ആ തിരക്കഥ വീണ്ടും വായിച്ചപ്പോൾ അദ്ഭുതം തോന്നി; ‘ദൈവമേ, ഞാൻ ഇതെങ്ങനെ അന്ന് അഭിനയിച്ച് ഫലിപ്പിച്ചു?'


മോഹൻലാൽ

അഭിനയം തുടങ്ങിയിട്ട് നാൽപ്പതുവർഷം പിന്നിടുമ്പോഴും ഏറ്റവും മനോഹരമായി ഈ ജോലിചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അഭിനയത്തിന്റെ ആദ്യ ദിനങ്ങളെക്കാളേറെ ഞാൻ ഇന്ന് ഈ കലയെ സ്നേഹിക്കുന്നു.

മോഹൻലാൽ. ഫോട്ടോ: പുഷ്പജൻ തളിപ്പറമ്പ്

ഭിനയം എന്നത് ഇപ്പോഴും എനിക്ക്‌ കൗതുകമുള്ള ജോലിയാണ്. നമ്മെപ്പോലും അദ്‌ഭുതപ്പെടുത്തുന്ന രീതിയിൽ ചില സമയങ്ങളിൽ നമ്മൾ പ്രവർത്തിക്കും. ശരിക്കും പറഞ്ഞാൽ അദൃശ്യനാകുക എന്ന സങ്കല്പം പോലെയാണ് അഭിനയം. നമ്മളൊരു കഥാപാത്രത്തിനുള്ളിലേക്ക് പോയി നമ്മളില്ലാതാവുകയും വേറൊരാളായി മാറുകയും ചെയ്യുക. അഭിനയത്തെ കുറിച്ചുള്ള പലതും ഒരുപാട് കാലം കഴിഞ്ഞാണ് നമുക്ക് മനസ്സിലാകുക. കാരണം ആദ്യം ഒരു സിനിമയിൽ അഭിനയിക്കുന്നു, പിന്നീട് അടുത്തൊരു അവസരം കിട്ടുന്നു, അങ്ങനെ സിനിമകളിൽനിന്ന് പുതിയ സിനിമകളിലേക്ക് സഞ്ചരിക്കുകയാണ്. മെല്ലെ മെല്ലെ അറിഞ്ഞോ അറിയാതെയോ ഉള്ളിൽ ഒരു ധാരണ രൂപപ്പെട്ടുതുടങ്ങും. ചിലർ അതിനെ പരിപ്പോഷിപ്പിച്ചെടുക്കും.

‘ലിവിങ് എ ലെഗസി’ എന്നുപറയുന്നത് ഒരു അദ്‌ഭുതമാണ്. ഞാനിവിടെ ജീവിച്ചിരുന്നു എന്ന് പിൽക്കാലത്ത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുക എന്നത് എല്ലാവർക്കും ആഗ്രഹമുള്ള കാര്യമാണ്. അത്തരമൊരു ആളാകാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ആൾക്കാരുണ്ട്. മറിച്ച് അല്ലാതെത്തന്നെ ആ നേട്ടത്തിലേക്ക് എത്തുന്നവരുമുണ്ട്. ഞാൻ ഇന്നുകാണുന്ന നിലയിലേക്ക് എത്തിച്ചേർന്നത് രണ്ടാമത്തെ രീതിയിലാണ് എന്നെനിക്ക്‌ തോന്നിയിട്ടുണ്ട്. അഭിനയത്തോടുള്ള അഭിനിവേശവും അടങ്ങാത്ത ആഗ്രഹവുമാണ് എന്നും എന്നെ മുന്നോട്ടു നയിക്കുന്നത്. സിനിമയിൽ അഭിനയം തുടങ്ങിയിട്ട് നാൽപ്പതുവർഷം പിന്നിടുമ്പോഴും ഏറ്റവും മനോഹരമായി ഈ ജോലിചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അഭിനയം തുടങ്ങിയ ആദ്യ ദിനങ്ങളെക്കാളേറെ ഞാൻ ഇന്ന് അഭിനയത്തെ സ്നേഹിക്കുന്നു. ഇപ്പോഴും ഓരോ സെറ്റിലേക്ക് പോകുമ്പോഴും ഏറ്റവും മികച്ച രീതിയിൽ അഭിനയിക്കാൻ കഴിയണേ എന്ന് ഈശ്വരനോട് പ്രാർഥിക്കാറുണ്ട്.mohanlal karnabharam
മോഹൻലാൽ കർണഭാരം വേദിയിൽ അവതരിപ്പിക്കുന്നു. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ

ജീവിതവും അതുപോലെ തന്നെയാണ്. ‘Life is so beautiful, make it extra ordinary’’ എന്നുപറയാറുണ്ട്. പല രീതിയിലാകാം നമ്മൾ ഉയരങ്ങളിലേക്ക് എത്തിച്ചേരുന്നത്. ചിലർക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനാകും. മറ്റ് ചിലർക്ക് ചുറ്റുമുള്ള ഒരുപാടാളുകളുടെ സഹായം വേണ്ടിവരും. എനിക്ക് സിനിമയിൽ ഒരുപാടുപേരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഒരിക്കലും നടൻ എന്ന നിലയിൽ ഒറ്റയ്ക്ക് ചെന്ന് അഭിനയിക്കാനാവില്ല. മറ്റുള്ളവർ നൽകുന്ന പിന്തുണയിൽനിന്നുകൊണ്ട് നാം സ്വയം കണ്ടെത്തുകയാണ്. മറ്റുള്ളവരെ വേദനിപ്പിക്കാതെ എങ്ങനെ അവരെക്കാളും ഉയരത്തിൽ അഭിനയിച്ചെത്താനാകും എന്ന് ശ്രമിക്കുകയാണ്. ചുറ്റുമുള്ളവർ മികച്ച രീതിയിൽ അഭിനയിക്കുന്നത് കൊണ്ടാണ് എന്റെ അഭിനയവും മികച്ചതാവുന്നത്. ‘വാനപ്രസ്ഥ’മായാലും ‘കിരീട’മായാലും ‘ലൂസിഫറാ’യാലും എല്ലായിടത്തും ആദ്യദിനം അഭിനയിക്കാൻ വളരെ പേടിയോടെയാണ് ഞാൻ ചെന്നത്. എല്ലാം നന്നാകണമെന്ന എന്റെ പ്രാർഥനകൾ സഫലമായതുകൊണ്ടാണ് അവയെല്ലാം മികച്ചതായതായി കാണുന്നവർക്ക് തോന്നിയത്, തോന്നുന്നത്.

ജീവിതം ഒരു കൊളാഷ്‌

40 വർഷം എങ്ങനെ സഞ്ചരിച്ചു എന്നുചോദിച്ചാൽ എനിക്ക് ഉത്തരമില്ല. കാരണം ഇന്ന് ഈ കോവിഡ് കാലത്തും ഞാൻ സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ്. കോവിഡിന്റെ എല്ലാ പ്രതിസന്ധികളും നിലനിൽക്കുന്ന കാലത്താണ് ദൃശ്യം-2 ഷൂട്ട് ചെയ്തത്. ആ സിനിമ ചെയ്യാൻ എന്തുകൊണ്ട് ഞാൻ തയ്യാറാകുന്നു? അതാണ് പാഷൻ എന്നുപറയുന്നത്. ഞാൻ ഈ സിനിമ ചെയ്യുമ്പോൾ സിനിമയുടെ പല മേഖലയിലുള്ള 300-ഓളം പേർക്ക് ജോലി ലഭിക്കുകയാണ്. അതുകൊണ്ട് അതിന്റെ ഭാഗമാകുക എന്ന് പറയുന്നത് നമ്മുടെ പ്രതിബദ്ധതയാണ്. എപ്പോഴും രണ്ടുരീതിയിലാണ് എന്റെ ജീവിതം മുന്നോട്ടുപോകുന്നത്. ഒന്ന് അപ്രതീക്ഷിതമായ, അല്ലെങ്കിൽ വിസ്മയകരമായ ഒരുപാട് കാര്യങ്ങൾ വന്നുചേരുന്നു. അത്തരം അപ്രതീക്ഷിത കാര്യങ്ങളെ മനോഹരമായി ചെയ്യാൻ സാധിക്കുന്നു. അത് എന്റെ ചുറ്റുമുള്ളവരുടെ സഹായംകൊണ്ടാണ്. നാം പലപ്പോഴും പറയാറുണ്ട് നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമാണെന്ന്. എന്നാൽപ്പോലും നമ്മുടെ സൗഹൃദങ്ങൾ, വേണ്ടപ്പെട്ടവർ, നമ്മെ സ്നേഹിക്കുന്നവർ ഇങ്ങനെ ഒരുപാടുപേരുടെ കൊളാഷാണ് ജീവിതം എന്നാണ് എന്റെ വിശ്വാസം, അനുഭവം. അതുപോലെ നമ്മൾ ചെയ്യുന്ന പ്രവൃത്തി മണ്ഡലത്തിൽ ഏറ്റവും നന്നായിരിക്കുന്ന സമയത്താണ് ഏറ്റവും സൂക്ഷിക്കേണ്ടത്. കാരണം അത്രയും ഉയരത്തിൽ നിന്നൊരു വീഴ്ച എന്നുപറയുന്നത് ഒരിക്കലും താങ്ങാനായെന്നുവരില്ല. പലർക്കും സംഭവിച്ചിട്ടുള്ളത് നമ്മൾ കൺമുന്നിൽ കണ്ടിട്ടുണ്ട്. നമ്മുടെ ജോലിയിൽ കള്ളത്തരം കാണിക്കുമ്പോഴാണ് അത്തരം വീഴ്ചകൾ ഉണ്ടാകുന്നത്. ഏറ്റവും സ്നേഹത്തോടെ ജോലിചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ആ ജോലി അവസാനിപ്പിക്കുക എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇതെന്ത് മടുപ്പിക്കുന്ന ജോലിയാണ്‌ എന്ന് അഭിനയത്തെക്കുറിച്ച് സ്വയം ചിന്തിക്കാൻ തുടങ്ങുന്ന നിമിഷം ഞാൻ ഈ വഴിയിൽനിന്ന് മാറിനിൽക്കും.

ദൈവമേ, ഇതെങ്ങനെ !!

mohanlal karnabharam
മോഹൻലാലും കാവാലവും കർണഭാരത്തിന്റെ റിഹേഴ്സലിൽ

ഓരോ പുതിയ കാര്യവും അറിയാനും ചെയ്യാനും എനിക്ക്‌ കൗതുകമുണ്ടെന്നത് സത്യമാണ്. ഉദാഹരണത്തിന് കാവാലം സാറിന്റെ കൂടെ സംസ്കൃതനാടകം ചെയ്ത കാര്യം എടുക്കാം. എനിക്ക് ദേശീയപുരസ്കാരം കിട്ടിയ സമയത്താണ് കാവാലം സാർ വിളിക്കുന്നത്. അദ്ദേഹം പറഞ്ഞു: ‘‘ലാൽ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ രാംഗോപാൽ ബജാജ് ഡൽഹിയിൽ കാണാൻ വരും. ഒരു കാര്യം പറയും.’’ ഞാൻ സമ്മതം മൂളി. പിറ്റേദിവസം രാംഗോപാൽ വന്നു. എന്നിട്ട് പറഞ്ഞു: ‘‘ലാൽ, കാവാലം നാരായണപ്പണിക്കർ പറഞ്ഞിരുന്നു നമുക്കൊല്ലാവർക്കും കൂടി ഒരു നാടകം ചെയ്യാമെന്ന്.’’ അത് കേട്ടതും ആദ്യമെനിക്ക് ആശ്ചര്യമാണ് തോന്നിയത്. നാടകംചെയ്യാൻ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ ചെയ്യാം എന്ന് മറുപടി നൽകി. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന രംഗമഹോത്സവം എന്ന 80 നാടകങ്ങളുള്ള പരിപാടിയിലാണ് എന്റെ ഒരു നാടകം അവതരിപ്പിക്കേണ്ടത്. എനിക്ക് വേണമെങ്കിൽ പറ്റില്ല എന്ന് പറഞ്ഞ് പിന്മാറാമായിരുന്നു. ഒരു നഷ്ടവും സംഭവിക്കില്ല. എന്നാൽ, കാവാലം സാറുമൊത്ത് നാടകം എങ്ങനെയായിരിക്കും എന്ന കൗതുകമാണ് എന്നെക്കൊണ്ട് സമ്മതംമൂളിച്ചത്. ഞാൻ കേരളത്തിലേക്ക് തിരിച്ചുവന്നു. കാവാലം സാറിനെ ചെന്നു കണ്ടു. എന്നിട്ട് പറഞ്ഞു: ‘‘സാർ മലയാളം, ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ഏത് വേണമെങ്കിലും ചെയ്യാം.’’ ‘‘മിണ്ടാതിരിക്കൂ ലാലേ, മലയാളവും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ ആർക്കുവേണമെങ്കിലും ചെയ്തുകൂടേ. നമ്മളൊരു സംസ്കൃത നാടകമാണ് ചെയ്യുന്നത്.’’ കാവാലം സാറിന്റെ മറുപടി കേട്ടതും ഞാൻ ഞെട്ടി. കാരണം സംസ്കൃതം എനിക്ക് അറിയാത്തൊരു ഭാഷയാണ്. എനിക്ക് സംസ്കൃതമറിയില്ലെന്ന് ഞാൻ കാവാലം സാറോട് പറഞ്ഞു. ‘‘അതുകൊണ്ടാണ്, തന്നെക്കൊണ്ടുതന്നെ ചെയ്യിപ്പിക്കുന്നത്.’’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാറിന്റെ ആത്മവിശ്വാസം കണ്ടപ്പോൾ പിന്നെ ഞാൻ നോ പറഞ്ഞില്ല.

