വരവേൽപ്പിൽ ഇന്നസെന്റ്, ജഗദീഷ്, മോഹൻലാൽ, മാമുക്കോയ, ബോബി കൊട്ടാരക്കര
കൊറിയയിലിരുന്നാണ് മാമുക്കോയയുടെ വിടവാങ്ങല്‍ ഞാനറിയുന്നത്. അദ്ദേഹം ആശുപത്രിയിലായെന്ന് അറിഞ്ഞതുമുതല്‍ ഇടവേള ബാബുവുമായി ഞാന്‍ ബന്ധപ്പെടാറുണ്ടായിരുന്നു. സ്ഥിതിയില്‍ പുരോഗതിയില്ലെന്നറിയുമ്പോഴെല്ലാം മനസ്സുകൊണ്ട് പ്രാര്‍ഥിച്ചിരുന്നു. ഒടുവില്‍ മാമുക്കോയ പോയി എന്ന കാര്യം തീര്‍പ്പായപ്പോള്‍ ഒരു വലിയ കാലത്തിന് തിരശ്ശീല വീണതുപോലെ. ബഹദൂര്‍ക്ക, ശങ്കരാടി, നെടുമുടി വേണു, ഇന്നസെന്റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാള അരവിന്ദന്‍, കുതിരവട്ടം പപ്പു, ഫിലോമിനച്ചേച്ചി, കെ.പി.എസി.ലളിതച്ചേച്ചി, കൊച്ചിന്‍ ഹനീഫ... എന്തൊരു വലിയ സംഘമായിരുന്നു അത്. ഞാനും അതിന്റെ ഭാഗമായിരുന്നു. ഓരോരുത്തരും വിടപറയുന്നു, നമ്മള്‍ ശേഷിക്കുന്നു.
എത്ര സിനിമകള്‍ മാമുക്കോയയുടെകൂടെ അഭിനയിച്ചു എന്നുചോദിച്ചാല്‍ എനിക്ക് പറയാന്‍ സാധിക്കില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് സിബി മലയിലിന്റെ 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന സിനിമയില്‍ തുടങ്ങിയതാണ്. ആ സിനിമ ചിത്രീകരിച്ചുകഴിഞ്ഞപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ 'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റി'ല്‍ മാമുക്കോയ എത്തി. അങ്ങനെ തുടങ്ങിയതാണ് യാത്ര. അത് ഒടുവില്‍ ചെന്നുനിന്നത് പ്രിയദര്‍ശന്‍ സംവിധാനംചെയ്ത, എം.ടി. വാസുദേവന്‍ നായരുടെ 'ഓളവും തീരവും' എന്ന സിനിമയില്‍. ഇക്കാലത്തിനിടയില്‍ എത്രമാത്രം സ്‌നേഹം! എന്തെന്ത് അനുഭവങ്ങള്‍!
പ്രകടനപരതയില്ലാത്ത മനുഷ്യനായിരുന്നു മാമുക്കോയ. ഞാന്‍ പരിചയപ്പെട്ട ഏറ്റവും തനിമയാര്‍ന്ന കോഴിക്കോട്ടുകാരന്‍. തനിമയാര്‍ന്ന കോഴിക്കോട്ടുകാരന്‍ എന്നത് എഴുതി ഫലിപ്പിക്കാന്‍ സാധിക്കുന്നതല്ല. കളങ്കരഹിതമായ മനസ്സ്. നിരന്തരമായ ഫോണ്‍വിളികളൊന്നുമില്ല. അവസാനം കണ്ടുപിരിഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞ് കണ്ടാലും തൊട്ടുതലേദിവസം പിരിഞ്ഞപോലെയേ തോന്നൂ.
ഇന്നസെന്റ് പോയപ്പോള്‍ ഞാനെഴുതിയപോലെ, തീവ്രമായ അനുഭവങ്ങളായിരുന്നു മാമുക്കോയയെയും പാകപ്പെടുത്തിയത്.
മരമില്ലിലെ ആ ജോലിക്കാലത്തെക്കുറിച്ചും നാടകകാലത്തെക്കുറിച്ചും കോഴിക്കോട്ടെ സാംസ്‌കാരികപ്രവര്‍ത്തനങ്ങളെക്കുറിച്ചും എം.എസ്. ബാബുരാജിനെക്കുറിച്ചും ജോണ്‍ എബ്രഹാമിനെക്കുറിച്ചും എം.ടി. സാറിനെയും പി. ഭാസ്‌കരനെയും കുറിച്ചും കോഴിക്കോടിന്റെ പഴയ കാലത്തെക്കുറിച്ചും എത്രയോ സന്ദര്‍ഭങ്ങളില്‍ മാമുക്കോയ എന്നോട് പറഞ്ഞിട്ടുണ്ട്. ചോദിച്ചാലേ പറയൂ. ഹാസ്യനടനായ മാമുക്കോയയെയല്ല അപ്പോള്‍ കാണുക. തീര്‍ത്തും വ്യത്യസ്തനാവും അദ്ദേഹം അപ്പോള്‍.
മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും താന്‍ വ്യാപരിക്കുന്ന ഏതുകാര്യത്തിലും നല്ല ബോധ്യമുള്ളയാളായിരുന്നു മാമുക്കോയ. ആരുടെയും പൊയ്‌വാക്കുകളില്‍ അദ്ദേഹം വീഴാറില്ല. എല്ലാറ്റിലും തന്റേതായ നിരീക്ഷണവും നിലപാടുമുണ്ടായിരുന്നു. ചില വസ്തുക്കളുണ്ട്, അവ ഒറ്റയൊന്നേ ഉണ്ടാവൂ. രണ്ടാമതൊന്നോ പകരം വെക്കാനോ ഉണ്ടാവില്ല. ചില മനുഷ്യരും അങ്ങനെയുണ്ട്. അത്തരത്തിലൊരാളായിരുന്നു മാമുക്കോയ. വിടപറയാന്‍ നേരിലെത്താന്‍ സാധിച്ചില്ലെങ്കിലും നെഞ്ചിലുണ്ടാവും, ഒരു നല്ല കോഴിക്കോടന്‍ ചിരിയായി, സ്‌നേഹമായി.
Content Highlights: Mohanlal remembering mamukkoya, shares experience acting with Legendary comedian of Malayalam cinema
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..