'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തില്‍ മൊയ്തീനെ അവതരിപ്പിച്ച പൃഥ്വീരാജും മൊയ്തീന്റെ ഇളയ സഹോദരന്‍ ബി.പി.റഷീദും കണ്ടുമുട്ടി. ചിത്രത്തിന്റെ റിലീസിനുശേഷം എന്റെ മൊയ്തീനിക്കയെ തിരിച്ചുകിട്ടിയ പ്രതീതിയെന്ന് ബി.പി.റഷീദ്.

പൃഥ്വീരാജിനെ മൊയ്തീനിക്കയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വിളിച്ചപ്പോള്‍ കഥാപാത്രത്തെ മനസ്സിലേറ്റിയ നടന്‍ അതേറ്റുവാങ്ങി. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് കോഴിക്കോട് മുക്കത്ത് മൊയ്തീന്‍ ജീവിച്ച കാലഘട്ടം വീണ്ടും ഇതളിട്ടത്.

തിരക്കഥയ്‌ക്കൊപ്പം മൊയ്തീനെ അടുത്തറിഞ്ഞവരുടെ അനുഭവവും കഥാപാത്രത്തിന്റെ സാക്ഷാത്കാരത്തിന് അനുഗ്രഹമായെന്ന് പൃഥ്വീരാജ് പറഞ്ഞു. ''അഭിനയിക്കുന്നതിന് മുന്‍പ് കാഞ്ചനമാലയോട് ആദ്യം അനുവാദം വാങ്ങിയിരുന്നു. ശുദ്ധമായ പ്രണയത്തിന്റെ വിജയമാണ് ഈ സിനിമ. നവാഗത സംവിധായകനായ ആര്‍.എസ്.വിമലിനെ സംഗീത സംവിധായകന്‍ രമേഷ് നാരായണനാണ് പരിചയപ്പെടുത്തിയത്'' പൃഥ്വീരാജ് പറഞ്ഞു.

'എന്ന് നിന്റെ മൊയ്തീന്‍' തമിഴില്‍ ചിത്രീകരിക്കുന്നതായി സംവിധായകന്‍ ആര്‍.എസ്.വിമല്‍ പറഞ്ഞു. എഴുത്തുകാരന്‍ ജയമോഹനാണ് തിരക്കഥ തയ്യാറാക്കുന്നത്. സംഗീത സംവിധാനത്തിന് എ.ആര്‍.റഹ്മാന്‍ സമ്മതിച്ചിട്ടുണ്ട്. നടനെ തീരുമാനിച്ചിട്ടില്ല. ആറു കൊല്ലം മനസ്സില്‍ കൊണ്ടുനടന്ന് രൂപപ്പെടുത്തിയതാണ് തിരക്കഥയെന്നും വിമല്‍ പറഞ്ഞു.

മൊയ്തീന്റെ ആത്മകഥാ ചിത്രണമല്ല ഉദ്ദേശിച്ചത്. ആര്‍ദ്രമായ പ്രണയത്തിന്റെ ചിത്രീകരണമാണ് സിനിമയുടെ ലക്ഷ്യമെന്നും വിമല്‍ പറഞ്ഞു. നടന്‍ ടൊവിനോ തോമസ്, സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, നിര്‍മാതാക്കളില്‍ ഒരാളായ സുരേഷ് രാജ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആര്‍.അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.