കണ്ണ് നിറയിച്ച, ഉള്ളുലച്ച നിരവധി അനുഭവങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു; മോഹന്‍ലാല്‍


മോഹന്‍ലാല്‍

കോഫി ഹൗസില്‍ വെച്ച് അശോക് പറഞ്ഞു: ''അളിയാ, നമ്മള്‍ക്കൊരു സിനിമയെടുക്കണം.'' അതൊരു വാശിയായിരുന്നു അശോകിന്. ആ വാശി അശോകിന്റേത് മാത്രമായിരുന്നില്ല, ഞങ്ങളുടെ എല്ലാവരുടേതും കൂടിയായിരുന്നു. അങ്ങനെയാണ് തിരനോട്ടം പിറവികൊള്ളുന്നത്.

തിരനോട്ടത്തിന്റെ ചർച്ചയിൽ മോഹൻലാൽ, മോഹൻലാൽ| Photo Credit: Mohanlal, Mathrubhumi Archives

ചലച്ചിത്ര ലോകത്തേക്കുള്ള മോഹന്‍ലാലിന്റെ ആദ്യ കാല്‍വെപ്പായിരുന്നു തിരനോട്ടം. മോഹന്‍ലാലടക്കമുള്ള ശരാശരി പതിനെട്ട് വയസ്സു മാത്രം പ്രായമുള്ള ഒരു കൂട്ടം കോളേജ് വിദ്യാര്‍ഥികളുടെ സ്വപ്‌നം. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് പൂര്‍ത്തിയായ തിരനോട്ടം പ്രേക്ഷകരിലേക്കെത്തിയില്ല. കൊല്ലത്തെ കൃഷ്ണാ തിയേറ്ററില്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ച് തിരനോട്ടം പെട്ടിക്കുള്ളിലായി. തിരനോട്ടത്തിന്റെ വിധി അതായിരുന്നെങ്കിലും ആ സിനിമ നല്‍കിയ ആത്മവിശ്വസമാണ് മോഹന്‍ലാലിന്റെ യാത്രയ്ക്ക് കരുത്ത് പകര്‍ന്നത്.

ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ബന്ധങ്ങളൊന്നും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ചെറിയ കൈവഴികളായി ഒഴുകി വന്ന സൗഹൃദങ്ങളെ ഞാന്‍ ചേര്‍ത്തുവയ്ക്കുകയായിരുന്നു. ഞാന്‍ ഒരു സിനിമാ നടനായി പരിണമിക്കുന്നതും ആ സൗഹൃദങ്ങളിലൂടെ തന്നെയാണ്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്താണ് സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പ്പര്യം ആദ്യമായി വീട്ടില്‍ പറഞ്ഞത്. ഞങ്ങളുടെ കുടുംബത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആരുമില്ലായിരുന്നു. എന്നിട്ടും എനിക്കുചുറ്റും സിനിമയുടെ ഒരു വെളിച്ചം എന്നുമുണ്ടായിരുന്നു. അത്രതീവ്രമൊന്നുമല്ലെങ്കിലും ഉള്ളില്‍ കൊണ്ടുനടന്ന മോഹം ഒരിക്കല്‍ അച്ഛനു മുന്നില്‍ തുറന്നുവച്ചു. ''നല്ലതു തന്നെ, പക്ഷേ ഡിഗ്രി കഴിഞ്ഞിട്ടു പോരേ?'' എന്നു മാത്രമാണ് അച്ഛന്‍ ചോദിച്ചത്. വേണ്ട എന്ന് അദ്ദേഹം പറഞ്ഞതേയില്ല. മകന്‍ തന്നെ പോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി കാണണമെന്ന അച്ഛന്റെ ആഗ്രഹത്തിന് മുറിവേല്‍പ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നുമില്ല. സ്വകാര്യമായി ഹൃദയത്തില്‍ സൂക്ഷിച്ച സിനിമാ മോഹം പോലും അച്ഛന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറത്തേയ്ക്ക് വലിച്ചുനീട്ടാന്‍ അക്കാലത്ത് എന്റെ മനസച്ഛ് അനുവദിച്ചില്ല. അശോക്, സുരേഷ്, സനല്‍, ഉണ്ണി പിന്നെ കോളേജ് കാലത്ത് ഒരു ബസ് യാത്രയിലുണ്ടായ തര്‍ക്കത്തില്‍ നിന്നും ചങ്ങാതിയായി രംഗപ്രവേശം ചെയ്ത പ്രിയന്‍ എന്ന പ്രിയദര്‍ശന്‍ തുടങ്ങി എന്റെ സുഹൃത്തുക്കളെല്ലാം സിനിമ സ്വപ്നം കണ്ടു നടന്നവരായിരുന്നു.

ഞങ്ങളുടെ സിനിമാ സ്വപ്നങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ചൂട് പകരാന്‍ അന്ന് തിരുവനന്തപുരം സ്റ്റാച്ച്യു ജംഗ്ഷനില്‍ ഒരു വേദിയുണ്ടായിരുന്നു. ഇന്ത്യന്‍ കോഫി ഹൗസ്. ബ്രിട്ടീഷ് മാതൃകയില്‍ പണികഴിപ്പിച്ച പഴയ കെട്ടിടം ഇന്നില്ലെങ്കിലും പല തലമുറകളുടെയും മധുരസ്മരണകളില്‍ നിറവും മണവുമായി ആ കാപ്പിക്കട നിറഞ്ഞുനില്‍ക്കുന്നുണ്ട്. കാപ്പിയേക്കാള്‍ കടുപ്പമുള്ള ഓര്‍മ്മകളാണ് ആ കാലം തുറന്നിടുന്നത്. കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ വലിയ എഴുത്തുകാരും പാട്ടുകാരും സിനിമക്കാരും പോലീസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും വക്കീലന്മാരുമെല്ലാം കൂടിച്ചേരുന്ന സൗഹൃദക്കൂട്ടായ്മകളുടെ ഇടമായിരുന്നു സ്റ്റാച്യുവിലെ കോഫി ഹൗസ്. രാവിലെ കോളേജിലേക്കെന്നു പറഞ്ഞിറങ്ങുന്ന ഞങ്ങള്‍ പലപ്പോഴും ക്ലാസച്ഛ് കട്ട് ചെയ്ത് സിനിമാ ചര്‍ച്ചകളുമായി അവിടെ ഇരിക്കും. ഇടയ്ക്കിടെ കാപ്പിക്ക് ഓഡര്‍ കൊടുക്കും. അക്കാലത്ത് അശോകിന്റെ ജ്യേഷ്ഠന്‍ രാജീവ് നാഥ് നെടുമുടി വേണുവിനെ വച്ച് ഒരു പടം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. സൂര്യന്റെ മരണം എന്നായിരുന്നു ആ സിനിമയുടെ പേര്. അശോകിന്റെ ജ്യേഷ്ഠന്റെ പടത്തില്‍ നമ്മളെയും സഹകരിപ്പിക്കുമല്ലോ എന്ന ഉറച്ച വിശ്വാസം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടായിരുന്നു. മാന്നാറിലായിരുന്നു ഷൂട്ടിംഗ്. അശോകിനൊപ്പം ഞങ്ങള്‍ ലൊക്കേഷനിലെത്തി. ഷൂട്ടിംഗ് തുടങ്ങും മുന്‍പ് ഞങ്ങളെയൊക്കെ ജ്യേഷ്ഠന് പരിചയപ്പെടുത്തിയ ശേഷം അശോക് വന്നകാര്യം പറഞ്ഞു. മറുപടി നിരാശപ്പെടുത്തുന്നതായിരുന്നു; ''പയ്യന്‍മാരെയൊന്നും ഈ സിനിമയില്‍ വേണ്ട. സിനിമ കണ്ടുനടക്കേണ്ട പ്രായമാണിത്, അല്ലാതെ സിനിമയില്‍ വര്‍ക്ക് ചെയ്യാനൊന്നും ആയിട്ടില്ല''. കൂട്ടുകാരുടെ മുന്നില്‍ വച്ച് മുഖത്തടിയേറ്റപോലുള്ള അനുഭവമായിരുന്നു അശോകിന് അത്. അന്ന് ലൊക്കേഷനില്‍ നിന്നും തിരിച്ചുപോരുമ്പോള്‍ ഉറച്ച ഒരു തീരുമാനമെടുത്ത പോലെയായിരുന്നു അശോകിന്റെ മുഖം. വൈകുന്നേരം കോഫി ഹൗസില്‍ വെച്ച് അശോക് പറഞ്ഞു: ''അളിയാ, നമ്മള്‍ക്കൊരു സിനിമയെടുക്കണം.'' അതൊരു വാശിയായിരുന്നു അശോകിന്. ആ വാശി അശോകിന്റേത് മാത്രമായിരുന്നില്ല, ഞങ്ങളുടെ എല്ലാവരുടേതും കൂടിയായിരുന്നു. അങ്ങനെയാണ് തിരനോട്ടം പിറവികൊള്ളുന്നത്.

കോഫിഹൗസ്, കോളേജ്, ക്രിക്കറ്റ് മൈതാനം, ട്യൂട്ടോറിയല്‍ അക്കാദമി പിന്നെ വീട് അങ്ങനെ എവിടെയെല്ലാം എത്രയോവട്ടമിരുന്ന് ചര്‍ച്ചകള്‍ നടത്തി. നല്ലൊരു കഥ, പ്രൊഡ്യൂസര്‍, അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍... തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഒത്തുവരണമല്ലോ ഒരു സിനിമ ചെയ്യണമെങ്കില്‍. എല്ലാദിവസവും രാവിലെ വീട്ടില്‍ നിന്നും കോളേജിലേക്കെന്ന് പറഞ്ഞിറങ്ങും. കഥതന്നെയായിരുന്നു ആദ്യപ്രശ്നം. അന്ന് ഐ.വി ശശിയുടെ അവളുടെ രാവുകള്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അതുപോലെ ഒരു ചിത്രം മതി എന്നായിരുന്നു ആദ്യത്തെ തീരുമാനം. പിന്നെയാണ് അശോകിന്റെ ചിന്തയില്‍ ഒരു സൈക്കിക്ക് സ്റ്റോറി രൂപം കൊണ്ടത്. ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടാണ് ആ കഥ വികസിക്കുന്നത്. അശോകും സുഹൃത്തായ ശശിയും ചേര്‍ന്ന് തിരക്കഥ എഴുതി. വളരെ ശ്രമകരമായൊരു വര്‍ക്ക് അതിന് പിന്നിലുണ്ടായിരുന്നു. ഡോ. മാത്യുവെല്ലൂര്‍ അടക്കം നിരവധി മനോരോഗ വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് സ്‌ക്രിപ്റ്റുണ്ടാക്കിയത്. ഞങ്ങള്‍ ഒരു സിനിമ ചെയ്യാന്‍ പോകുന്നവിവരം അപ്പോഴേക്കും കോളേജിലും മറ്റും അറിഞ്ഞു തുടങ്ങിയിരുന്നു. എന്നിട്ടും വീട്ടുകാര്‍ അതറിഞ്ഞിരുന്നില്ല. ചിത്രത്തിന് തിരനോട്ടം എന്ന് പേരിട്ടത് അശോക് തന്നെ. ആറ്റുകാല്‍ ദേവി ക്ഷേത്രത്തിനു മുന്നില്‍ വച്ച് ചിത്രത്തിന്റെ പൂജ നടന്നു. നിര്‍മ്മാതാവ് ആരെന്ന കാര്യത്തില്‍ അപ്പോഴും തീരുമാനമായിരുന്നില്ല. ആശങ്കകള്‍ക്കൊടുവില്‍ ഒരാള്‍ ഞങ്ങളെ തേടിയെത്തി. പാച്ചല്ലൂര്‍ ശശി എന്നായിരുന്നു അയാളുടെ പേര്. പുതിയ സിനിമ തുടങ്ങാന്‍ പോകുന്നുവെന്നറിഞ്ഞു വന്നതാണ്. അഭിനയതത്പരന്‍ മാത്രമല്ല, കക്ഷി സത്യന്‍ മാസ്റ്ററുടെ വലിയ ആരാധകനുമാണ്. നടക്കുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതുമെല്ലാം സത്യന്‍ മാഷെപ്പോലെയാണ്. ''നിങ്ങളുടെ സിനിമയില്‍ ഒരു റോള്‍ കിട്ടിയാല്‍ അഭിനയിക്കാമായിരുന്നു.'' ശശി വളരെ വിനയത്തോടെ പറഞ്ഞു. ''നിര്‍മ്മാതാവിനെ കിട്ടിയിട്ടില്ല, സിനിമയുടെ നിര്‍മ്മാതാവാമെങ്കില്‍ ഒരു റോള്‍ തരാം'' എന്നായി അശോക്. ശശി കുറച്ചു പണം മുടക്കാമെന്നു സമ്മതിച്ചു. അതോടെ വലിയൊരു കടമ്പ മറികടന്ന ആശ്വാസമായി. ഇനി നടീനടന്മാരെ നിശ്ചയിക്കണം. നെടുമുടി വേണു ഏട്ടനെ പ്രധാന റോളില്‍ തീരുമാനിക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും അതംഗീകരിച്ചു. അടുത്ത ദിവസം വേണു ഏട്ടനെ കാണാന്‍ തീരുമാനിച്ചു.

രാജീവ് നാഥിന്റെ സഹോദരന്‍ എന്ന നിലയില്‍ അശോകിനെ വേണു ഏട്ടന് നേരത്തെ പരിചയമുണ്ട്. അതിനാല്‍ അദ്ദേഹം അഭിനയിക്കാന്‍ വരും എന്നത് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. കോഫി ഹൗസില്‍ വച്ച് വേണു ഏട്ടനെ പലപ്പോഴും കാണാറുണ്ടെങ്കിലും അദ്ദേഹം താമസിക്കുന്ന സ്ഥലത്തു പോയി കാണുകയാണ് നല്ലതെന്നു തോന്നി. നൃത്താധ്യാപകന്‍ നാട്ടുവന്‍ പരമശിവന്‍ മാഷോടൊപ്പമാണ് അന്ന് അദ്ദേഹത്തിന്റെ താമസം. ഞങ്ങളെല്ലാവരും കൂടി അവിടെ ചെന്നു. അശോകാണ് കാര്യങ്ങള്‍ പറഞ്ഞത്. പിള്ളേര് കളിക്ക് ഞാനില്ലെന്നായിരുന്നു വേണു ഏട്ടന്റെ മറുപടി. അതോടെ ഞങ്ങള്‍ നിരാശരായി തിരിച്ചു പോന്നു. ഇനിയെന്ത് ചെയ്യണമെന്ന് വീണ്ടും കോഫി ഹൗസില്‍ ഇരുന്ന് ആലോചിച്ചു. അന്ന് മലയാളത്തിലെ പ്രശസ്തനായ നടന്‍ രവികുമാര്‍ തിരുവന്തപുരത്തുണ്ട്. അദ്ദേഹത്തെ പോയി കണ്ടു. ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ ഒരു സിനിമ എടുക്കുന്നതില്‍ എന്തോ ഒരു പുതുമ രവികുമാറിന് തോന്നിയിരിക്കണം. അഭിനയിക്കാം എന്നല്ലാതെ മറിച്ചൊരു വാക്കും രവികുമാറില്‍ നിന്നുണ്ടായില്ല. നായികയായി തീരുമാനിച്ചത് പ്രശസ്ത നര്‍ത്തകന്‍ ചന്ദ്രശേഖറിന്റെ മകള്‍ രേണുചന്ദ്രയെയായിരുന്നു. ബുദ്ധിമാന്ദ്യമുള്ള കുട്ടപ്പന്റെ വേഷം എന്നെക്കൊണ്ട് ചെയ്യിക്കാനും തീരുമാനിച്ചു. ഹാസ്യ പ്രധാനമായ വേഷമായിരുന്നു അത്.

