എംജി സോമന്റെ ഭാര്യ സുജാത, മകൾ സുധ, മകൻ സജി, എം.ജി സോമൻ
നേരാ തിരുമേനീ... ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല...' മെത്രാന്റെ അരമനയില്‍ കയറിച്ചെന്ന് ആനക്കാട്ടില്‍ ഈപ്പച്ചന്‍ കത്തിക്കയറുകയാണ്... സിനിമ ഹിറ്റ് ചാര്‍ട്ടില്‍... എറണാകുളം ഷേണായീസില്‍ അന്നും ഹൗസ്ഫുള്‍. മാറ്റിനി തകര്‍ത്തോടുന്ന നേരത്ത് ഷേണായീസില്‍നിന്ന് കഷ്ടിച്ച് രണ്ടരക്കിലോമീറ്റര്‍ അപ്പുറം പി. വി. എസ് ആസ്പത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ക്ഷുഭിത യൗവനത്തിന്റെ ചോരഞരമ്പ് പടര്‍ന്ന രണ്ട് കണ്ണുകള്‍ എന്നേക്കും അടയപ്പെട്ടു. 'ലേല'ത്തിലെ ഈപ്പച്ചനെ, 'ചട്ടക്കാരി'യിലെ റിച്ചാര്‍ഡിനെ, 'ഇതാ ഇവിടെവരെ'യിലെ വിശ്വനാഥനെ, 'തുറമുഖ'ത്തിലെ ഹംസയെ, 'ഒരു വിളിപ്പാടകലെ'യിലെ മേജറിനെ... ഒക്കെയും സിനിമയുടെ മരണമില്ലാ ലോകത്ത് അവശേഷിപ്പിച്ച് എം.ജി. സോമന്‍ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു.
മീനച്ചിലാറ് നീന്തിക്കടക്കുന്ന കാറ്റിന്റെ ചിലമ്പല്‍ പോലെ ശബ്ദം. ക്ഷോഭസ്തോഭം നിറഞ്ഞ കണ്ണുകള്‍... കവിളുകളിലേക്ക് ഊര്‍ന്നിറങ്ങിയ കൃതാവ്... നെഞ്ചുവിരിച്ചുള്ള നില്‍പ്പ്... തിരുവല്ലക്കാരനായ ആ യുവസൈനികന്‍ സിനിമയില്‍ എം. ജി. സോമന്‍ എന്ന മേല്‍വിലാസം സ്വയം സൃഷ്ടിക്കുകയായിരുന്നു. 'ലേല'ത്തില്‍ അദ്ദേഹത്തിന്റെ അവസാന കഥാപാത്രമായ ആനക്കാട്ടില്‍ ഈപ്പച്ചന്‍ പറയുന്നുണ്ട് 'യെസ് അയാം ഔട്സ്പോക്കന്‍' എന്ന്. സിനിമയ്ക്ക് പുറത്തും എം. ജി. സോമന്‍ അതായിരുന്നു. എന്തും തുറന്നു പറയുന്ന തന്റേടമുള്ള തിരുവല്ലക്കാരന്‍. ഇറെവറന്‍സിനെ ഭയക്കാത്ത ഒറ്റയാന്‍. സിനിമയില്‍ സോമനില്ലാത്ത 25 വര്‍ഷങ്ങളാണ് കടന്നുപോകുന്നത്... എല്ലാ സീനിലും എം. ജി. സോമനുള്ള സിനിമ പോലെയാണ് തിരുവല്ലയിലെ അദ്ദേഹത്തിന്റെ വീട്. ചുവരുകളില്‍ നിറയെ ചിത്രങ്ങള്‍. ചില്ലലമാരകളില്‍ സിഗരറ്റ് ലൈറ്ററുകളും ചില്ലുകുപ്പികളും ഉള്‍പ്പെടെ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലെ ശേഷിപ്പുകള്‍... പുരസ്‌കാരങ്ങള്‍... ഗാരേജില്‍ നീല നിറമുള്ള ആ പഴയ മാരുതി 800... വീട് അതിന്റെ ഓരോ അണുവിലും അദ്ദേഹത്തെ നിറച്ചുവച്ചിരിക്കുന്നു...
ഒന്നിച്ചു കണ്ട സിനിമകള്‍
തിരുവല്ല തിരുമൂലപുരത്താണ് മണ്ണടിപ്പറമ്പില്‍ വീട്. എം. ജി. സോമന്റെ ഭാര്യ സുജാതയും മകന്‍ സജി സോമനും കുടുംബവുമാണ് ഇപ്പോള്‍ അവിടെ താമസിക്കുന്നത്. സംരംഭക കൂടിയാണ് സുജാത. പതിനാലാം വയസ്സിലാണ് സോമന്റെ ജീവിതസഖിയായി സുജാത മാവേലിക്കരയില്‍ നിന്ന് തിരുവല്ലയിലേക്ക് എത്തുന്നത്. സ്നേഹവും കരുതലും നിറഞ്ഞ അനുഭവങ്ങളായി ദാമ്പത്യം അവരുടെ ഓര്‍മകളില്‍ വേരാഴ്ത്തുന്നു... ''കല്യാണം കഴിക്കുമ്പോള്‍ എനിക്ക് പതിനാലും സോമേട്ടന് ഇരുപത്തെട്ടുമാണ് പ്രായം. ആളന്ന് നടനൊന്നുമല്ല. എയര്‍ഫോഴ്സിലാണ്. കല്യാണം കഴിഞ്ഞ് കുറച്ചുകാലം ഞാനും അദ്ദേഹത്തിനൊപ്പം പല എയര്‍ഫോഴ്സ് സ്റ്റേഷനുകളിലായി താമസിച്ചു. രണ്ട് മക്കള്‍ പിറന്നു. എയര്‍ഫോഴ്സില്‍ പത്ത് വര്‍ഷം തികച്ചശേഷം നാട്ടിലേക്ക് മടങ്ങിവരികയായിരുന്നു. സര്‍വീസിലായിരുന്ന കാലത്ത് സോമേട്ടന്‍ മലയാളി അസോസിയേഷന്‍ പരിപാടികളില്‍ നാടകത്തിലൊക്കെ അഭിനയിക്കുമായിരുന്നു എന്നല്ലാതെ അഭിനയവുമായൊന്നും ഒരു ബന്ധവുമില്ല.
നാട്ടില്‍ മടങ്ങിവന്ന ശേഷം കൊട്ടാരക്കര ശ്രീധരന്‍ നായരുടെ നാടകസംഘത്തില്‍ എത്തപ്പെട്ടു. 'രാമരാജ്യം' എന്ന നാടകത്തില്‍ അഭിനയിക്കുമ്പോള്‍ കാണികളുടെ കൂട്ടത്തില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഭാര്യ വേണിയുമുണ്ട്. അന്ന് മലയാറ്റൂരിന്റെ കഥ 'ഗായത്രി' എന്ന പേരില്‍ സിനിമയാകുകയാണ്. അതിലേക്ക് ഒരു നടനെ വേണം. നിഷേധിയായ ബ്രാഹ്മണ യുവാവിന്റെ റോള്‍ സോമേട്ടന് ചേരുമെന്ന് വേണിച്ചേച്ചിക്ക് തോന്നി. അങ്ങനെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. ആദ്യ സിനിമ ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് തിയേറ്ററില്‍ പോയി കണ്ടത്. അവസാന സിനിമയായ 'ലേല'വും ഒന്നിച്ചുതന്നെ കണ്ടു. സിനിമയും സോമേട്ടന്റെ കഥാപാത്രവും ഒരുപോലെ ഹിറ്റായി. തിയേറ്ററില്‍ ആളുകളൊക്കെ ചുറ്റുംകൂടി. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷം സോമേട്ടന്റെ മുഖത്ത് ഞാന്‍ കണ്ടു. പക്ഷേ, അത് അവസാന സിനിമ ആകുമെന്ന് കരുതിയില്ല...''
തീവണ്ടി യാത്ര
1997 നവംബര്‍ 12നാണ് എം. ജി. സോമന്‍ എറണാകുളത്തെ ആസ്പത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നത്. കൃത്യം ഒരുമാസം നീണ്ട ആസ്പത്രിവാസം. ഡിസംബര്‍ 12ന് മരണം. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ വിയോഗം. ഉല്ലാസം നിറഞ്ഞ ഒരു തീവണ്ടിയാത്രയ്ക്കിടയിലാണ് രോഗം അദ്ദേഹത്തെ ഉലച്ചുതുടങ്ങിയത്... ആ ഓര്‍മകളിലേക്ക് സുജാത കടന്നു... ''ലേലം തിയേറ്ററിലെത്തുന്ന സമയത്ത് ഞങ്ങളുടെ മകള്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു. അവള്‍ ഭര്‍ത്താവിനൊപ്പം ജമ്മുവിലാണ്. അവിടെ പോയി മകളെ കാണാന്‍ ഒരാഗ്രഹം. തീവണ്ടിയില്‍ത്തന്നെ പോകണമെന്ന വാശിയായിരുന്നു അദ്ദേഹത്തിന്. എയര്‍ഫോഴ്സില്‍ ജോലി ചെയ്ത സ്ഥലങ്ങളിലൂടെയൊക്കെയാണ് തീവണ്ടി പോകുന്നത്. ആ സ്ഥലങ്ങള്‍ വീണ്ടും കാണാനുള്ള ആഗ്രഹംകൊണ്ടാകാം.
യാത്രയില്‍ അദ്ദേഹത്തിന് പതിവില്ലാത്ത ക്ഷീണം ഉണ്ടായിരുന്നു. കാലിലൊക്കെ നീരും. ചോദിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ല എന്നാണ് പറഞ്ഞത്. ജമ്മുവില്‍ എത്തി... ആരോഗ്യസ്ഥിതി കുറച്ച് മോശമായി. മടങ്ങിവന്ന് എറണാകുളത്ത് പി. വി. എസ്സില്‍ കാണിക്കാമെന്നായി അദ്ദേഹം. അന്ന് ഫ്ളൈറ്റ് ടിക്കറ്റ് കിട്ടാനൊക്കെ പ്രയാസമാണ്. പി. ജെ. കുര്യന്‍ സാറിന്റെ സഹായത്തില്‍ ടിക്കറ്റ് തരപ്പെടുത്തി എറണാകുളത്ത് വന്ന് പി. വി. എസ്സില്‍ അഡ്മിറ്റായി. പുറത്ത് 'ലേല'ത്തിന്റെ വിജയാഘോഷം നടക്കുന്നു. സോമേട്ടന്റെ ശരീരം ക്ഷീണിച്ച് മുഖം ഒക്കെ ഇരുണ്ടിട്ടുണ്ട്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കുറച്ചു ദിവസത്തിനകം സ്ഥിതി വഷളായി. ഒടുവിലെ രണ്ടുമൂന്ന് ദിവസം ഒന്നും മിണ്ടിയിട്ടില്ല. അതുവരെ വര്‍ത്തമാനമൊക്കെ പറഞ്ഞ് ഇരുന്ന ആളാണ്. വയ്യ എന്നൊരു വാക്ക് സോമേട്ടന്‍ ഒരിക്കല്‍പ്പോലും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. എന്റെ അറിവില്‍ അതിനുമുമ്പ് ഒരിക്കലും ആസ്പത്രിയില്‍ കിടന്നിട്ടുമില്ല. എപ്പോഴും തിരക്കിലായിരുന്നു. ചില ശീലങ്ങള്‍ തിരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എയര്‍ഫോഴ്സില്‍ ആയിരുന്ന സമയം മുതല്‍ മദ്യപാനം ഉണ്ട്. എങ്കിലും ഇടയ്ക്കിടെ ഇടവേളയുണ്ടാകും. മലയ്ക്ക് പോകാന്‍ മാലയിട്ടാല്‍പിന്നെ ഒരു തുള്ളി തൊടില്ല. ആസ്പത്രിയിലെ അവസാനദിവസങ്ങളിലും ഞങ്ങളോട് മലയ്ക്ക് പോകണം എന്ന ആഗ്രഹം പങ്കുവച്ചിരുന്നു.സോമേട്ടന്‍ പെട്ടെന്നങ്ങ് പോയപ്പോള്‍ ജീവിതം അവസാനിച്ചപോലെ തോന്നി. പക്ഷേ, മുന്നോട്ട് ജീവിച്ചല്ലേ പറ്റൂ. ഞാന്‍ ബിസിനസ്സില്‍ സജീവമായി. വിഷമങ്ങള്‍ക്ക് ഇരച്ചുകയറാന്‍ ഇടംകൊടുക്കാത്ത വിധത്തില്‍ സ്വയം തിരക്കിലായി.''
തിരക്കിലും തനിച്ചാക്കാതെ
നായകനും ഉപനായകനും പ്രതിനായകനുമായി വേഷങ്ങള്‍ ചെയ്താണ് സോമന്‍ വെള്ളിത്തിരയിലെ പരിചിതമുഖമായത്. ''തിരക്കേറിയപ്പോഴും ഒഴിവുകിട്ടിയാല്‍ അദ്ദേഹം വീട്ടിലേക്ക് ഓടിയെത്തും... സുജാത അക്കാലം ഓര്‍ത്തെടുത്തു... ''ചുട്ടരച്ച ചമ്മന്തിയും തീയലും മെഴുക്കുപുരട്ടിയുമൊക്കെ വലിയ ഇഷ്ടമായിരുന്നു. മരണം വരെ സസ്യാഹാരി ആയിരുന്നു സോമേട്ടന്‍. വീട്ടില്‍ വന്നുപോകുമ്പോള്‍ ഭക്ഷണം പൊതിഞ്ഞെടുക്കും. ലൊക്കേഷനില്‍ ഉള്ളവര്‍ക്ക് പങ്കിട്ടുകൊടുക്കാനാണ്.
'ഗായത്രി'ക്ക് ശേഷം തുടരെ സിനിമകള്‍ വന്നു. എങ്കിലും 'ചട്ടക്കാരി'യിലെ ഉപനായക വേഷത്തിലൂടെയാണ് നടനെന്ന നിലയില്‍ കൂടുതല്‍പേര്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. ലൊക്കേഷനിലേക്ക് ഞാനും ഇടയ്ക്ക് പോകാറുണ്ടായിരുന്നു. അതിനിടെ എനിക്ക് സ്വന്തംകാലില്‍ നില്‍ക്കണമെന്നും സ്വന്തമായി വരുമാനം വേണമെന്നുമൊക്കെ തോന്നി. സോമേട്ടന്‍ വീട്ടിലെ കാര്യങ്ങളൊക്കെ മുടക്കമില്ലാതെ നോക്കുന്ന ആളായിരുന്നു. പക്ഷേ, സ്ത്രീകളും സമ്പാദിക്കണമെന്ന പക്ഷക്കാരിയാണ് അന്നും ഇന്നും ഞാന്‍. സോമേട്ടന്‍ എല്ലാ പിന്തുണയും തന്നു. അങ്ങനെ 29-ാം വയസ്സില്‍ ഞാനൊരു സ്ഥാപനം തുടങ്ങി. 'ഭദ്ര കറിപൗഡര്‍' എന്ന സംരംഭം. രണ്ടു തൊഴിലാളികള്‍ മാത്രമായി തുടങ്ങിയ സ്ഥാപനമാണ്. ഇന്നത് കുറേക്കൂടി വളര്‍ന്നു. അതില്‍ എന്റെ അധ്വാനത്തോളം വിലയുണ്ട് അന്ന് സോമേട്ടന്‍ തന്ന പിന്തുണയ്ക്കും.''
ആഘോഷ രാവുകള്‍
''ഒഴിവുവേളകളെ ഘോഷരാവുകളാക്കി തിമിര്‍ത്താടുന്നതിനു വേണ്ടി സന്നാഹങ്ങളൊരുക്കാന്‍ സുഹൃത് സംഘം എപ്പോഴും ഒപ്പമുണ്ടായിരുന്നു...'' ഒരു ടെലിവിഷന്‍ പരിപാടിക്കിടെ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ എം. ജി. സോമനെപ്പറ്റി പറഞ്ഞ വാക്കുകളാണിത്. ആ ചങ്ങാത്തത്തിന്റെ ആഴവും പരപ്പും അടുത്തു നിന്ന് കണ്ടറിഞ്ഞിട്ടുണ്ട് സുജാത. ''സോമേട്ടന് കൂട്ടുകാര്‍ ഒരുപാടുണ്ടായിരുന്നു. കമലഹാസനുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. സുഖത്തിലും ദുഃഖത്തിലും എന്നൊക്കെ പറയില്ലേ. അതുപോലെ. സോമേട്ടന്‍ ആസ്പത്രിയിലായപ്പോള്‍ കമലഹാസന്‍ പരിശോധനാഫലങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. ചെന്നൈയിലെ ഡോക്ടര്‍മാരെ കാണിച്ച് നിര്‍ദേശം തരാനാണ്. സോമേട്ടന്‍ പോയശേഷവും കമലഹാസന്‍ ഞങ്ങളുടെ കുടുബവുമായി ആ ബന്ധം തുടരുന്നു. മോഹന്‍ലാല്‍, ജനാര്‍ദ്ദനന്‍, മധുച്ചേട്ടന്‍, കുഞ്ചന്‍, ജേസി, ഹരിപോത്തന്‍, സുകുമാരന്‍, സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍... ഇവരൊക്കെയും ആ സുഹൃത് സംഘത്തില്‍ ഉള്‍പ്പെട്ടു. സോമേട്ടന്റെ പഴയ കൂട്ടുകാരൊക്കെ തിരുവല്ല വഴി പോകുമ്പോള്‍ വീട്ടില്‍ കയറാറുണ്ട്. സോമേട്ടന്റെ സിനിമകളൊന്നും ഞാന്‍ ഇപ്പോള്‍ കാണില്ല. മറക്കാന്‍ ശ്രമിക്കുന്നതൊക്കെ വെറുതെ ഓര്‍ത്തെടുത്ത് വിഷമിക്കേണ്ടല്ലോ.
ഓര്‍മയില്‍ അച്ഛന്‍
''എല്ലാ കുട്ടികളെയും പോലെ എനിക്കും അനിയത്തിക്കും ഡാഡി തന്നെയായിരുന്നു ഹീറോ. എം. ജി. സോമന്റെ മകനും അഭിനേതാവുമായ സജി സോമന്‍ ഓര്‍മയിലെ ആ സ്നേഹകാലം പങ്കുവച്ചു. ''ഡാഡിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. സിനിമയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. മക്കള്‍ ജനിച്ചശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ഞങ്ങളുടെ കുട്ടിക്കാലത്ത് ഡാഡി നല്ല തിരക്കിലാണ്. നായകനും വില്ലനും സ്വഭാവനടനും ഒക്കെയായി തിരക്കോടുതിരക്ക്. അവധിക്കാലത്ത് ഞങ്ങളേയും ലൊക്കേഷനിലേക്ക് കൊണ്ടുപോകും. സിനിമാനടന്റെ മക്കളായതുകൊണ്ട് സിനിമയില്‍ തലകാണിക്കണം എന്നൊന്നും ഡാഡി പറഞ്ഞിരുന്നില്ല. ഭയങ്കര ഫ്രണ്ട്ലി ആയിരുന്ന ഡാഡി ജീവിതം ആഘോഷമാക്കി മാറ്റി.
സൗഹൃദം ആയിരുന്നു അദ്ദേഹത്തിന് എല്ലാം. എവിടെച്ചെന്നാലും കൂട്ടുകാരുണ്ടാകും. ഒരിക്കല്‍ പരിചയപ്പെട്ടവരെപ്പോലും മറക്കാത്തൊരാള്‍. ഡാഡി സീരിയല്‍ ചെയ്യുന്ന സമയത്ത് ഒരു ദിവസം എന്നോട് ''ഒന്ന് മേക്കപ്പ് ചെയ്ത് വാ... ക്യാമറയില്‍ എങ്ങനെയുണ്ടെന്ന് നോക്കട്ടെ'' എന്ന് പറഞ്ഞു. പക്ഷേ, എനിക്കന്ന് അഭിനയത്തോട് പ്രത്യേക താത്പര്യം ഒന്നും ഇല്ല. പിന്നെ നിര്‍ബന്ധിച്ചതുമില്ല.
വിധിയുടെ ആവര്‍ത്തനമെന്നൊക്കെ പറയും പോലെ 'വയലന്‍സ്' എന്ന സിനിമയിലൂടെ ഞാന്‍ അരങ്ങേറി. തുടര്‍ന്ന് കുറച്ചു സിനിമകള്‍ ചെയ്തെങ്കിലും വിദേശത്ത് ജോലിയുടെ തിരക്കുകാരണം ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടി വന്നു. പതിനാറ് വര്‍ഷത്തിന്റെ ഇടവേള കഴിഞ്ഞ് ഇപ്പോള്‍ വീണ്ടുമൊരു സിനിമ ചെയ്തു. എന്റെ മകന്‍ ശേഖര്‍, 'ഭരതന്‍ എഫക്ട്' എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഡാഡിയുടെ ആദ്യ സിനിമയുടെ ഛായാഗ്രാഹകന്‍ ആയിരുന്ന രാമചന്ദ്ര ബാബു തന്നെയായിരുന്നു ആ സിനിമയുടെ ക്യാമറ എന്നത് ഒരു യാദൃശ്ചികത.''
സ്നേഹമായിരുന്നു അച്ഛന്‍
'സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളെ കണ്ടിട്ടാകാം പലരും പറയാറുണ്ട് ഡാഡിക്ക് ഒരു കര്‍ക്കശക്കാരന്റെ മട്ടുംഭാവവും ആണെന്ന്. പക്ഷേ, ഞങ്ങള്‍ മക്കള്‍ക്ക് അദ്ദേഹം സ്നേഹത്തിന്റെ പ്രതിബിംബം ആയിരുന്നു...'' മകള്‍ സിന്ധു, എം. ജി സോമന്‍ എന്ന അച്ഛന്റെ ഓര്‍മകളിലേക്ക്... ''ഡാഡി നല്ല ഭക്ഷണപ്രിയനായിരുന്നു. ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ആള്‍. വിദേശത്തും മറ്റും ഷൂട്ടിങ്ങിന് പോകുമ്പോള്‍ എന്നോടും ചേട്ടനോടും എന്തൊക്കെ സമ്മാനങ്ങളാണ് വേണ്ടതെന്ന് ചോദിക്കും. ഞങ്ങള്‍ വലിയ ലിസ്റ്റ് കൊടുത്തുവിടും. അതില്‍ ഉള്ളതെല്ലാം കൊണ്ടുവരും. ഡാഡി ഏറെക്കാലം എയര്‍ഫോഴ്സില്‍ ആയിരുന്നല്ലോ. എനിക്ക് വിവാഹപ്രായമായപ്പോള്‍ എന്റെ ജീവിതപങ്കാളിയും എയര്‍ഫോഴ്സുകാരന്‍ ആയിരിക്കണമെന്ന് ഡാഡിക്ക് ആഗ്രഹം. അതും സാധിച്ചു. എന്റെ ഭര്‍ത്താവ് ജി. ജി. കുമാര്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്. വിവാഹശേഷം അദ്ദേഹത്തിനൊപ്പം ജോലിസ്ഥലത്തായിരുന്നു ഞാനും. അവിടേക്കുള്ള യാത്രയിലാണ് രോഗം ഡാഡിയെ തളര്‍ത്തിയത്. കാലം ഇത്ര കടന്നുപോയിട്ടും ആ വേര്‍പാടിന്റെ വിഷമം വിട്ടുമാറുന്നില്ല... ''
Content Highlights: mg soman death anniversary, mg soman family, mg soman filmography
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..