സത്യജിത് റായിക്കും ഋത്വിക് ഘട്ടക്കിനുമിടയില്‍പ്പെട്ട് ഞെരുങ്ങിപ്പോകാതെ മൃണാള്‍ സെന്‍ എന്ന ചലച്ചിത്രകാരന്‍ തന്റെ 'എല്‍ദൊരാദോ' ആയ കൊല്‍ക്കത്തയുടെ തിളച്ചുമറിഞ്ഞ തെരുവുകളിലൂടെയാണ് എന്നും ചലിച്ചത്. സത്യജിത് റേയുടെ ഭാവഗീതകഥനങ്ങള്‍ ബംഗാള്‍ അമൃതപാനംപോലെ ആസ്വദിച്ചുകൊണ്ടേയിരുന്നു. ഋത്വിക് ഘട്ടക് ഒരു സമ്പൂര്‍ണ തിരസ്‌കൃതന്‍മാത്രം. ഘട്ടക്കെന്ന ചലച്ചിത്രകാരന്റെ എപിക് ഡയമെന്‍ഷന്‍ ഒരു തിരിഞ്ഞുനോട്ടത്തിലൂടെ മാത്രമാണ് ബംഗാള്‍ തിരിച്ചറിഞ്ഞത്.

ആദ്യത്തെ ഒന്നുരണ്ട് സിനിമകള്‍ക്കുശേഷം മൃണാള്‍ സെന്‍ എന്ന രാഷ്ട്രീയജീവി തന്റെ സ്വന്തം ഇടം തിരിച്ചറിഞ്ഞു. രാഷ്ട്രീയമുഖരിതമായ സിനിമകളും എടുക്കാന്‍ തുടങ്ങി. നക്‌സലൈറ്റ് കൊട്ടിക്കയറലുകളുടെ ഡയറക്ട് സിനിമ എന്നുവിളിക്കാവുന്ന 'കൊല്‍ക്കത്ത 71' റിലീസ് ചെയ്ത സമയം തിേയറ്ററുകള്‍ക്കുമുന്നില്‍ കിലോമീറ്ററുകള്‍ നീണ്ട ക്യൂവായിരുന്നു. എന്നാല്‍, ആനന്ദ് ബംഗാള്‍ പത്രികയെന്ന പത്രം നക്‌സലൈറ്റ് അനുഭാവിയായ മൃണാള്‍ സെന്നിനെ വെറുതെവിടുമോ? പത്രികയുടെ ആസ്ഥാനനിരൂപകന്‍ 'കൊല്‍ക്കത്ത 71'-നെ കൊത്തിയരിഞ്ഞിട്ടു. അന്ന് മൃണാള്‍ സെന്‍, മൃണാള്‍ ദായ്ക്കുമാത്രം കഴിയുന്ന ഒരു കാര്യം ചെയ്തു. ആനന്ദ് ബസാര്‍ പത്രികയുടെ ഒന്നാം പേജില്‍ത്തന്നെ പൈസ മുടക്കി ഒരു പരസ്യം കൊടുത്തു. പരസ്യം ഇങ്ങനെ: 'എന്റെ സിനിമയെപ്പറ്റി ജനങ്ങള്‍ പറയുന്നത് ഇതാണ്. എന്നാല്‍, ആനന്ദ് ബസാര്‍ പത്രിക പറയുന്നതോ ഇങ്ങനെയും'. അത്രയേ കൊടുത്തുള്ളൂ. ജനം വീണ്ടും തിേയറ്ററുകളിലേക്ക് ഇരമ്പിക്കയറി. ഗൗരവസിനിമയുടെ ചരിത്രത്തില്‍ 'കൊല്‍ക്കത്ത 71' ഭേദിക്കാനാകാത്ത കളക്ഷന്‍ റെക്കോഡുകള്‍ എഴുതിച്ചേര്‍ത്തു. 

1967-ലെ നക്‌സല്‍ബാരിക്കുശേഷമുള്ള രാഷ്ട്രീയപ്രബുദ്ധമായ ബംഗാളിനെ കാണണമെങ്കില്‍ മൃണാള്‍ സെന്നിന്റെ 'ഇന്റര്‍വ്യൂ'വും 'കൊല്‍ക്കത്ത 71'-ഉം കാണണം. 'പഥേര്‍ പാഞ്ജലി'ക്കുശേഷം ഇന്ത്യന്‍ ഗ്രാമങ്ങളെ പഥേര്‍ പാഞ്ജലിക്കണ്ണടയിലൂടെയല്ലാതെ കണ്ട ഇന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ എത്രപേരുണ്ട്? എഴുതിത്തീര്‍ത്ത തിരക്കഥയുടെ കൃത്യതയില്‍, ഷോട്ടുകളുടെ കണിശതയില്‍ ഉറച്ചുനിന്ന 'സത്യജിത് റായ് സ്‌കൂള്‍ ഓഫ് ഫിലിംമേക്കിങ്ങി'ന്റെ ഈറന്‍ പൂര്‍ണമായും കുടഞ്ഞെറിഞ്ഞത് മൃണാള്‍ സെന്‍ എന്ന ബംഗാളി തന്നെയാണ്.

കഥയുടെയും ട്രീറ്റ്‌മെന്റിന്റെയും ഫ്രെയിംവര്‍ക്കിനകത്തേക്ക് ഛായാഗ്രാഹകന്റെയും അഭിനേതാക്കളുടെയും ക്രിയേറ്റീവ് എനര്‍ജികൂടി ഉള്‍ക്കൊള്ളുകയായിരുന്നു മൃണാള്‍ സെന്‍. അപ്പോഴും സിനിമ തന്റേതുതന്നെയാക്കി നിര്‍ത്തുകയും ചെയ്തു. ആ ഞാണിന്മേല്‍ക്കളി ഇന്ന് ഈ ന്യൂജെന്‍ സിനിമായുഗത്തില്‍ പുത്തനൊന്നുമല്ല.  ആ അര്‍ഥത്തില്‍ മൃണാള്‍ സെന്‍ ഇന്ത്യന്‍ സിനിമയുടെ ക്ഷുഭിതയൗവനവും ക്ഷുഭിതവാര്‍ധക്യവുമാകുന്നു. എന്നാല്‍, മൃണാള്‍ സെന്നിന്റെ ഏറ്റവും പ്രിയങ്കരനായ ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിനായിരുന്നു. ചാപ്ലിനെപ്പറ്റി മൃണാള്‍ ദാ ഒരു പുസ്തകംതന്നെ എഴുതിയിട്ടുണ്ട്. '1997-ലെ ക്രിസ്മസ് ദിനത്തിലെ ഉറക്കത്തില്‍നിന്ന് ചാപ്ലിന്‍ ഉണര്‍ന്നതേയില്ല. ആര്‍ഭാടങ്ങളില്ലാതെ വേണം എന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം മാനിച്ച് വെവി ഗ്രാമത്തിലെ കുഴിമാടത്തില്‍ ചാപ്ലിനെ അടക്കി. രണ്ടുമാസങ്ങള്‍ക്കുശേഷം ചാപ്ലിന്റെ ശരീരം കുഴിമാടത്തില്‍നിന്ന് അപ്രത്യക്ഷമായി. വളരെ പാടുപെട്ട തിരച്ചിലുകള്‍ക്കുശേഷം 20 കിലോമീറ്റര്‍ ദൂരെ ജനീവാത്തടാകത്തിനരികിലുള്ള ഒരു ചോളപ്പാടത്തുനിന്ന് പെട്ടി കണ്ടുകിട്ടി. വെവി സെമിത്തേരിയില്‍ ചാപ്ലിനെ രണ്ടാമതും അടക്കംചെയ്തു' -സ്വന്തം പുസ്തകത്തില്‍നിന്ന് മൃണാള്‍ ദാ ഈ വരികള്‍ വായിച്ചുകേള്‍പ്പിച്ചതാണ് അദ്ദേഹത്തെപ്പറ്റിയുള്ള അവസാനത്തെ എന്റെ ഓര്‍മ. 

 20 കിലോമീറ്ററിനപ്പുറം ആ ചോളപ്പാടത്തിന്റെ ഉടമയായ കര്‍ഷകന്‍ ഒരു മരക്കുരിശ് നാട്ടുകയും ചാപ്ലിന്‍ കഥാപാത്രങ്ങളുടെ കൈയില്‍ എപ്പോഴും കാണുന്ന ഒരു ചൂരല്‍വടി ചാര്‍ത്തി ആ ജീവിതം ആഘോഷിക്കുകയും ചെയ്തു. ആ ചൂരലിനുള്ളില്‍ ഓങ്ങിവെച്ച അടികളുടെ ചൂടില്‍ മൃണാള്‍ സെന്‍ എന്ന പൗരനും കലാകാരനും നിറഞ്ഞുനില്‍പ്പുണ്ട്.

(കൊല്‍ക്കത്തയില്‍ താമസിക്കുന്ന ചലച്ചിത്രകാരനും എഴുത്തുകാരനുമാണ് ലേഖകന്‍)