പ്രമദവനം, രാമകഥാഗാനലയം, ഹരിമുരളീരവം, ഗംഗേ..... യേശുദാസും രവീന്ദ്രനും മോഹന്‍ലാലും ചേര്‍ന്ന് മലയാള ചലച്ചിത്രഗാനരംഗത്തിന് നല്‍കിയ അതിശയസമ്മാനങ്ങള്‍. രവീന്ദ്രന്‍ ഇന്നില്ല. എഴുപത്തിയേഴാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഗാനഗന്ധര്‍വന്‍. ലാലിന്റെ പുതിയ പടങ്ങളിലെ പാട്ടുകള്‍ക്കൊന്നും ഇതുപോലുള്ള ഗന്ധര്‍വസ്വരത്തിന്റെ മാന്ത്രികസ്പര്‍ശം ആവശ്യവുമില്ല.

star and style
പുതിയ ലക്കം
സ്റ്റാർ ആൻഡ് സ്റ്റൈൽ
വാങ്ങാം

തിരശ്ശീല വീണു കഴിഞ്ഞ ആ പഴയ കാലമാണ് യേശുദാസിന്റെ ജന്മദിനത്തില്‍ മോഹന്‍ലാലിന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയത്. ഈ പാട്ടുകളെ അനശ്വരമാക്കിയത് അതിന്റെ സൃഷ്ടാക്കള്‍ക്കിടയിലുള്ള രസതന്ത്രമല്ല, മറിച്ച് ഇടയില്‍ നിലനിന്ന ആരോഗ്യകരമായ ഈഗോയാണെന്നും ലാല്‍ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന്റെ യേശുദാസ് പതിപ്പിലാണ് ഇക്കാര്യം എഴുതിയത്.

'മലയാളത്തില്‍ ചലച്ചിത്രഗാനശാഖയില്‍ ചെറിയ രീതിയില്‍ ഒരു മാന്ദ്യം സംഭവിച്ച അവസരത്തിലാണ് 'ഹിസ് ഹൈനസ് അബ്ദുള്ള', 'ഭരതം', 'കമലദളം', ' ആറാം തമ്പുരാന്‍' എന്നീ സിനിമകള്‍ വരുന്നത്. എല്ലാം പാട്ടുകളുടെ ഒരു പാല്‍ക്കടലായിരുന്നു. യേശുദാസും രവീന്ദ്രനും ചേരുമ്പോള്‍ സിനിമാഗാനങ്ങളില്‍ അപൂര്‍വ്വമായ ഒരു മാജിക് സംഭവിക്കുന്നുണ്ട്. ഒരു തവണ പോലും ഇത് പിഴച്ചിട്ടില്ല. രണ്ടുപേരുടേയും പ്രതിഭയില്‍നിന്നുണ്ടാവുന്ന ആരോഗ്യകരമായ ഈഗോ ഇവര്‍ക്കിടയിലുണ്ടായിരുന്നു എനിക്ക് തോന്നിയിട്ടുണ്ട്. 'ഞാന്‍ ഇട്ട ട്യൂണ്‍ നീയൊന്ന് പാടി ഫലിപ്പിക്ക്' എന്ന് രവിയേട്ടന്‍; 'ഇതാ ഞാന്‍ പാടിയ നിങ്ങളുടെ പാട്ട്' എന്ന് ദാസേട്ടനും. ഇങ്ങിനെ ഈ രണ്ട് പ്രതിഭകളും ചേര്‍ന്ന് സൃഷ്ടിച്ച അപാരമായ ഗാനങ്ങള്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് എന്റെ തലയില്‍ വച്ചുതരും: ഇത് നീയൊന്ന് അഭിനയിപ്പിച്ച് ഫലിപ്പിക്ക്' എന്ന നിശ്ശബ്ദമായ വെല്ലുവിളിയോടെ. നേരത്തേ ഞാന്‍ പറഞ്ഞ എല്ലാ ഗാനങ്ങളും ഇങ്ങിനെയായിരുന്നു. അപ്പോള്‍ ചെറിയ ഒരു വാശി എന്നിലുമുണ്ടാവും. കഷ്ടപ്പെട്ട് എനിക്കാവുംപോലെ ഞാന്‍ അത് അഭിനയിക്കും. എത്രമാത്രം നന്നായി എന്നെനിക്കറിയില്ല. എന്തായാലും പാട്ടോളം മനോഹരമായിട്ടുണ്ടാവില്ല എന്റെ ആട്ടം, തീര്‍ച്ച'-മോഹന്‍ലാല്‍ എഴുതി.

പുതിയ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ വാങ്ങാം