ർമകളുടെ തിരശ്ശീല ഉയരുന്നു ആറ് മെെക്കുകൾ, പാന്റും ജുബ്ബയും ധരിച്ച് ആറ് പേർ.. വർക്കിച്ചൻ പേട്ടയുടെ ഘന​ഗംഭീരമായ ശ്ബദത്തിൽ അവതരണം . പിന്നെ ചിരിയുടെ അമിട്ടുകളുമായി സിദ്ദിഖും ലാലും പ്രസാദും റഹ്മാനും അൻസാറും .

കൊച്ചിൻ കലാഭവനെ ചിരിയുടെ ലോകചരിത്രത്തിൽ അടയാളപ്പെടുത്തിയ മിമിക്സ് പരേഡിന്റെ 39-ാം പിറന്നാളാണ് തിങ്കളാഴ്ച. പിറന്നാൾ തലേന്ന് സിദ്ദിഖും റഹ്മാനും വർക്കിച്ചനും സിദ്ദിഖിന്റെ വീട്ടിൽ ഒത്തുകൂടി. അതിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമത്തിൽ ഒരു ഫോൺദൂരം അകലത്തിൽ ലാലും പ്രസാദും അൻസാറും.

പുട്ടിനിടയിലെ തേങ്ങാപ്പീരയായിരുന്നു ഗാനമേളയ്ക്കിടയിൽ മിമിക്രി. അതിനെ, ഒരു മുഴുനീള കലാവിരുന്നാക്കാനുള്ള ധൈര്യം ആരാണ് കാണിച്ചത്?

പൊട്ടിച്ചിരിയായിരുന്നു സിദ്ദിഖിന്റെ ആദ്യ മറുപടി. “സത്യത്തിൽ ഇന്നും ഞാൻ അതിനെപ്പറ്റി ആലോചിക്കാറുണ്ട്. ഗാനമേള തകർത്തുവാരുന്ന കാലത്ത് ആബേലച്ചൻ മിമിക്രിയുടെ ഒരു ഫുൾസെറ്റ് പീസിന് ധൈര്യം കാണിച്ചു. അന്ന്‌ കലാഭവനിലെ ഏറ്റവും മികച്ച ഗായകനു പോലും 75 രൂപ മാത്രം കൊടുത്തപ്പോൾ, ഞങ്ങൾക്ക്‌ ഒരു പരിപാടിക്ക്‌ 100 രൂപ ആബേലച്ചൻ തന്നു” -റഹ്‌മാൻ ഇടയ്ക്കുകയറി.

“സിദ്ദിഖാണ് ‘മിമിക്സ് പരേഡ്’ എന്ന പേരിട്ടത്. ആദ്യം മിമിക്സ് നൈറ്റ്‌ പോലെയുള്ള പേരാണ് ആലോചിച്ചത്. ഞങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ വെച്ചും ചില പേരുകൾ ആലോചിച്ചു. പക്ഷേ, ഏറ്റവും നല്ലത് മിമിക്സ് പരേഡ് തന്നെയായിരുന്നു.”

സ്വാതന്ത്ര്യദിനത്തിലെ ട്രയൽ

mimics parade 39 years Comedy Program siddique director actor Lal Kalabhavan
മിമിക്സ് പരേഡ് വേദിയിൽ നിന്നും

1981-ലെ സ്വാതന്ത്ര്യദിനത്തിലായിരുന്നു മിമിക്സ് പരേഡിന്റെ ട്രയൽ. ആ കഥ വർക്കിച്ചൻ പറഞ്ഞു: “ആബേലച്ചൻ മിമിക്സ് പരേഡിനെക്കുറിച്ച് പറഞ്ഞപ്പോൾത്തന്നെ സ്‌ക്രിപ്റ്റെഴുതാൻ സിദ്ദിഖും ലാലും റെഡിയായി. പരിപാടിയിലെ ഐറ്റങ്ങൾ നിശ്ചയിച്ച്, മനോഹരമായൊരു സ്‌ക്രിപ്റ്റ് ഇവരുണ്ടാക്കി. സ്വാതന്ത്ര്യദിനത്തിൽ പത്രക്കാർക്കായി ഒരു ട്രയൽ നടത്തി. അത് വിജയിച്ചതോടെ ആത്മവിശ്വാസമായി. സെപ്റ്റംബർ 21-ന് ഫൈൻ ആർട്‌സ് ഹാളിൽ ഞങ്ങളുടെ മിമിക്സ്‌ പരേഡ് അരങ്ങേറി.”

മമ്മൂട്ടിയും ഷർട്ടും

ആദ്യ മിമിക്സ് പരേഡ് അവർ മറന്നിട്ടില്ല. റഹ്‌മാൻ പറഞ്ഞു: “അന്നാ പരിപാടി കാണാൻ മമ്മൂട്ടിയും ശ്രീനിവാസനുമെത്തി. വിളിച്ചതല്ലേ, കുറച്ചുനേരം കണ്ടിട്ടുപോകാമെന്നു കരുതി വന്ന മമ്മൂട്ടി അവസാനംവരെ ഇരുന്നു. സംഘാടകരുടെ വകയായി ഞങ്ങൾക്ക് മമ്മൂട്ടിയും ശ്രീനിവാസനും ചേർന്ന് ഷർട്ടുകളും ഉപഹാരമായി തന്നു. തൃശ്ശൂർ പൂരം വെടിക്കെട്ട്, യന്ത്രമനുഷ്യൻ, ഗാന്ധി സിനിമയിലെ മലയാള താരങ്ങൾ, കഥാപ്രസംഗം, ഓട്ടോറിക്ഷയിലെ ഗർഭിണി തുടങ്ങിയവയായിരുന്നു പരിപാടിയിലെ പ്രധാന നമ്പറുകൾ”.

ഗാന്ധിജിയും താരങ്ങളും

കാണിച്ച നമ്പറുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യ പരിപാടിയിൽ ഗാന്ധിജിയായ താരങ്ങളാണെന്ന് സിദ്ദിഖ് പറഞ്ഞു.

mimics parade 39 years Comedy Program siddique director actor Lal Kalabhavan
വർക്കിച്ചനും സിദ്ദിഖും റഹ്‌മാനും വീഡിയോകോളിൽ സുഹൃത്തുക്കളുമായി പഴയ കഥകൾ പങ്കുവയ്ക്കുന്നു |ഫോട്ടോ: ടി.കെ.പ്രദീപ്‌കുമാർ

“റിച്ചാർഡ് ആറ്റൻബറോ ഗാന്ധി സിനിമ മലയാളത്തിൽ ചെയ്യുകയാണെങ്കിൽ അതിൽ ഗാന്ധിജിയുടെ വേഷം അഭിനയിക്കാനുള്ള താരങ്ങളുടെ ഇന്റർവ്യൂ ആണ് അവതരിപ്പിച്ചത്. പ്രേംനസീറിനെ ലാൽ അവതരിപ്പിച്ചു. കെ.പി. ഉമ്മറിനെ ഞാനാണ് ചെയ്തത്. സോമനേയും മധുവിനേയും റഹ്‌മാൻ ചെയ്തപ്പോൾ ജയനെ അൻസാറും ചെയ്തു”.

വീണ്ടും റഹ്മാൻ ഇടയ്ക്കുകയറി: “ഒരു വേദിയിൽ ഞാൻ ചെയ്ത ജയൻ കണ്ട് ആരും കൈയടിച്ചില്ല. ഉടനെ അൻസാർ മൈക്കിനു മുന്നിൽ കയറി പറഞ്ഞു, ‘ഇനി മറ്റൊരു ജയൻ’. അന്നവന്റെ ഡയലോഗ്‌ കേട്ട് എല്ലാവരും ചിരിച്ചുമറിഞ്ഞു”.

ഓർമകളുടെ തിരശ്ശീല ഉയരുന്നു... ആറ്‌ മൈക്കുകൾ, പാന്റും ജുബ്ബയും ധരിച്ച ആറുപേർ... വർക്കിച്ചൻ പേട്ടയുടെ ഘനഗാംഭീര്യമാർന്ന ശബ്ദത്തിൽ അവതരണം... പിന്നെ, ചിരിയുടെ അമിട്ടുകളുമായി സിദ്ദിഖും ലാലും പ്രസാദും റഹ്‌മാനും അൻസാറും.

കൊച്ചിൻ കലാഭവനെ ചിരിയുടെ ലോകചരിത്രത്തിൽ അടയാളപ്പെടുത്തിയ ‘മിമിക്സ് പരേഡി’ന്റെ 39-ാം പിറന്നാളാണ് തിങ്കളാഴ്ച. പിറന്നാൾത്തലേന്ന് സിദ്ദിഖും റഹ്‌മാനും വർക്കിച്ചനും സിദ്ദിഖിന്റെ വീട്ടിൽ ഒത്തുകൂടി. അതിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമത്തോടെ ഒരു ഫോൺ ദൂരത്തിൽ ലാലും പ്രസാദും അൻസാറും.

ആ യാത്രകൾ മറക്കാനാവില്ല

''ഞാനും സിദ്ദിഖും ഒരുമിച്ചാണ് ആബേലച്ചന്റെ അടുത്തെത്തിയത്. പരിപാടിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുമ്പോഴുള്ള തമാശകളോർത്തു ഞങ്ങൾ എത്രയോ ചിരിച്ചിട്ടുണ്ട്. കലാഭവന്റെ വലിയ ബസിൽ നടത്തിയ യാത്രകൾ മറക്കാൻ കഴിയില്ല. ബസിന്റെ നിലത്ത് വിരിച്ചുകിടന്നുള്ള യാത്രയും അതിനിടയിലെ തമാശകളും ഇപ്പോൾ നഷ്ടമായല്ലോയെന്ന സങ്കടമുണ്ട്‌''- ലാൽ

കൈയടിക്ക് കാശ്

''1976-ൽ ഞാൻ കലാഭവനിലെത്തുമ്പോൾ ആബേലച്ചൻ പറഞ്ഞത് ആദ്യത്തെ പരിപാടിക്ക്‌ കാശ് തരില്ലെന്നായിരുന്നു, പരിപാടിക്ക്‌ കൈയടി കിട്ടിയാൽ കാശിന്റെ കാര്യം പരിഗണിക്കാമെന്നും. കൈയടി കിട്ടിയതോടെ ആബേലച്ചൻ 40 രൂപ തന്നു. 39 വർഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോൾ നിറഞ്ഞ സന്തോഷം. ഞങ്ങൾക്കെല്ലാം വാതിൽ തുറന്നിട്ടത് മിമിക്സ് പരേഡാണ്.'' -കലാഭവൻ അൻസാർ

ചിരിപ്പിക്കാൻ ഒ.ടി.ടി. പ്ലാറ്റ്‌ഫോം

''ചിരിപ്പിക്കാനായി ഒരു ഒ.ടി.ടി. പ്ലാറ്റ്‌ഫോം... അതായിരുന്നു കലാഭവന്റെ മിമിക്സ് പരേഡ്. ആദ്യ ഐറ്റമായ തൃശ്ശൂർ പൂരം തുടങ്ങുമ്പോൾത്തന്നെ കൈയടി. ആ നാളുകൾ ഒരിക്കലും മറക്കാനാകില്ല. കാണികൾക്ക് അന്ന്‌ ഞങ്ങളാരും പരിചിതരല്ല. എന്നാൽ, പരിപാടി കഴിയുന്നതോടെ ഞങ്ങളെല്ലാവരും അവരുടെ പ്രിയപ്പെട്ടവരായി മാറും.'' -കലാഭവൻ പ്രസാദ്

ലാൽ അന്ന്‌ ബിൽഡിങ്‌ ഡിസൈനർ, ഇന്ന്‌ നടനും സംവിധായകനും

വർക്കിച്ചൻ പേട്ട അന്ന്‌ എം.എസ്‌.ഡബ്ല്യു വിദ്യാർഥി, കമ്പനി ലേബർ ഓഫീസറായി വിരമിച്ചു

കലാഭവൻ റഹ്‌മാൻ എം.എ.വിദ്യാർഥി, ഇപ്പോൾ നടൻ

കലാഭവൻ പ്രസാദ്‌ സെയിൽസ്‌ എക്സിക്യൂട്ടീവ്‌, പിന്നീട്‌ പാരഡി കാസറ്റ്‌ രംഗത്ത്‌ തിളങ്ങി

സിദ്ദിഖ്‌ അന്ന്‌ എൽ.ഡി. ക്ലർക്ക്‌, ഇന്ന്‌ സംവിധായകൻ

കലാഭവൻ അൻസാർ അന്ന്‌ ബിരുദം പൂർത്തിയാക്കി. ഇപ്പോൾ സംവിധായകനും നടനും