'അപ്​ലോഡ് ചെയ്യുന്നത് എവിടെ നിന്നായാലും ഉറവിടം തിയേറ്ററുകളാണ്. അത് തടയുകയാണ് പൈറസി തടയാന്‍ പ്രായോഗികമായ മാര്‍ഗം.'

ആന്റി പൈറസി സെല്ലിലെ ഒരു ഉദ്യോഗസ്ഥനാണ് ഇത് പറഞ്ഞത്. ഫല്രപദമായ മാര്‍ഗമാണെങ്കിലും ഓണ്‍ലൈനില്‍ എത്തിയാല്‍ അവ പിടികൂടുന്നതിനുള്ള ബുദ്ധിമുട്ടും ഈ വാക്കുകളിലുണ്ട്. ചിലപ്പോഴെങ്കിലും തെളിവുകള്‍ നശിപ്പിക്കപ്പെടുന്നത് വ്യാജന്‍മാരെ പിടികൂടുന്നതില്‍ തിരിച്ചടിയാവുന്നുണ്ട്. വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാലും പതിപ്പുകള്‍ നീക്കം ചെയ്യുന്നതോടെ കേസിനു പോകാന്‍ തയ്യാറാകാത്ത നിര്‍മാതാക്കളും അറിഞ്ഞോ അറിയാതെയോ പൈറസിയ്ക്ക് വളമാകുന്നുണ്ട്.

തിയേറ്ററുകളില്‍ നിന്ന് വ്യാജ പതിപ്പുകള്‍ സൃഷ്ടിക്കുന്ന കൗമാരക്കാര്‍ക്ക് കാര്യമായ മെച്ചമൊന്നുമില്ലെങ്കിലും ടോറന്റ് സൈറ്റുകളിലും മറ്റും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്യമായ സാമ്പത്തിക ലാഭം തന്നെ ഉണ്ടാകുന്നുണ്ട്.

ടോറന്റ് എന്ന വെല്ലുവിളി

ലഭ്യമായ ഏറ്റവും ശക്തമായ സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പൈറേറ്റുകള്‍ തങ്ങളുടെ സുരക്ഷാ കവചം ഒരുക്കിയിരിക്കുന്നത്. മലയാള ചിത്രങ്ങള്‍ അപ്​ലോഡ് ചെയ്യുന്ന ഒരു പൈറേറ്റ് തന്റെ ഐപി അഡ്രസ് മറയ്ക്കാന്‍ മാത്രം രണ്ട് ലെയറിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തമിഴ് ചിത്രങ്ങള്‍ പലതും ആദ്യദിനം തന്നെ ചിത്രം അപ്​ലോഡ് ചെയ്യുമെന്ന് വെല്ലുവിളിച്ചുകൊണ്ടാണ് അപ്​ലോഡ് ചെയ്യുന്നത്. ബാഹുബലിയ്ക്ക് പോലും ഇത്തരത്തില്‍ ഭീഷണിയുണ്ടായിരുന്നു.

അപ്​ലോഡ് ചെയ്യുന്ന പോസ്റ്റുകളുടെ എണ്ണമനുസരിച്ച് യൂസര്‍, വിഐപി യൂസര്‍, മോഡറേറ്റര്‍, അഡ്മിനിസ്‌ട്രേറ്റര്‍, ലീഡര്‍ബോര്‍ഡ് മെമ്പര്‍ എന്നിങ്ങനെ സ്ഥാനക്കയറ്റം നല്‍കുന്ന രീതിയും ടോറന്റിലുണ്ട്. ഇതിനനുസരിച്ച് വരുമാനവും വര്‍ധിക്കും. വലിയ ടോറന്റ് സൈറ്റുകള്‍ (മലയാളം ചിത്രങ്ങള്‍ വരുന്നവ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ കറന്‍സിയായ ബിറ്റ്‌കോയിനിലാണ് പണം നല്‍കുന്നതെന്നാണ് വിവരം. ഫയലുകള്‍ അപ്​ലോഡ് ചെയ്യുന്ന ക്ലൗഡ് സ്റ്റോറേജുകളിലെ പരസ്യങ്ങളില്‍ നിന്നും വരുമാനം ലഭിക്കും.

ഏത് വലയും തകരും

സമ്പൂര്‍ണ സുരക്ഷിതമെന്നു കരുതിയിരിക്കുന്ന സംഗതികളും പലപ്പോഴും തകരാറുണ്ട്. സമീപകാലത്തെ മലയാള ചിത്രങ്ങളെല്ലാം ടോറന്റില്‍ അപ്​ലോഡ് ചെയ്തിരുന്ന ഒരു ഐഡിയ്ക്കു പിന്നില്‍ ആരെന്ന് ആന്റി പൈറസി സെല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു ആ 'വമ്പന്‍ സ്രാവെ'ന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്. (കേസ് പരിഗണനയിലായതിനാലാണ് കൃത്യമായ വിവരങ്ങള്‍ വെളിപ്പെടുത്താത്തത്). ഇയാളെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം ലഭിച്ചിട്ടുണ്ടെന്നും അധികം വൈകാതെ അറസ്റ്റുണ്ടാകുമെന്നുമാണ് അറിയുന്നത്.

ഒരു പ്രത്യേക പേരിലുള്ള യൂസര്‍ നെയിമില്‍ വാട്ടര്‍മാര്‍ക്ക് സഹിതമാണ് ഇയാള്‍ ടോറന്റ് സൈറ്റുകളില്‍ സിനിമകള്‍ അപ്​ലോഡ് ചെയ്തിരുന്നത്. ഇതേ പേരില്‍ ഒരു ടെലിഗ്രാം ചാനലും യൂസര്‍ ഐഡിയും ഇയാള്‍ക്കുണ്ട്. ടെലിഗ്രാമിലും മറ്റും പൈറസിയ്ക്കായി എങ്ങനെ ഐപി മാസ്‌ക് ചെയ്യാം, ഐഡന്ററ്റി സംരക്ഷിക്കുന്നത് എങ്ങനെ തുടങ്ങിയ ടെക്‌നിക്കല്‍ വിവരങ്ങള്‍ പങ്കുവെക്കുന്ന പല ഗ്രൂപ്പുകളിലും ചാനലുകളിലും ഇതേ ഐഡി അംഗവുമാണ്. ഇക്കാര്യങ്ങള്‍ വെച്ച് വ്യത്യസ്ത ദിശകളില്‍ നിന്ന് ട്രാക്ക് ചെയ്താണ് നിലവില്‍ മലയാള ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ അപ്​ലോഡ് ചെയ്തിരുന്ന ആളിലേക്ക് ആന്റി പൈറസി സെല്‍ എത്തുന്നത്.

ഏറ്റവും കൂടുതല്‍ മലയാള ചിത്രങ്ങള്‍ എത്തുന്ന ടോറന്റ് സൈറ്റിന്റെ മോഡറേറ്റര്‍ പദവിയില്‍ വരെ ഇയാള്‍ എത്തിയിരുന്നു. എക്‌സ്‌ക്ലൂസീവ് പ്രിന്റ്‌സ് എന്ന രീതി മലയാള സിനിമാ പൈറസിയിലേക്ക് കൊണ്ടുവരുന്നത് ഇയാളാണ്. കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്ത 'ഒരേ മുഖം' എന്ന ചിത്രത്തിന്റെ പ്രിന്റ് അന്നു രാത്രിതന്നെ അപ്​ലോഡ് ചെയ്തുകൊണ്ടാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥി രംഗപ്രവേശനം ചെയ്യുന്നത്. മലയാള ഫിലിം പൈറസി ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം റിലീസ് ചെയ്ത അതേദിവസം തന്നെ ഫുള്‍ മൂവീ ഓണ്‍ലൈനില്‍ എത്തുന്നത്. അതിനു മുമ്പ് ഇനീഷ്യല്‍ കളക്ഷന്‍ കഴിയും വരെ വ്യാജന്‍മാരെ കൊണ്ട് വലിയ ശല്യമില്ലായിരുന്നു.

ഒരു ബ്ലോഗ് വഴിയായിരുന്നു 'ഒരേ മുഖം' അപ്​ലോഡ് ചെയ്തിരുന്നത്. എന്നാല്‍, നമ്പര്‍ ട്രാക്ക് ചെയ്ത് വിളിച്ചതിനെ തുടര്‍ന്ന് ചിത്രം നീക്കുകയായിരുന്നു. പെട്ടെന്നുതന്നെ ചിത്രം നീക്കംചെയ്യാനായതിനാലും പ്രതി വിദ്യാര്‍ഥി ആയിരുന്നതിനാലും അത് കേസിലേക്കൊന്നും പോയില്ല. ചിത്രം അപ്​ലോഡ് ചെയ്ത ബ്ലോഗ് അപ്രത്യക്ഷമാവുകയും ചെയ്തു. പിന്നീട് ഒരു മാസത്തിനു ശേഷം 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രമാണ് ആദ്യ ദിനങ്ങളില്‍ തന്നെ ടോറന്റിലെത്തുന്നത്. ചിത്രത്തിന്റെ പകുതി ഭാഗം മാത്രമേ ഉണ്ടായിരുന്നുളളൂ. ഇതിലാണ് ആദ്യമായി ഇപ്പോള്‍ തകര്‍ക്കപ്പെട്ട നെറ്റ്​​വർക്ക് വാട്ടര്‍മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നത്.

'മുന്തിരിവള്ളികളുടെ'ടോറന്റ് ലിങ്ക് അപ്​ലോഡ് ചെയ്തുകൊണ്ട്, ചിത്രം വന്ന ടോറന്റ് സൈറ്റിന്റെ പേരില്‍ ഇയാള്‍ ടെലിഗ്രാം ഗ്രൂപ്പും ആരംഭിച്ചു. പുതിയ മലയാള ചിത്രം തേടി കൗമാരക്കാര്‍ ഈ ഗ്രൂപ്പിലേക്കൊഴുകി. തുടര്‍ന്ന് ഇയാള്‍ ടെലിഗ്രാമില്‍ നിന്ന് കുട്ടികളുടെ നെറ്റ്​വർക്ക് സൃഷ്ടിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ആറു മാസത്തിനിടെ ഇറങ്ങിയ മിക്കവാറും ചിത്രങ്ങള്‍ ഇതേപേരിലുള്ള വാട്ടര്‍മാര്‍ക്കില്‍ ടോറന്റിലെത്തി. 

ഇപ്പോള്‍ ഇയാള്‍ ആരെന്ന് മനസ്സിലാക്കിക്കഴിഞ്ഞപ്പോഴാണ് 'ഒരേ മുഖം' അപ്ലോഡ് ചെയ്ത അതേ ആളായിരുന്നു ഇതെന്നും വ്യക്തമാകുന്നത്. 'ഒരേ മുഖ'ത്തില്‍ പിടിക്കപ്പെട്ടതോടെ ഇയാള്‍ കൂടുതല്‍ ശക്തമായ സുരക്ഷാ കവചങ്ങളുമായെത്തി ടോറന്റിലേയ്ക്ക് തിരിയുകയായിരുന്നു.

ടെലിഗ്രാമില്‍ കുട്ടികളുടെ നെറ്റ്​വർക്കുകൾ സൃഷ്ടിച്ച് അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി തിയേറ്ററില്‍ നിന്നും സിനിമകള്‍ പകര്‍ത്തി വാങ്ങിയാണ് ഇയാള്‍ ടോറന്റ് സൈറ്റുകളിലും ഓപ്പണ്‍ സോഴ്‌സ് പോലുള്ള ക്ലൗഡ് സ്റ്റോറേജുകളിലും തന്റെ വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ ചിത്രങ്ങള്‍ അപ്​ലോഡ് ചെയ്തിരുന്നത്. തിയേറ്ററില്‍ നിന്ന് സിനിമകള്‍ പകര്‍ത്തുന്നതിനായി പെണ്‍കുട്ടികളെ വരെ ഉപയോഗിച്ചിരുന്നതായാണ് വിവരം. ഈ നെറ്റ്​വർക്കുകൾ വഴിയാണ് മലയാള സിനിമാ പൈറസിയില്‍ ടെലിഗ്രാം-ടോറന്റ് യുഗം ആരംഭിക്കുന്നത്. ഇപ്പോള്‍ തകര്‍ക്കപ്പെട്ട നെറ്റ്​വർക്കോടെ താല്‍ക്കാലിക ആശ്വാസം ഉണ്ടാകുമെങ്കിലും അധികം വൈകാതെ പുതിയ നെറ്റ്​വര്‍ക്കുകള്‍ സൃഷ്ടിക്കപ്പെടും എന്നതാണ് വസ്തുത.

ഒന്നാം ഭാഗം: സിനിമയുടെ വ്യാജനെ പിടിക്കാനെത്തിയ പോലീസ് പ്രതിയെ കണ്ട് ഞെട്ടി
രണ്ടാം ഭാഗം: ടെലിഗ്രാം: വ്യാജസിനിമകളുടെ പുതിയ സങ്കേതം
മൂന്നാം ഭാഗം: വ്യാജചിത്രം: കുട്ടികളെ കുടുക്കാന്‍ ബ്ലൂ വെയ്ല്‍ മാതൃക; എല്ലാറ്റിനും പിറകില്‍ ആ അജ്ഞാത ടീം