
-
ഋതുഭേദങ്ങളുടെ രാജകുമാരന് എന്ന് മോഹന്‍ലാലിനെ വിശേഷിപ്പിക്കാം. നാല്‍പ്പതു വര്‍ഷത്തിലധികമായി മലയാളത്തിന്റെ മഴയും വെയിലും മഞ്ഞുംകൊണ്ട് , മലയാളിയ്ക്ക് മുന്നില്‍ മാറിമാറി വേഷമണിഞ്ഞ് മഹാനടനായി വളര്‍ന്നയാളാണ് ലാല്‍. ഇത്രമേല്‍ കണ്ടിട്ടും കേട്ടിട്ടും മലയാളിയ്ക്ക് ഈ മനുഷ്യനെ മടുക്കുന്നില്ല. നമ്മുടെ സംസ്കാരത്തിന്റെയും സ്വപ്നങ്ങളുടെയും ഭാഗമായി മാറി മോഹന്‍ലാല്‍. മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ അഭിനയം മാത്രമല്ല ജീവിതവും അതിന്റെ യാദൃച്ഛികതകളും വിസ്മയങ്ങളും പല വര്‍ണങ്ങളില്‍ വിടരുന്നു
സൗഹൃദങ്ങളുടെ സഹായത്തിലൂടെയാണ് മോഹന്‍ലാല്‍ സിനിമയിലേക്കുവന്നത്. പ്രതീക്ഷിക്കാതെ ഒരു മേഖലയില്‍ ചെന്നുപെടുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ആദ്യകാലത്ത് അനുഭവിച്ചിട്ടുണ്ടാവില്ലേ?
ഇപ്പോഴും ഓര്‍ക്കുമ്പോള്‍ അദ്ഭുതകരമായ ഒരുകാര്യം ചെറുപ്പം മുതലേ എനിക്കുചുറ്റും സിനിമയുണ്ടായിരുന്നു എന്നതാണ്. കുടുംബത്തില്‍ സിനിമയുമായി വിദൂരബന്ധമുള്ളവര് പോലുമില്ല. എന്നിട്ടും ഞാന്‍ ആറാംക്ലാസിലും പത്താംക്ലാസിലും കോളേജിലും പഠിക്കുമ്പോള്‍ മൂവി ക്യാമറയ്ക്ക് മുന്നില്‍ ചെന്നുപെട്ടു.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ സിനിമയെടുക്കാന്‍ തീരുമാനിച്ച ഒരു ഉത്സാഹകമ്മിറ്റി സംഘത്തില്‍ ചെന്നുപെട്ടു. ആദ്യത്തെ ഷോട്ട് എന്റെ വീട്ടുമുറ്റത്തുതന്നെയായിരുന്നു. എല്ലാവരും വീട്ടില്‍ത്തന്നെ താമസിച്ചു. പതിനേഴാമത്തെ വയസ്സില്‍ ഒരു തമിഴ് സിനിമയെടുക്കാന്‍ മദിരാശിയിലേക്കുപോയി. രവീന്ദ്രന്, മുത്തുഭാരതി തുടങ്ങിയ വലിയ വ്യക്തിത്വങ്ങളെ കണ്ടു. ആ സമയത്താണ് ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടുപോരേ സിനിമയിലേക്കുള്ള യാത്ര എന്ന് അച്ഛന് ചോദിച്ചത്. പക്ഷേ, ഞാനറിയാതെ സിനിമയുടെ വഴിയേതന്നെ പോയി.
നവോദയയുടെ പുതിയ സിനിമയിലേക്ക് പുതുമുഖത്തെ വേണമെന്ന് ഒരറിയിപ്പ് അപ്പോഴാണ് വന്നത്. ''എന്തുകൊണ്ട് നിനക്കയച്ചുകൂടാ?' എന്ന് സുഹൃത്തുക്കള്‍ ചോദിച്ചു. ഈ മുഖവും വെച്ച് ഒരിക്കലും പറ്റില്ല എന്നെനിക്കറിയാമായിരുന്നു. പക്ഷേ, അവര്‍ വിട്ടില്ല. ഒരു വീടിന്റെ ടെറസ്സില്വെച്ച് നമ്പ്യാതിരി (പിന്നീട് അദ്ദേഹം വലിയ സിനിമാ ഛായാഗ്രാഹകനായി) എന്റെ കുറേ ചിത്രങ്ങളെടുത്തു. നവോദയയ്ക്ക് അവ അയയ്ക്കാന്‍ പോസ്റ്റോഫീസില്‍ ചെന്നപ്പോള്‍ ചില്ലറയില്ല. അയാള്‍ ഓടിച്ചു.
തിരിച്ചുവന്ന് വീണ്ടും മടങ്ങാന്‍ മടിച്ച് ഞാന്‍ അയച്ചു എന്ന് കളവുപറഞ്ഞു. സുരേഷ് (നിര്‍മാതാവ് സുരേഷ്കുമാര്‍) കണ്ടുപിടിച്ചു. അവസാന ദിവസമായതിനാല്‍ നവോദയയില്‍ കൊണ്ടുചെന്ന് കൊടുക്കുകയായിരുന്നു. പിറ്റേന്നുതന്നെ ചെല്ലാന്‍ പറഞ്ഞു. ആദ്യത്തെ പന്ത്രണ്ടുദിവസം കഴിഞ്ഞിട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ ചെല്ലാന്‍ പറ്റുന്നത്. അങ്ങനെ ഞാന്‍ അറിയാതെ സിനിമയിലേക്ക് വരികയായിരുന്നു.
'മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍' മോഹന്‍ലാല്‍ വരുമ്പോള്‍ സിനിമയില്‍ സുന്ദരനായകന്മാരുടെ കാലമായിരുന്നു. അപകര്‍ഷത തോന്നിയിരുന്നോ?
ഞാനതിന് നായകനായിട്ടല്ലല്ലോ വന്നത്, വില്ലനായിട്ടല്ലേ? ഒരു വില്ലന്‍ വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോധ്യമുണ്ടായിരുന്നു. പൂര്‍ണമായി ബോധ്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുള്ള ആളൊന്നുമല്ല ഞാന്‍. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു വിധത്തിലുള്ള ശങ്കയോ ആശങ്കയോ ഉണ്ടായിരുന്നില്ല. കാരണം ആദ്യസിനിമ കഴിഞ്ഞ് അടുത്തസിനിമ, അതുകഴിഞ്ഞ് അടുത്തത്, അത്തരത്തിലുള്ള പദ്ധതികളൊന്നും മനസ്സിലില്ലായിരുന്നു. ഒരിക്കല്‍ കെ.പി. ഉമ്മര്‍ എന്നോട് പറഞ്ഞു: 'എത്ര കാണാന്‍ കൊള്ളാത്തവനും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും. ഉദാഹരണം ലാല്‍ തന്നെ.' അദ്ദേഹം അത് തമാശയായിട്ടാണോ കാര്യമായിട്ടാണോ പറഞ്ഞത് എന്നെനിക്കറിയില്ല. എന്തായാലും ഞാനതിനെ പോസിറ്റീവായിത്തന്നെ സ്വീകരിച്ചു.
പിന്നെ, സിനിമയില്‍ നമ്മള് ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് നമുക്ക് സൗന്ദര്യം വരുന്നത്. അതിന്റെ ക്രെഡിറ്റ് എഴുത്തുകാരനും സംവിധായകനുമുള്ളതാണ്. ഏറ്റവും മനോഹരമായ ശില്പത്തിനും അല്പം പ്രശ്നമുള്ള ശില്പത്തിനും ഒരുപോലെ ഭംഗിതോന്നാവുന്ന സാഹചര്യം വരും. കണ്ടുകണ്ട് ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ആള്‍ക്കാരുടെ മനസ്സില്‍ നല്ലതായി മാറുക. അതിന് ഉദാഹരണമായിരിക്കും ഞാന്‍.
അറിയാതെ സിനിമയില്‍ വന്ന ലാല്‍ പിന്നീട് നിലനില്ക്കാന് ഗൃഹപാഠമോ തയ്യാറെടുപ്പുകളോ നടത്തിയിരുന്നോ. ക്ലാസിക് സിനിമകള്‍ കാണുകയോ ആധികാരികമായി പഠിക്കുകയോ അങ്ങനെ വല്ലതും...?
ഒന്നും ചെയ്തിട്ടില്ല. ഒരു നടന് എന്നനിലയില്‍ അതിന്റെ ആവശ്യമുണ്ട് എന്നും തോന്നുന്നില്ല. കാരണം അഭിനയത്തിന്റെ കാര്യത്തില്‍ സിനിമ തീര്‍ത്തും വ്യത്യസ്തമായ മേഖലയാണ്. ഒരു ഛായാഗ്രാഹകനെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ആവശ്യമാണ്. അയാള്‍ ഒരുപാട് സാങ്കേതികതയുടെ നടുവിലാണ് നില്‍ക്കുന്നത്. സംവിധായകനും ആവശ്യമാണ്. അദ്ദേഹത്തിന് ലെന്‍സിനെക്കുറിച്ചും ക്യാമറയെക്കുറിച്ചും പുതിയ പുതിയ ആംഗിളുകളെക്കുറിച്ചും പോസ്റ്റ് ഷൂട്ടിങ് ജോലികളെക്കുറിച്ചും ആഴത്തിലും അപ്ഡേറ്റഡുമായ അറിവുവേണം. എന്നാല്‍ നടന് അഭിനയിക്കാന്‍ മാത്രം അറിഞ്ഞാല്‍ മതി.
അപ്പോള്‍ ഈ നാട്യശാസ്ത്ര ഗ്രന്ഥങ്ങളെല്ലാം വെറുതെയാണ് എന്നാണോ?
അല്ലല്ല. ഒരിക്കലുമല്ല. അതൊക്കെ അരങ്ങിനെ സംബന്ധിച്ച് വലിയ പാഠ്യഗ്രന്ഥങ്ങള്‍ തന്നെയാണ്. എന്നാല്‍ സിനിമാഭിനയം മറ്റൊരു ലോകമാണ് എന്ന് ഞാന്‍ പറഞ്ഞു. പോള്‍മുനി അഭിനയത്തെപ്പറ്റിയുള്ള തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്, താന്‍ ക്ലോസപ്പിനുവേണ്ടിയും ലോങ്ഷോട്ടിനുവേണ്ടിയും വേറെ വേറെ അഭിനയിക്കാറില്ലെന്ന്. ക്യാമറ വെച്ചുകഴിഞ്ഞാല്‍ ഒറ്റ അഭിനയമേയുള്ളൂ. പിന്നെ സിനിമയില്‍ Life Span Of An Actor Between Action and Cut എന്നാണ്. നാടകത്തില്‍ അതല്ല. ഇന്നിപ്പോള്‍ ഞാനിവിടെ ഷൂട്ട് ചെയ്യുന്നത് അറുപത്തിമൂന്നാമത്തെ സീനാണ്. വൈകുന്നേരം ചെന്ന് അഭിനയിക്കേണ്ടത് മുപ്പത്തിരണ്ടാമത്തെ സീനാണ്. രാത്രി എടുക്കേണ്ടത് എട്ടാമത്തേതും. അപ്പോള്‍ കഥാപാത്രത്തിന്റെയും കഥയുടെയും വളര്‍ച്ചയുടെ ഗ്രാഫ് എപ്പോഴും സിനിമാനടന്റെ ഉള്ളില്‍ ഉണ്ടായിരിക്കണം. അത് അബോധമായി ഉള്ളില്‍ കിടക്കേണ്ടതാണ്. ആ ബോധ്യത്തിലാണ് അഭിനയിക്കുന്നത്. അത് ശരിയാവുക എന്നത് ദൈവാധീനംകൊണ്ട് മാത്രം നടക്കുന്ന കാര്യമാണ്.
സൗഹൃദങ്ങളാണ് മോഹന്‍ലാലിനെ നടനാക്കിയത് എന്നുപറഞ്ഞു. അന്നത്തെ ആ സൗഹൃദങ്ങളൊക്കെ അതേ തീവ്രതയില്‍ ഇന്നും നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടോ?
ആ സൗഹൃദങ്ങള്‍ തന്നെയാണ് എന്റെ വേര്. എന്നോളവും എന്നെക്കാളും വളര്‍ന്നവരാണ് എന്റെ സുഹൃത്തുക്കളില്‍ പലരും. ഉദാഹരണം പ്രിയദര്ശന്. അദ്ദേഹം ഞങ്ങളെക്കാളെല്ലാം ഉയരത്തിലേക്കുപോയി. എത്ര വളര്‍ന്നാലും ഒരു വിളിപ്പുറത്ത് ഞങ്ങളെല്ലാവരുമുണ്ട്.
ഏതെങ്കിലും ഘട്ടത്തില്‍ സിനിമയില്‍ നിന്നും ഔട്ടാകും എന്ന അവസ്ഥ നേരിടേണ്ടിവന്നിട്ടുണ്ടോ?
അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ഞാന്‍ കണ്‍സേണ്‍ഡ് അല്ല. ഇത് അഹങ്കാരംകൊണ്ട് പറയുന്നതല്ല. കാരണം, ഞാന്‍ ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ഒരു പാട് സിനിമകള്‍ ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ടുമില്ല. ഞാന്‍ സിനിമയില്‍വന്ന രീതികൊണ്ടായിരിക്കാം ഇങ്ങനെയൊരു മാനസികാവസ്ഥ എനിക്കുണ്ടായത്. എപ്പോഴും എന്നെ സിനിമയോട് ചേര്‍ത്തുനിര്‍ത്തുന്ന ഒരു ശക്തിയുണ്ട്. അത് എന്നെ കാത്തോളും. ഇങ്ങനെ ചെയ്താല്‍ ഇങ്ങനെയാവും എന്ന് കണക്കുകൂട്ടി ജീവിക്കുന്നവര്‍ക്കേ ഇത്തരം പേടിയുണ്ടാവൂ.
സിനിമയില്‍ നിന്നും ഔട്ടാവുന്നതിനെക്കുറിച്ച് ആശങ്കയില്ലെന്നാണോ?
ആശങ്കപ്പെട്ടിട്ട് എന്തുകാര്യം സാര്‍? ഈ പ്രപഞ്ചത്തില്‍ എല്ലാറ്റിനും കൃത്യമായ സമയമില്ലേ? അതുകഴിഞ്ഞാല്‍ വിസിലടിക്കും. അപ്പോള്‍ നിങ്ങള്‍ കളമൊഴിഞ്ഞേ പറ്റൂ... അത് ജീവിതത്തിലായാലും അങ്ങനെയല്ലേ. പിന്നെ നൂറ് വയസ്സായാലും ആരോഗ്യമുണ്ടെങ്കില്‍ സിനിമയില്‍ അഭിനയിക്കാം.
അഭിനയം നിര്‍ത്തേണ്ടിവരുന്ന ഒരു ഘട്ടത്തെക്കുറിച്ച് ലാല്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
എന്തിനാലോചിക്കണം? ഇപ്പോഴും ഇതാണ് എന്റെ മേഖല എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. നമ്മള് മദിരാശിയിലേക്ക് യാത്രചെയ്യുമ്പോള്‍ ഒരുപാട് ജങ്ഷനുകള്‍ ഉണ്ടാവും. അതൊക്കെ ക്ലിയര്‍ ചെയ്ത് പോയിപ്പോയി ഒരു സ്ഥലത്തെത്തുമ്പോള്‍ ''വലത്തോട്ട് തിരിഞ്ഞുപോകുക' എന്നൊരു ബോര്‍ഡുണ്ടാകും. അങ്ങനെ ഞാനും പോകും. ഇപ്പോള്‍ ഇതാണ് എന്റെ ജോലി എന്നുമാത്രമേ എനിക്ക് പറയാന്‍ സാധിക്കൂ.
അങ്ങനെയൊരു ഘട്ടം യാഥാര്ഥ്യമായെന്നുവെക്കുക. എന്തായിരിക്കും ലാല്‍ ചെയ്യുക?
വേറെന്തു പണിയറിയാം എന്നായിരിക്കും ചോദ്യത്തിന്റെ ഗൂഢാര്‍ഥം. അഭിനയിക്കാന്‍ മാത്രമേ അറിയൂ എന്നതാണ് സത്യം. ഇനി അഭിനയിക്കണ്ട എന്നൊരു ഘട്ടംവന്നാല്‍ ഇനിയെന്തുചെയ്യണമെന്ന് ആലോചിക്കും. ഒന്നുമില്ലെങ്കില്‍ വെറുതെ ഇരുന്നൂടെ?
Content Highlights : Mohanlal Interview Star and style KP Ummer About Mohanlal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..