onapathippu
മാതൃഭൂമി വാർഷികപ്പതിപ്പ് വാങ്ങാം">
മാതൃഭൂമി വാർഷികപ്പതിപ്പ് വാങ്ങാം

സഹസംവിധാനം സുരേഷായിരുന്നു. പ്രിയന്റെ സഹായം കൂടിയായപ്പോള്‍ തിരനോട്ടം പുതുമുഖങ്ങളുടെ മികച്ച ഒരു സൃഷ്ടിയായി മാറുമെന്ന് ഞങ്ങള്‍ക്കുറപ്പായി. പിന്നെയുമുണ്ടായിരുന്നു ഏറെ അലച്ചിലുകള്‍. ക്യാമറമാനെ തിരഞ്ഞുള്ള ഓട്ടം ചിത്രാഞ്ജലിയിലാണ് ഞങ്ങളെ എത്തിച്ചത്. എസ് കുമാറിനെ അവിടെ വച്ചാണ് ആദ്യം കാണുന്നത്. അന്ന് ക്യാമറ അസിസ്റ്റന്റാണ് കുമാര്‍. തിരനോട്ടത്തിലൂടെ കുമാര്‍ ആദ്യമായി സ്വാതന്ത്ര ഛായാഗ്രാഹകനായി. പാട്ടെഴുതുന്ന കാര്യം സംസാരിക്കാനായി അശോകും ഞാനും സുരേഷും ചെന്നത് ഒ.എന്‍.വി സാറിന്റെ അടുത്തേക്കാണ്. ഒരു പാട്ടിന് അദ്ദേഹം ആവശ്യപ്പെട്ട തുക കൊടുക്കാന്‍ അന്നേരം ഞങ്ങളുടെ കൈയില്‍ ഇല്ലായിരുന്നു. എന്നാല്‍ കുറച്ചു ദിവസത്തിനുള്ളില്‍ ആ പണം സംഘടിപ്പിച്ച് ഞങ്ങള്‍ വീണ്ടും ഒ എന്‍ വി സാറിന്റെ അടുക്കലെത്തി. രണ്ടു പാട്ട് വേണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. രണ്ടു പാട്ടിനുള്ള പണവും നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ സാര്‍ പാട്ടെഴുതി തന്നു. എം ജി രാധാകൃഷ്ണന്‍ സാറിനെക്കൊണ്ടാണ് സംഗീതം ചെയ്യിച്ചത്. ഗായകരായി യേശുദാസിനെയും ജാനകിയമ്മയെയും നേരില്‍ക്കണ്ടുറപ്പിച്ചു. ഇതൊന്നും സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്ന പ്രായമായിരുന്നില്ല ഞങ്ങളുടേത്. എന്നിട്ടും പതിനേഴും പതിനെട്ടും വയസച്ഛുള്ള ഞങ്ങള്‍ നാലഞ്ചു കോളേജ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യങ്ങളെല്ലാം നന്നായി ക്രോഡീകരിച്ചു. പുതിയ പ്രയോഗം കടമെടുത്താല്‍ എന്തുകൊണ്ടും ഒരു ന്യൂജെന്‍ പടമായിരുന്നു തിരനോട്ടം. പക്ഷേ കണ്ണ് നിറയിച്ച, ഉള്ളുലച്ച നിരവധി അനുഭവങ്ങള്‍ ആ സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു

തിരനോട്ടത്തെക്കുറിച്ചുള്ള ചിന്ത അശോകില്‍ നിന്നാരംഭിച്ചതുകൊണ്ടു തന്നെ ചിത്രത്തിന്റെ സംവിധായകന്‍ അശോകാണെന്ന് ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നു. എവിടെ ചിത്രീകരിക്കും എന്ന കാര്യത്തിലും ഞങ്ങള്‍ക്ക് സംശയമൊന്നും ഇല്ലായിരുന്നു. ലൊക്കേഷനുകള്‍ തേടി അധികം അലയാതെ ഞങ്ങളുടെ വീടും പരിസരപ്രദേശങ്ങളും ലൊക്കേഷന്‍ ആയി ഉറപ്പിച്ചു. മുടവന്‍മുഗളിലെ വീടിന്റെ മുന്നില്‍ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഔട്ട് ഡോര്‍ യൂണിറ്റ് വാഹനം വന്നു നിന്നപ്പോള്‍ അമ്മ ആകെ പരിഭ്രമിച്ചു: ''എന്താ മക്കളെ ഗേറ്റിനു മുന്നില്‍ ഒരു വണ്ടി വന്നു നില്‍ക്കുന്നത്?'' അമ്മയുടെ ചോദ്യത്തിന് അശോകായിരുന്നു മറുപടി പറഞ്ഞത്: ''ഞങ്ങളൊരു ചെറിയ സിനിമ എടുക്കാന്‍ പോകുകയാണമ്മേ''. അപ്പോ ഇന്ന് കോളേജില്‍ പോകുന്നില്ലേ എന്നായി അമ്മയുടെ അടുത്ത ചോദ്യം. കോളേജില്‍ പോകാതെയും ക്ലാസച്ഛ് കട്ട് ചെയ്തും സിനിമയുടെ പിന്നാലെ പോകാന്‍ തുടങ്ങിയിട്ട് കുറേനാളായെന്ന് അമ്മയ്ക്കറിയില്ലല്ലോ. അച്ഛന്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ഷൂട്ടിംഗിന്റെ കാര്യത്തില്‍ എതിര്‍പ്പൊന്നും പറഞ്ഞിരുന്നില്ല. എങ്ങനെ കറങ്ങിതിരിഞ്ഞാലും ഒടുവില്‍ ഞാന്‍ സിനിമയുടെ വഴിയില്‍തന്നെ എത്തിച്ചേരുമെന്ന് അച്ഛന്‍ എന്നോ മനസച്ഛിലാക്കിയിരിക്കാം.

ആദ്യ ഷോട്ട് എന്താവണമെന്ന് അശോക് മുന്‍കൂട്ടി പറഞ്ഞിരുന്നു. വീടിന് മുന്നിലുള്ള റോഡിലൂടെ കുട്ടപ്പനായി വേഷമിടുന്ന ഞാന്‍ സൈക്കിള്‍ ചവിട്ടിവരുന്ന രംഗമാണ് തിരനോട്ടത്തിന് വേണ്ടി അശോക് ആദ്യം ചിത്രീകരിച്ചത്. എസ് കുമാര്‍ ക്യാമറയില്‍ പകര്‍ത്തിയ ആ ഷോട്ട് എന്നിലെ നടന്റെ പിറവിയാകുമെന്ന് ഞാന്‍ പോലും കരുതിയിരുന്നില്ല.സുരേഷും പ്രിയനും സനലും ഉണ്ണിയും കുമാറും അശോക്കുമൊക്കെ ചേര്‍ന്ന് വീട് ഒരു സ്റ്റുഡിയോ ആക്കി മാറ്റി. ഷൂട്ടിങ്ങിനിടയ്ക്കാണ് നിര്‍മ്മാതാവായ പാച്ചല്ലൂര്‍ ശശിയെ ഹൃദ്രോഗത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നത്. ശശിയുടെ അസുഖം കൂടുന്നതനുസരിച്ച് അദ്ദേഹത്തെ സഹായിക്കേണ്ട ഉത്തരവാദിത്വവും ഞങ്ങളില്‍ വന്നുചേര്‍ന്നു. പിന്നെ ഷൂട്ടിങ്ങിനായി പണം കണ്ടെത്താനുള്ള പരക്കം പാച്ചിലായിരുന്നു. ചെറിയ തുകയൊക്കെ അമ്മയില്‍ നിന്നും ഞാന്‍ വാങ്ങിക്കും. പക്ഷേ ഒരിക്കലും സിനിമയുടെ പേരില്‍ അമ്മയെയും അച്ഛനെയും ഞാന്‍ ബുദ്ധിമുട്ടിച്ചില്ല.

