നാലു ദശകങ്ങളിലേറേ കാലത്തിന്റെ കരിയിലകള്‍ മൂടിക്കിടന്ന ഒരു കാവ്യസമാഹാരം ഇംഗ്ലീഷ് പരിഭാഷയിലൂടെ വീണ്ടും കണ്ടെടുക്കപ്പെട്ടിരിക്കുന്നു. അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. പഠനങ്ങള്‍ വരുന്നു. കാലാതിവര്‍ത്തിയായ കൃതികളിലൊന്നായി അത് കൊണ്ടാടപ്പെടുന്നു. പ്രൊഫസര്‍ നൂറുല്‍ ഹസന്‍ പുനര്‍ജ്ജന്മം നല്‍കിയ ഈ ഉറുദു കവിതകളുടെ കര്‍ത്താവ് പ്രശസ്ത സിനിമാതാരമായിരുന്ന മീനാകുമാരിയാണ്. നൂറുല്‍ ഹസന്റെ പരിഭാഷ പുറത്തുവന്ന സമയത്തുതന്നെ അവരുടെ ജീവചരിത്രത്തിന്റെ പുതിയ പതിപ്പും പുറത്തിറങ്ങുകയുണ്ടായി. ഡബൊണയറിന്റേയും ഔട്ട്ലുക്കിന്റേയുമൊക്കെ പത്രാധിപരായിരുന്ന വിനോദ മേത്ത നാല്‍പ്പത്തിനാലു വര്‍ഷങ്ങള്‍ക്കുമുമ്പ് രചിച്ച ജീവചരിത്രം പുതിയ സാഹചര്യത്തില്‍ വിപണിയിലെ ചൂടുറ്റ ഉത്പന്നമായി.

ദുരന്തനായികയുടെ പര്യായമായി അറിയപ്പെടുന്ന മീനാകുമാരി ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടികളില്‍ ഒരാളും ഹിന്ദിസിനിമയുടെ സുവര്‍ണകാലത്തെ താരറാണിയുമാണ്. അവരുടെ സാഹിബ് ബീബി ഔര്‍ ഗുലാം, പകീസ എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയിലെ ക്ലാസ്സിക്കുകളില്‍പ്പെടുന്നു.

ശാലീനമായ സൗന്ദര്യം, അതുല്യമായ അഭിനയം, അവസാനിക്കാത്ത അസന്തുഷ്ടി  ഇവ മൂന്നിന്റെയും അപൂര്‍വ മിശ്രിതമായിരുന്നു അവരുടെ പെഴ്സസോണ്‍. ഇന്ത്യന്‍ സ്ത്രീത്വം അനുഭവിക്കുന്ന ദുരിതങ്ങളെ അനുപമമായ വൈഭവത്തോടെ അവര്‍ ആവിഷ്‌ക്കരിച്ചു. അവരുടെ തെളിഞ്ഞ, തിളക്കമാര്‍ന്ന കണ്ണുകള്‍ പ്രതിഫലിപ്പിക്കുന്ന ആത്മനൊമ്പരവും വിറയാര്‍ന്ന അധരങ്ങളില്‍നിന്ന് പതറിയ ശബ്ദത്തില്‍ പുറത്തുവരുന്ന വാക്കുകളിലെ വികാരവും അവരെ ഇന്ത്യന്‍ സിനിമയിലെ ദുരന്തനായികയുടെ വാര്‍പ്പുമാതൃകയാക്കി.

meena kumari

അവരഭിനയിക്കുന്ന ചിത്രങ്ങളില്‍ അവരായിരുന്നു കേന്ദ്രബിന്ദു. ഓരോ ഫ്രെയിമിലും നിറഞ്ഞൊഴുകുന്ന അവരുടെ പ്രകടനത്തിനും പ്രതിഭയ്ക്കക്കും മുമ്പില്‍ കുടെ അഭിനയിക്കുന്നവര്‍ പതറി. ദിലീപ് കുമാര്‍ മാത്രമാണ് അവരുടെ മുമ്പില്‍ പിടിച്ചുനിന്നത്. കോഹിനൂര്‍ പോലുള്ള കോമഡി ചിത്രങ്ങളിലും അവര്‍ ദിലീപിന്റെ പ്രകടനത്തെ വരുതിയില്‍ നിര്‍ത്തി. പില്‍ക്കാലത്ത് താരരാജാക്കളായി വളര്‍ന്ന സുനില്‍ദത്തും രാജേന്ദ്രകുമാറും ധര്‍മ്മേന്ദ്രയും തങ്ങളുടെ താരപദവിക്ക് കടപ്പെട്ടിരിക്കുന്നത് മീനാകുമാരിയോടാണ്. അവരൊടൊപ്പം യഥാക്രമം അഭിനയിച്ച ഏക് ഹി രാസ്താ (1956), ചിരാഗ് കഹാം രോഷ്നി കഹാം (1959), ഫുല്‍ ഔര്‍ പത്ഥര്‍ (1966) എന്നീ ജൂബിലി ചിത്രങ്ങളിലൂടെയാണ്. അതുവരെ അപ്രധാന വേഷങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന മൂന്നുപേരും താരങ്ങളാവുന്നത്.

ഹിറ്റുകളുടെ നീണ്ടനിര വര്‍ഷംതോറും അവരുടേതായി പുറത്തിറങ്ങി. ബൈജു ബാവര, ചാന്ദ്നി ചൗക്, പരിണീത, ബഹു ബേഗം, ഭീഗി രാത്, ചിത്രലേഖ, ആസാദ്, ആര്‍തി, കാജല്‍, ബേനസീര്‍, മൈം ചുപ്ത രഹേംഗി, ദില്‍ അപ്നാ ഔര്‍ പ്രീത് പരായി, പ്യാര്‍ കാ സാഗര്‍, ബഹാറോം കി മന്‍സില്‍, ദില്‍ ഏക് മന്ദിര്‍, ഭാഭി കി ചൂഡി യാം, കിനാരെ കിനാരെ, മിസ് മേരി, ശരാരത് അഭിലാഷ്, ദുള്‍മന്‍, എല്ലാം ജൂബിലിഹിറ്റുകള്‍.... പലതും നിര്‍മ്മാതാക്കളുടെ അമിതമായ പ്രതീക്ഷകളേയും അതിലംഘിച്ച വിജയങ്ങള്‍.

അവരുടെ അസാധാരണമായ ജനപ്രി യതയുടെ മറ്റൊരു കാരണം അവരുടെ സ്വകാര്യ ജീവിതമായിരുന്നു. അത് അവരുടെ സിനിമകളേക്കാള്‍ സംഘര്‍ഷഭരിതവും ദുരന്തപൂര്‍ണവുമായിരുന്നു.

meena kumari

പിതാവും ഭര്‍ത്താവും ബന്ധുക്കളും സഹപ്രവര്‍ത്തകരും ഒരേപോലെ അവരെ ചൂഷണംചെയ്തു. സമ്പാദിക്കുന്നതെല്ലാം മറ്റുള്ളവര്‍ കൈയടക്കി. അതിലവര്‍ക്ക് പരാതിയുണ്ടായിരുന്നില്ല. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയന്ത്രണങ്ങളെ വകവെച്ചില്ല. അതിന് കനത്ത വില നല്‍കേണ്ടിവന്നു. രണ്ടു ദശകങ്ങളായി ഹിന്ദി സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി പ്രശസ്തിയുടെ ഉച്ചകോടിയില്‍നില്‍ക്കേ മരിച്ചപ്പോള്‍ ആശുപത്രി ബില്ലടയ്ക്കാന്‍ ആളില്ലാതെ പോയത് അവരെ ചൂഴ്ന്നുനിന്ന ദുരന്തത്തിന്റെ വ്യാപ്തി നമ്മെ ബോധ്യപ്പെടുത്തും.

ആറു വയസ്സു മുതല്‍ കുടുംബത്തിന്റെ ബ്രെഡ് വിന്നര്‍ ആയിരുന്നതുകൊണ്ട് കൂട്ടുകാരുമൊത്ത് കളിക്കാനോ സ്‌കൂളില്‍ പോകാനോ കഴിഞ്ഞില്ല. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് സ്വന്തമായി പഠിച്ചു. വായനയിലും ഭാഷകളിലും വലിയ താത്പര്യമായിരുന്നു. അത് കവിതയിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തു. പതിനാറ് തികയുംമുമ്പേ കുടുംബത്തെ ദാദറിലെ പഴകിയ കെട്ടിടത്തിലെ ഒറ്റമുറി ഫ്‌ലാറ്റില്‍നിന്ന് ബോംബെയിലെ സമ്പന്നരുടെ ആവാസകേന്ദ്രമായ ബാന്ദ്രയില്‍ ആധുനിക സൗകര്യങ്ങളുള്ള വില്ലയിലേക്ക് മാറ്റിത്താമസിപ്പിച്ചു. കുറഞ്ഞ സമയത്തിനകം ഇഷ്ടപുരുഷനെ വിവാഹം കഴിച്ച കുറ്റത്തിന് ആ വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ടു.

ഇഷ്ടപുരുഷന്‍ കമാല്‍ അംറോഹിയായിരുന്നു. പ്രശസ്തനായ എഴുത്തുകാരനും ചലച്ചിത്രകാരനും. തന്നേക്കാള്‍ ഇരട്ടിയോളം പ്രായമുണ്ടായിരുന്നെങ്കിലും അയാളുടെ പ്രതിഭയും കവിതയിലുള്ള വ്യുത്പ്പത്തിയും ആഭിജാതമായ പെരുമാറ്റവുമാണ് അവരെ ആകര്‍ഷിച്ചത്. ഒന്നിച്ച് താമസമായതോടെ അത് മിഥ്യയാണെന്ന് തെളിഞ്ഞു. വരുന്നതിനും പോകുന്നതിനും മറ്റുള്ളവരെ കാണുന്നതിനും സിനിമകള്‍ സ്വീകരിക്കുന്നതിനുമെല്ലാം നിയന്ത്രണംവന്നു. ദേഹോപദ്രവവും ഏല്‍ക്കേണ്ടിവന്നു. മേക്കപ്പ് റൂമില്‍വരെ ചാരന്മാരെ നിയോഗിച്ചപ്പോള്‍ അവര്‍ ബന്ധം വിച്ഛേദിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. രണ്ടുപേരുടേയും മാനസ സന്താനമായ പകീസ നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടം പിന്നിട്ടിരുന്നു. അകല്‍ച്ച വ്യക്തിതലത്തില്‍ മാത്രമാണെന്നും പടം പൂര്‍ത്തിയാക്കാന്‍ എല്ലാ നിലയിലും സഹകരി ക്കുമെന്നും അവര്‍ അംറോഹിയെ അറിയിച്ചു. അതുള്‍ക്കൊള്ളാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല അംറോഹിയപ്പോള്‍,

അക്കാലത്താണവര്‍ ധര്‍മ്മേന്ദ്രയുമായി അടുക്കുന്നത്. അന്നയാള്‍ പുതുമുഖമായിരുന്നു. അഭിനയിക്കാന്‍ അവസരം തേടി സ്റ്റുഡിയോ ഫ്‌ലോറുകളില്‍ അലയുന്ന സമയം. അരക്ഷിതത്വം അലട്ടിയിരുന്ന അവരെ അയാളുടെ പഞ്ചാബിത്തവും പ്രകൃതവും ആകര്‍ഷിച്ചു. അയാളെ പിന്തുണച്ചു. തന്റെ ചിത്രങ്ങളില്‍ നായകനാക്കി. അയാളുമായുള്ള അടുപ്പം അവര്‍ മൂടിവെച്ചില്ല. അയാള്‍ വിവാഹിതനും പിതാവുമാണെന്നതും കാര്യമാക്കിയില്ല. അവരൊന്നിച്ചഭിനയിച്ച ഫുല്‍ ഔര്‍ പത്ഥര്‍ എന്നചിത്രം വന്‍വിജയമായതോടെ ധര്‍മ്മേന്ദ്ര താരമായി. അതായിരുന്നു അയാളുടെ ലക്ഷ്യം. അത് കൈവരിച്ചതോടെ അവരില്‍നിന്നകന്നു. 'അവരെ നിര്‍ബാധം ഉപയോഗിക്കുകയും നിഷ്‌ക്കരുണം വലിച്ചെറിയുകയുംചെയ്ത മനുഷ്യന്‍' എന്നാണ് മെഹ്ത്ത ധര്‍മ്മേന്ദ്രയെ വിശേഷിപ്പിക്കുന്നത്.

meena kumari

ഉറക്കംകിട്ടാതെ വലഞ്ഞ സമയത്ത് പ്രതിവിധിയായി ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായിരുന്നു കിടക്കുന്നതിനുമുമ്പ് അല്‍പ്പം വിസ്‌ക്കി കഴിക്കാന്‍. കുടുംബജീവിതത്തിലെ പ്രക്ഷുബ്ധതകള്‍ പെരുകുന്നതിനനുസരിച്ച് കഴിക്കുന്ന മദ്യത്തിന്റെ അളവും കുടി. അതവരെ മദ്യത്തിനടിമയാക്കി. കരിയര്‍ ഗ്രാഫ് അപ്പോഴും മേലോട്ടു തന്നെയാണ് നീങ്ങിയത്. ഒരു ദിവസം ചോര ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ അഡ്മിറ്റായി. ലിവര്‍ സിറോസിസ്സ് മാരകാവസ്ഥയിലെത്തിയിരുന്നു. ഇംഗ്ലണ്ടില്‍ പോയി ചികിത്സിച്ചു. മാരാകവസ്ഥ മറികടന്നെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നില്ല. വിശ്രമവും ദിനചര്യകളിലെ നിയന്ത്രണവുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. കടംകൊണ്ട സമയവുമായി അവര്‍ നാട്ടില്‍ തിരിച്ചെത്തി. മുടങ്ങിക്കിടന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. കുറഞ്ഞ ഷൂട്ടിംഗ് മാത്രമേ അവയ്ക്കാവശ്യമുണ്ടായിരുന്നുള്ളൂ.

മുടങ്ങിക്കിടക്കുന്ന പക്കീസ പൂര്‍ത്തിയാക്കണമെന്ന് അവര്‍ അതിയായി ആഗ്രഹിച്ചു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള മനുഷ്യാത്മാവിന്റെ അദമ്യമായ ദാഹത്തിന്റെ കഥ പറയുന്ന പക്കീസ സ്വന്തം ആത്മകഥയായാണ് അവര്‍ കണ്ടത്. അത് പൂര്‍ത്തിയാക്കാനാണ് മരണം സമയമനുവദിച്ചത് എന്ന് അകം അവരോട് പറഞ്ഞുകൊണ്ടിരുന്നു. സുനില്‍ദത്തും നര്‍ഗീസും വഴി ആഗ്രഹം അവര്‍ അംറോഹിയെ അറിയിച്ചു. അത് പൂര്‍ത്തിയാക്കേണ്ടത് അയാളുടേയും ആവശ്യമായിരുന്നു. പക്ഷേ, എങ്ങനെ? പ്രശ്നങ്ങള്‍ നിരവധിയായിരുന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നതുകൊണ്ട് അഴിച്ചുപണി ആവശ്യമാണ്. ദീര്‍ഘമായ ചിത്രീകരണവും ബക്കിയുണ്ട്. കൂടാതെ അവരുടെ ആകാരവും വല്ലാതെ മാറിപ്പോയി. ശാരീരികാവസ്ഥയും അനുകൂലമല്ല.

എങ്കിലും രണ്ടുപേരും അതുമായി മുമ്പോട്ടുനീങ്ങി. കൈയിലുള്ളതെല്ലാം മീനാജി പകീസക്കായി നീക്കിവെച്ചു. കടുത്ത വേദനയും വയ്യായ്കയും മറച്ചുപിടിച്ച് അവര്‍ ക്യാമറയ്ക്കുമുമ്പില്‍ സാഹബ്ജാനായി പുനര്‍ജനിച്ചു. 1972 ജനവരി ആദ്യത്തില്‍ ചിത്രീകരണം പൂര്‍ത്തിയായി. ഫിബ്രവരി മൂന്നിന് റിലീസ് ചെയ്തു. പകീസ പുറത്തിറക്കുക എന്ന തകര്‍ക്കാനാകാത്ത ഇച്ഛയ്ക്കുമുമ്പില്‍ രോഗങ്ങള്‍ പതറി നില്‍ക്കുകയായിരുന്നു. പടമിറങ്ങിയതോടെ ഇച്ഛ ഫണംതാഴ്ത്തി. രോഗങ്ങള്‍ പിടിമുറുക്കി. അവസ്ഥ മൂര്‍ച്ഛിച്ചു. മാര്‍ച്ച് 31ന് മുപ്പത്തൊമ്പതാമത്തെ വയസ്സില്‍, അവര്‍ മരണത്തിനുകീഴടങ്ങി.

pakeezah

അവരുടെ ആത്മാവിന്റെ തേങ്ങലുകള്‍ അവരുടെ ഈരടികളില്‍ നമുക്ക് കേള്‍ക്കാം:

ഏകാന്തതയുടെ അനന്തമായ മരുക്കാട്ടില്‍
കെട്ടുപിണഞ്ഞ ശിരോരേഖയില്‍ കുടുങ്ങി 
ശുഭ്രവസ്ത്രത്തില്‍ സ്വന്തം മുറിവുകള്‍ പൊതിഞ്ഞ്
വീണ്ടും അതേ ഞാന്‍, അതേ ചത്വരം, അതേ പേരറിയാശാന്തി
ഉണര്‍ന്നിരിക്കും കണ്ണില്‍ തറച്ച സ്വപ്നത്തിന്റെ സ്ഫടികച്ചീളുപോലെ
ഉന്മാദരാവുകള്‍ കടന്നുപോകുന്നു
അവള്‍ ജീവനൊടുക്കി തകര്‍ന്ന തംബുരുപോലെ 
ഇടറിയ ഗാനം പോലെ നുറുങ്ങിയ ഹൃദയം പോലെ
എന്നാല്‍ ദുഃഖമേതുമില്ലാതെ.​