുജറാത്തിലെ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് ലൊക്കേഷന്‍ ക്രമീകരിച്ചിരിക്കുന്നത്. അഹമ്മദാബാദിലും മുംബൈയിലും അമേരിക്കയിലും കാനഡയിലും ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും  ന്യൂസിലന്‍ഡിലും  ആഫ്രിക്കയിലും ഒരേ സമയം റിലീസ് ചെയ്യാനാണു പദ്ധതി.

ജമൈക്കയില്‍ 2017-ല്‍ നടന്ന മിസിസ് യു.എന്‍. ക്‌ളാസിക് സൗന്ദര്യ മത്സരത്തിലാണ്  നീപ സിങ് എന്ന ഗുജറാത്തി സുന്ദരി ജേത്രിയായത്.നാഗ്പൂരില്‍ ഒരു സാധാരണ ഗുജറാത്തി കുടുംബത്തില്‍ വളര്‍ന്ന നീ പാ പണ്ഡിറ്റ് ,മനീഷ് സിങ്ങിന്റെ ഭാര്യയായതോടെ അഹമ്മദാബാദില്‍ താമസമുറപ്പിക്കുകയായിരുന്നു. അഭുംഗ ഹെര്‍ബല്‍ കമ്പനി ഉടമകളായ മനീഷും നീപയും ദാങ് ഗോത്ര വിഭാഗത്തിനിടയില്‍ പ്രവര്‍ത്തിക്കുന്നു. മാരക രോഗങ്ങള്‍ക്കു പോലും ഉതകുന്ന ഹെര്‍ബല്‍ ഔഷധക്കൂട്ടുകള്‍ ദാങ് ഗോത്രക്കാര്‍ക്കറിയാം. ഭാഷയും ലിപിയും അറിയാത്തതിനാല്‍ രേഖപ്പെടുത്താതെ പോകുന്ന ഈ ഓഷധങ്ങള്‍ തിരിച്ചറിഞ്ഞ് ഭാവിതലമുറയ്ക്കായി രേഖപ്പെടുത്തുന്ന ശ്രമകരമായൊരു ദൗത്യത്തിലാണു നീപ. 30000 ഹെര്‍ബല്‍ ഓഷധങ്ങളില്‍ 8,000 എണ്ണം പ്രയോജനപ്പെടുത്താമെന്നു നീപ പറഞ്ഞു . ഇതിനിടയില്‍ ഉള്ളിലെ പോരാളിയെയും കലാകാരിയെയും മറക്കാതിരിക്കാനാണ്  സിനിമാ  രംഗത്തേക്ക്  ചുവടുവയ്ക്കുന്നത്.
സൗന്ദര്യത്തിന് പ്രായം അതിരിടരുത്  എന്നു നിര്‍ദേശിക്കുന്ന നീപ ' ഞാന്‍ ഇന്ത്യയിലെ സ്ത്രീശക്തിയുടെ പ്രതിനിധിയാണ്' എന്ന് പറയുന്നു.

നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന്  വാണിജ്യ ശാസ്ത്രത്തില്‍  ബിരുദാനന്തര ബിരുദം നേടിയ നീപ നേരത്തെ പ്‌ളസ് ടു പരീക്ഷാ ഫലം വരും മുമ്പ്  പ്രൈമറി സ്‌കൂള്‍ അധ്യാപികയായി. യോഗയ്‌ക്കൊപ്പം  സൈക്കിള്‍ സവാരിയും വിനോദമാക്കിയ പതിനെട്ടുകാരി 10 കി.മീ സൈക്കിള്‍ ചവിട്ടി സ്‌കൂളില്‍ എത്തി. പക്ഷേ,  അധ്യാപികമാര്‍ സാരി ധരിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍. താന്‍ സൈക്കിളിലാണു വരുന്നതെന്നും സല്‍വാറും കമ്മിസും ധരിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചു. ആദ്യം പ്രിന്‍സിപ്പലും തുടര്‍ന്ന് മാനേജ്‌മെന്റും  അപേക്ഷ തള്ളി. പക്ഷേ, സ്ത്രീകള്‍ക്കു സാരി നിര്‍ബന്ധമെങ്കില്‍ പുരുഷ അധ്യാപകര്‍ പാന്റ്‌സും ഷര്‍ട്ടും ഉപേക്ഷിച്ച് ധോത്തിയും കുര്‍ത്തയും ധരിക്കണമെന്ന നീപയുടെ നിയമ പോരാട്ടം നാഗ്പുരിലെങ്ങും ചര്‍ച്ചയായി. അധ്യാപികമാര്‍ ഒന്നടങ്കം നീപയ്ക്കു പിന്നില്‍ അണിനിരന്നു. മനേജ്‌മെന്റുകള്‍ മുട്ടുമടക്കി.

കൗമാരത്തില്‍ തുടങ്ങിയ പോരാട്ടം 48 വയസ്സ് പിന്നിട്ടിട്ടും തുടരുന്നു. അന്നു കൈവന്ന നിശ്ചയദാര്‍ഢ്യമാണ് സിനിമാ മേഖലയിലും പരീക്ഷണത്തിന് തന്നെ പ്രാപ്തയാക്കുന്നത് എന്നു നീപ സിങ് പറയുന്നു.

Content highlights: Mrs World Neepa Singh to direct a film called Alankrita