നിര്‍മ്മാതാവ് കിടപ്പിലായെങ്കിലും പരാജിതരാകാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. തിരനോട്ടം പൂര്‍ത്തീകരിക്കാന്‍ ഞങ്ങള്‍ക്ക് പലരെയും കാണേണ്ടി വന്നു. സിനിമ മുഴുമിപ്പിക്കാന്‍ കൊല്ലത്തെ ജനറല്‍ പിക്ചേഴ്‌സ് ഉടമ രവി മുതലാളിയെ കാണുകയായിരുന്നു ആദ്യലക്ഷ്യം. ഷൂട്ട് ചെയ്തതിന്റെ ക്യാനുമായി അശോകിന്റെ സ്‌കൂട്ടറില്‍ കൊല്ലത്തേക്ക് പോകും. ഒന്നല്ല പലതവണ പോയ ശേഷമാണ് മുതലാളിയെ കാണാന്‍ കഴിഞ്ഞത്. എങ്ങനെയെങ്കിലും വിതരണത്തിനെടുത്തു സഹായിക്കണമെന്ന് പറഞ്ഞുനോക്കി. അദ്ദേഹത്തിന് ഞങ്ങളൊരു ശല്യമായി മാറുകയാണെന്ന് പലപ്പോഴും തോന്നി. ഒടുവില്‍, അതുവരെ ചിത്രീകരിച്ച ഭാഗങ്ങള്‍ അദ്ദേഹം കണ്ടു. രവി സാറിന്റെ സിനിമാ രീതികള്‍ക്കനുസരിച്ച ഒരു ചിത്രമായിരുന്നില്ല തിരനോട്ടം. ഞങ്ങളെ നിരാശപ്പെടുത്തേണ്ടെന്ന് കരുതിയാവാം കൊല്ലത്തെ തിരുവെങ്കിടം മുതലാളിയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. അദ്ദേഹം സഹായിക്കുമെന്നു ഉറപ്പ് തന്നു. നീണ്ട നാലുമാസങ്ങള്‍ അശോകും ഞാനും സുരേഷുമൊക്കെ തിരുവെങ്കിടം മുതലാളിയെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ കയറിയിറങ്ങി. രാവിലെ തിരുവനന്തപുരത്തു നിന്നും ഞങ്ങള്‍ പുറപ്പെടും. രാത്രി തിരിച്ചു വരും. ഒരു സിനിമയ്ക്ക് വേണ്ടി അനുഭവിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഞങ്ങളൊരിക്കലും വിഷമിച്ചില്ല. അപ്പോഴും വലിയ പ്രതീക്ഷ ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു. ഒടുവില്‍ മുതലാളിയെ കാണാനായി ഞങ്ങള്‍ക്കവസരം ലഭിച്ചു. അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് ഞങ്ങളെ വിളിപ്പിച്ചു. സിനിമയുടെ തുടര്‍ചിത്രീകരണത്തിന് സഹായം ചോദിച്ചു. പടം തീര്‍ക്കാന്‍ എത്ര രൂപ വേണ്ടി വരുമെന്നതിന്റെ ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി കൊടുക്കാന്‍ മുതലാളി പറഞ്ഞു. അടുത്ത ദിവസം മുപ്പത്തി അയ്യായിരം രൂപയുടെ എസ്റ്റിമേറ്റ് മുതലാളിക്ക് മുന്നില്‍ വച്ചു. അദ്ദേഹം ആ എസ്റ്റിമേറ്റിലൂടെ ഒന്നു കണ്ണോടിച്ചു. പിന്നെ. ഞങ്ങളെ നോക്കി. പെട്ടന്ന് തന്നെ പേനയെടുത്തു കുറെ സ്ഥലങ്ങളില്‍ വെട്ടിയ ശേഷം പറഞ്ഞു: ''ശരി, അയ്യായിരം രൂപ വാങ്ങിച്ചോ.'' അശോകും സുരേഷും ഞാനും പരസ്പരം നോക്കി. അയ്യായിരമെങ്കില്‍ അയ്യായിരം. അത് കിട്ടിയാല്‍ വലിയ ഒരു കാര്യമുണ്ടായിരുന്നു. പാച്ചല്ലൂര്‍ ശശിയുടെ ഓപ്പറേഷനായിരുന്നു അടുത്ത ദിവസം. ആ പണവും കൊണ്ട് ഞങ്ങള്‍ ആശുപത്രിയിലെത്തി ശശിയ്ക്ക് പണം നല്‍കി. പക്ഷെ ശശിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഓപ്പറേഷന്‍ കഴിഞ്ഞതിന്റെ പിറ്റേ ദിവസം ശശി മരിച്ചു.

