ജലംകൊണ്ടുള്ള മുറിവുകളും തിരിച്ചറിവുകളും


സി.എസ്. വെങ്കിടേശ്വരന്‍

നമ്മുടെ ആവാസവ്യവസ്ഥയില്‍ ഇത്രയധികം ജലസാന്നിധ്യമുണ്ടായിട്ടും അവയ്ക്ക് പ്രമേയപരവും ആഖ്യാനപരവുമായ നിര്‍ണായകത്വമുള്ള സിനിമകള്‍ താരതമ്യേന കുറവാണ്: കടലും കടലോരജീവിതവും ആണ് ഒരുപക്ഷേ, കുറെക്കൂടി ശക്തമായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ലവെള്ളം വല്ലാതുടന്‍ തിങ്ങിപ്പൊങ്ങി
കലശലായേവം കലഹിച്ച മൂലം
പല ജനത്തിനും സഹിക്കവയ്യാതെ
പല തരത്തിലും ഭവിച്ചു സങ്കടം
ചിലര്‍ തന്‍ നെല്ലു പോയ് ചിലര്‍ തന്‍ കാശു പോയ്
ചിലര്‍ തന്‍ ഭാര്യ പോയ് ചിലര്‍ തന്‍ ബുദ്ധി പോയ്
ചിലര്‍ തന്‍ വീടു പോയ് ചിലര്‍ തന്‍ ഭൂമി പോയ്
ചിലര്‍ തന്‍ കുട്ടി പോയ് ചിലര്‍ തന്‍ ജീവന്‍ പോയ്
(അതിവാതവര്‍ഷം,
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, 1924)

ഇന്നത്തെപ്പോലെ വിവരവിനിമയസംവിധാനങ്ങളും ദൃശ്യസാക്ഷ്യങ്ങളും രേഖപ്പെടുത്തലുകളും സാധ്യമല്ലാത്തതിനാലായിരിക്കണം മലയാളവര്‍ഷം 1099-ലെ പ്രശസ്തമായ വെള്ളപ്പൊക്കം നമ്മുടെ ഓര്‍മയില്‍ മാത്രം അവശേഷിച്ചത്. വാമൊഴിയിലാണ് അതിന്റെ ഓര്‍മകള്‍ എന്നും പച്ചപിടിച്ചു നിന്നതും പൊലിപ്പിക്കപ്പെട്ടതും. ചരിത്രം ഭൂതകാലത്തിലേക്ക് നീളുന്ന, നിലനിര്‍ത്തുന്ന ഓര്‍മയാണെങ്കില്‍ '99ലെ വെള്ളപ്പൊക്കം' ഒരു നിര്‍ണായകമുഹൂര്‍ത്തമായി പിന്നീടുള്ള നമ്മുടെ വ്യവഹാരങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നു; 99-നു മുമ്പും ശേഷവും എന്ന രീതിയില്‍ കാലം വിഭജിക്കപ്പെട്ടു. സ്ഥിരവും സുദൃഢവുമെന്നു കരുതിയിരുന്ന പല ഭൂരൂപങ്ങളും വെള്ളത്തില്‍ അലിഞ്ഞു, ചിലവ അപ്രത്യക്ഷമായി, പുഴകള്‍ ചിലയിടങ്ങളില്‍ വഴിമാറിയൊഴുകി, ചില ഭൂപ്രദേശങ്ങള്‍ പ്രളയത്തിലാണ്ടു, ചിലതു പൊന്തിവന്നു. വാമൊഴി കഴിഞ്ഞാല്‍ സാഹിത്യത്തിലാണ് അത് പലരൂപങ്ങളില്‍ ഓര്‍മിക്കപ്പെട്ടതും ഭാവനചെയ്യപ്പെട്ടതും: തകഴിയുടെ വെള്ളപ്പൊക്കത്തില്‍, കോവിലന്റെ തോറ്റങ്ങള്‍, കാക്കനാടന്റെ ഒറോത തുടങ്ങിയ കഥകളിലും നോവലുകളിലും കെ.സി.എന്‍ വാഴുന്നവര്‍, കടത്തനാട് രാമക്കുറുപ്പ്, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയവരുടെ കവിതകളിലും ചെറുകാട്, പുത്തങ്കാവ് മാത്തന്‍ തരകന്‍ തുടങ്ങിയവരുടെ ഓര്‍മക്കുറിപ്പുകളിലും മറ്റും അന്നത്തെ വെള്ളപ്പൊക്കം ഒരു പ്രമേയമോ രൂപകമോ അനുഭവമോ ആയി രേഖപ്പെട്ടു.

വരമൊഴിയെ അപേക്ഷിച്ച് വാമൊഴിയിലാണ് ആ ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മകളും അനുഭവങ്ങളും നിലനിന്നത്; അങ്ങനെ ഓര്‍മയുടെ ഭാഷയില്‍ (ഭാഷയുടെ ഓര്‍മയിലും) ആ ദുരന്താനുഭവം നിലനിന്നു എങ്കിലും വാക്ദൃശ്യരൂപങ്ങള്‍ക്കും രൂപകങ്ങള്‍ക്കും അത്ര വ്യാപകമായി അത് വഴങ്ങിയില്ല എന്നുവേണം കരുതാന്‍. വാമൊഴിയെയും സാഹിത്യത്തെയും അപേക്ഷിച്ച് സിനിമയിലും മറ്റു ദൃശ്യഅവതരണകലകളിലും ഈ ചരിത്രസംഭവത്തിന്റെ സാന്നിധ്യം വളരെ പരിമിതമാണ്. മലയാറ്റൂര്‍ പള്ളിയിലെ കരിങ്കല്‍ ഫലകത്തില്‍ കൊത്തിയ 'വെള്ളപ്പൊക്കത്തിന്റെ അടയാളം' പോലുള്ള 'വാസ്തു'സ്മൃതികളൊഴിച്ചാല്‍ ചിത്രകലയിലോ നാടകത്തിലോ സിനിമയിലോ ആ പ്രളയത്തിന്റെ ശേഷിപ്പുകള്‍/ഓര്‍മകള്‍ അപൂര്‍വമാണ്. അവ ഭൂമിയിന്മേലുള്ള അവകാശത്തെയും കരയിലെ ജീവിതത്തെയും സമരങ്ങളെയും ജീവനങ്ങളെയും കുറിച്ചാണ് കൂടുതലും കഥിച്ചത്.
നമ്മുടെ ആവാസവ്യവസ്ഥയില്‍ ഇത്രയധികം ജലസാന്നിധ്യമുണ്ടായിട്ടും - കുളങ്ങള്‍, തോടുകള്‍, അരുവികള്‍, കോള്‍പ്പാടങ്ങള്‍, പുഴകള്‍, തടാകങ്ങള്‍, കായലുകള്‍ അവയ്ക്ക് പ്രമേയപരവും ആഖ്യാനപരവുമായ നിര്‍ണായകത്വമുള്ള സിനിമകള്‍ താരതമ്യേന കുറവാണ്: കടലും കടലോരജീവിതവും ആണ് ഒരുപക്ഷേ, കുറെക്കൂടി ശക്തമായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കൂടുതല്‍ സിനിമകളിലും ജലശരീരങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ദൃശ്യപശ്ചാത്തലങ്ങള്‍ ആയിരിക്കുമ്പോഴും -പുഴയും കായലോരവും തടാകങ്ങളും എത്രയോ പാട്ടുകള്‍ക്ക് ദൃശ്യ അകമ്പടിയും ഈരടികളും നല്‍കിയിട്ടുണ്ട്- അവ കഥാപാത്രമാവുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വമാണ്. ഓളവും തീരവും, നദി, കടവ്, കോലങ്ങള്‍, വേമ്പനാട്, കുട്ടിസ്രാങ്ക്, ഉത്സവം, കാഴ്ച, ഒറ്റാല്‍, ശയനം, നരന്‍, ആമേന്‍ തുടങ്ങി ചില ചിത്രങ്ങള്‍ മാത്രമാണ് ജലസാന്നിധ്യം തിരയുമ്പോള്‍ മനസ്സില്‍ വരുന്നത്; അവയില്‍ പലതിന്റെയും കഥാപരിസരം കുട്ടനാടാണ് എന്നതും യാദൃച്ഛികമല്ല.

മറ്റൊന്ന് ജലം എന്ന ചിഹ്നത്തിന്റെ അര്‍ഥവിശേഷങ്ങളാണ്; പഞ്ചഭൂതാത്മകവും ഭൗമപരവുമായ അതിന്റെ നിര്‍ണായകത്വമണയ്ക്കുന്ന മായികതയ്ക്കും, മനുഷ്യന്റെ നിലനില്പ് സാധ്യമാക്കുന്ന പ്രാണജലം എന്ന പ്രാഥമികവും ജൈവികവുമായ തലങ്ങളിലുമുപരി മനുഷ്യവികാരങ്ങളുടെയും സദാചാരത്തിന്റെയും വിതാനമായാണ് അത് ദൃശ്യാഖ്യാനത്തില്‍ ഇടപെടുന്നത്. മലയാളത്തിലെ ആദ്യകാല സൂപ്പര്‍ഹിറ്റുകളിലൊന്നായ നീലക്കുയിലില്‍ (1954) ചിറമുറിയുന്ന സന്ദര്‍ഭമാണ് നായകനായ സ്‌കൂള്‍ മാസ്റ്ററും നീലിയുമായുള്ള സമാഗമത്തിന് പശ്ചാത്തലമാവുന്നത്; ഇവിടെ ലംഘിക്കപ്പെടുന്നത് ചിറയുടെ മാത്രമല്ല ജാതിയുടെ അതിര്‍ത്തികള്‍ കൂടിയാണ്; ഈ പതിറ്റാണ്ടിലിറങ്ങിയ ഏറ്റവും ജനപ്രീതി നേടിയ ചിത്രമായ ആര്‍.എസ്. വിമലിന്റെ എന്നുനിന്റെ മൊയ്തീനില്‍ (2015) പുഴയും മഴയും പ്രണയത്തിന്റെയും മരണത്തിന്റെയും സാക്ഷിയും വേദിയുമാണ്. രണ്ട് മതത്തില്‍പ്പെട്ടവര്‍ക്കിടയില്‍ കൂടിയാണ് മുക്കം പുഴ ഒഴുകുന്നതും കരകവിയുന്നതും.... കെ.ജി. ജോര്‍ജ്ജിന്റെ കോലങ്ങളില്‍ (1981) ജലം ആ ഗ്രാമത്തിന്റെ ഭൗതികാതിര്‍ത്തിമാത്രമല്ല, അവിടുത്തെ മനുഷ്യരെ ലോകത്തിന്റെ എല്ലാത്തരം വിശാലതകളില്‍നിന്നും കവിയലുകളില്‍നിന്നും വേര്‍പിരിക്കുന്ന ഒന്നുകൂടിയാണ്; ഈ ദ്വീപിലേക്ക് പ്രണയസ്വപ്നങ്ങളും ശുഭപ്രതീക്ഷകളും കൊണ്ടുവരുന്നത് കടവുകടന്നുവരുന്നവരാണ്.
വേമ്പനാടില്‍ (1990/ ശിവപ്രസാദ്) ജലം മറ്റൊരു ദ്വീപിനെ ചൂഴ്ന്നുനില്‍ക്കുന്ന അഭൗമസാന്നിധ്യമാണ്; അരവിന്ദന്റെ കാഞ്ചനസീതയില്‍ (1977) രാമന്‍ ഒടുവില്‍ ഇറങ്ങിച്ചെല്ലുന്ന സരയൂനദി ഒരു ആത്മീയാഭയം കൂടിയാണ്, രാജനീതിയുടെ അതിര്‍ത്തികള്‍ക്ക് പുറത്തൊഴുകുന്ന മനുഷ്യപ്രകൃതി.
ഹോളിവുഡില്‍ 'ദുരന്തചിത്രങ്ങള്‍' (ഡിസാസ്റ്റര്‍ മൂവീസ്) എന്നൊരു ജനുസ്സ് തന്നെയുള്ളതുകൊണ്ട് അത്തരം സിനിമകള്‍ ഇംഗ്ലീഷില്‍ എക്കാലത്തും നിരന്തരം നിര്‍മിക്കപ്പെടാറുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം, മനുഷ്യവംശവും അന്യഗ്രഹശക്തികളുമായുള്ള യുദ്ധങ്ങള്‍, മനുഷ്യാന്തരലോകജീവിതം, ന്യൂക്ലിയര്‍ യുദ്ധഭീതി, ലോകാന്ത്യത്തെക്കുറിച്ചുള്ള പേക്കിനാവുകള്‍ എന്നിങ്ങനെ പല ശാഖകളായി അത് പന്തലിക്കുന്നു. മാന്യമായ സയന്‍സ് ഫിക്ഷനോ കുറ്റാന്വേഷണചിത്രമോ പോലുമില്ലാത്ത മലയാളത്തില്‍ അതുകൊണ്ട് ദുരന്തത്തെ കേന്ദ്രീകരിക്കുന്ന ഒരു സവിശേഷജനുസ്സ് അചിന്ത്യമാണ്. പക്ഷേ, കൗതുകകരമായ വസ്തുത ഈ ജനുസ്സിലേക്കുള്ള ഏക ഇന്ത്യന്‍ സംഭാവനയായ ഡാം 999 എന്ന ചിത്രം മലയാളി സംവിധായകനായ സോഹന്‍ റോയുടെതാണ് എന്നതാണ്.

നമ്മളിപ്പോള്‍ കടന്നുപോയതുപോലുള്ള ഒരു വെള്ളപ്പൊക്കാനുഭവത്തിന്റെ ചെറിയ ദൃശ്യാവിഷ്‌കാരമെങ്കിലുമുള്ളത് ഹരിഹരന്റെ വെള്ളം (1984) എന്ന ചിത്രത്തിലായിരിക്കും. ഇവിടെയും പ്രളയം ഒരു നീണ്ട നിശ്ശബ്ദപ്രണയത്തിന്റെ സാക്ഷാത്കാരത്തിന് ഹേതുവും വാഹനവുമാണ്; ചിത്രത്തിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രീകരണം അന്നത്തെ സാങ്കേതികപരിമിതികള്‍ വെച്ചുനോക്കുമ്പോള്‍ വളരെമികച്ച ഒന്നായിരുന്നു; ഒരു ഗ്രാമമാകെ വെള്ളപ്പൊക്കത്തില്‍ മുങ്ങുന്നതും അവശ്യസാധനങ്ങളുമായി നീന്തിയും വഞ്ചിയിലുമൊക്കെയായി ഉയര്‍ന്ന ഇടങ്ങളില്‍ അഭയം തേടുന്നതും പരസ്പരസ്പര്‍ധകളും വിഭാഗീയതകളും മറന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നാട്ടുകാര്‍ ചേര്‍ന്ന് താത്കാലിക ക്യാമ്പുകള്‍ സ്ഥാപിച്ച് ഭക്ഷണമുണ്ടാക്കുന്നതും മറ്റും ഈ ചിത്രത്തില്‍ യഥാതഥവും സാഹസികവുമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇവിടെയും വെള്ളപ്പൊക്കം ജാത്യാര്‍ത്തികളുടെ ലംഘനം സാധ്യമാക്കുന്നുണ്ട്; നസീര്‍ അവതരിപ്പിക്കുന്ന ഉണ്ണി എന്ന കാമുകന് കോവിലകത്തെ തമ്പുരാട്ടിയായ തന്റെ കാമുകിയെ (കെ.ആര്‍. വിജയ) മരണത്തിലെങ്കിലും സ്വന്തമാക്കാനും അവരെക്കൊണ്ട് തന്നോടുള്ള സ്നേഹം അംഗീകരിപ്പിക്കാനും മകളോട് ആ രഹസ്യം തുറന്നുപറയാനും വഴിയൊരുക്കുന്നത് പ്രളയമാണ്. പ്രകൃതിക്ഷോഭവും ജാതിമതലംഘനവും തമ്മിലുള്ള ഈ കെട്ടുപിണച്ചില്‍ മലയാളസിനിമയിലൂടെ അനുസ്യൂതം ഒഴുകിക്കൊണ്ടേയിരിക്കുന്നു എന്നാണ് മൊയ്തീന്‍വരെയുള്ള സിനിമകള്‍ കാണിക്കുന്നത്.

'വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍ വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്ന് മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍ , പട്ടി, പൂച്ച, ആട്, കോഴി മുതലായ വളര്‍ത്തുമൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല. ചേന്നപ്പറയന്‍ ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തില്‍ത്തന്നെ നില്ക്കുന്നു. അവനു വള്ളമില്ല. അവന്റെ തമ്പുരാന്‍ മൂന്നായി, പ്രാണനും കൊണ്ടു കരപറ്റിയിട്ട്.' (തകഴി, വെള്ളപ്പൊക്കത്തില്‍) തകഴിയുടെ ഈ കഥയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമായിരിക്കും ഒരു പക്ഷേ, 99-ലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഹ്രസ്വമെങ്കിലും ഏക മുഴുനീളസിനിമ. അനവധി പുരസ്‌കാരങ്ങള്‍ ലഭിച്ച ഈ ചിത്രം വളരെ ലളിതവും മിനിമലിസ്റ്റുമായ രീതിയില്‍ തകഴിയുടെ കഥയെ പുനരാവിഷ്‌കരിക്കുന്നു. ജന്മിയും കുടിയാനും മണ്ണും മനുഷ്യനും മനുഷ്യനും മൃഗവും ഒക്കെതമ്മിലുള്ള ബന്ധത്തെ പ്രമേയപശ്ചാത്തലമാക്കുന്ന തകഴിക്കഥയെ ജയരാജ് ചിത്രം അതേപടി പിന്തുടരുകയാണ് ചെയ്യുന്നത്; ഇരുണ്ട കാര്‍മേഘങ്ങളും മഴക്കോളും കൊണ്ട് കനത്ത ആകാശവും അതിന്നടിയില്‍ അറ്റമില്ലാതെ പരന്നുകിടക്കുന്ന ജലപരപ്പും എല്ലാം കൂടിച്ചേരുമ്പോഴുണ്ടാകുന്ന വര്‍ണരഹിതവും തപ്തവുമായ ഒരു അരണ്ടവെളിച്ചമാണ് ചിത്രത്തിലുടനീളമുള്ളത്. എല്ലാരും ഉപേക്ഷിച്ച് ഓലപ്പുരയുടെ മുകളിലൊറ്റപ്പെടുന്ന നായയാണ് ഇവിടെ ദൃശ്യകേന്ദ്രം. ജലവിതാനത്തില്‍ മഴയും കാറ്റും സൂര്യനും മേഘജാലങ്ങളും പക്ഷിമൃഗാദികളും മറ്റും ഉണ്ടാക്കുന്ന നിഴലും വെളിച്ചവും ആ സ്ഥലത്തിന് ഹതാശവും ഏകാന്തവുമായ ഒരു ദുഃഖച്ഛവിയണയ്ക്കുന്നു. പ്രകൃതി കയ്യൊഴിഞ്ഞ ജീവന്റെ ഏകാന്തത അവിടെ തളം കെട്ടിക്കിടക്കുന്നു. പക്ഷേ, ഇവിടെ നമ്മുടെ മുന്നിലുള്ളത് മനുഷ്യന്റെ കയ്യൊഴിയലാണ് അതിലും അസഹനീയം. പ്രകൃതി മനുഷ്യനെ കയ്യൊഴിയുന്നു, മനുഷ്യന്‍ അവന് അതുവരെ കാവല്‍നിന്ന നായയെയും...

നമ്മള്‍ ഇപ്പോള്‍ കടന്നുപോയ വെള്ളപ്പൊക്കവും ഒരു പക്ഷേ, നമ്മെ ഓര്‍മിപ്പിച്ചത് അത്തരം കയ്യൊഴിയലുകള്‍ നമ്മെയെത്തിക്കുന്ന ദുരന്തങ്ങളെക്കുറിച്ചാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented