'ഓണ്‍ലൈനില്‍ ഏത് ചിത്രത്തിന്റെയും വ്യാജ പതിപ്പ് കാണിച്ചുതരൂ. മിനിറ്റുകള്‍ക്കകം ഞാനത് നീക്കംചെയ്തു തരാം.'
കേരള പോലീസിന്റെ സൈബര്‍ സെക്യൂരിറ്റി വിങ് ആയ സൈബര്‍ ഡോമിലും ആന്റി പൈറസി രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന ആളുമായ വര്‍ഗീസിന്റേതാണ് ഈ വെല്ലുവിളി. പൈറസി കണ്ടെത്താനും പിടികൂടാനും പല മാര്‍ഗങ്ങളുമുണ്ടെങ്കിലും അത് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താത്തതാണ് പലപ്പോഴും വ്യാജചിത്രങ്ങള്‍ വ്യാപകമാകാനുള്ള കാരണമെന്ന് അദ്ദേഹം പറയുന്നു.
തിയേറ്റര്‍ പ്രിന്റുകള്‍ തടയാന്‍
പൈറസി തടയുന്നതിനായി പുതിയൊരു സംവിധാനം വികസിപ്പിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് വര്‍ഗീസും സംഘവുമിപ്പോള്‍. ഏതാനും ക്യാമറകളും സോഫ്റ്റ്‌വെയറും ഉപയോഗിച്ച് തിയേറ്ററുകളില്‍ നിന്നും ചിത്രം പകര്‍ത്തുന്നവരെ പിടികൂടാനുള്ള സംവിധാനമാണ് ഇവര്‍ ഒരുക്കുന്നത്. കൗണ്ടറില്‍ നിന്നും ടിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ വാങ്ങുന്ന വ്യക്തിയുടെ ചിത്രവും ഇവിടെ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ എടുക്കപ്പെടുന്നു. ഈ ചിത്രവും ടിക്കറ്റ് നമ്പറും (സീറ്റ് നമ്പര്‍) സോഫ്റ്റ്‌വെയര്‍ സൂക്ഷിക്കും. ഇതുകൂടാതെ, തിയേറ്ററിനുള്ളില്‍ നിന്നും ഷോ കാണുന്ന ഓരോ ആളുടെയും ചിത്രം പ്രത്യേക ക്യാമറ (സിസിടിവി അല്ല) ഉപയോഗിച്ച് പകര്‍ത്തി ഇതോടൊപ്പം സൂക്ഷിക്കുകയും ചെയ്യും.
ഒരു ചിത്രം അപ്‌ലോഡ് ചെയ്യപ്പെട്ടാല്‍ പരിശോധനയില്‍ നിന്നും ആ ചിത്രം ഏത് തിയേറ്ററില്‍ നിന്ന് ഏത് ഷോയില്‍ പകര്‍ത്തിയതാണെന്ന് കണ്ടെത്താനാകും. തിയേറ്ററിന്റെ ഏത് ഭാഗത്തായിരുന്നു പകര്‍ത്തിയ ആള്‍ ഇരുന്നതെന്നും അറിയാം. ഇവ മനസിലായാല്‍ സോഫ്റ്റ്‌വെയറിലുള്ള വിവരങ്ങള്‍ ഉപയോഗിച്ച് വേഗത്തില്‍ കുറ്റവാളിയിലേക്കെത്താം. നിലവില്‍ ഇത്തരത്തില്‍ വ്യാജ പതിപ്പുകള്‍ പരിശോധനയ്ക്ക് അയച്ചാല്‍ രണ്ടു ദിവസമെങ്കിലുമെടുക്കും അതിന്റെ വിശദാംശങ്ങള്‍ ലഭിക്കാന്‍. വിവരങ്ങള്‍ വേഗത്തില്‍ ലഭിച്ചാല്‍ പ്രതിയെ പിടികൂടാനുള്ള സാധ്യതയുമേറും.
തടയാൻ ഇൻഫ്രാ റെഡ്ഡും
സിസിടിവി സംവിധാനം ശക്തമാക്കുന്നതിലൂടെയും ഇവ തത്സമയം കൃത്യമായി നിരീക്ഷിക്കുന്നതിലൂടെയും വലിയ തോതില്‍ വ്യാജന്‍മാരെ വലയിലാക്കാനാകും. ഇപ്പോള്‍ മിക്കവാറും തിയേറ്ററുകളിലും സിസിടിവി സംവിധാനങ്ങളുണ്ടെങ്കിലും ഇവ എത്രമാത്രം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്ന കാര്യത്തില്‍ സംശയമുണ്ട്.
സ്‌ക്രീനില്‍ നിന്ന് ഇന്‍ഫ്രാറെഡ് രശ്മികള്‍ പ്രവഹിപ്പിച്ച് തിയേറ്ററില്‍ നിന്നുള്ള ഷൂട്ടിങ് തടയാനുള്ള ടെക്‌നോളജിയ്ക്കും സാധ്യതയുണ്ട്. സ്മാര്‍ട്ട്‌ഫോണിലെയും മറ്റും ക്യാമറകള്‍ ഐആര്‍ ലൈറ്റ് ക്യാപ്ചര്‍ ചെയ്യുമെന്നതിനാല്‍ കൃത്യമായ വിഷ്വലുകള്‍ പതിയില്ല. എന്നാല്‍, ഇത്തരമൊരു ടെക്‌നോളജിയ്ക്ക് ക്യാമറകള്‍ വെക്കുന്നതിന്റെ ഇരട്ടി ചെലവുവരും. മാത്രമല്ല, അധികം വൈകാതെ ഐആര്‍ ലൈറ്റ് തടയുന്നതിനുള്ള ലെന്‍സുകളും ടെക്‌നോളജിയുമൊക്കെ പ്രയോഗത്തില്‍ വരാനുള്ള സാധ്യതയുമുണ്ട്. (പരമ്പരയുടെ കഴിഞ്ഞ ഭാഗത്തില്‍ ഒരു വായനക്കാരന്‍ ഇതുസംബന്ധിച്ച് കമന്റ് ഇട്ടിരുന്നു.)
വേണം ജാഗ്രത
മികച്ച സാധ്യതകളുള്ള ഇത്തരം സംവിധാനങ്ങളുടെ അഭാവത്തോടൊപ്പം വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതോ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് കേസ് നടത്താനുള്ള അലംഭാവമോ ഒക്കെ നിലവില്‍ 'വ്യാജ' പ്രതികള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്. വേരില്‍ നിന്നുതന്നെ തടയുക എന്നതാണ് വ്യാജന്‍മാരെ ഒഴിവാക്കാനുള്ള ഫലപ്രദമായ മാര്‍ഗം. ഓണ്‍ലൈനില്‍ എത്തിയാലും അവ ഉടന്‍ കണ്ടെത്താനും നീക്കംചെയ്യാനും മാര്‍ഗങ്ങളുണ്ട്. സൈബര്‍ സെല്ലിന്റെ കീഴില്‍ ഇതിനായി പൈറസി ട്രാക്കര്‍ എന്ന സോഫ്റ്റ്‌വെയര്‍ തന്നെയുണ്ട്.
ഒരു ചിത്രം ഓണ്‍ലൈനില്‍ അപ്‌ലോഡ് ആയിക്കഴിഞ്ഞാല്‍ കൃത്യമായി കണ്ടെത്താന്‍ ഇത്തരം സംവിധാനങ്ങളുണ്ട്. അങ്ങനെ കണ്ടെത്തുന്ന ലിങ്കുകള്‍ വേഗത്തില്‍ തന്നെ നീക്കം ചെയ്യാനുമാകും. യൂട്യൂബില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും ലിങ്കുകള്‍ നീക്കംചെയ്യാന്‍ മിനിറ്റുകള്‍ മതിയാകും. ഫെയ്‌സ്ബുക്കിലും അധികം താമസമില്ലാതെ പൊതുവെ കണ്ടന്റ് നീക്കം ചെയ്യാനാകുമെങ്കിലും ചില അവസരങ്ങളില്‍ താമസം നേരിടാറുണ്ട്. ടോറന്റ് സൈറ്റുകളില്‍ നിന്നുപോലും ആറു മണിക്കൂറിനകം ലിങ്ക് ഒഴിവാക്കാനാകുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വിദേശത്ത് സര്‍വറുകളുള്ള ചില ക്ലൗഡ് സ്‌റ്റോറേജുകള്‍ മാത്രമാണ് ഇതിനപവാദം.
പൈറസി തടയുന്നതിനായി സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങള്‍ വലിയ തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിന്റെ പേരില്‍ ശിക്ഷക്കപ്പെടുന്നവര്‍ താരതമ്യേന കുറവാണ്. പൈറസി നിയമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതും തെളിവുകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തേണ്ടതും അത്യാവശ്യമാണ്. എന്നാലേ പിടിക്കപ്പെടുന്നവരെ തന്നെ മാതൃകാപരമായി ശിക്ഷിക്കാനാകൂ.
ഒന്നാം ഭാഗം: സിനിമയുടെ വ്യാജനെ പിടിക്കാനെത്തിയ പോലീസ് പ്രതിയെ കണ്ട് ഞെട്ടി
രണ്ടാം ഭാഗം: ടെലിഗ്രാം: വ്യാജസിനിമകളുടെ പുതിയ സങ്കേതം
മൂന്നാം ഭാഗം: വ്യാജചിത്രം: കുട്ടികളെ കുടുക്കാന്‍ ബ്ലൂ വെയ്ല്‍ മാതൃക; എല്ലാറ്റിനും പിറകില്‍ ആ അജ്ഞാത ടീം
നാലാം ഭാഗം: ടോറന്റിനെ നിയന്ത്രിക്കുന്ന ഈ മൂവാറ്റുപുഴക്കാരനാണ് വ്യാജ സിനിമയുടെ രാജാവ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..