ഈപ്പച്ചന്‍ കത്തിക്കയറുമ്പോള്‍, സോമന്‍ വിടവാങ്ങി; ജീവിതത്തിന്റെ അരങ്ങില്‍ നിന്ന്‌


സി.കരുണാകരന്‍

നടന്‍ എം.ജി.സോമന്റെ വിടപറഞ്ഞിട്ട് 25 വര്‍ഷം തികയുന്നു

എംജി സോമൻ

പ്പച്ചന്‍ വിസ്തരിച്ചാണ് തുടങ്ങിയത്. '....ഒറ്റപ്ലാമൂട്ടില്‍ ശോശ, അതായത് ഈ നില്‍ക്കുന്ന കുന്നേല്‍ അവുതക്കുട്ടിയുടെ കെട്ട്യോളുടെ തള്ള. തിരുമേനി ഈ കുപ്പായമിട്ടുപോയെങ്കിലും അവരിപ്പോഴും അവിടുത്തേക്ക് കൂടെപ്പിറന്ന പെങ്ങളുതന്നാ... അല്ല്യോ..?.
എണ്ണപകര്‍ന്നപോലെ ഈപ്പച്ചന്‍ നീറിപ്പിടിച്ചു കത്തി.
''സായിപ്പിനെ കൊന്നിട്ട് എന്റപ്പന്‍ കഴുമരത്തേല്‍ കേറുന്ന കാലത്ത്, ദേ, ഈ നിക്കുന്ന കുടുംബമഹിമക്കാരന്‍ കുന്നേല്‍മാത്തച്ചന്റെ അപ്പനും പെണ്ണുമ്പിള്ളയ്ക്കും ബ്രണ്ണന്‍ സായിപ്പിന്റെ ബംഗ്ളാവിലാ പണി. പണിയെന്നുവച്ചാല് സായിപ്പിനെ കുളിപ്പിക്കണം,.....പിന്നെ......'' ഈപ്പച്ചന്‍ പിന്നയങ്ങോട്ട് ശരിയ്ക്കും ആളിക്കത്തുകയായിരുന്നു. ആളിക്കത്തുന്ന തിരി കെട്ടുപോവാനുള്ളതാണ്. തിരി കെട്ടുപോവുക തന്നെ ചെയ്തു.
ഈപ്പച്ചന്‍ പള്ളിക്കൂടത്തിലൊന്നും പോയിട്ടില്ല. അത് ഈപ്പച്ചന്റെ കുറ്റവുമല്ല. അമ്മയെ കയറിപ്പിടിച്ച റെയിഞ്ചര്‍ സായിപ്പിനെ ഒറ്റവെട്ടിന് രണ്ട് തുണ്ടമാക്കി അപ്പന്‍ ജയലില്‍ പോയതുകൊണ്ട് പറ്റിയതയാണ്. പള്ളിക്കൂടത്തില്‍ പോയില്ലെങ്കിലും ഇംഗ്ലീഷൊക്കെ ഈപ്പച്ചന്‍ വെടിപ്പായിട്ടു പറയും. പറയുമെന്നു മാത്രമല്ല, തെറ്റിച്ചുപറയുന്നവരെ തിരുത്തിക്കാനുള്ള ജ്ഞാനം പോലുമുണ്ട്. മകന്‍ ചാക്കോച്ചിയുടെ തോക്കിനോക്കാള്‍ 'ഇച്ചിരി മേളിലായിരുന്നു അപ്പനായ ഈപ്പച്ചന്റെ നാക്ക്. 'ലേലം' വന്‍ വിജയമാക്കിയതും ഈപ്പച്ചന്റെ ഈ നാക്കു തന്നെ.

ബിഷപ്പിന്റെ മുഖത്തുനോക്കിപ്പോലും 'ഇര്‍റെവറന്റാ'യി സംസാരിക്കുന്ന ഈപ്പച്ചന്‍, ഔട്ട് സ്പോക്കണ്‍ ഡയലോഗ് കൊണ്ട് തീയേറ്ററില്‍ അങ്ങനെ കരഘോഷം തീര്‍ക്കുമ്പോഴാണ്, ഈപ്പച്ചനായി പകര്‍ന്നാടിയ എം.ജി.സോമന്‍ എല്ലാ വേഷങ്ങളുമഴിച്ചുവെച്ച് യാത്രയായത്. 1997 ഡിസംബര്‍ 12 നായിരുന്നു മരണം. സിനിമാജീവിതത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാന്‍ തിരുവല്ലയില്‍, സോമന്റെ നാട്ടുകാര്‍ തയ്യാറെടുക്കുമ്പാഴായിരുന്നു അത്.

ഗായത്രിയില്‍ തുടക്കം

തരുവല്ല തിരുമൂലപുരത്ത് മണ്ണടിപ്പറമ്പില്‍ ഗോവിന്ദപ്പണിക്കരുടേയും ഭവാനിയമ്മയുടേയും മകനായി 1941 ലാണ് എം.ജി.സോമശേഖരന്‍ നായര്‍ ജനിക്കുന്നത്. സ്‌കൂളും പ്രീ യൂണിവേഴ്സിറ്റിയും കഴിഞ്ഞ് എയര്‍ഫോഴ്സില്‍ ചേര്‍ന്നു. അന്നേ നാടകങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ഒമ്പതു വര്‍ഷത്തെ സേവനം കഴിഞ്ഞ് എയര്‍ഫോഴ്സ് വിട്ട് നാട്ടില്‍ തിരിച്ചെത്തുന്നത് 1970 ല്‍. വൈകാതെ നാടകത്തില്‍ സജീവമായി. കായംകുളം ആര്‍ട്സ്, കൊട്ടാരക്കര ജയശ്രീ തുടങ്ങി പല സംഘങ്ങളിലും സഹകരിച്ചു. അക്കാലത്ത് നാടകാഭിനയത്തിലെ മികവിനുള്ള വിക്രമന്‍ നായര്‍ ട്രോഫിയും ലഭിച്ചു. നാടകം തന്നെയാണ് സോമനെ സിനിമയിലെത്തിച്ചത്. മലയാറ്റൂര്‍ എഴുതി പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ഗായത്രിയായിരുന്നു അരങ്ങേറ്റ ചിത്രം. സോമന്റെ നാടകം കണ്ട് മലയാറ്റൂരിന്റെ പത്നി വേണിയാണ് സോമനെ ഗായത്രിയിലേക്ക് നിര്‍ദേശിച്ചത്.

1973 ലാണ് ഗായത്രി പുറത്തിറങ്ങുന്നത്. രാഘവനും ജയഭാരതിയും കൊട്ടാരക്കരയുമൊക്കെയാണ് പ്രധാന വേഷക്കാര്‍. ''തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന തൈമാസ തമിഴ് പെണ്ണേ'', ''പത്മതീര്‍ഥമേ ഉണരൂ'' എന്നീ ഗാനങ്ങളൊക്കെ ഗായത്രിയിലേതാണ്. രാജാമണി എന്നു പേരുള്ള നിഷേധിയായ ഒരു ചെറിപ്പക്കാരന്റെ വേഷമായിരുന്നു സോമന്. തുടര്‍ന്ന് മഴക്കാറ്, ചുക്ക്, ചട്ടക്കാരി, ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, കായംകുളം കൊച്ചുണ്ണിയുടെ മകന്‍, രാസലില, മാധവിക്കുട്ടി, പിക്നിക്, ചട്ടമ്പി കല്യാണി തുടങ്ങി നിരവധി പടങ്ങള്‍. നിഷേധിയായ ചെറുപ്പക്കാരനായി കടന്നുവന്ന സോമന്‍ പിന്നെ, പ്രേമവിവശനായ കാമുകനെയും വീരപരാക്രമിയെയും ചതിയനെയും ക്രൂരനെയുമൊക്കെ മാറിമാറി എടുത്തണിഞ്ഞു.

സോമന്റെ സിനിമാ ജീവിതത്തില്‍ കാര്യങ്ങളെല്ലാം വളരെ വേഗത്തിലായിരുന്നു. സിനിമയിലെത്തിയതിന്റെ രണ്ടാമത്തെ വര്‍ഷം തന്നെ മികച്ച സഹനടനുള്ള അവാര്‍ഡ് (ചുവന്ന സന്ധ്യകള്‍, സ്വപ്നാടനം) ലഭിച്ചു. പല്ലവി, തണല്‍ എന്നീ ചിത്രങ്ങളിലൂടെ അടുത്ത കൊല്ലം മികച്ച നടനുളള അവാര്‍ഡും നേടി. 1977 ല്‍ സോമന്‍ അഭിനയിച്ചത് 47 ചിത്രങ്ങളിലാണ്. ഒരു വര്‍ഷം ഇത്രയും ചിത്രങ്ങളില്‍ അഭിനയിച്ച വേറെയാരും ഉണ്ടാവില്ല. നായകനടനായി ഉയരാനും അധികനാള്‍ സോമന് വേണ്ടിവന്നില്ല. 1980 എത്തുമ്പോള്‍ സോമനും സുകുമാരനും ജയനുമായിരുന്നു മുന്‍നിര നായകന്മാര്‍. തിയേറ്ററിലേക്ക് ചെറുപ്പക്കാരുടെ തള്ളിച്ചയുണ്ടാക്കിയ അവര്‍, നിലത്ത് ഓടിയടിയ്ക്കുകയും ആകാശത്ത് പറന്നടിയ്ക്കുകയും ചെയ്ത് ഹീറോയിസം ആഘോഷിച്ചു. ജയന്റെ അവസാന ചിത്രമായ കോളിളക്കവും മൂവരും ഒരുമിച്ച ചിത്രമായിരുന്നു.

പക്ഷേ, നായകവേഷമൊന്നും സോമന് അന്നും ഭാരമായിരുന്നില്ല. അതിനാല്‍ നായകനായിരിക്കുമ്പോള്‍ തന്നെ, പ്രതിനായകനാവാനും തയ്യാറായി. അതുകൊണ്ട്, അഭിനയ സാധ്യതയുള്ള കുറേ കഥാപാത്രങ്ങളും തേടിയെത്തി. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് ഐ.വി.ശശി- പത്മരാജന്‍ ടീമിന്റെ ഇതാ ഇവിടെ വരെയിലെ വിശ്വനാഥന്‍ എന്ന കഥാപാത്രം. സോമന്റെ ഏറ്റവും മികച്ച വേഷം ഇതായിരുന്നുവെന്ന് പറയുന്നവരാണ് അധികവും. എം.ടിയുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ആദ്യചിത്രമായ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയിലെ വേഷമാണ് മറ്റൊന്ന്. ഉള്ളിലെ അധമബോധം മറച്ചുവെച്ച് പരിഷ്‌കൃതനായി നടിക്കുന്ന കാമുകന്‍. വലിയ വീട്ടിലെ പെണ്ണിനെ ഭര്‍ത്താവില്‍ നിന്നും തട്ടിയെടുക്കുകയും പിന്നെ, ഉപേക്ഷിക്കുകയും ചെയ്യുന്നു അയാള്‍. ഉള്ളിലെ അപകര്‍ഷകതാ ബോധം മൂത്തുമൂത്ത് ചെയ്ത പ്രതികാരമായിരുന്നു അയാളുടെ പ്രണയം. എം.ടിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു അത്.

അഞ്ഞൂറിലേറെ ചിത്രങ്ങള്‍

എണ്ണം നോക്കിയാല്‍ നായകവേഷങ്ങള്‍ സോമന്‍ ഏറെ ചെയ്തിട്ടുണ്ട്. പക്ഷെ, നാലോ അഞ്ചോ കൊല്ലത്തിനുള്ളില്‍ ഇറങ്ങിയതായിരുന്നു അവയെല്ലാം. ശേഷം പുതിയ നായകന്മാര്‍ വന്നു. എന്നിട്ടും എല്ലാ നായകതലമുറയ്ക്കുമൊപ്പം സോമന്‍ ജനപ്രിയ സാന്നിധ്യമായിത്തന്നെ തുടര്‍ന്നുപോന്നു. കാലം മാറിയപ്പോള്‍ കഥാപാത്രങ്ങളുടെ സ്വഭാവം മാറിയെന്നു മാത്രം. പക്ഷെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ മാത്രമെ എന്നും സോമന്‍ അവതരിപ്പിച്ചിട്ടുള്ളൂ. വില്ലനായപ്പോഴും അങ്ങനെത്തന്നെയായിരുന്നു. വെറുതെ തോക്കുമെടുത്ത് ഠിഷ്യൂ ഠിഷ്യൂ വെടിവെച്ചു പോവുന്ന വില്ലനായിട്ടൊന്നും സോമനെ കണ്ടിട്ടില്ല. ദുഷ്ടനാണെങ്കിലും കാമ്പുള്ള കഥാാത്രങ്ങളായിരിക്കും അവ. അതിന് ഏറ്റവും നല്ല തെളിവ് ആര്യനിലെ അറമുഖന്‍ തന്നെ.
ചിരിപ്പിച്ച കഥാപാത്രങ്ങള്‍ അധികമൊന്നുമില്ല സോമന്റെ. എങ്കിലും സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തില്‍ ശ്രീനിവാസന്റെ കല്യാണം പറഞ്ഞുറപ്പിക്കാന്‍ വന്ന അമ്മാവനെ എളുപ്പം മറക്കില്ല. പൂങ്കിനാവ് വാരികയുടെ പത്രാധിപരാണയാള്‍. 'പൂങ്കിനാവ് അമ്മാവന്‍' എന്നാണ് അയാളെ മോഹന്‍ലാല്‍ വിളിക്കുന്നതുതന്നെ. രണ്ടോ മൂന്നോ സീനേ ഉള്ളൂവെങ്കിലും പൂങ്കിനാവ് അമ്മാവന്‍ സിനിമയുടെ കഥാഗതിയാകെ മറിച്ചിട്ടാണ് മടങ്ങിപ്പോയത്. പ്രിയദര്‍ശന്റെ ബോയിങ് ബോയിങ്, പൂച്ചയ്ക്കൊരു മൂക്കുത്തി, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയ ചിത്രങ്ങളിലും മറ്റെല്ലാ നടീനടന്മാരെയും പോലെ സോമനും ചിരിപ്പിച്ചു. മലയാളത്തില്‍ അഞ്ഞൂറിലേറെ ചിത്രങ്ങള്‍ ചെയ്ത സോമന്‍, തമിഴില്‍ നാളെ നമതൈ, അവള്‍ ഒരു തുടര്‍ക്കഥൈ, കുമാരവിജയം എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

കയ്യടി വാരിയ ഡയലോഗുകള്‍

പ്രേക്ഷകര്‍ സോമനെപ്പോലെ സോമന്റെ സംഭാഷണങ്ങളെയും ഇഷ്ടപ്പെട്ടിരുന്നു. നായകനോ പ്രതിനായകനോ പ്രേമിക്കുന്നവനോ പ്രേമം കലക്കുന്നവനോ ആവട്ടെ, സോമന്റെ സംസാരത്തിനും പ്രത്യേക ശൈലിയുണ്ടായിരുന്നു. അളന്ന്, തൂക്കമൊപ്പിച്ച്, പ്രത്യേക താളത്തിലുള്ള ആ ഡയലോഗുകള്‍ കേള്‍ക്കാന്‍ നല്ല ഇമ്പമാണ് പ്രേക്ഷകര്‍ക്ക്. അവസാന ചിത്രമായ ലേലം അതിന്റെ ഒരു ആഘോഷം തന്നെയായിരുന്നു. അതിനു മുമ്പ് ഉശിരന്‍ ഡയലോഗുകള്‍ നായകനാണ് പറയാറ്. നായകന്‍ പറഞ്ഞാലേ ആളുകള്‍ കയ്യടിക്കൂ. പക്ഷെ ആ പതിവ് ലേലം തെറ്റിച്ചു. ഇവിടെ നായകന്റെ അപ്പനാണ് നാക്കുകൊണ്ട് കയ്യടി വാങ്ങിയത്.

''മൂന്നേമൂന്നു ദിവസം കൂടി ഞാന്‍ തരും. അതിനുള്ളില്, കളിപ്പിച്ചെടുത്തതു മുഴുവന്‍ കെട്ടിപ്പെറുക്കി എന്റെ കാല്‍ച്ചുവട്ടീ കൊണ്ടുവന്നു വെച്ചോണം, ഇല്ലെങ്കില്‍,... കുന്നേലും കടയാടീലൊമൊന്നും ആണായിട്ടൊരുത്തനും ബാക്കി കാണുകേല, ഇങ്ങനെ നിരന്നുനില്‍ക്കാന്‍..' എന്ന് വാര്‍ധക്യം വകവെയ്ക്കാതെ ഈപ്പച്ചന്‍ കത്തിക്കയറിയപ്പോള്‍ പ്രേക്ഷകര്‍ തീയേറ്റില്‍ എണീറ്റു നിന്നു കയ്യടിച്ചു. മരണമടുത്തിരുന്ന ആ നടന് പ്രേക്ഷകരര്‍പ്പിച്ച അന്ത്യാഭിവാദ്യം പോലെ.

സോമനും സുകുമാരനും

സോമനും സുകുമാരനും- സമാനതകള്‍ ഏറെയുണ്ട് രണ്ടു പേര്‍ക്കും. ഒരേ വര്‍ഷത്തിലാണ് (1973) ഇരുവരും സിനിമയിലെത്തുന്നത്. ഗായത്രിയിലൂടെ സോമനും നിര്‍മാല്യത്തിലൂടെ സുകുമാരനും. നിഷേധിയായ നായകകഥാപാത്രങ്ങളിലൂടെ രണ്ടുപേരും ഒരേ കാലത്ത് നിറഞ്ഞാടി. ഒരേ കാലത്ത് സൂപ്പര്‍സ്റ്റാറുകളുമായി. പിന്ന സ്വഭാവനടനവിലേക്കും വില്ലനിലേക്കുമുള്ള കൂടുമാറ്റവും ഒരേ കാലത്ത്. ഒടുവില്‍ അവസാന ചിത്രവും മരണവും ഇവര്‍ക്ക് അടുത്തടുത്തായി. സുകുമാരന്‍ 1997 ജൂണിലും സോമന്‍ ഡിസംബറിലും മരണമടഞ്ഞു.


Content Highlights: actor MG Soman Death Anniversary, mg soman filmography, life story,

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented