ഡോ. ഐക്ക്, രാജാവിന്റെ മകനിലെ രംഗം
ഫോണ്‍ എടുത്തപാടെ മറുതലയ്ക്കല്‍ നിന്നൊരു ചോദ്യമാണ്.
'രാജാവിന്റെ മകനാണോ?'
'അല്ല. ഞാന്‍ രാജാവാണ്. മകന് കൊടുക്കാം' എന്നു മറുപടി.
പിന്നെ കോള്‍ അപ്പുറത്തെ മുറിയില്‍ മകന്റെ ക്ലിനിക്കിലേയ്ക്ക് കൈമാറും. ബാക്കി സംസാരം പിന്നെ മകനോടാണ്. രാജുമോന് ഒരിക്കല്‍ വിളിച്ച രാജാവിന്റെ മകനോട്. സാക്ഷാല്‍ വിന്‍സന്റ് ഗോമസിനോട്.
പല വിശേഷങ്ങളും ചോദിച്ചറിയാനുണ്ടായിരുന്നു വിളിക്കുന്നവര്‍ക്ക്. ചിലര്‍ക്ക് ചില്ലറ സഹായങ്ങളും വേണം. ഉപദേശം ചോദിച്ചുവിളിക്കുന്നവരും കുറവല്ല. ഫോണിന്റെ ഇങ്ങേത്തലയ്ക്കല്‍ ഈ വിളികളത്രയും ആസ്വദിച്ചുകൊണ്ടിരുന്നു ഐക് സക്കറിയ എന്ന ഡോക്ടര്‍. രാജാവിന്റെ മകന് വിന്‍സന്റ് ഗോമസായി വിളിക്കുന്നവരോടൊക്കെ സംസാരിച്ചുകൊണ്ടുമിരുന്നു.
രാജാവിന്റെ മകന് തീയേറ്ററുകളില്‍ ചരിത്രം സൃഷ്ടിക്കുമ്പോള്‍, വിന്‍സന്റ് ഗോമസിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍നായകനായി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ കോട്ടയത്തെ ഒറ്റമുറി ക്ലിനിക്കില്‍ രോഗികളെ നോക്കിക്കഴിഞ്ഞ ഐക് സക്കറിയ എന്ന ഡോക്ടറും നിനയ്ക്കാതെ മെല്ലെ ഒരു കൊച്ചുതാരമായിമാറി. ഒരു ഫോണ്കോളല്ല, അച്ഛന്റെ കടയിലെ ഫോണ്‍ നമ്പറാണ് ഡോ. ഐക്കിന്റെ താരപ്പിറവിക്ക് വഴിയൊരുക്കിയത്. തുക കുറഞ്ഞുപോയെങ്കില്‍ എന്റെ ഓഫീസിലേയ്ക്ക് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് വിന്‍സന്റ് ഗോമസ് അഡ്വ. നാന്‍സിയുടെ ചുവരിലെ സുമോ ഗുസ്തിക്കാരന്റെ ചിത്രമുള്ള എസ്.ചാന്ദ് ആന്‍ഡ് കമ്പനിയുടെ കലണ്ടറില്‍ കുറിച്ച 2255 എന്ന ഫോണ്‍ നമ്പര്‍ സത്യത്തില്‍ ഡോ. ഐക്കിന്റെ അച്ഛന് സക്കറിയുടെ കോട്ടയം പട്ടണത്തിലെ പുകയില മൊത്തക്കച്ചവട കടയിലെ നമ്പറായിരുന്നു. അച്ഛന്റെ ഈ കടയുടെ ഒരു ഭാഗത്തായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. കടയില്‍ നിന്ന് ക്ലിനിക്കിലേയ്ക്ക് അന്നൊരു എക്സ്റ്റന്‍ഷനും ഉണ്ടായിരുന്നു. 'പണ്ടത് 225 ആയിരുന്നു. അച്ഛന് പറഞ്ഞ അറിവാണ്. എനിക്ക് ഓര്മയുള്ള കാലത്ത് 2255 ആയി.'- ഡോ. ഐക് പറഞ്ഞു.
ഐക്കിന് സിനിമയുമായി അന്നുമിന്നുമില്ല ബന്ധം. ആകെ ഒരു സിനിമാക്കാരനെയേ ജീവിതത്തില്‍ പരിചയപ്പെട്ടിട്ടുതന്നെയുള്ളൂ. രാജാവിന്റെ മകന്റെ തിരക്കഥയെഴുതിയ ഡെന്നിസ് ജോസഫിനെ. അതും സിനിമ ഇറങ്ങി കാലമേറെക്കഴിഞ്ഞശേഷം. രാജാവിന്റെ മകനെഴുതുമ്പോള് ഡെന്നിസിന് വെറുതെ മനസില്‍ തോന്നിയ ഒരു നമ്പറായിരുന്നു 2255. ഒരു ഫാന്‍സി നമ്പര്‍ കിടക്കട്ടേയെന്ന് കരുതിക്കാണും. തന്റെ നാട്ടുകാരന്റെ നമ്പറാണതെന്ന് ഓര്‍ത്തതുപോലുമില്ല ഡെന്നിസ് എഴുത്തിന്റെ ലഹരിയില്‍. അത് സിനിമയേക്കാള്‍ വലിയ ഹിറ്റാവുമെന്നോ കേരളത്തിലെ ഏറ്റവും സൂപ്പര്‍സ്റ്റാര്‍ നമ്പറാകുമെന്നോ ആളുകള്‍ ആ ഐക്കണ്‍ നമ്പര്‍ തേടിപ്പിച്ച് ചെല്ലുമെന്നോ ഒന്നും ഡെന്നിസ് സ്വപ്നത്തില്‍ പോലും വിചാരിച്ചതുമില്ല.

രാജാവിന്റെ മകന് ഇറങ്ങി അടുത്ത ദിവസം തന്നെ വന്നു ഡോ. ഐക്കിന്റെ കടയിലേയ്ക്ക് ഒരു കോള്‍. വിന്‍സന്റ് ഗോമസിനെയാണ് അന്വേഷിച്ചത്. ഡോ.ഐക്കിന് അങ്ങനെയൊരാളെ അറിയില്ല. സിനിമ കാണാത്ത ഡോക്ടർക്ക് റോങ് നമ്പര്‍ എന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്യുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയതുമില്ല. പിന്നെയും വന്നു പല കോളുകളും. അപ്പോഴും അസ്വാഭാവികതയൊന്നും തോന്നിയില്ല. പിന്നൊരു ദിവസം കടയില്‍ ജോലി ചെയ്യുന്ന പയ്യനാണ് ഡെന്നിസ് ജോസഫ് പറ്റിച്ച പണിയെക്കുറിച്ചറിയുന്നത്. അടുത്ത ദിവസം തന്നെ ഡോ. ഐക്ക് തീയേറ്ററില്‍ പോയി പടം കണ്ടു. വിന്‍സന്റ് ഗോമസ് അഡ്വ. നാന്‍സിയുടെ കലണ്ടറില്‍ സ്വന്തം നമ്പര്‍ എഴുതുന്നത് കണ്ട് ഞെട്ടിപ്പോയി.
വിന്‍സന്റ് ഗോമസിനെയും രാജാവിന്റെ മകനെയുമൊക്കെ ചോദിച്ചുകൊണ്ട് കടയിലേയ്ക്ക് പിന്നെയും വന്നു കോളുകള്‍. സരസനായ അച്ഛന് സക്കറിയയും അതൊക്കെ നന്നായി ആസ്വദിച്ചു. രാജാവ് മകന് ഫോണ്കൈമാറിക്കൊണ്ടിരുന്നു. വിളിച്ച ആരെയും ഡോ. ഐക്കും നിരാശപ്പെടുത്തിയില്ല. വിളിച്ചവരില്‍ എല്ലാ തരക്കാരും എല്ലാ പ്രായക്കാരുമുണ്ടായിരുന്നു. ഫാന്‍സ്, കോളേജ് വിദ്യാര്‍ഥികള്‍. പെണ്‍കുട്ടികള്‍, പ്രായമായവര്‍.... പ്രായമായവര്‍ക്ക് മോനെ ഒന്ന് നേരില്‍ കണ്ടാല്‍മതി. പെണ്‍കുട്ടികള്‍ക്ക് നമ്പര്‍ തന്നാല്‍ വിന്‍സന്റ് ഗോമസ് തിരിച്ചുവിളിക്കുമോ എന്നാണ് അറിയേണ്ടിയിരുന്നത്. എവിടെയാണ് ജോലിയെന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. സിനിമയില്‍ വിന്‍സന്റ് ഗോമസ് വെടിയേറ്റ് മരിച്ചതൊക്കെ മറന്നുപോയതുപോലെയായിരുന്നു ആള്ക്കാര്. പക്ഷേ, ഡോ. ഐക്ക് ആര്‍ക്കും ഒരു പിടിയും കൊടുത്തില്ല. ആരെയും മുഷിപ്പിച്ചുമില്ല. കാണാമറയത്തിരുന്ന് താരാരാധന നന്നായി അസ്വദിച്ചുകൊണ്ടേയിരുന്നു. വൈകീട്ടായിരിക്കും കോളുകള്‍ ഏറെയും. അപ്പോള്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ഒരു സുഹൃത്ത് വഴി വീട്ടിലേയ്ക്ക് അന്നു തന്നെ കോള്‍ ഡൈവേര്‍ട്ട് സംവിധാനവും ഉണ്ടാക്കി.
വിളിക്കുന്നത് വിന്‍സന്റ് ഗോമസിനെ ആയതുകൊണ്ടാണോ എന്നറിയില്ല. ഒരിക്കല്‍പ്പോലും മോശപ്പെട്ട ഒരു അനുഭവം ഡോക്ടര്‍ക്ക് ഉണ്ടായിട്ടില്ല. 'ആരും മോശമായി ഇന്നേവരെ സംസാരിച്ചിട്ടില്ല. നിത്യവും വിളിച്ചുകൊണ്ടിരിക്കുന്ന എട്ടുപത്ത് പേരുണ്ട്.' ഇവരുമായി വിന്‍സന്റ് ഗോമസിന്റെയും മോഹന്‍ലാലിന്റെയും താരപദവിന് പിന്നില്‍ മറഞ്ഞിരുന്നുകൊണ്ട് തന്നെ ഡോക്ടര്‍ നല്ല ചങ്ങാത്തമുണ്ടാക്കുകയും ചെയ്തു. ഇതിനിടെവന്ന രസകരമായ ചില കോളുകളുമുണ്ട് ഇപ്പോഴും ഡോ. ഐക്കിന്റെ മനസില്‍. ഒരിക്കല്‍ ഒരു പെണ്‍കുട്ടി വിളിച്ചു. ഒരു ഉപദേശം വേണം. അതാണ് ആവശ്യം. രണ്ട് വര്‍ഷമായി വീട്ടില്‍ കല്ല്യാണാലോചന നടക്കുന്നു. ഒന്നും ശരിയാവുന്നില്ല. എന്തായിരിക്കും കാരണം. വിവാഹം നടക്കാന്‍ വല്ല വഴിയുമുണ്ടോ?
വിന്‍സന്റ് ഗോമസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലല്ലോ. ഏറ്റവും എളുപ്പം കൊടുക്കാവുന്ന ഉപദേശം അങ്ങ് കാച്ചി. 'ഒന്നും പേടിക്കേണ്ട. പതിനഞ്ച് ദിവസത്തിനകം കല്ല്യാണം നടക്കും.'
ഡോക്ടറുടെ നാവ് ഏതായാലും പൊന്നായി. പറഞ്ഞ തീയതിക്ക് മുന്‍പ് വീണ്ടും പെണ്‍കുട്ടിയുടെ കോള്‍. ഇക്കുറി കല്ല്യാണം ശരിയായതിന് നന്ദി പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയായില്ല അവര്‍ക്ക്.
അങ്ങനെയിരിക്കെ ഒരു ദിവസം 2255 ലേയ്ക്ക് ഒരു കോള്‍ വന്നു. പതിവുപോലെ വിന്‍സന്റ് ഗോമസാവാന് ഒരുങ്ങി ഡോ. ഐക്ക് ഫോണ്‍ എടുത്തു..
'ഞാന്‍ ഡെന്നിസ് ജോസഫ്.'
ഐക്കിന് പക്ഷേ, ആദ്യം ആളെ മനസിലായില്ല.
രാജാവിന്റെ മകന്റെ തിരക്കഥയെഴുതിയ ആള് എന്നു പരിചയപ്പെടുത്തിയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. 'ഞാനാണ് സിനിമയില്‍ ഈ നമ്പര്‍ കൊടുത്തത്. എനിക്ക് നിങ്ങളെ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്.'-ഡെന്നിസ് പറഞ്ഞു.
പത്രത്തില്‍ നിന്ന് ഡോ. ഐക്കിനെക്കുറിച്ചുള്ള ഫീച്ചര്‍ വായിച്ചശേഷമുള്ള വിളിയാണ്.
അക്ഷരാര്‍ഥത്തില്‍ താന്‍ ഞെട്ടിപ്പോയെന്ന് ഡോ. ഐക്ക് പറയുന്നു. പിന്നെ പരിചയപ്പെട്ടു. കോട്ടയം പട്ടണത്തിലെ ക്ലിനിക്കിലെ നമ്പറാണെന്ന് അറിഞ്ഞപ്പോള്‍ ശരിക്കും അതിശയമായി. എത്രവട്ടം അതുവഴി കടന്നുപോയതാണ്.
അങ്ങനെയിരിക്കെ ഒരു ദിവസം ക്ലിനിക്കില്‍ ഡെന്നിസ് ജോസഫ് വന്നു. ഡോ. ഐക്ക് ആദ്യമായാണ് ഒരു സിനിമാക്കാരനെ പരിചയപ്പെടുന്നത്. കേട്ടറിഞ്ഞതുപോലെയല്ല. സിനിമാക്കാരുടെ ജാഡയോ തലക്കനമോ ഒട്ടുമില്ലാത്ത ഒരു സാധാരണക്കാരന്. വിശേഷങ്ങള്‍ പലതും പറഞ്ഞു. കൂട്ടത്തില്‍ അവിചാരിതമായി സിനിമയില്‍ നമ്പര്‍ കൊടുത്തതിന്റെ കഥയും.
പിന്നെ ഒരു വട്ടം കൂടിയേ ഡെന്നിസ് ഡോക്ടറുടെ ക്ലിനിക്കില്‍ വന്നിട്ടുള്ളൂ. കുടുംബവുമൊത്ത് ഒരു യാത്ര പോയി മടങ്ങുന്നതിനിടയില്‍. അന്ന് ക്ലിനിക്കില്‍ കയറി ഭാര്യയ്ക്കും മക്കള്‍ക്കും ഡോക്ടറെ പരിചയപ്പെടുത്തിക്കൊടുത്തു. 'ഇതാണ് നമ്മുടെ നമ്പറിന്റെ യഥാര്‍ഥ ഉടമസ്ഥന്'.
പിന്നെ ഡോക്ടര്‍ ഡെന്നിസ് ജോസഫിനെ കണ്ടില്ല. പിന്നെയും ഒരു എട്ടു പത്ത് കൊല്ലം ഫോണ്‍വിളി അങ്ങനെ തുടര്‍ന്നു. പിന്നെയൊരിക്കല്‍ ആ നമ്പറിനൊപ്പം മൂന്നക്കം കൂടി ചേര്‍ന്നു. അതോടെ വിളികള്‍ ഏതാണ്ട് മുഴുവനായി തന്നെ നിലച്ചു. 2255 പിന്നെ രാജാവിന്റെ മകനെപ്പോലെ ഒരു ഐക്കണായി. ലാല്‍ ഫാന്‍സിന്റെ നൊസ്റ്റാള്‍ജിയയിലും ലാലിന്റെ ലാന്‍ഡ് ക്രൂയിസറിന്റെയും വെല്‍ഫയറിന്റെ നമ്പര്ബോര്ഡിലുമെല്ലമായി ജീവിച്ചു.
പഴയ കഥകളൊക്കെ വിട്ട് ഡോക്ടര്‍ ആതുരസേവനത്തിനൊപ്പം അമ്മയില്‍ നിന്ന് പകര്‍ന്നുകിട്ടിയ സംഗീതത്തിന്റെ ലോകത്ത്കൂടി മുഴുകി. drikeomd എന്നൊരു യൂട്യൂബ് ചാനലുണ്ട് ഡോക്ടര്‍ക്ക്. അതില്‍ കീബോര്‍ഡിലും ഗിറ്റാറിലുമൊക്കെ താന്‍ വായിച്ച സംഗീതശകലങ്ങളും ഭക്തിഗാനങ്ങളും അപ്ലോഡ് ചെയ്ത് സംതൃപ്തിയടയുമ്പോഴാണ് ഇക്കഴിഞ്ഞ ദിവസം ഒരു കോള്‍ വന്നത്.
'ഡോക്ടറുടെ സിനിമയുടെ ആള് മരിച്ചല്ലോ' എന്നായിരുന്നു വിളിച്ച സുഹൃത്ത് പറഞ്ഞത്. കണ്ടിട്ട് കാലമേറെയായെങ്കിലും ചെറുതെങ്കിലും തനിക്കൊരു താരപരിവേഷം കിട്ടാന്‍ കാരണക്കാരനായ ആളല്ലെ. വല്ലാതെ ഉള്ള് പിടഞ്ഞു. വേഗം നമ്പര്‍ സംഘടിപ്പിച്ച് വീട്ടിലേയ്ക്ക് വിളിച്ചു. നേരില്‍ വിളിച്ച് ദു:ഖത്തില്‍ പങ്കുചേരേണ്ട ഒരു കടമയുണ്ടല്ലോ. പക്ഷേ, ആരും ഫോണെടുത്തില്ല. ഡോക്ടര്‍ക്ക് വല്ലാതെ സങ്കടം തോന്നി. ഡെന്നിസ് ജോസഫിന്റെ മരണത്തോടെ രാജാവിന്റെ മരണം വീണ്ടും ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ അതിനൊപ്പം തന്നെ 2255 എന്ന ആ പഴയ നമ്പറിനും അതിന്റെ ഉടമയ്ക്കും കൂടി ഒരിക്കല്‍ക്കൂടി ജീവന്‍വച്ചു. ഓര്‍മകള്‍ വീണ്ടും തിരതല്ലുമ്പോഴും ആ ഒരു ചെറിയ കടം ഇപ്പോഴും ഡോക്ടറുടെ മനസില്‍ തീരാതെ കിടപ്പുണ്ട്.
Content Highlights: Mohanlal Rajavinte Makan Phone Number 2255 Dennis Joseph Dr Ike Zachariya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..