ഞങ്ങളുടെ പ്രയാസങ്ങള്‍ കണ്ട് തിരുവെങ്കിടം മുതലാളിയുടെ ചെറിയ സഹായം വീണ്ടുമുണ്ടായി. അയ്യായിരം രൂപയാണ് കിട്ടിയതെങ്കിലും അതിന് ഷൂട്ട് തുടങ്ങി. അങ്ങനെ തുടങ്ങിയും മുടങ്ങിയും വീണ്ടും തുടങ്ങിയും, ഒരുപാട് കഷ്ടപ്പാടുകള്‍ക്കൊടുവില്‍ തിരനോട്ടത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. പിന്നെയുള്ളത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ്. അതിനായി അശോകും സുരേഷും പ്രിയനും ഞാനുമൊക്കെ മദ്രാസച്ഛിലേക്ക് പുറപ്പെട്ടു. അവിടെയും പ്രശ്നങ്ങള്‍ പലതായിരുന്നു. എഡിറ്റിങ്ങും, ഡബ്ബിങ്ങും, റീ റെക്കോര്‍ഡിങ്ങും എല്ലാം കഴിയും വരെ മദ്രാസച്ഛില്‍ തങ്ങേണ്ടിവന്നു. സെന്‍സര്‍ ബോര്‍ഡിന്റെ പ്രശ്നങ്ങളും തിരനോട്ടത്തിനു മുന്നിലുണ്ടായിരുന്നു. പ്രതിസന്ധികളോരോന്നും ഞങ്ങള്‍ ഒന്നിച്ചു നിന്ന് തരണം ചെയ്തു. മലയാളത്തിലെ പല പത്രങ്ങളിലും തിരനോട്ടത്തിന്റെ പരസ്യം വന്നു. നാന സിനിമാ വരികയിലും ചിത്രത്തെക്കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകളുണ്ടായി. അതൊക്കെ ഏറെ സന്തോഷം നല്‍കിയെങ്കിലും അപ്പോഴേക്കും മലയാള സിനിമ ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്നും കളറിലേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. പൂര്‍ത്തിയായതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എഴുപതോളം ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ കാര്യം വലിയ പ്രതിസന്ധിയിലായി. അക്കൂട്ടത്തില്‍ തിരനോട്ടവും ഉള്‍പ്പെട്ടു. എങ്കിലും തിരുവെങ്കിടം മുതലാളിയുടെ സഹായം കൊണ്ട് കൊല്ലത്തെ കൃഷ്ണാ തിയേറ്ററില്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ച് തിരനോട്ടം പെട്ടിക്കുള്ളിലായി. തിരനോട്ടത്തിന്റെ വിധി അതായിരുന്നെങ്കിലും ആ സിനിമ വലിയൊരാത്മവിശ്വാസമാണ് ഞങ്ങള്‍ക്ക് തന്നത്. ഡിഗ്രി കഴിഞ്ഞിട്ട് പോരേ സിനിമ എന്ന അച്ഛന്റെ വാക്കുകള്‍ അപ്പോഴും ഞാന്‍ മറന്നിരുന്നില്ല. എങ്കിലും അച്ഛന്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു, മകന്റെ യാത്ര സിനിമയിലേക്കായിരിക്കുമെന്ന്. അതുകൊണ്ട് അച്ഛന്റെ ഭാഗത്തു നിന്നും ശാസനകളൊന്നുമുണ്ടായില്ല. ഒന്നിനും എതിരു പറഞ്ഞില്ല. മൗനം മാത്രമായിരുന്നു എന്നും മറുപടി. അപാര ബോധ്യങ്ങളുള്ള മനുഷ്യര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നായിരുന്നു അച്ഛന്റെ അപ്പോഴത്തെ മൗനം.

തയ്യാറാക്കിയത്: ഭാനുപ്രകാശ്‌

മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്നും (ഓണപതിപ്പ്)

മാതൃഭൂമി ആഴ്ചപതിപ്പ് വാങ്ങാം

Content Highlights: Mohanlal Writes about his First Movie Thiranottam, Ashok, Priyadarshan, Pachallur Sasi, Malayala Cinema

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented