കലാഭവന്റെ ആദ്യകാല മിമിക്സ് പരേഡ് വേദിയിൽ നിന്ന്
കൊച്ചി : തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ആ കൂട്ടുകാർ കൊച്ചിൻ കലാഭവന്റെ അടുത്തുള്ള നോർത്ത് സെവൻ ഹോട്ടലിൽ ഒത്തുകൂടിയത്. സിദ്ദിഖും ലാലും പ്രസാദും അൻസാറും റഹ്മാനും വർക്കിച്ചനുമൊക്കെ രൂപത്തിൽ കുറേ മാറിയെങ്കിലും ചിരിയുടെ അമിട്ടുകൾ പൊട്ടിക്കുന്നതിൽ ഇന്നും ഒരു മാറ്റവുമില്ല. താൻ എഴുതിയ പഴയൊരു ലോട്ടറി സ്കിറ്റാണ് സിദ്ദിഖ് ആദ്യം ഓർത്തെടുത്തത്.
“ലോട്ടറി അടിച്ച ആൾ തുക വാങ്ങാനെത്തുമ്പോൾ അധികൃതർ നികുതി കഴിഞ്ഞുള്ള തുകയാണ് സമ്മാനമായി നൽകിയത്. അതോടെ ടിക്കറ്റിന്റെ ഉടമ ദേഷ്യത്തിലായി. ടിക്കറ്റിൽ പറഞ്ഞ തുക മുഴുവൻ നൽകാതിരിക്കുന്നത് ചതിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്തൊക്കെ പറഞ്ഞാലും മുഴുവൻ തുക നൽകില്ലെന്ന് അധികൃതർ പറഞ്ഞതോടെ ടിക്കറ്റ് ഉടമയുടെ മറുപടിയെത്തി: ‘‘ദാ, എന്നാൽ ടിക്കറ്റ് നിങ്ങൾ മടക്കിയെടുത്തോളൂ, എന്നിട്ട് എനിക്ക് ടിക്കറ്റിന്റെ കാശ് മടക്കിത്തരൂ” -സിദ്ദിഖിന്റെ പഴയ സ്കിറ്റിലെ ഡയലോഗ് കേട്ട് കൂട്ടുകാർ പൊട്ടിച്ചിരിയുടെ ബമ്പറിലേക്കു വീണു.
കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിന് 40 വയസ്സാകുന്ന നേരത്ത് ‘മാതൃഭൂമി’ക്കുവേണ്ടി വീണ്ടും ഒത്തുകൂടിയതായിരുന്നു ആ കൂട്ടുകാർ. 1981 സെപ്റ്റംബർ 21-ന് കേരളത്തിലെ ആദ്യത്തെ മിമിക്സ് പരേഡ് അവതരിപ്പിച്ച സംഘത്തിലെ ആറുപേർ. സിദ്ദിഖ്, ലാൽ, അൻസാർ, റഹ്മാൻ, പ്രസാദ്, വർക്കിച്ചൻ പേട്ട. കേരളത്തിലെ ജനപ്രിയ കലാവിരുന്നായിരുന്ന മിമിക്സ് പരേഡിന്റെ പിറവിയെക്കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് രസകരമായ കാര്യങ്ങൾ അവർക്കു പറയാനുണ്ടായിരുന്നു.
പ്രതീക്ഷിക്കാത്ത ഹിറ്റ്
പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ബമ്പർ ഹിറ്റ് തന്നെയായിരുന്നു ആദ്യത്തെ മിമിക്സ് പരേഡ് എന്നാണ് കലാഭവൻ പ്രസാദ് ഓർക്കുന്നത്. “ആബേലച്ചൻ മിമിക്സ് പരേഡ് തുടങ്ങാമെന്ന് പറഞ്ഞപ്പോഴും പത്തിരുപത് പരിപാടികൾക്കപ്പുറം അതു പോകില്ലെന്നായിരുന്നു അന്നു എല്ലാവരും കരുതിയത്. എന്നാൽ മിമിക്സ് പരേഡ് ഒരു ബമ്പർ ഹിറ്റായി മാറി.
കോളേജുകളിലും ഫൈൻ ആർട്സ് സൊസൈറ്റി പരിപാടികളിലുമാണ് ഞങ്ങൾക്ക് വൻ സ്വീകാര്യത ലഭിച്ചത്. കാണികളുടെ എണ്ണം കൂടിയതിനാൽ ഒരു ദിവസം ഒരേ കോളേജിൽ തന്നെ രണ്ടുതവണ പരിപാടി നടത്തേണ്ടി വന്നിട്ടുണ്ട്. അവസാനം പരിപാടികൾ കൂടിയിട്ടു ഷോ നിയന്ത്രിക്കണമെന്നു വരെ അക്കാലത്ത് ഞങ്ങൾ വിചാരിച്ചിട്ടുണ്ട്” -പ്രസാദ് തുടക്കകാലം ഓർത്തെടുത്തു.
സൈക്കിളും പെട്രോളും
മിമിക്സ് പരേഡിലൂടെ കിട്ടിയ വരുമാനത്തിന്റെ രസകരമായ കണക്കുകളാണ് സിദ്ദിഖ് പങ്കുവെച്ചത്. “അന്നു ഞാൻ സ്കൂളിൽ എൽ.ഡി. ക്ലാർക്കായിട്ട് ജോലിചെയ്യുന്ന കാലമായിരുന്നു. 230 രൂപയാണ് അന്നെന്റെ ശമ്പളം. എന്നാൽ മിമിക്സ് പരേഡിന് ആബേലച്ചൻ 100 രൂപ വെച്ചുതരുമായിരുന്നു. മാസം 10 പരിപാടി കിട്ടിയാൽത്തന്നെ രൂപ 1,000 കൈയിൽ വരും” -സിദ്ദിഖ് പറയുമ്പോൾ അൻസാർ ഇടയിൽ കയറി: “അന്നിവർക്ക് 100 രൂപ വെച്ചുകൊടുക്കുമ്പോൾ ആബേലച്ചൻ എനിക്ക് 140 രൂപ തരുമായിരുന്നു. പരിപാടിയുടെ സംഘാടകരുമായി സംസാരിച്ച് തുക വാങ്ങുന്ന ജോലി എനിക്കായിരുന്നു. ആ വകയിലാണ് 40 രൂപ അധികമായി കിട്ടിയിരുന്നത്. അക്കാലത്ത് ഒരു ലിറ്റർ പെട്രോളിന് അഞ്ചുരൂപ കൊടുത്താൽ മതിയായിരുന്നു” -അൻസാർ പറയുമ്പോൾ സിദ്ദിഖ് കൗണ്ടറടിച്ചു: “എനിക്ക് അന്ന് പെട്രോൾക്കാശും ലാഭമായിരുന്നു. കാരണം സൈക്കിളിന് പെട്രോൾ അടിക്കേണ്ടല്ലോ!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..