അതിവേഗം ഞാൻ നാടകം പഠിച്ചു. ആദ്യം തിരക്കഥ മുഴുവനായി പഠിക്കുകയാണ് ചെയ്തത്. ശേഷം എട്ടുദിവസത്തെ റിഹേഴ്‌സൽ. അതൊരു വെല്ലുവിളിയായിരുന്നു. ഞാനും എന്നിലെ നടനും തമ്മിലുള്ള പോരാട്ടമാണ് അവിടെ നടന്നതെന്ന് ഞാനിപ്പോൾ വിശ്വസിക്കുന്നു. കാരണം നമുക്ക് അറിയാത്ത ഒരു ഭാഷ, നാടകത്തിനിടയിൽ മറന്നുപോയാൽ പിന്നെ മറികടക്കാൻ മറ്റുവഴികളൊന്നുമില്ല. നാടകത്തിന്റെ റിഹേഴ്‌സലിനിടയിലാണ് ഞാൻ പദ്‌മശ്രീ വാങ്ങാനായി ചെല്ലുന്നത്. ആ സമയത്ത് ഇ. ശ്രീധരൻ സാറൊക്കെ കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തോട് ഞാൻ കർണഭാരം ചെയ്യുന്ന കാര്യം പറഞ്ഞു: ‘‘നന്നായി. എനിക്ക് നന്നായി സംസ്‌കൃതം അറിയാം.’’ എനിക്ക് തീരെ അറിയില്ലെന്ന് ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി. ആദ്യ അവതരണം കഴിഞ്ഞപ്പോൾ ഒട്ടേറെപ്പേർ അഭിനന്ദനവുമായി എത്തി. നാല് വേദികളിൽ കർണഭാരം അവതരിപ്പിച്ചു. ഇന്നും അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ അദ്‌ഭുതം തോന്നും. നാടകം കഴിഞ്ഞ് ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ കാവാലം സാറോട് ചോദിച്ചിട്ടുണ്ട് ‘സാർ, എങ്ങനെയാണ് എനിക്ക് സംസ്കൃത നാടകം അവതരിപ്പിക്കാനാകും എന്ന് തിരിച്ചറിഞ്ഞ’തെന്ന്. ഈ അടുത്ത് ഞാൻ കർണഭാരത്തിന്റെ തിരക്കഥ എടുത്ത് വെറുതേ വീണ്ടും വായിച്ചു നോക്കിയപ്പോൾ അദ്‌ഭുതം തോന്നി. ‘ദൈവമേ, ഞാൻ ഇതെങ്ങനെ അന്ന് അഭിനയിച്ച് പറഞ്ഞു ഫലിപ്പിച്ചു! ’ കർണഭാരം ഇനിയും ചെയ്യാൻ പറ്റുമോ എന്നെനിക്കറിയില്ല.

mohanlal vanaprastham
മോഹൻലാൽ വാനപ്രസ്ഥത്തിൽ

കഥാപാത്രങ്ങളും നിരീക്ഷണവും

നിരീക്ഷണം എന്ന് പറയുന്നത് രണ്ടുരീതിയിലാണ്. ഒന്ന് അറിഞ്ഞുകൊണ്ട് മറ്റൊരാളെ നിരീക്ഷിക്കുക, രണ്ട് അറിയാതെ നിരീക്ഷിക്കുക. ഞാൻ അറിയാതെ നിരീക്ഷിക്കുന്ന ഒരാളാണെന്ന് എല്ലാവരും പറയാറുണ്ട്. എവിടെയോ കണ്ട കാര്യങ്ങൾ നമ്മുടെ ഓർമയിലുണ്ടാകും. ഞാൻ പലപ്പോഴായി കണ്ടുമുട്ടിയ ഒരുപാടുപേരെ കുറിച്ചുള്ള ഓർമകൾ അഭിനയിക്കുമ്പോൾ എന്നെ സഹായിക്കുന്നുണ്ടാകും. പക്ഷേ, അതും രണ്ടുരീതിയിലുണ്ട്. ഒരു ഡോക്ടറുടെ റോൾ ചെയ്യുമ്പോൾ നമ്മൾ കണ്ട ഒരു ഡോക്ടറെ അതിലേക്ക് കൊണ്ടുവരാനാകില്ല. കാരണം എല്ലാ ഡോക്ടർമാരും ഒരുപോലെയല്ലല്ലോ. കഥാപാത്രത്തിലേക്ക് നാം അറിയാതെ എത്തിപ്പെടുകയാണ്. തിരക്കഥ വായിക്കുമ്പോൾ ആ കഥാപാത്രത്തെ നമ്മൾ മനസ്സിലാക്കുകയാണ്. 40 വർഷത്തിലധികമായി ഒരുപാട് കഥാപാത്രങ്ങളിലൂടെ അങ്ങനെ യാത്ര ചെയ്യുകയാണ്. അതിന്റെ ഒരുപരിചയം കൂടി എന്ന സഹായിക്കുന്നുണ്ടാവാം. നന്നായി പരിശീലനം ലഭിച്ച ഫുട്‌ബോളർക്ക് ഏത് സ്ഥലത്ത് പോയാലും നന്നായി കളിക്കാനാകും എന്ന് പറയാറില്ലേ. അതുപോലെയാണ് സിനിമാഭിനയവും.

mohanlal interview
മോഹൻലാലും കുടുംബവും

അമ്മയുടെയും അച്ഛന്റെയും അനുഗ്രഹത്തിൽ

ഒരു കൈ കൊടുക്കുന്നത് മറ്റേ കൈ അറിയരുതെന്നൊരു പറച്ചിലുണ്ട്. അത് ശരിയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. നമുക്ക് ലഭിക്കുന്ന ഒരുപാട് സൗഭാഗ്യങ്ങളും സന്തോഷങ്ങളുമുണ്ട്. അത് മറ്റുള്ളവരിലേക്കും കൂടി പകർന്നുകൊടുക്കുക. അത്തരമൊരു ചിന്ത എന്നിലുണ്ടാക്കിയത് ഞാൻ വളർന്നുവന്ന സാഹചര്യമാണ്. അച്ഛനും അമ്മയും അമ്മമ്മയും അപ്പച്ചിയുമൊക്കെ അടങ്ങുന്ന ഒരു കൂട്ടുകുടംബത്തിന്റെ കരുതലിലാണ് ഞാൻ വളർന്നത്. അങ്ങനെയുള്ള വളർച്ചയിൽ കണ്ട ഒരുപാട് കാഴ്ചകളുണ്ട്. വേദനിക്കുന്നവരെ സഹായിക്കുന്നതും ആശ്വസിപ്പിക്കുന്നതുമൊക്കെയായ കാര്യങ്ങൾ. ആ വെളിച്ചമാണ് എന്നെയും നയിച്ചത്. അച്ഛന്റെയും അമ്മയുടെയും പേരിൽ എന്തെങ്കിലും ഒരു നല്ലകാര്യം തുടങ്ങണം എന്ന് ചിന്തിക്കുന്നത് അങ്ങനെയാണ്. അച്ഛന്റെ പേര് വിശ്വനാഥൻ നായരെന്നും അമ്മയുടെ പേര് ശാന്തകുമാരി എന്നുമാണ്. രണ്ടുപേരുകളും ഒരുമിപ്പിച്ച് ‘വിശ്വശാന്തി ഫൗണ്ടേഷൻ’ എന്നൊരു കൂട്ടായ്മ രൂപവത്‌കരിച്ചു. അച്ഛന്റെയും അമ്മയുടെയുമൊക്കെ അനുഗ്രഹത്താൽ അതിനായിപ്രവർത്തിക്കാൻ ഒരുകൂട്ടം നല്ല ആൾക്കാരെ ലഭിച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്കാണ് ഫൗണ്ടേഷൻ ആദ്യഘട്ടത്തിൽ ശ്രദ്ധ കൊടുത്തത്. ആദിവാസി മേഖലകളിലെ കുട്ടികളിലേക്കാണ് ഞങ്ങൾ ആദ്യം സഹായമെത്തിച്ചത്. അവർക്ക് പഠിക്കാനായി സ്മാർട്ട് ക്ലാസുകൾ ഉണ്ടാക്കിക്കൊടുക്കുന്നതടക്കം ഒരുപാട് കാര്യങ്ങൾ ചെയ്തു. ഏറ്റവും നന്നായി പഠിക്കാൻ സാധിക്കുന്ന കുട്ടികൾക്ക് എല്ലാവിധ സഹായവും നൽകുന്നുണ്ട്. അതുപോലെ അമൃത ആശുപത്രിയുമായി സഹകരിച്ച് 15-ലധികം കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള അവസരമൊരുക്കി. കേരളം എന്നല്ല പാൻ ഇന്ത്യൻ തലത്തിലാണ് വിശ്വശാന്തിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. വിശ്വശാന്തിക്കൊപ്പം മിഡിൽ ഈസ്റ്റ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ ലാൽ കെയേഴ്‌സ് എന്ന പേരിൽ എന്നെ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകളുടെ കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ട്. അവരും സന്നദ്ധ സേവനരംഗത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. പ്രളയകാലത്ത് വിശ്വശാന്തിക്കുവേണ്ടി നാലുകോടിരൂപയുടെ സാധനങ്ങൾ ലാൽ കെയേഴ്‌സ് അയച്ചുതന്നു. കോവിഡ് കാലത്തും അത്തരം പ്രവർത്തനങ്ങൾ തുടരുന്നു. അതിനൂതനമായ ഒരു കാൻസർ സെന്റർ ആരംഭിക്കുക എന്നത് വിശ്വശാന്തിയുടെ ഭാവിപദ്ധതിയാണ്. എല്ലാ ജില്ലകളിലും ചെറിയ യൂണിറ്റുകൾ ആരംഭിക്കണമെന്നാണ് പദ്ധതി. അത് സാക്ഷാത്കരിക്കാനാണ് ഞങ്ങളിപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നമ്മളെല്ലാവരും വളരെ കുറച്ചുകാലം ഈ ഭൂമിയിൽ ജീവിക്കുന്നവരാണ്. ഒരു മരത്തിന്റെ തണലിലെ ഉറക്കംപോലെയാണ് ജീവിതം. ആർക്കും എന്തുംസംഭവിക്കാം. അതിനാൽ ജീവിക്കുന്ന സമയത്ത് മറ്റുള്ളവരെ സഹായിക്കാൻ പരമാവധി ശ്രമിക്കുന്നു.

ആ അദൃശ്യശക്തി

നമ്മുടെ എല്ലാ പ്രവൃത്തികളിലും ദൈവികതയുടെ അംശമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നമ്മുടെ രണ്ടരമണിക്കൂർ കൊണ്ട് കാണുന്ന സിനിമ 50-60 ദിവസംകൊണ്ടാണ് ഷൂട്ട് ചെയ്യുന്നത്. നാടകമോ മറ്റൊരു സ്റ്റേജ് പെർഫോമൻസോ പോലെയല്ല. ഒരുപാട് ദിവസങ്ങളിൽ പല സീൻ ഓർഡറുകളിലാണ് ഷൂട്ട് ചെയ്യുന്നത്. 90-ാമത്തെ സീനായിരിക്കാം ആദ്യം ഷൂട്ട് ചെയ്യുന്നത്. തൊട്ടുപിന്നാലെ 30-ാമത്തെ സീനെടുക്കും. അങ്ങനെ പല വിധത്തിൽ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തശേഷം തീയേറ്ററിൽ കാണുമ്പോൾ ആ രണ്ടരമണിക്കൂറിൽ കാണുന്ന സീനുകൾക്കെല്ലാം ഒരു തുടർച്ചയുണ്ടാകും. നമ്മുടെ ജീവിതവും അതുപോലെയാണ്. സിനിമയിൽ അത്തരമൊരു തുടർച്ചയുണ്ടാകാൻ ഒരു ദൈവികത ആവശ്യമുണ്ട്. ദൈവമെന്ന രീതിയലല്ല പറയുന്നത്. മറിച്ച് അദൃശ്യമായ ഒരു ശക്തി എന്നരീതിയിലാണ് ഞാൻ വിശ്വസിക്കുന്നത്. ആ ശക്തിയാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. അത് എന്താണ് എന്ന് കണ്ടുപിടിക്കാൻ പോവേണ്ടതില്ല.

അമ്മ, അമ്മ മാത്രം

നമ്മൾ വളർന്നു വരുന്ന സാഹചര്യങ്ങൾ തന്നെയാണ് നമ്മളെ സൃഷ്ടിക്കുന്നത്. നമ്മുടെ കുടുംബം, സ്കൂൾ, സുഹൃത്തുക്കൾ, അധ്യാപകർ അവർ പറഞ്ഞുതരുന്ന കഥകളും നല്ല കാര്യങ്ങളും എല്ലാം കേട്ടും കണ്ടുമാണ് നാം വളരുന്നത്. ആ സ്നേഹത്തിന്റെ പുതപ്പിൽ കിടന്നാണ് ഞാൻ വളർന്നത്. അതിനാൽ മറ്റുള്ളവരെ സ്നേഹിക്കാൻ അന്നുമുതൽ തന്നെ ഞാൻ പഠിച്ചിരുന്നു. മറ്റൊരാൾക്ക് വിഷമമുള്ള കാര്യങ്ങൾ പറയാതിരിക്കുക, ദേഷ്യപ്പെടാതിരിക്കുക അങ്ങനെയൊക്കെ എന്നിവ പാലിച്ചാൽ നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ പറ്റും. എന്റെ പിതാവും സഹോദരനും മരിച്ചുപോയി, ഇപ്പോൾ ആകെ ബാക്കിയുള്ളത് അമ്മ മാത്രമാണ്. എത്രകാലം കഴിയുന്നുവോ അത്രകാലം അമ്മയുടെ കൂടെ ഇരിക്കുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്. എന്റെ ചില സുഹൃത്തുക്കൾ അമ്മ അവരുടെ ചെറുപ്പത്തിലേ മരിച്ച കാര്യം പറയും. അങ്ങനെയൊരുവസ്ഥയെപ്പറ്റി എനിക്ക് ചിന്തിക്കാൻ പോലുമാകില്ല. ഇത്രയും കാലം അമ്മ എന്റെ കൂടെ ഉണ്ടായി എന്നത് ഭാഗ്യമായാണ് കാണുന്നത്. സുഖമില്ലെങ്കിലും ഇപ്പോഴും അമ്മ വീട്ടിൽ എന്റെ കൂടെയുണ്ട്. ഞാൻ ഷൂട്ടിങ്ങിലാണെങ്കിൽപ്പോലും അമ്മയുമായി വീഡിയോ കോളിലടക്കം സംസാരിക്കാൻ ഒരുപാട് സൗകര്യങ്ങൾ ഇന്നുണ്ട്. ഈ സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് ദൂരെ എവിടെയെങ്കിലും ഷൂട്ടിങ്ങിന് പോയാൽ അടുത്ത് ലാൻഡ് ഫോൺ ഉള്ള സ്ഥലത്ത് ചെന്ന് അമ്മയെ വിളിക്കും. ‘‘മോനേ, സുഖമല്ലേ’’ എന്ന് അമ്മ ചോദിക്കുമ്പോൾ മനസ്സിലുണ്ടാകുന്ന സന്തോഷത്തെക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് അപ്പോൾ തോന്നിയിട്ടുണ്ട്. ഇപ്പോൾ അമ്മയ്ക്ക് സംസാരിക്കാൻ സാധിക്കില്ല. അതുകൊണ്ട്, ‘‘മോനേ സുഖമല്ലേ’’ എന്ന അമ്മയുടെ ആ ചോദ്യം ഞാൻ മനസ്സിൽ ഓർത്തുകൊണ്ടേയിരിക്കുന്നു. ആ സന്തോഷത്തിൽ ജീവിതം തുടരുന്നു.

(കേരള പോലീസിന്റെ 'മിഷൻ ബെറ്റർ ടുമാറോ' - ലീവിങ്‌ എ ലെഗസി' എന്ന സംവാദ പരിപാടിയിൽ സംസാരിച്ചതിന്റെ സംക്ഷിപ്ത ലിഖിത രൂപം)

Content Highlights: Mohanlal About Life, Acting, Vanaprastham, Karnabharam, Mother


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented