സന്ധ്യാവും ഗര്‍വാസീസ് ആശാനും;  ഈ പേരുകള്‍ വന്നതിങ്ങനെ


സിറാജ് കാസിം

ഒരു പേരിലെന്തിരിക്കുന്നുവെന്നു ചോദിക്കാറുണ്ട്. എന്നാല്‍, മലയാള സിനിമയിലെ ചില കഥാപാത്രങ്ങളെ കാണുമ്പോള്‍ പേരിലാണ് എല്ലാം ഇരിക്കുന്നതെന്നും തോന്നും. കാലം എത്ര കഴിഞ്ഞാലും പ്രേക്ഷകര്‍ മറക്കാത്ത ചില കഥാപാത്രങ്ങളുടെ പേരിന്റെ കഥകള്‍ തേടി ഒരു സഞ്ചാരം തുടങ്ങുന്നു...

Feature

മാന്നാർ മത്തായി സ്പീക്കിങ്ങിൽ ഹരിശ്രീ അശോകനും ജനാർദ്ദനനും ഇന്ദ്രൻസും

'നീ പൊന്നപ്പനല്ലെടാ തങ്കപ്പന്‍...' ഗോപാലകൃഷ്ണനൊപ്പം ഉര്‍വശി തീയറ്റേഴ്സിലേക്കു നായികയെ തേടിയെത്തിയ പൊന്നപ്പനെ തങ്കപ്പനാക്കിയ ഗര്‍വാസീസ് ആശാന്റെ ഡയലോഗ് മലയാളികള്‍ ഇന്നും മറന്നിട്ടില്ല. 'മാന്നാര്‍ മത്തായി സ്പീക്കിങ്' എന്ന സിനിമയില്‍ ജനാര്‍ദനന്‍ അവതരിപ്പിച്ച ഗര്‍വാസീസ് ആശാനും ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച സന്ധ്യാവും ചിരിയുടെ പൂത്തിരികള്‍ കത്തിച്ച് ഇന്നും മിന്നുമ്പോള്‍ ഓര്‍മകളുടെ സന്തോഷത്തിലാണ് ഈ കഥാപാത്രങ്ങളുടെ സ്രഷ്ടാവായ സംവിധായകന്‍ സിദ്ദിഖ്. ''ഓരോ വര്‍ഷവും നൂറുകണക്കിന് കഥാപാത്രങ്ങളാണ് മലയാള സിനിമയില്‍ പിറന്നു വീഴുന്നത്. അതില്‍ തന്റെ കഥാപാത്രങ്ങള്‍ വേറിട്ടു നില്‍ക്കണമെന്നാണ് ഓരോ എഴുത്തുകാരനും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ വളരെയധികം ആലോചിച്ചാണ് മിക്കവരും കഥാപാത്രത്തിനു പേരിടാറുള്ളത്. എഴുത്തിന്റെ അത്രയും റിസ്‌ക് പേരിടുന്നതിലുമുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്ഥിരം കേള്‍ക്കുന്ന പേരുകള്‍ പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കില്ല എന്നറിഞ്ഞാല്‍ തന്നെ നമ്മുടെ കഥാപാത്രത്തിനു ശ്രദ്ധേയമായൊരു പേരിടാനുള്ള ശ്രമങ്ങളുണ്ടാകും''-സിദ്ദിഖ് പറയുന്നു.

ചവിട്ടുനാടകവും ഗര്‍വാസീസും

ഗര്‍വാസീസ് ആശാന്‍ എന്ന കഥാപാത്രം പിറന്നു വീണത് കുട്ടിക്കാലം മുതല്‍ മനസ്സിലുണ്ടായിരുന്ന ഒരു പേരില്‍ നിന്നാണെന്നാണ് സിദ്ദിഖ് പറയുന്നത്. ''കുട്ടിക്കാലത്ത് ഞാന്‍ വരാപ്പുഴയില്‍ ചവിട്ടുനാടകം കാണാന്‍ പോകാറുണ്ടായിരുന്നു. ബൈബിള്‍ വിഷയങ്ങളാണ് ചവിട്ടുനാടകമായി അവതരിപ്പിക്കുക. നാടകത്തിന്റെ ഇടവേളയില്‍ എന്നും കേട്ടിരുന്ന ഒരു കിടിലന്‍ അനൗണ്‍സ്മെന്റ് ഉണ്ടായിരുന്നു. 'കഥാപാത്രങ്ങളും അഭിനയിച്ചവരും, രാജാവ് - ഗര്‍വാസീസ് ആശാന്‍'. അന്നുമുതല്‍ മനസ്സില്‍ കയറിക്കൂടിയ പേരായിരുന്നു അത്. മാന്നാര്‍ മത്തായിയുടെ തിരക്കഥയെഴുതാന്‍ വേണ്ടി ഞാനും ലാലും ഇരിക്കുമ്പോള്‍ ഗര്‍വാസീസ് ആശാന്‍ വീണ്ടും മനസ്സിലേക്ക് കയറിവന്നു. ഉര്‍വശി തീയറ്റേഴ്സിന്റെ നാടകത്തിനായി ഒരു നടിയെ തപ്പിയെടുക്കാന്‍ പഴയ നാടകക്കാരനെത്തേടിപ്പോകുകയാണ് പൊന്നപ്പനും ഗോപാലകൃഷ്ണനും. ആ സീനിലെ പഴയ നാടകക്കാരന് നല്ലൊരു പേരു വേണം. അതിനു ഗര്‍വാസീസ് ആശാന്‍ എന്ന പേരിനെക്കാള്‍ കറക്ട് ആയി മറ്റൊന്നും എന്റെ മനസ്സിലുണ്ടായിരുന്നില്ല. തന്നെ പഠിപ്പിച്ച ഒരു ഗര്‍വാസീസ് മാഷിനെപ്പറ്റി ലാലും ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. പഴയ നാടകക്കാരന് ഗര്‍വാസീസ് എന്നു പേരിട്ടാലോ എന്നു ചോദിച്ചപ്പോള്‍ ലാലിനും പൂര്‍ണ സമ്മതം''-സിദ്ദിഖ് ഗര്‍വാസീസ് ആശാന്‍ പിറന്ന കഥ പറഞ്ഞു.

കലൂര്‍ സ്‌കൂളും സന്ധ്യാവും

ഗര്‍വാസീസ് ആശാന്റെ സന്തത സഹചാരിയായ സന്ധ്യാവ് എന്ന പേരിനു പിന്നിലും രസകരമായൊരു കഥ സിദ്ദിഖിനു പറയാനുണ്ടായിരുന്നു. ''പൊന്നപ്പനും ഗോപാലകൃഷ്ണനും കൂടി നടിയെ തേടി വരുമ്പോള്‍ അകത്തേക്കു നോക്കി ഗര്‍വാസീസ് ആശാന്‍ സന്ധ്യാവേ എന്നു വിളിക്കുന്നുണ്ട്. ഒരു സ്ത്രീ ഇറങ്ങി വരുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ വരുന്നത് ഹരിശ്രീ അശോകനാണ്. സന്ധ്യാവ് എന്ന കഥാപാത്രത്തിനു പേരിടുമ്പോള്‍ പേരിലൊരു സ്‌ത്രൈണത തോന്നണമെന്നുണ്ടായിരുന്നു. ആ നേരത്താണ് പണ്ട് കലൂര്‍ ഗവ. ഹൈസ്‌കൂളില്‍ രണ്ടാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ ഒപ്പം പഠിച്ച കൂട്ടുകാരനെ ഓര്‍ത്തത്. നന്നായി പാട്ടുപാടുന്ന വെളുത്ത ആ പയ്യന്റെ പേര് സന്ധ്യാവ് എന്നായിരുന്നു. സ്‌കൂളില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന സാഹിത്യ സമാജങ്ങളില്‍ ഞാനും സന്ധ്യാവും മെഹബൂബുമൊക്കെയാണ് താരങ്ങള്‍. എന്റെ മിമിക്രിയും സന്ധ്യാവിന്റെയും മെഹബൂബിന്റെയും പാട്ടുകളുമാണ് സമാജത്തിലെ പ്രധാന ഇനങ്ങള്‍. സന്ധ്യാവിനെ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചതോടെ കഥാപാത്രം സൂപ്പര്‍ ഹിറ്റായി. സന്ധ്യാവിനെ ഏഴാം ക്ലാസില്‍ െവച്ചു കണ്ട ശേഷം പിന്നീട് കണ്ടിട്ടില്ല. ഒരുപക്ഷേ മാന്നാര്‍ മത്തായി എന്ന സിനിമ കണ്ട് അവന്‍ സ്വന്തം പേര് തിരിച്ചറിഞ്ഞു കാണുമായിരിക്കും''-സിദ്ദിഖ് പറയുന്നു.

പേരിലല്ലേ എല്ലാം

പിന്നെയും ഒരുപാടു ശ്രദ്ധേയമായ പേരുകള്‍ സിദ്ദിഖിന്റെ തൂലികയില്‍നിന്നു പിറന്നുവീണിട്ടുണ്ട്. ''സത്യത്തില്‍ പലപ്പോഴും കഥയെക്കാള്‍ കഥാപാത്രത്തിന്റെ പേരിനു വേണ്ടിയാണ് ഞാന്‍ അലഞ്ഞിട്ടുള്ളത്. ചിലപ്പോള്‍ വളരെപ്പെട്ടെന്ന് ഒരു പേര് മനസ്സിലേക്കു വരും. ചിലപ്പോള്‍ എത്ര ആലോചിച്ചാലും പറ്റിയ പേര് കിട്ടിയില്ലെന്നും വരും. എന്റെ കഥാപാത്രങ്ങളുടെ പേരുകള്‍ പലതും എന്റെ പരിചയക്കാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെയാണ്. പുതിയ സിനിമ എഴുതാനിരിക്കുമ്പോഴും കഥാപാത്രത്തിന്റെ പേരു തന്നെയാണ് എന്റെ മനസ്സില്‍ കറങ്ങിക്കൊണ്ടിരിക്കുന്നത്''-സിദ്ദിഖ് പറയുന്നു.

Content Highlights: mannar mathayi speaking janardhanan, Harisree asokan character name, Siddique Lal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented