രാഷ്ട്രീയക്കാരന്റെ കുപ്പായമണിഞ്ഞ് മോഹന്‍ലാല്‍ വീണ്ടും വെള്ളിത്തിരയില്‍. അരനൂറ്റാണ്ടിനോടടുക്കുന്ന അഭിനയജീവിതത്തിനിടയില്‍ ഒട്ടേറെ കരുത്തുറ്റ രാഷ്ട്രീയവേഷങ്ങള്‍ ലാലിന്റെതായി വന്നുപോയിട്ടുണ്ട്. ഒരിടവേളയ്ക്കുശേഷം അധികാരരാഷ്ട്രീയത്തിന്റെ കഥപറയുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രമായിട്ടാണ് അദ്ദേഹം എത്തുന്നത്.

1987-ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ രാജാക്കന്‍മാരില്‍ മഹേന്ദ്രവര്‍മയെന്ന ഉന്നതകുലജാതനായ രാഷ്ട്രീയക്കാരന്റെ വേഷമാണ് മോഹന്‍ലാലിന്റെത്. ജനാധിപത്യം പുലര്‍ന്നപ്പോള്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ രാജവംശം നടത്തുന്ന നീക്കങ്ങളും അനന്തരഫലങ്ങളുമാണ് ചിത്രം പറയുന്നത്. മോഹന്‍ലാലിന്റെ അച്ഛന്‍വേഷത്തില്‍ അടൂര്‍ ഭാസിയും ചിത്രത്തിലുണ്ട്.

സഖാവ് നെട്ടൂരാന്‍ മോഹന്‍ലാല്‍ അഭിനയിച്ച രാഷ്ട്രീയവേഷങ്ങളില്‍ എക്കാലത്തെയും കരുത്തുറ്റ ഒന്നാണ്. ''എന്നെപോലുള്ളവര്‍ വിളിച്ച മുദ്രാവാക്യങ്ങളൊന്നും പാഴായിപ്പോകാത്തതുകൊണ്ടാണ് നീയൊക്കെ ഇന്നും സഖാവ് ചമഞ്ഞ് നടക്കുന്നത്. ഈ നെട്ടൂരാന്‍ വിളിച്ചതിലധികം മുദ്രാവാക്യങ്ങളൊന്നും സേതു വിളിച്ചിട്ടില്ല''-ലാല്‍സലാം എന്ന ചിത്രത്തിലെ ഉശിരന്‍ ഡയലോഗുകളെല്ലാം പുതുതലമുറയും ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഭാഗമായ ചിലരുടെ രാഷ്ട്രീയ കുടുംബബന്ധങ്ങള്‍ വിവരിക്കുന്ന ചിത്രം വേണു നാഗവള്ളിയാണ് സംവിധാനം ചെയ്തത്. മുരളി, ജഗതി, ഗീത, ഉര്‍വശി എന്നിവരെല്ലാം പ്രധാന വേഷങ്ങളിലെത്തി.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അദ്വൈതമെന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരനായ ശിവന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറില്‍ പി.വി. ഗംഗാധരന്‍ നിര്‍മിച്ച ചിത്രത്തില്‍ ജയറാം, എം.ജി. സോമന്‍, ഇന്നസെന്റ്, രേവതി, ചിത്ര എന്നിവര്‍ പ്രധാന താരങ്ങളാണ്.

ദ്രാവിഡപ്രസ്ഥാനത്തിന്റെ ഒരു കാലഘട്ടം പറഞ്ഞ മണിരത്‌നത്തിന്റെ ഇരുവരില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.ജി.ആറിന്റെ പകര്‍പ്പായി ആനന്ദന്‍ എന്ന കഥാപാത്രവുമായാണ് മോഹന്‍ലാല്‍ എത്തിയത്. അഭിനയമുഹൂര്‍ത്തങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ പ്രകാശ് രാജ്, ഐശ്വര്യാ റായ്, നാസര്‍, രേവതി, ഗൗതമി തുടങ്ങി വലിയൊരു താരനിരതന്നെയുണ്ട്.

1998-ല്‍ പുറത്തിറങ്ങിയ മറ്റൊരു രാഷ്ട്രീയചിത്രമാണ് രക്തസാക്ഷികള്‍ സിന്ദാബാദ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നിട്ടവഴികളിലൂന്നി കഥപറഞ്ഞ സിനിമയില്‍ ത്യാഗരാജമഠം ശിവസുബ്രഹ്മണ്യന്‍ എന്ന കമ്യൂണിസ്റ്റായി മോഹന്‍ലാല്‍ വേഷമിട്ടു. സുരേഷ്ഗോപി, മുരളി, നെടുമുടി വേണു, രാജന്‍ പി. ദേവ് എന്നിവരാണ് മറ്റുതാരങ്ങള്‍.

ബാബു ജനാര്‍ദന്‍ എഴുതി കെ. മധു സംവിധാനം ചെയ്ത ചതുരംഗം  എന്ന ചിത്രത്തില്‍ ജിമ്മിയെന്ന രാഷ്ട്രീയക്കാരനായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികള്‍ വ്യക്തമാക്കുന്ന ചിത്രത്തില്‍ നഗ്മയാണ് നായിക. സായികുമാര്‍, ജഗതി, ജഗദീഷ് എന്നിവര്‍ പ്രധാന വേഷത്തിലുണ്ട്.

പ്രദര്‍ശനത്തിനൊരുങ്ങുന്ന സൂര്യയുടെ കാപ്പാന്‍ എന്ന തമിഴ് സിനിമയില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ വരുന്നത്. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്നതാണ് മോഹന്‍ലാലിന്റെ വേഷം.

Content Highlights : Mohanlal in Political Movies Iruvar Lucifer Chathurangam Bhoomiyile Rajakkanmar