നൈനികയായിരുന്നു സെറ്റിലെ താരം. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ ക്യാമറക്കണ്ണിലൂടെ പുതിയകാഴ്ചകള്‍കണ്ടും, സംവിധായകന്റെ കസേര കൈയേറിയും കാരവാനില്‍ കഥ കേട്ടുണര്‍ന്നിരുന്നും കുഞ്ഞുതാരം ഇത്തവണ അവധിക്കാലം ലൊക്കേഷനില്‍ ആസ്വദിച്ചാഘോഷിച്ചു. നൈനികയ്ക്കു കൂട്ടായി അമ്മ മീന സെറ്റിലെല്ലായിടത്തും ഒപ്പം ഓടിനടന്നു. സമപ്രായക്കാരായ കുട്ടികളുടെ കൂട്ടത്തിലേക്കാണ് മീന ഇത്തവണ മകളെ കൊണ്ടുവന്നത്.

സംവിധായകന്‍ സിദ്ധിക്കിന്റെ ഭാസ്‌ക്കര്‍ ദ റാസ്‌കല്‍ തമിഴിലേക്ക് മൊഴിമാറ്റി ചിത്രീകരിക്കുകയാണ്. മലയാളത്തില്‍ നയന്‍താര ചെയ്ത വേഷം തമിഴില്‍ അമലപോളാണ് അവതരിപ്പിക്കുന്നത്. അമലപോളിന്റെ മകളായാണ് ബേബി നൈനിക അഭിനയിക്കുന്നത്.

നടി മീനയുടെ മകള്‍ എന്ന വിശേഷണത്തിനപ്പുറം നൈനിക തമിഴകത്ത് ഇന്ന് അറിയപ്പെടുന്ന ബാലതാരമാണ്. വിജയിന്റെ മകളായെത്തിയ ആദ്യചിത്രം 'തെരി'യിലൂടെ തന്നെ അവള്‍ കൈയടിനേടി. ഇളയ ദളപതിക്കൊപ്പമുള്ള സിനിമയിലെ കുസൃതിരംഗങ്ങളെല്ലാം പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തുവെച്ചവയാണ്.

സ്‌കൂളിലെ ചങ്ങാതിക്കൂട്ടത്തിനൊപ്പമുള്ള അടിപിടിരംഗമാണ് സിനിമയ്ക്കായി സിദ്ധിക്ക് ആദ്യം ചിത്രീകരിച്ചത്. ആദ്യസിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ ആശങ്കകളൊന്നും മകളെക്കുറിച്ച് ഇന്നില്ലെന്ന് മീന പറഞ്ഞു. സംവിധായകന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി അവള്‍ അനുസരിക്കുന്നുണ്ട്. ഒഴിവുസമയങ്ങളിലെല്ലാം സെറ്റിലുള്ളവരുമായി കളിപറഞ്ഞുനടക്കുന്നതാണ് രീതി. ഇത്തവണത്തെ അവധിക്കാലം നൈനിക ശരിക്കും ആഘോഷിക്കുകയാണ്. മീന മകളുടെ അഭിനയവിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി.

ഇളയദളപതിയുടെ മകളായി അരങ്ങേറ്റം

baby nainika

നെനിക ക്യാമറയ്ക്കുമുന്നിലേക്കെത്തുന്നത് വളരെ യാദൃച്ഛികമായാണ്. മകളെ ബാലതാരമാക്കി മാറ്റണമെന്ന ചിന്ത വീട്ടിലാര്‍ക്കുംതന്നെ ഇല്ലായിരുന്നു. നാലാം വയസ്സിലാണ് സിനിമയിലേക്കുള്ള ക്ഷണം നൈനികയെത്തേടിയെത്തുന്നത്.

വിജയ്ക്കൊപ്പമുള്ള ആദ്യസിനിമ തമിഴകത്ത് തരംഗമായതോടെ നൈനികയ്ക്ക് ധാരാളം അവസരങ്ങളെത്തി. കുട്ടിക്കാലം ലൊക്കേഷനില്‍ തളച്ചിട്ട് വിദ്യാഭ്യാസവും, കൂട്ടുകാര്‍ക്കൊപ്പമുള്ള നല്ലനാളുകളും നശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. അതുകൊണ്ടുതന്നെ ഒരുപാട് ഓഫറുകള്‍ നിരസിക്കുകയായിരുന്നു- മീന വിശദീകരിച്ചു. 

''ഭാസ്‌ക്കര്‍ ഒരു റാസ്‌കലിന്റെ ചിത്രീകരണം അവധിക്കാലത്തായതിനാലാണ് അഭിനയിക്കാമെന്നേറ്റത്. കളിപറഞ്ഞും പിണങ്ങിയും നടക്കുന്ന നൈനിക സെറ്റിലെങ്ങനെ പെരുമാറുമെന്നതിനെക്കുറിച്ച് ചെറിയ പേടിയുണ്ടായിരുന്നു. എന്നാല്‍ ആദ്യദിവസം കഴിഞ്ഞതോടെ അവള്‍ ലൊക്കേഷനുമായി പൊരുത്തപ്പെട്ടു. ഡയലോഗുകളെല്ലാം നേഴ്സറിപ്പാട്ട് പഠിക്കുന്നതുപോലെ പഠിച്ചെടുത്തു. ഡയലോഗുകള്‍പറഞ്ഞു കഴിഞ്ഞപ്പോള്‍ സെറ്റിലുണ്ടായിരുന്നവരെല്ലാം കൈയടിച്ച് അവളെ അഭിനന്ദിച്ചു.'' മകളുടെ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ അമ്മയുടെ മുഖത്ത് ആഹ്ലാദം നിറഞ്ഞു.

meena

''തെരി സിനിമയുടെ നിര്‍മാതാവ് ഓഫറുമായി വീട്ടിലെത്തി സംസാരിച്ചുതുടങ്ങിയപ്പോള്‍ അവസരം എനിക്കാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് അവര്‍ മകളെ അഭിനയിക്കാന്‍ ക്ഷണിക്കുകയാണെന്ന് മനസ്സിലായത്. എന്തുപറയണമെന്നറിയാതെ കുറേ നേരം ചിന്തിച്ചിരുന്നു. താത്പര്യമില്ല എന്നാണ് ആദ്യം നല്‍കിയ മറുപടി. പിന്നീട് അവര്‍ നിര്‍ബന്ധിച്ചു. മകളുടെ പ്രായത്തില്‍ മീന ബാലതാരമായി ശിവാജി ഗണേശന്റെയുമെല്ലാം മകളായി അഭിനയിച്ചിട്ടില്ലേ എന്നുള്ള ചോദ്യങ്ങളെല്ലാം ഉയര്‍ന്നു. ഞാനും വിദ്യാസാഗറും മകളെ അഭിനയിക്കാന്‍ വിടണോ എന്ന് കുറേ ആലോചിച്ചു. അവളുടെ സമപ്രായക്കാര്‍ക്കാര്‍ക്കും ലഭിക്കാത്ത വലിയൊരു ഭാഗ്യമാണ് എന്ന് പിന്നീട് മനസ്സിലായി. തമിഴകത്തെ സൂപ്പര്‍സ്റ്റാറിന്റെ മകളായി ബിഗ്സ്‌ക്രീനില്‍ അഭിനയിക്കുക. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതവള്‍ക്കൊരു നല്ല ഓര്‍മയായിരിക്കുമെന്ന് ഞങ്ങള്‍ക്കു തോന്നി. മകള്‍ക്കുവേണ്ടി നല്‍കാവുന്ന നല്ലൊരുകാര്യമായി കരുതി ഓക്കെ പറയുകയായിരുന്നു.'' 

ബാലതാരമായ അമ്മയും മകളും

meena

''മകള്‍ ആദ്യമായി ക്യാമറയ്ക്കുമുന്നില്‍ നില്‍ക്കുന്നതുകണ്ടപ്പോള്‍ എന്റെ കുട്ടിക്കാലം തന്നെയാണ് ഓര്‍ത്തുപോയത്. നൈനികയെപ്പോലെത്തന്നെയായിരുന്നു എന്റേയും കുട്ടിക്കാലം.'' മീന കുട്ടിക്കാല ഓര്‍മകള്‍ മകളുമായി ചേര്‍ത്തുവെച്ചു.

സെറ്റിലെല്ലായിടത്തും ഓടിക്കളിച്ചും അന്നത്തെ സൂപ്പര്‍താരങ്ങളോടെല്ലാം കളിപറഞ്ഞും കുസൃതികാണിച്ചും നടന്ന ചിത്രങ്ങള്‍ ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. എനിക്ക് കിട്ടിയതു പോലെ കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് എടുത്തുവെക്കാവുന്ന നല്ല ചില ചിത്രങ്ങള്‍ ഞാനിന്ന് എന്റെ മകള്‍ക്കും നല്‍കുകയാണ്.

star and style july 2017
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

കുട്ടിയായിരിക്കെ ശിവാജി സാറിനെ കാണാന്‍ പോയ ദിവസം ഇപ്പോഴും ഓര്‍മയുണ്ട്. അദ്ദേഹത്തിന്റെ പിറന്നാളിന് റോസാപ്പൂ മാലയണിയിക്കാന്‍ ചെന്നതും പിന്നീട് അദ്ദേഹത്തിന്റെ മകളായി അഭിനയിക്കാന്‍ വിളിച്ചതുമെല്ലാം ജീവിതത്തിലെ നിറമുള്ള ഏടുകളാണ്. 

അച്ഛന്റെയോ അമ്മയുടെയോ കൂടെയാകും ലൊക്കേഷനിലേക്ക് പോകുക. സംവിധായകന്‍ പറയുന്നത് അതുപോലെ ചെയ്തുവെച്ചുപോരും. അതായിരുന്നു അന്നത്തെ രീതി. ബാലതാരമായി പേരെടുത്തതോടെ തിരക്കായി. പഠനത്തെ സാരമായി ബാധിച്ചു. എനിക്കുവേണ്ടിമാത്രമായി ടീച്ചര്‍മാര്‍ പിന്നീട് ക്ലാസ്സുകള്‍ എടുത്തുതരേണ്ടിവന്നിട്ടുണ്ട്. നൈനികയുടെ കാര്യത്തില്‍ അത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകരുതെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തെ ബാധിക്കുന്നതരത്തിലുള്ള അഭിനയത്തിനൊന്നും വിടേണ്ടെന്നാണ് തീരുമാനം. പഴയതിനേക്കാള്‍ വലിയ സൗകര്യങ്ങളാണ് ഇന്ന് സെറ്റില്‍ നൈനികയ്ക്കെല്ലാം ലഭിക്കുന്നത്. അവളും അത് ആസ്വദിക്കുന്നുണ്ട്.

baby nainika

നൈനികയും സിനിമയില്‍ അവളുടെ അമ്മയായെത്തുന്ന അമലാപോളും സെറ്റില്‍ ആദ്യ ദിവസം തന്നെ വലിയ കൂട്ടായി. കാരവാനില്‍ നിന്നിറങ്ങി കുടപിടിച്ച് ക്യാമറയ്ക്കുമുന്നില്‍ നിന്നപ്പോള്‍ നൈനിക ആദ്യം തിരഞ്ഞത് അമലയെയായിരുന്നു. ഫോട്ടോയിലേക്ക് അവരെ കൂടെ കൂട്ടണമെന്ന് കുഞ്ഞുതാരം നിര്‍ബന്ധം പിടിച്ചു. ഫോട്ടോയ്ക്കായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ പലതരം ഭാവങ്ങള്‍ മുഖത്തുനിറച്ചു. ആദ്യസിനിമയുടെ സെറ്റില്‍ അല്‍പം വാശിക്കാരിയായ നൈനികയെയാണ് കണ്ടതെങ്കില്‍ സിദ്ധിക്കിന്റെ സെറ്റില്‍ അവധിക്കാലം തിമിര്‍ത്താഘോഷിക്കുന്ന നൈനികയെയാണ് കാണുന്നതെന്ന് മീനയ്ക്കൊപ്പം കൂട്ടുവന്നവര്‍ പറയുന്നു. 

വിജയുമായി ചേര്‍ന്നുള്ള കോമ്പിനേഷന്‍ സീനുകളെല്ലാം പെട്ടെന്നുതന്നെ ഓക്കെയായിരുന്നു എന്ന് അവര്‍ ഓര്‍ക്കുന്നു. നൈനികയ്ക്ക് ചോക്ലേറ്റ് ബോക്സുമായാണ് വിജയ് തെരിയുടെ സെറ്റിലേക്ക് സ്ഥിരമായി എത്തിയിരുന്നത്. ഒഴിവുസമയങ്ങളിലെല്ലാം അവരൊന്നിച്ച് ബൈക്ക് സവാരിയും നടത്തി.

സെറ്റില്‍ കളിക്കാന്‍ ഒരുപാട് കൂട്ടുകാരെ കണ്ടതിന്റെ ആഹ്ളാദത്തിലാണ് മകളെന്ന് നീന പറഞ്ഞു. അവധിക്കാലം ഫ്ളാറ്റില്‍നിന്നു പുറത്തുകടന്നതിന്റെ ആഹ്ളാദം ചെറുതൊന്നുമല്ല. സെറ്റില്‍ ഓടിനടക്കാനാണ് ഇഷ്ടം. ഭക്ഷണം കഴിക്കാനാണ് ഏറ്റവും പ്രയാസം. കഥകേട്ടാലേ വായതുറക്കൂ... എന്റെ കൈയിലെ കഥകളുടെയെല്ലാം സ്റ്റോക്ക് തീര്‍ന്ന അവസ്ഥയാണ്, മീന കൂട്ടിച്ചേര്‍ത്തു. ഭക്ഷണസമയത്തും ഇടവേളകളിലുമെല്ലാം നൈനിക അമലയ്ക്കുപുറകെ കൂടി. സെറ്റിലെ ഇവരുടെ കൂട്ട് സിനിമയിലെ അമ്മയും മകളുമായുള്ള കോമ്പിനേഷന്‍ അഭിനയിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ സിദ്ധിക്ക് പറഞ്ഞു.

(സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്)