ഉണ്ണി മുകുന്ദനൊപ്പം വിഷ്ണു മോഹൻ
സംവിധാനം ചെയ്ത ആദ്യചിത്രം തന്നെ തീയേറ്ററുകളില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുക,അതും കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും. ഒരു നവാഗതനെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ തുടക്കമാണ് വിഷ്ണു മോഹനെന്ന യുവസംവിധായകന് ലഭിച്ചിരിക്കുന്നത്. മികച്ച ചിത്രമെന്ന അഭിപ്രായം നേടി മേപ്പടിയാൻ കേരളമൊട്ടാകെ ചര്‍ച്ചയാകുന്ന വേളയിൽ വിഷ്ണു സംസാരിക്കുന്നു, സിനിമയെക്കുറിച്ചും വിവാദങ്ങളെ കുറിച്ചും.
മേപ്പടിയാന് സാധാരണക്കാരന്റെ കഥ
ചിത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. തിരക്കഥ വായിച്ചവരാരും തന്നെ മോശം പറഞ്ഞിരുന്നില്ല അതുകൊണ്ട് തന്നെ ചിത്രം നന്നാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ നമ്മള് പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മേപ്പടിയാന്റെ തിരക്കഥ പൂര്‍ത്തിയായ ശേഷമാണ് ഞാന്‍ ഉണ്ണിയെ കാണുന്നത്. ഫസ്റ്റ് ഹാഫ് വായിച്ചപ്പോള്‍ തന്നെ ഉണ്ണി ഓക്കെ പറഞ്ഞു. സെക്കന്‍ഡ് ഹാഫ് കുളമാക്കാതിരുന്നതാല് മതി എന്നായിരുന്നു ഉണ്ണി പറഞ്ഞത്. അന്നേരം ഉണ്ണിയോട് ഞാന്‍ പറഞ്ഞു സെക്കന്‍ഡ് ഹാഫിലാണ് സിനിമ എന്ന്. ഉണ്ണി ഭയങ്കര ത്രില്‍ഡ് ആയിരുന്നു. 2018 ലാണ് കഥയുമായി ഉണ്ണിയെ കാണുന്നത് അവിടുന്നിങ്ങോട്ട് ഇക്കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചുള്ള യാത്രയായിരുന്നു.
നാലു വര്‍ഷം ഞങ്ങള്‍ എടുത്ത പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.. കൊലപാതകമോ രക്തച്ചൊരിച്ചിലോ ഇല്ലാതെ ഒരു ത്രില്ലര്‍ എടുക്കുക എന്നത് വെല്ലുവിളി ആയിരുന്നു. പക്ഷെ രണ്ടാം പകുതി പ്രേക്ഷകനെ സീറ്റില്‍ പിടിച്ചിരുത്തുന്നത് ആണെന്നാണ് പലരും അഭിപ്രായപ്പെട്ടത്..മാത്രമല്ല ഒരുപാട് സാധാരണക്കാരനായ പ്രേക്ഷകര്‍ക്ക് തങ്ങളുടെ ജീവിതവുമായി ബന്ധം തോന്നിയെന്നും ഇത് ഞങ്ങളുടെ അനുഭവം ആണെന്നും പറഞ്ഞു കരയുന്നത് ഞാന്‍ കണ്ടു..മലയാളികളുടെ ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് മേപ്പടിയാന്. പല തരത്തിലും മേപ്പടിയാന് ഇവിടെ ചര്‍ച്ചയായത് ഏറെ സന്തോഷിപ്പിക്കുന്നു.
ഉണ്ണിക്ക് വേണ്ടി ഒരുക്കിയതല്ല മേപ്പടിയാന്
ഉണ്ണി മുകുന്ദനെ മുന്നില്‍ കണ്ട് എഴുതിയ ചിത്രമല്ല മേപ്പടിയാന്.. പെട്ടെന്നൊരു സാഹചര്യത്തിലാണ് ഉണ്ണിയുടെ അടുത്ത കഥ പറയുന്നത്. ഉണ്ണി ഇത്തരം മാസ്സ് പരിവേഷം ഇല്ലാത്ത ചിത്രം ചെയ്യുമോ എന്ന് എന്നോട് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു പ്രതീക്ഷയും ഇല്ലാതെ ആണ് കഥ പറയാന്‍ പോയത്.. പക്ഷെ എന്നെ ഞെട്ടിച്ചു ഉണ്ണി ഓക്കേ പറഞ്ഞു. ഇത്തരം ഒരു സിനിമക്ക് കാത്തിരുന്ന പോലെ ആണ് ഉണ്ണി സമ്മതം പറയുന്നത്. സത്യത്തില്‍ അതിനു ശേഷമാണ് ഉണ്ണിയെ വച്ചു ഇതെങ്ങനെ ചെയ്യും എന്ന് ഞാന്‍ ചിന്തിക്കുന്നത്. ഉണ്ണി അന്ന് മിഖായേല്‍ ഓക്കെ ചെയ്ത് നല്ല മസിലൊക്കെ ആയി നില്ക്കുന്ന സമയം ആണ്. അതല്ല എന്റെ മനസിലെ ജയകൃഷ്ണന്റെ രൂപം. അതുകൊണ്ട് തന്നെ ഉണ്ണി പിന്മാറുകയാണെങ്കില് ആയിക്കോട്ടെ എന്ന് കരുതി ഞാന്‍ പറഞ്ഞു മസിലൊന്നും പറ്റില്ല ഈ രൂപം മാറ്റണം ജയകൃഷ്ണന് ഒരു സാധാരണക്കാരന് ആണെന്ന്. അന്നേരം ഉണ്ണി എന്നോട് ചോദിച്ചു സാധാരണക്കാര്‍ക്ക് എന്താ മസില് ഉണ്ടായിക്കൂടെ എന്ന്. ഞാന്‍ പറഞ്ഞു മസില് ആകാം പക്ഷെ സിക്സ് പാക്ക് ഉള്ള ആളല്ല എന്റെ കഥാപാത്രം മാത്രമല്ല ഉണ്ണി മുകുന്ദന് എന്ന നടന്റെ ഇമേജ് എന്റെ കഥാപാത്രത്തിന് ഭാരം ആകരുത് എന്ന്.
ഉണ്ണി അതിന് വേണ്ടി കഠിനമായി അധ്വാനിച്ചു. എനിക്ക് ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര് പറയുന്നതും ഉണ്ണി മുകുന്ദനെ ഞങ്ങളിതില്‍ കണ്ടില്ല എന്നതാണ്. ഉണ്ണിയും നല്ല ആത്മവിശ്വാസത്തിലായിരുന്നു. മേപ്പടിയാന് മുമ്പും ശേഷവും എന്ന് എന്റെ കരിയര്‍ മാറുമെന്ന് ഉണ്ണി പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നെ പോലെ ഒരു നവാഗതനെ വിശ്വസിച്ച് തന്റെ കരിയറിലെ കുറേ വര്‍ഷങ്ങള്‍ മാറ്റിവച്ച ആളാണ് ഉണ്ണി. അതുകൊണ്ട് തന്നെ എന്റെ ഉത്തരവാദിത്തവും കൂടുതലായിരുന്നു. ഉണ്ണി നിര്‍മാണവും ഏറ്റെടുത്തതോടെ കൂടുതല്‍ റിസ്കായി. സാമ്പത്തികമായി ഉണ്ണിയെ സുരക്ഷിതനാക്കണം, സിനിമ നന്നാക്കണം. ഇതായിരുന്നു എന്റെ മുന്നിലെ വെല്ലുവിളികള്‍. എനിക്ക് വേണ്ടത് എന്താണോ അത് ചെയ്യാനുള്ള സ്വാതന്ത്രൃം ഉണ്ണി തന്നിരുന്നു. വളരെ വ്യക്തതയോടെ മുന്നോട്ട് പോയത് കൊണ്ട് തന്നെ 47 ദിവസം ചാര്‍ട്ട് ചെയ്തിരുന്ന ചിത്രം വെറും 39 ദിവസം കൊണ്ട് തീര്‍ക്കാന്‍ നമുക്കായി. അതിന്റെ റിസള്‍ട്ട് ചിത്രത്തിന് ലഭിച്ചു എന്ന് തന്നെയാണ് വിശ്വാസം. ഇത് നിങ്ങളുടെ ആദ്യത്തെ സിനിമയാണെന്ന് പറയില്ലെന്ന് പലരും പറഞ്ഞതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.
ശബരിമലയും സേവാഭാരതിയും അനാവശ്യ വിവാദങ്ങളും
യാതൊരു വിധ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ചിത്രമല്ല മേപ്പടിയാന്. മതമോ ജാതിയോ ചര്‍ച്ചയാകുന്നില്ല. അത് സിനിമ കണ്ടവര്‍ക്ക് അറിയാം. ചിത്രം ഇറങ്ങികഴിഞ്ഞപ്പോള്‍ എല്ലാ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. വളരെ ചെറിയൊരു വിഭാഗമാണ് നമ്മള് ചിന്തിച്ചിട്ട് പോലുമില്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ നിന്ന് കണ്ടെത്തി വിവാദമാക്കിയത്. അവരെല്ലാം സിനിമ കാണാത്തവരാണ്. ഇതിനകത്തെ നായകന് ഹിന്ദുവും വില്ലന്‍ മുസ്ലിമുമാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇന്ദ്രന്‍സ് ചേട്ടന്റെ കഥാപാത്രമാണ് ഇവര്‍ പറയുന്ന ഈ വില്ലന്‍. പക്ഷേ സത്യത്തില്‍ ഈ സിനിമയ്ക്കകത്ത് സാഹചര്യങ്ങളാണ് വില്ലന്‍. ഇന്ദ്രന്‍സ് ചേട്ടന്റെ കഥാപാത്രം വില്ലനല്ല, കുശാഗ്രബുദ്ധിക്കാരനായ ഒരു ബിസിനസുകാരനാണ്. ചിത്രത്തില്‍ ഇന്ദ്രന്‍സ് ചേട്ടന്റെ കഥാപാത്രത്തേക്കാളേറെ ജയകൃഷ്ണനെ ദ്രോഹിക്കുന്നത് ഷാജോണ്‍ ചേട്ടന്റെ കഥാപാത്രമാണ്, അതിനെക്കുറിച്ച് ആരും പറയുന്നില്ല.
രണ്ടാമത്തെ ആരോപണം ശബരിമല റഫറന്‍സ് ആണ്. ഈ സിനിമയിലെ ഏറ്റവും വലിയ ട്വിസ്റ്റ് ശബരിമലയുമായി ബന്ധപ്പെട്ടതാണ്, ശബരി റെയിലാണ് ചിത്രത്തിലെ പ്രധാന വിഷയം. ശബരി റെയിലിനെക്കുറിച്ച് പറയുമ്പോള്‍ ശബരിമലയെക്കുറിച്ച് പറയാതിരിക്കുന്നത് എങ്ങനെയാണ്. ശബരിമല വണ്ടികള്‍ കാണിച്ചെന്നാണ് മറ്റൊരു പ്രശ്നം. സിനിമ നടക്കുന്നത് കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലാണ്, എരുമേലി-ശബരിമല റൂട്ട് ആണിത്. സിനിമ നടക്കുന്നത് വൃശ്ചികമാസത്തിലും. ഓരോ മിനിട്ട് ഇടവിട്ട് ശബരിമല വണ്ടികള്‍ പോകുന്ന സ്ഥലവും സമയവുമാണ്. അത് വ്യക്തമാക്കാന്‍ തന്നെയാണ് അത്തരം റഫറന്‍സുകള്‍ കൊണ്ടുവന്നിട്ടുള്ളത്. എല്ലാത്തിനും ലോജിക്കലായ ഉത്തരങ്ങളുണ്ട്. എന്ത് കാര്യത്തിനാണ് ഇത്തരം അനാവശ്യ വിവാദങ്ങള്‍.
സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതാണ് മറ്റൊരു പ്രശ്നം. പത്ത് പതിമൂന്ന് ദിവസം സൗജന്യമായി എനിക്ക് ആംബുലന്‍സ് വിട്ടു തന്നത് അവരാണ്. കോവിഡ് സമയമായത് കൊണ്ട് ആംബുലന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു, ഉള്ളതിനാണെങ്കില്‍ ദിവസ വാടക പന്ത്രണ്ടായിരവും അതിലും കൂടുതലും. അവിടെയാണ് സൗജന്യമായി സേവാഭാരതി ആംബുലന്‍സ് വിട്ടു തരുന്നത്. നമ്മളെ സംബന്ധിച്ച് പൈസ കുറയ്ക്കാനുള്ള വഴി ഉണ്ടെങ്കില്‍ അതല്ലേ തിരഞ്ഞെടുക്കൂ. ടൗണിലേക്ക് ഇറങ്ങി നിന്ന് കഴിഞ്ഞാല്‍ പത്ത് മിനിറ്റിനുള്ളില്‍ രണ്ട് സേവാഭാരതി ആംബുലന്‍സ് എങ്കിലും നമുക്ക് കാണാന്‍ സാധിക്കും. ഏകദേശം അഞ്ഞൂറിലേറെ ആംബുലന്‍സ് അവര്‍ക്ക് കേരളത്തിലുണ്ട്. ഇവിടെ എല്ലാ കാര്യത്തിലും വളരെ കാര്യമായി ഇടപെടുന്ന സന്നദ്ധ സംഘനടയാണ് അവര്‍. അതുകൊണ്ട് തന്നെ അവരെ മാറ്റി നിര്‍ത്തേണ്ട ആവശ്യം എന്താണ്. ഇതിന് മുമ്പ് വൈറസ് എന്ന ചിത്രത്തിലും സേവാഭാരതിയെ പരാമര്‍ശിച്ചത് വിഷയമായിട്ടുണ്ട്. വ്യക്തമായ രാഷ്ട്രീയം തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് സംവിധായകന് ആഷിഖ് അബു. അദ്ദേഹത്തിന് പോലും അത് ഒഴിച്ച് നിര്‍ത്താനായില്ല. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഫെയ്ക്ക് ഐഡികളാണ് ആദ്യം ഈ വിവാദങ്ങള്‍ തുടങ്ങി വച്ചത്.
കൂടാതെ സോഷ്യല്‍ മീഡിയയില്‍ മാനസിക രോഗികളെ പോലെ പെരുമാറുന്ന ചില യൂട്യൂബേഴ്സും. വളരെ ചുരുക്കം വിഭാഗമാണിത്. അവര്‍ മാത്രമാണ് സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്തായാലും ചര്‍ച്ചകള്‍ നടക്കട്ടെ, നല്ലതല്ലേ..നമ്മളെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ സിനിമ കാണണം. കൊറോണയ്ക്ക് ശേഷം റൂറല്‍ ഏരിയയില്‍ ഇത്രയധികം കുടുംബ പ്രേക്ഷകരെത്തിയ ചിത്രം മേപ്പടിയാന് ആണെന്നാണ് പല തീയേറ്റര്‍ ഉടമകളും വിളിച്ച് പറഞ്ഞത്. കൊറോണ ഇത്രയും രൂക്ഷമായ സാഹചര്യത്തിലും സിനിമയ്ക്ക് ആളു വരുന്നുണ്ട് അതല്ലേ വലിയ കാര്യം. നമ്മളെ സംബന്ധിച്ചിടത്തോളം അതാണ് വലിയ വിജയം.
സ്റ്റാര്‍ വാല്യൂ നോക്കാതെ താരനിര്‍ണയം
സ്റ്റാര്‍ വാല്യൂ നോക്കിയല്ല മേപ്പടിയാനിലെ താരനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഉണ്ണിയേക്കാള്‍ മുമ്പ് ഞാന്‍ കാസ്റ്റ് ചെയ്ത താരങ്ങളാണ് കുണ്ടറ ജോണി ചേട്ടനും നിഷാ സാരംഗും. കുണ്ടറ ജോണിച്ചേട്ടനെ കാസ്റ്റ് ചെയ്യാനുള്ള പ്രധാന കാരണം, ആ കഥാപാത്രം എല്ലാവര്ക്കും പരിചിതനായ എന്നാല്‍ അടുത്തിടെ അങ്ങനെ ഏറെ കാണാത്ത വ്യക്തിയുമാവണമായിരുന്നു. മികച്ച നടനാണ് കുണ്ടറ ജോണിച്ചേട്ടന്. വില്ലന്‍ വേഷങ്ങള്‍ക്കിടയില്‍ നല്ല ക്യാരക്ടര്‍ റോളുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്ന് തോന്നുന്നു. അദ്ദേഹം മികച്ചൊരു കഥാപാത്രവുമായി തിരിച്ചെത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. നിഷാ സാരംഗിനെ നാല് വര്‍ഷം മുമ്പാണ് കാസ്റ്റ് ചെയ്യുന്നത്. അന്ന് അവര്‍ അത്രയും പ്രശസ്തയല്ല, പക്ഷേ ആ കഥാപാത്രത്തിന് അവരായിരുന്നു ഏറ്റവും മികച്ചത്. അതുപോലെ ജഡ്ജ് ആയി എത്തിയ മാതൃഭൂമി ന്യൂസിലെ മാധ്യമപ്രവര്‍ത്തക ശ്രീജ ശ്യാം. ആളുകള്‍ തിരിച്ചറിയുന്ന സിനിമാ നടിയല്ലാത്ത ഒരു വനിത വേണം എന്ന തീരുമാനത്തിന് പുറത്താണ് ശ്രീജയിലേക്ക് എത്തുന്നത്. അങ്ങനെ ഓരോ താരങ്ങളെ തിരഞ്ഞെടുത്തതിന് പിന്നിലും ഓരോ കാരണങ്ങളുണ്ട്.
എസ്.എന്‍ സ്വാമിയും എഴുത്തിലേക്കുള്ള വഴിത്തിരിവും

എനിക്ക് പത്തൊമ്പത് ഇരുപത് വയസുള്ളപ്പോള്‍ എറണാകുളത്ത് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവിടെയുള്ള പ്രശസ്തമായ ഒരു ഹോട്ടലില്‍ ജോലിയും ചെയ്തിരുന്നു. എറണാകുളത്തെ പഴയ ഹോട്ടലാണ്, സിനിമാക്കാരുടെ സ്ഥിരം സങ്കേതം ആയിരുന്നു അത്. പലര്‍ക്കും അവിടെ പ്രത്യേക റൂമുകളുണ്ട്. അവിടെ ജോലി ചെയ്യുന്ന സമയത്താണ് ഞാന്‍ സിനിമാക്കാരെ കാണുന്നത്. അന്നാണ് ഞാന്‍ എസ്.എന്‍ സ്വാമിയെ കാണുന്നത്. ഒരു സാധാരണക്കാരന്. അന്വേഷിച്ച് അറിഞ്ഞപ്പോഴാണ് മലയാളത്തിലെ മികച്ച കഥാപാത്രങ്ങളുടെ സൃഷ്ടാവാണ് അതെന്ന് തിരിച്ചറിയുന്നത്. അങ്ങനെയാണ് ഒരു എഴുത്തുകാരന് ആവണമെന്ന ആഗ്രഹം എന്നിലുണ്ടാവുന്നത്. എഴുത്തും കാര്യങ്ങളുമൊക്കെ അതിന്റെ വഴിക്ക് നടന്നിരുന്നു. പിന്നീട് ഞാന്‍ ബിസിനസിലേക്കെത്തി, പൂര്‍ണമായും സിനിമയില്‍ ഇറങ്ങാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് ഇടക്കിടെ പരിശ്രമങ്ങള്‍ തുടര്‍ന്നു. അങ്ങനെയാണ് അഞ്ചാറ് വര്‍ഷം മുമ്പ് ഒരു സിനിമ സ്വന്തമായി സംവിധാനം ചെയ്യാമെന്ന തീരുമാനത്തില്‍ ഞാനെത്തുന്നത്. ആരെയും അസിസ്റ്റ് ചെയ്യാന്‍ പോയില്ല, ചെറിയ ചെറിയ പരസ്യങ്ങളൊക്കെ സംവിധാനം ചെയ്തു. പിന്നീട് മോഹന്‍ലാല്‍ സര് എഴുതിയ അമര്‍ ജവാന് അമര്‍ ഭാരത് എന്ന ബ്ലോഗ് വിഷ്വലൈസ് ചെയ്തു. അതിന് നല്ല പ്രതികരണം ലഭിച്ചു. അതാണ് സംവിധാനത്തിലേക്കും എഴുത്തിലേക്കും എത്താന്‍ ആത്മവിശ്വാസം നല്‍കിയത്. പപ്പ എന്ന ചിത്രമാണ് അടുത്തത് ചെയ്യുന്നത്. അതും ഉണ്ണിയെ വച്ച് തന്നെയാണ് ഒരുക്കുന്നത്. ഒരു പൊളിറ്റിക്കല്‍ സിനിമയാണ്. അതിന്റെ എഴുത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍.
Content Highlights: Meppadiyan Movie Director Vishnu Mohan Interview, Meppadiyan Controversy,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..