
ഗുരുസോമസുന്ദരം
നായകന്മാരുടെ കൈകൊണ്ട് വില്ലന്മാർ കൊല്ലപ്പെടുന്നതുകണ്ട് കൈയടിച്ചിരുന്ന സിനിമാപ്രേക്ഷകരുടെ മനസ്സിലൊരു നൊമ്പരമാണ് മിന്നൽ മുരളിയുടെ എതിരാളിയായ ഷിബു. സാഹചര്യങ്ങളാൽ പ്രതിനായകനായി മാറിയ, പ്രേക്ഷകമനസ്സിന്റെ ഇഷ്ടം പിടിച്ചുവാങ്ങിയ വില്ലൻ. ഇന്ത്യയൊട്ടാകെ മിന്നൽ പ്രഭാവം പടരുമ്പോൾ നിറഞ്ഞ സന്തോഷത്തിലാണ് ചിത്രത്തിൽ ഷിബുവിനെ അവതരിപ്പിച്ച ഗുരു സോമസുന്ദരം
മിന്നലടിച്ച ഷിബു
'മിന്നല്‍ മുരളി'ക്കും ഷിബുവിനും കിട്ടുന്ന സ്വീകരണം വളരെ വളരെ സന്തോഷം നല്കുന്നു. ഒരു നടനെന്ന നിലയില്‍ ഇതെന്റെ ഉത്തരവാദിത്വം കൂട്ടുന്നുണ്ട്. നാടക രംഗത്ത് നിന്ന് വന്ന ഒരു നടന് ഇത്ര നല്ല സ്വീകരണം കിട്ടുന്നത് അത്ര എളുപ്പമല്ല. അതെനിക്ക് കിട്ടി. ഷിബുവിനെ പ്രേക്ഷകര്‍ ഏറ്റെടുത്തത് കണ്ട് മനസ് നിറഞ്ഞു. 'അഞ്ച് സുന്ദരികള്‍' ആണ് എന്റെ ആദ്യ മലയാള ചിത്രം.അതിലെ കഥാപാത്രവും വില്ലനാണ്. പക്ഷേ ആ കഥാപാത്രത്തോടെ പ്രേക്ഷകന് ദേഷ്യവും വെറുപ്പുമൊക്കെ തോന്നും. ഇവിടെ ഷിബുവും വില്ലനാണ്, പക്ഷേ കാണുന്ന പ്രേക്ഷന് അവനോട് തോന്നുന്നത് സഹതാപവും അനുതാപവുമാണ്. ചിത്രത്തിന്റെ രചയിതാക്കളായ അരുണും ജസ്റ്റിന് മാത്യുവും ഷിബുവിന്റെയും ഉഷയുടെയും ഭാഗങ്ങള്‍ ഭംഗിയായി എഴുതി വച്ചു. ഞാനത് അവതരിപ്പിച്ചു.
ഷിബുവിന് ഡബ് ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ആ കഷ്ടപ്പാട് വലിയ സന്തോഷം നല്‍കുന്നുണ്ട്. ഞാനഭിനയിച്ചത് ഞാന്‍ തന്നെ ഡബ് ചെയ്യുന്നു എന്നത് തന്നെ വലിയ കാര്യമല്ലേ. ബേസില്‍ കഥ പറഞ്ഞതിന്റെ പിറ്റേ ദിവസം മുതല്‍ ഞാന്‍ യൂട്യൂബ് നോക്കി മലയാളം പഠിക്കാന്‍ തുടങ്ങി. അഞ്ച് സുന്ദരികളില്‍ എനിക്ക് വേണ്ടി ശബ്ദം നല്‍കിയത് ദിലീഷ് പോത്തനാണ്. മിന്നലിന്റെ ചിത്രീകരണത്തിനിടയില്‍ ബേസില്‍ എന്നെ വെറുതേ വാശി പിടിപ്പിക്കുമായിരുന്നു. ഇങ്ങനെ മലയാളം സംസാരിച്ചാല്‍ ശരിയാകില്ല, ഇത് ദിലീഷിനെ വിളിക്കേണ്ടി വരുമെന്നൊക്കെ. ആ വാശി എന്നിലുണ്ടായിരുന്നു. ചിത്രീകരണത്തിനിടയില്‍ നല്ല പോലെ മലയാളം സംസാരിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഞാന്‍ തന്നെ ഡബ് ചെയ്തേ പറ്റൂ എന്ന് ബേസില്‍ പറഞ്ഞു.
ടൊവിനോയും ബേസിലും
2019 ഡിസംബറിലാണ് മിന്നല്‍ മുരളിയുടെ ചിത്രീകരണം തുടങ്ങുന്നത്. അന്ന് മുതല്‍ ഒരു സഹോദരനാണ് എനിക്ക് ടൊവിനോ. രണ്ട് സഹോദരങ്ങള്‍ക്കിടയിലുള്ള ആത്മബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. സിനിമയ്ക്കും ആ ബന്ധം ഗുണം ചെയ്തു. അതുപോലെ ബേസില്‍, നല്ല സംവിധായകനാണ് അതിലേറെ നല്ല നടനാണ്. ചെയ്യുന്ന ഓരോ കാര്യങ്ങളിലും ബേസിലിന് ഉള്ള ആത്മവിശ്വാസം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു നടനും കൂടി ആയത് കൊണ്ട് അഭിനയത്തില്‍ എന്ത് വേണമോ അത് കൃത്യമായി അറിയാവുന്ന ആളാണ്. ഒരു ടീം വര്‍ക്കായി ഞങ്ങള്‍ ഒരുക്കിയ ചിത്രമാണിത്.
ആദ്യം മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാവാം
ഷിബുവിന്റെയും ഉഷയുടെയും ടോക്സിക് പ്രണയമാണെന്ന് ഞാന്‍ കരുതുന്നില്ല. നമ്മള് കണ്ടുമുട്ടുന്ന ഓരോ മനുഷ്യന്റെയും മനസ്സില്‍ എന്താണെന്ന് നമുക്ക് അറിയില്ല.ശാരീരികാരോഗ്യത്തെക്കുറിച്ചുള്ള അവബോധത്തിലുപരി മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഓരോരുത്തരിലും ഉണ്ടാവേണ്ടിയിരിക്കുന്നു. ശരീരത്തിന് അസുഖം വന്നാല്‍ പെട്ടെന്ന് ആശുപത്രിയില്‍ പോകും എന്നാല്‍ മനസിന് അസുഖം വന്ന് ആശുപത്രിയില്‍ കാണിച്ചാല്‍ അവനൊരു പേര് നല്‍കും ഭ്രാന്തനെന്ന്. അത് ശരിയായ പ്രവണതയല്ല. ഷിബുവിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അവന് ചെയ്യുന്ന കാര്യങ്ങളില്‍ ന്യായമുണ്ട്. ഒന്നേ എനിക്ക് പറയാനുള്ളൂ,മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും എന്നിട്ട് ഇത്തരം ചര്‍ച്ചകള്‍ക്ക് ഞാന്‍ മറുപടി നല്‍കാം.
മലയാളത്തിലെ ഇടവേള
ഞാനൊരു തീയേറ്റര്‍ നടനാണ്. 12 കൊല്ലത്തോളം 'കൂത്തു പട്ടരൈ' തീയേറ്റര്‍ ഗ്രൂപ്പിന്റെ ഭാഗമായി, അവിടെ തന്നെ ഉണ്ട് ഉറങ്ങിയ ജീവിച്ചതാണ്. എന്നിലേക്ക് വന്ന കഥാപാത്രങ്ങളെയേ ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ളൂ. അവസരം ചോദിച്ച് പോയിട്ടില്ല. അത് ഈഗോ അല്ല, ഞാന്‍ നാടകവും മറ്റുമായി തിരക്കുകളിലായിരുന്നു. ഷൈജു ഖാലിദാണ് 'അഞ്ചു സുന്ദരികള്‍' എന്ന ചിത്രത്തിനായി സമീപിക്കുന്നത്. പിന്നീട് 'കോഹിനൂരി'ല്‍ ഒരു ചെറിയ വേഷം ചെയ്തു. മൂന്നാറില്‍ ശശികുമാര്‍ സാറിന്റെ ഒരു ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്താണ് ബേസിലിന്റെ കോള്‍ വരുന്നത്.
മൂന്നാറിലുണ്ടെന്ന് പറഞ്ഞപ്പോള്‍ ബേസിലും സംഘവും അവിടെയെത്തി കഥ പറഞ്ഞു. അന്നേ എനിക്കുറപ്പുണ്ടായിരുന്നു ഈ സിനിമ വലിയ വിജയമാകുമെന്ന്. പക്ഷേ എനിക്ക് പേടി ഉണ്ടായിരുന്നു, വലിയൊരു കഥാപാത്രമല്ലേ ചെയ്യാനാകുമോ എന്ന്. ഈ വിജയം ഒരു ടീമിന്റെ വിജയമാണ്. അതെനിക്ക് വലിയ ധൈര്യം തരുന്നുണ്ട്. ഇനിയും മലയാളം സിനിമയുടെ ഭാഗമാകും. മോഹന്‍ലാല്‍ സര് സംവിധാനം ചെയ്യുന്ന 'ബറോസി'ലും ഒരു കഥാപാത്രമായെത്തുന്നുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാന്‍ ആണ്. അദ്ദേഹം പറയുന്ന ആക്ഷന്‍ അഭിനയിക്കാന്‍ പോകുന്നത് ഏറെ ആവേശം പകരുന്നുണ്ട്.
Content Highlights: Minnal Murali, Guru Somasundaram, Interview, Tovino Thomas, movie villain shibu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..