'ബിസിനസ്സുകാരനാണെന്ന് ആക്ഷേപം, മരക്കാറിനെ ചൊല്ലി ഈയാംപാറ്റ വിവാദങ്ങള്‍ക്ക്‌ സ്ഥാനമില്ല'


മോഹൻലാൽ

ഇത്തരം ഒരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമർപ്പണവും നന്നായി അറിയുന്നതുകൊണ്ട് എന്നെക്കുറിച്ചുള്ള ഒരാരോപണത്തിനും ഞാൻ മറുപടി പറഞ്ഞില്ല, പറയുകയുമില്ല. കാരണം കാലങ്ങളോടും തലമുറകളോടുമാണ് ഞങ്ങൾ ഈ സിനിമയിലൂടെ സംസാരിക്കുന്നത്

Photo | Facebook, Mohanlal

ർഷങ്ങൾക്ക് മുൻപാണ് കാലാപാനിയും വാനപ്രസ്ഥവുമെല്ലാം പിറന്നത്. അവ സൃഷ്ടിക്കുമ്പോൾതന്നെ അറിയാമായിരുന്നു ഭീമമായ മുതൽമുടക്കിന്റെ കാര്യം: അതിലേറെ അവയ്ക്ക് വേണ്ടിവരുന്ന അധ്വാനത്തിന്റെ വലിപ്പം. എന്നാൽ, എല്ലാവരും ഒന്നിച്ചുനിന്നപ്പോൾ അവയെല്ലാം സാധിച്ചു, അല്ലെങ്കിൽ സംഭവിച്ചു. ഇന്നും മലയാളസിനിമയ്ക്ക് തലയുയർത്തിനിന്നഭിമാനിക്കാവുന്ന സൃഷ്ടികൾതന്നെയാണ് അവ രണ്ടും എന്നാണ് എന്റെ വിശ്വാസം.

കുഞ്ഞാലിമരക്കാർ കുഞ്ഞുനാളിലേ പ്രിയദർശന്റെ മനസ്സിലെ ഒരു നായകനാണ്. മരക്കാരെപ്പറ്റി ഒരു സിനിമ ഉണ്ടാക്കണം എന്ന സ്വപ്നം എത്രയോ കാലമായി ഞങ്ങൾ രണ്ടുപേരും കൊണ്ടുനടക്കുന്നു. പല കാരണങ്ങളാൽ നീങ്ങിനീങ്ങിപ്പോയെങ്കിലും ഒടുവിൽ തീരുമാനിച്ച് തിരിഞ്ഞുനോക്കിയപ്പോഴാണ് മനസ്സിലായത് കാലാപാനിയും കഴിഞ്ഞ് കാലം ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു. സിനിമ ഒരുപാട് മാറി, അതിന്റെ ചെലവുകൾ ഭീമമായി കൂടി.വൃത്തിയോടെയും ഭംഗിയോടെയും മരക്കാർ എടുക്കണമെങ്കിലുള്ള ഏകദേശ ബജറ്റ് കണക്കുകൂട്ടിയിട്ടുതന്നെ ഞങ്ങളുടെ തലകറങ്ങിപ്പോയി. മുന്നോട്ടും പിന്നോട്ടും പോകാൻവയ്യാത്ത തരത്തിൽ കുറെ ദിവസങ്ങൾ... ഒടുവിൽ ആന്റണിയോട് (ആന്റണി പെരുമ്പാവൂർ) ബജറ്റിന്റെ കാര്യം പറഞ്ഞു. ഒരുപാട് പ്രയാസപ്പെടുമെങ്കിലും ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ അതൊക്കെ വേണ്ടിവരും എന്നായിരുന്നു ആന്റണി പറഞ്ഞത്. അങ്ങനെ രണ്ടും കല്പിച്ച്‌ ഞങ്ങൾ മുന്നോട്ടു നീങ്ങി.

Read more : എന്റെ മരക്കാർ; ലാലിന്റേയും (ഇനി നിങ്ങളുടേയും)

ഒരുപാട് വായനയും ഗവേഷണവും നടത്തിയാണ് പ്രിയൻ തിരക്കഥ എഴുതിയത്. അത്രതന്നെ ഗവേഷണം സാബു സിറിളും ചെയ്തു. ഭാഷാഭേദമില്ലാതെ ഒരുപാട് അഭിനേതാക്കൾ പ്രതിഫലത്തുകപോലും പറയാതെ അഭിനയിക്കാനെത്തി. നൂറു കണക്കിന് മനുഷ്യർ രാപകൽ രാമോജി ഫിലിം സിറ്റിയിൽ അധ്വാനിച്ചു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ അതീവ സൂക്ഷ്മമായ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ. എല്ലാ പ്രതിബന്ധങ്ങളും നിശ്ശബ്ദമായി തരണംചെയ്ത് പടം തീർത്തപ്പോഴാണ് കോവിഡ് പടർന്നതും ലോകം അടച്ചിടപ്പെട്ടതും.

എനിക്കും പ്രിയനും മാത്രമല്ല, ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും അതൊരു ഷോക്കായിരുന്നു. എന്നാൽ, ഇന്നാലോചിക്കുമ്പോൾ മറിച്ചാണ് തോന്നുന്നത്: പടം ഇറങ്ങി ഒരാഴ്ച കഴിയുമ്പോഴാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതെങ്കിലോ? ദുരന്തത്തിനുമേലെ മറ്റൊരു ദുരന്തമാകുമായിരുന്നു അത്. നിസ്സഹായരായി നോക്കിനിൽക്കേണ്ടിവരുമായിരുന്നു ഞങ്ങൾക്ക്.

കാത്തിരിപ്പിന്റെ രണ്ട് വർഷങ്ങളാണ് കടന്നുപോയത്. ഏറെ സങ്കടകരവും സമ്മർദപൂർണവുമായിരുന്നു അത്. ലോകം കാണേണ്ട ഒരു കാലാസൃഷ്ടി ഇങ്ങനെ ഇരുട്ടിലിരിക്കുന്നല്ലോ എന്ന സങ്കടം; വലിയ സാമ്പത്തികബാധ്യതയുടെ സമ്മർദം. രണ്ടിനും നടുവിലൂടെയാണ് രണ്ടുവർഷം ഞങ്ങൾ തുഴഞ്ഞത്. വലിയ കാര്യങ്ങൾക്ക് വലിയ സഹനങ്ങളും വേണ്ടിവരുമെന്നത് ഒരു പ്രപഞ്ചസത്യമാണല്ലോ.

രണ്ട് വർഷത്തിന്റെ ദൂരത്തിനിടയിലും പ്രേക്ഷകർ ഈ സിനിമയെ മറക്കാതെ വരാനിരിക്കുന്ന ഒരദ്‌ഭുതമായിക്കണ്ട് കാത്തിരുന്നു എന്നത് ഞങ്ങളെയെല്ലാം ഏറെ സന്തോഷിപ്പിച്ച കാര്യമായിരുന്നു. ഒരു സിനിമയ്ക്കുവേണ്ടി ഒരു ജനത ഒന്നടങ്കം കാത്തിരിക്കുക എന്ന ആശ്ചര്യകരമായ കാര്യം ഇവിടെ സംഭവിച്ചിരിക്കുന്നു. അതിനിടെ, ദേശീയ അവാർഡുകൾ മരക്കാരെത്തേടിവന്നു, ലോകമെങ്ങും സിനിമയുടെ പുകൾ പരന്നു. വെറുമൊരു സിനിമ ജനങ്ങളിലേക്ക് കൊടുക്കുക എന്നതല്ല, മരക്കാരിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയും ആത്മാഭിമാനത്തിനുവേണ്ടിയും പോരാടിയ ഒരു വലിയ മനുഷ്യനെ, ഒരു കടൽപ്പോരാളിയെ വരുംതലമുറകളിൽ ദേശസ്നേഹമുണർത്തുന്ന രീതിയിൽ കൊത്തിവെക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം. സിനിമയുടെ അവസാന ഡയലോഗിൽ അതിന്റെ മുഴക്കമുണ്ട്. ഈ നാടിന്റെ ആർക്കൈവ്‌സിൽ അഭിമാനത്തോടെ സൂക്ഷിക്കാവുന്ന ഒരു സൃഷ്ടിയായിരിക്കും മരക്കാർ: അറബിക്കടലിന്റെ സിംഹം.

Read More : ലാൽസാറും പ്രിയൻസാറും കണ്ട ഒരു സ്വപ്നമാണ് മരക്കാർ സിനിമ

ഒരു നടൻ എന്ന നിലയിൽ കഥാപാത്രങ്ങൾ ചെയ്തുകഴിഞ്ഞാൽ അവ എന്നിൽനിന്നും പിരിഞ്ഞുപോവാറുണ്ട്. എന്നാൽ, മരക്കാർ ഇപ്പോഴും എന്റെയുള്ളിൽ ജീവിക്കുന്നു. അതിലെ ഡയലോഗുകൾ, അതിന്റെ സ്പിരിറ്റ് എല്ലാമായിരിക്കാം കാരണം. ഒരു സാധാരണജീവിതത്തെയും മനുഷ്യനെയുമല്ലല്ലോ ഞാൻ അവതരിപ്പിച്ചത്. മാത്രമല്ല, മരക്കാരും ഞാനും ഒരേനാടിന്റെ സന്തതികളാണല്ലോ.

ഏറ്റവുമൊടുവിൽ സിനിമയുടെ റിലീസിങ്ങിനെച്ചൊല്ലിയുണ്ടായ ബഹളം. സിനിമ കാണുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ഈ ബഹളംവെച്ചവർ എന്നതാണ് കൗതുകകരമായ കാര്യം. ‘മോഹൻലാൽ ബിസിനസുകാരനാണ്’ എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാൽ വ്യവസായവുംകൂടിയാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇത്തരം ഒരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമർപ്പണവും നന്നായി അറിയുന്നതുകൊണ്ട് എന്നെക്കുറിച്ചുള്ള ഒരാരോപണത്തിനും ഞാൻ മറുപടി പറഞ്ഞില്ല, പറയുകയുമില്ല. കാരണം കാലങ്ങളോടും തലമുറകളോടുമാണ് ഞങ്ങൾ ഈ സിനിമയിലൂടെ സംസാരിക്കുന്നത്; ഈയാംപാറ്റ വിവാദങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഞാൻ എന്റെ അടുത്ത ജോലികളിലേക്ക്‌ കടക്കുന്നു.

Content Highlights : Mohanlal On Marakar movie Release controversies Priyadarshan antony Perumbavoor Marakkar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented