തൃശ്ശൂര്‍ക്കാരനായതില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍. സിനിമാരംഗം എന്നും 'തൃശ്ശൂര്‍' കമന്റുകള്‍ക്ക് വലിയ പ്രാധാന്യം കല്പിച്ചുനല്കിയിട്ടുണ്ട്. കുറിക്കുകൊള്ളുന്നതും നിലവാരമുള്ളതുമായ തൃശ്ശൂര്‍ നര്മങ്ങള് അവര്‍ സിനിമാക്കാരായ പലര്‍ക്കും നേരെയും തൊടുത്തുവിട്ടിട്ടുമുണ്ട്.
ശോഭന പരമേശ്വരന് നായര്‍ എന്ന പരമു അണ്ണന് തൃശ്ശൂരില്‍ വന്ന് സ്റ്റുഡിയോ തുടങ്ങിയ ആളാണ്. പ്രേംനസീറിന്റെ നാട്ടുകാരന്, ഉറ്റമിത്രം. സത്യന് സാര്‍ മുതല്‍ എല്ലാവരുടെയും സുഹൃത്ത്. പി. ഭാസ്കരന് മാസ്റ്റര്‍, രാമു കാര്യാട്ട്, വിന്‍സന്റ് മാസ്റ്റര്‍ തുടങ്ങിയവരൊക്കെ സുഹൃത്തുക്കള്‍.
എം.ടി. സാര്‍ ആദ്യമായി തിരക്കഥയെഴുതി എ. വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത 'മുറപ്പെണ്ണ്' നിര്‍മിച്ചത് പരമു അണ്ണനാണല്ലോ. ക്യാമറാമാനായി അറിയപ്പെട്ടശേഷം സംവിധായകനായി പ്രശസ്തനായ വിന്‍സന്റ് മാസ്റ്ററെ തൃശ്ശൂര്‍ക്കാരന്‍ നേരിട്ട കഥ പറഞ്ഞത് പരമു അണ്ണന് തന്നെയാണ്.
1965-ല്‍ ആദ്യത്തെ സിനിമ തുടങ്ങുകയാണെന്ന് പറഞ്ഞ അണ്ണനോട് നല്ല വായനാശീലമുള്ള ചലച്ചിത്രപ്രേമിയായ ഒരു തൃശ്ശൂര്‍ക്കാരന്‍ ചോദിച്ചു.
''അല്ല അണ്ണാ ആരാ ഡയറക്ടറ്?'' അണ്ണന് പേരുപറഞ്ഞു. ഉടനെ വന്നു കമന്റ്.
''ഈശോ... 'തല്ലിപ്പൊളി' ആക്ക്വോ?''.
ഈ കമന്റ് കേട്ട എല്ലാവരും തലതല്ലിച്ചിരിച്ചെന്ന് അണ്ണന് പറഞ്ഞിട്ടുണ്ട്.
സിനിമാ ഷൂട്ടിങ് കാണാന്‍ വരുന്നവരില്‍നിന്നും ധാരാളം കമന്റുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ഗിരീഷ്കുമാര്‍ എഴുതി അക്കു അക്ബര്‍ സംവിധാനംചെയ്ത 'ഭാര്യ അത്ര പോരാ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്. തേക്കിന്‍കാട് മൈതാനിയിലെ സായാഹ്നത്തിലെ ചീട്ടുകളിയാണ് ചിത്രത്തിനുവേണ്ടി ആദ്യമായി പകര്‍ത്തിയത്.
നടന് ജയറാമും ഞാനും ഉള്‍പ്പെട്ട സംഘം ചീട്ടുകളിക്കുകയാണ്. ഷൂട്ടിങ് സ്ഥലത്ത് കാഴ്ചക്കാരായി വന്നവരുടെ രസികന്‍ കമന്റുകള്‍ ഞങ്ങളെ ചിരിപ്പിച്ചു.
''ജയറാമേട്ടാ... ശരിക്ക് കളിക്ക് ട്ടാ...'' അത്രയേ പറഞ്ഞുള്ളൂ.
എന്റെ നേരെ നോക്കി ഒരാള്‍ പറഞ്ഞു.
''ആ... ജയരാജേട്ടന് ചീട്ടുകളീടേ ഒരു തേങ്ങേം അറിയില്ലാട്ടാ. വെറുതെ അഭിനയിക്ക്യാ... ഗഡി...!''
മറ്റൊരു ലൊക്കേഷനില്‍ ഒരുത്തന് എന്നെ നേരിട്ടു. കുറച്ച് ദൈര്‍ഘ്യമുള്ള ഷോട്ട് കഴിഞ്ഞ് ഞാന്‍ വിശ്രമിക്കുമ്പോള്‍ അടുത്തുവന്ന് അയാള്‍ പറഞ്ഞു.
''ജയരാജേട്ടന്... അഭിനയം ഇത്തിരികൂടി മെച്ചപ്പെടാന്‍ ഇണ്ട് ട്ടാ.'' എനിക്ക് ദേഷ്യംവന്നില്ല
''ഇത്തിരികൂടി മെച്ചപ്പെടാന്‍ ഇണ്ട് ട്ടാ....'' എന്ന കമന്റ് എന്റെ മനസ്സില്‍ കുറിച്ചിട്ടു. ഇതുപോലൊരു വാചകം പല നടന്മാരോടും തൃശ്ശൂര്ക്കാര് പറഞ്ഞിട്ടുണ്ടെന്ന് പിന്നീട് മനസ്സിലായി.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള വെള്ളിക്കോത്ത് എന്ന സ്ഥലത്താണ് മഹാകവി പി. കുഞ്ഞിരാമന് നായര്‍ ജനിച്ചത്. അവിടെ മഹാകവിയുടെ അനുസ്മരണ സമ്മേളനം. തുടര്‍ന്നുള്ള കലാപരിപാടിയായി എന്റെ കാരിക്കേച്ചര്‍ അവതരണം. ദീര്‍ഘയാത്രയുടെ മടുപ്പ് ഒഴിവാക്കാന്‍ ട്രെയിനില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു.
പുലര്‍ച്ചെ നാലുമണിക്കുള്ള തീവണ്ടിയില്‍ കയറി. മുകളിലെ ബര്‍ത്തില്‍ കിടന്ന് ഉറങ്ങി. ഏഴുമണിക്ക് കോഴിക്കോട് എത്തിയപ്പോള്‍ ഉണര്‍ന്ന് ഒരു ചായ കുടിച്ചു. തീവണ്ടിയുടെ ജനല്പ്പാളിക്കരികില് ഇരുന്നു. വണ്ടിയില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു. എന്റെ എതിര്‍വശത്തിരുന്ന ആള് പരിചയഭാവം കാട്ടി. അയാള്‍ പറഞ്ഞു:
''നിങ്ങളെ കണ്ടാല്‍ ജയരാജ് വാര്യരെപ്പോലെയുണ്ട്. അദ്ദേഹമാണോ?'' എനിക്ക് ആ സമയത്ത് ഒരു കുസൃതി തോന്നി. ഞാന്‍ പേര് മാറ്റിപ്പറഞ്ഞു. എല്ലാവരും എന്നെ കാണുമ്പോള്‍ ഇങ്ങനെ പറയാറുണ്ടെന്ന്.
ഒരു പഴയ ടീഷര്‍ട്ടും കാവിനിറത്തിലുള്ള മുണ്ടുമായിരുന്നു എന്റെ വേഷം. ഞാന്‍ വീണ്ടും ബര്‍ത്തിന് മുകളില്‍ കയറി. ഒമ്പതു മണിവരെ ഉറങ്ങി. തീവണ്ടി ഏകദേശം കാഞ്ഞങ്ങാട്ടെത്തുന്നു. ഞാന്‍ വസ്ത്രംമാറി. സഹയാത്രികനെ മനഃപൂര്‍വ്വം പറ്റിച്ചല്ലോ എന്ന ഒരു വിഷമം എനിക്കുതോന്നി. ഇറങ്ങാന്നേരം അയാളോട് സത്യം പറഞ്ഞു.
''ഞാന്‍തന്നെയാണ് ജയരാജ് വാര്യര്‍.''
അയാളുടെ മറുപടി എന്നെ ഞെട്ടിച്ചു.
''വേല കയ്യിലിരിക്കട്ടെ ആശാനെ. താന്‍ ജയരാജ് വാര്യരല്ല എന്ന് എനിക്ക് അപ്പോഴേ തോന്നീരുന്നു.'' അന്ന് ഈ സംഭവം സ്റ്റേജില്‍ പെടച്ചു.
അങ്കമാലിക്കടുത്തുള്ള ഒരു ക്ഷേത്രത്തില്‍ ഒരു സാംസ്കാരിക സമ്മേളനം. ഞാനാണ് മുഖ്യാതിഥി. പറഞ്ഞ സമയത്തിന് അരമണിക്കൂര്‍ മുന്‍പ് ഞാന്‍ എല്ലായിടത്തും എത്തും. പൊതുവെ സമയം പാലിക്കല്‍ ജോലിയുടെ ഭാഗമായി തീര്‍ച്ചപ്പെടുത്തിയ ആളാണ് ഞാന്‍. ഉദ്ഘാടകനും ജനപ്രതിനിധികളും എത്തിച്ചേരാന്‍ ഇനിയും സമയമെടുക്കും. നേരം പോകുന്നില്ല. ആ ക്ഷേത്രത്തിന് സമീപം മറ്റൊരു ദേവീക്ഷേത്രവുമുണ്ട്. അവിടെ ദീപാരാധന തൊഴാന്‍ പോകാന്‍ തീരുമാനിച്ചു. ദീപാരാധനയ്ക്ക് നട അടച്ചിരുന്നു. നട തുറന്ന് പുറത്തുവന്ന പൂജാരി എന്നെ കണ്ട ഉടനെ പറഞ്ഞു.
''അല്ല... ഇതാരാ?
കോട്ടയം നസീറല്ലേ? നന്നായി''
ഞാന്‍ ഞെട്ടി. ഞാന്‍ മാത്രമല്ല ഭക്തജനങ്ങളും ഞെട്ടിത്തെറിച്ചുപോയി. ഉടനെ ഒരു കലാസ്നേഹി പൂജാരിയെ തിരുത്തി. 'ചമ്മല്' ഒഴിവാക്കി നാല് കാലില്‍ വീഴാന്‍ പൂജാരി അലക്കിയ അടുത്ത വാചകം ഇങ്ങനെയായിരുന്നു.
''ഞാന്‍ വിചാരിച്ചത് കോട്ടയം നസീറാണെന്നാ. പണി ഒന്നു തന്നെയാണല്ലോ കോട്ടയം നസീറായാലും വാര്യര്‍ ആയാലും.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍വെച്ച് അഭ്യസ്തവിദ്യനെന്ന് തോന്നിപ്പിക്കുന്ന സ്യൂട്ട് ധാരിയായ ഒരു മാന്യന് എന്റെ അടുത്തുവന്നിരുന്നു.
''നിങ്ങള്‍ മഞ്ജുവാര്യര്‍ അല്ലേ?''
''അല്ല'' ഞാന്‍ പറഞ്ഞു.
''ക ൗവമൃ ... മധു വാര്യര്‍??''
''അല്ലേയല്ല.'' അയാളുടെ അടുത്തവാക്കാണ് സൂപ്പര്‍
''ഏതോ ഒരു വാര്യരല്ലേ???''
തൃശ്ശൂരില്‍ സംഗീത നാടക അക്കാദമിയുടെ റീജണല്‍ തിയേറ്ററില്‍ അരങ്ങേറുന്ന സംഗീത, നൃത്ത പരിപാടികള്‍ കാണാന്‍ പോയപ്പോള്‍ ഇത്തരം ഭീകരമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഒരിക്കല്‍ സൗത്ത് ഇന്ത്യയിലെ മഹാന്മാരായ കര്‍ണാടക സംഗീത കലാകാരന്മാരുടെ 'കച്ചേരികള്‍' നടക്കുന്നു. അതിഥികള്‍ക്കൊപ്പം പിറകുവശത്തെ സീറ്റുകളില്‍ പാസില്ലാത്തവര്‍ക്കും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. പലപ്പോഴും വഴിപോക്കരായ സാധാരണക്കാരും ഓഡിറ്റോറിയത്തില്‍ കയറിയിരിക്കും.
ഒരു വലിയ കലാകാരന്റെ സംഗീതക്കച്ചേരിയുടെ ഇടവേളയില്‍ പുറത്തിറങ്ങിയ എന്നോട് ഒരാള്‍ ഇങ്ങനെ മൊഴിഞ്ഞു
''ജയരാജേട്ടാ... കച്ചേരി പോരാട്ടാ.
ഒരു സ്പീഡ് ഇല്ല്യാ. ഈ പരിപാടി നിര്‍ത്താന്‍ പറാ. കേറി രണ്ട് നമ്പറിട്ട് പൊരിക്ക്.
കയ്യടിക്കാന്‍ ഞങ്ങള്ണ്ട്. പെടക്ക്.''
ഞാന്‍ അയാളുടെ സമീപത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
കണ്ണൂരില്‍ സംസ്ഥാന സ്കൂള്‍ കലോത്സവം അരങ്ങുതകര്‍ക്കുന്നു. ഞാന്‍ മകളേയുംകൊണ്ട് പോയതായിരുന്നു. കലോത്സവവേദിയില്‍നിന്നും ഞാനൊന്നു പുറത്തിറങ്ങി. എന്തോ വാങ്ങാന്‍ പുറത്തുപോയതായിരുന്നു. എന്നെ കണ്ടയുടന്‍ ഒരു കണ്ണൂര്കാരന് പറഞ്ഞു.
''ങ്ങള് ജയറാജ് വാര്റാ?
ങടെ പരിപാടീണ്ടാ ഈടാ?''
ഞാന്‍ ചിരിച്ചുപോയി.
കലോത്സവവേദിയില്‍ എന്റെ പരിപാടിക്ക് എന്ത് പ്രസക്തി?
എന്റെ സുഹൃത്തും എഴുത്തുകാരനുമായ വി.ആര്. സുധീഷുമൊത്ത് വടകരയില്‍വെച്ച് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കാണാന്‍ പോയി. എനിക്ക് ഇഷ്ടമുള്ള എഴുത്തുകാരനാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള.
അവിടെ പുനത്തിലിന്റെ മറ്റു രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നെ പരിചയപ്പെടുത്തി.
സുധീഷിന്റെ നിര്‍ദേശാനുസരണം ഞാന്‍ 'കാരിക്കേച്ചര്‍' അവതരിപ്പിച്ചു തുടങ്ങി. അന്ന് ഞാന്‍ സത്യന്‍സാറിന്റെ പാട്ടുകള്‍ പാടി അഭിനയിച്ചു. കാക്കത്തമ്പുരാട്ടിയും പകല്‍ക്കിനാവും സ്വര്ഗഗായികയും എല്ലാം പാടി. പ്രേംനസീറായി ഞാന്‍ മാറിയപ്പോള്‍ ദാസേട്ടന്റെ ജനപ്രിയ പാട്ടുകള്‍ ഓരോന്നായി ഞാന്‍ പാടി ആടുകയാണ്. പാട്ടിന്റെ പശ്ചാത്തലത്തില്‍ പുനത്തിലിന്റെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഇരുന്ന ഒരാളോട് വി.ആര്. സുധീഷ് ചോദിച്ചു.
''ഇത് ആരെയാണ് അവതരിപ്പിക്കുന്നത്? അറിയാമോ?''
പാവപ്പെട്ട ആ മാന്യന് പറഞ്ഞു.
''പിന്നെ. ''ജയന്''. എന്താ ജയനായുള്ള അഭിനയം. എന്താ പാട്ട്. ഞ്ഞി പാടിക്കോ കുഞ്ഞുമോനെ'' എന്ന ഉപദേശവും.
''ഫാ... ചെലക്ക്ന്നാ... എന്ന വടകരമൊഴിയാണ് പിന്നീട് എല്ലാവരും കേട്ടത്. സുധീഷിന്റെ അലര്‍ച്ചയില്‍ എന്റെ പാട്ട് മുറിഞ്ഞു
വിചിത്രമായ മറ്റൊരു ഭീകരമായ അനുഭവം. കഥ നടന്നത് കോഴിക്കോടാണ്. സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് നഗരംവിട്ട് ഒരിടത്ത് ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. ഭക്ഷണം കഴിഞ്ഞ് ഞാന്‍ വാഹനത്തിലേക്ക് പോയി. ബില്‍ കൊടുക്കാന്നേരം എന്റെ സുഹൃത്തിനോട് ഹോട്ടലുടമ ചോദിച്ചു
ങ്ങക്ക് എവിട്യാര്‍ന്നു പരിപാടി? ചങ്ങാതി കാര്യം പറഞ്ഞു. അതിനുശേഷമാണ് ഭയങ്കരമായ ചോദ്യം അയാളില്‍നിന്നും ഉണ്ടായത്. ഹോട്ടലുടമ സുഹൃത്തിനോട് ചോദിച്ചു
''ആ പോയത് കലാഭവന്‍ മണിയല്ലേ? എന്റെ അടുത്ത് നാടന്‍പാട്ടിന്റെ സി.ഡി. ഉണ്ട്. നല്ല പാട്ടാ''... എന്റെ തല കറങ്ങി. എനിക്കും കലാഭവന്‍ മണിക്കും തമ്മില്‍ എന്ത് രൂപസാദൃശ്യം എന്ന ചിന്ത ഇപ്പോഴും എന്നെ ഞെട്ടിക്കുന്നു.
തൃശ്ശൂരിലെ ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍നിന്ന് ഊണുകഴിഞ്ഞു ഇറങ്ങിയപ്പോള്‍ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് 'ചെരുപ്പ്' വാങ്ങണം എന്നുപറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും തൃശ്ശൂര്‍ റൗണ്ടിലേക്ക് നടന്നു. പ്രശസ്തമായ ചെരുപ്പുകടയില്‍ കയറി ചെരുപ്പ് വാങ്ങി. പുറത്തിറങ്ങിയപ്പോള്‍ ഭയങ്കര വെയില്. ലോഹിയേട്ടന് തന്റെ തൂവാല എടുത്ത് തലയില്‍ വെച്ചു. ഞങ്ങള്‍ നടക്കുകയാണ്. പിന്നില്‍നിന്നും കേട്ട കമന്റ് ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.
''ദാ... പോകുന്നത് ആരാ?
അതാണ് സംവിധായകന് ഭരതന്''
ഞാന്‍ പൊട്ടിച്ചിരിച്ചു. ആ കമന്റ് പക്ഷേ, ലോഹിയേട്ടന് നല്ലപോലെ സുഖിച്ചു. ഇത്തരം 'സംഭവ'ങ്ങള്‍ക്ക് സാക്ഷിയാവുകയും കഥാപുരുഷനാവുകയും ചെയ്തയാള്‍ എന്ന രീതിയില്‍ മാത്രമാണ് ഇത് എഴുതുന്നത്.
അമേരിക്കയില്‍വെച്ച് നെടുമുടിവേണുചേട്ടനെ നോക്കി ഒരാള്‍ സോമനല്ലേ എന്ന് ചോദിച്ചതും നസീര്‍ സാറിനെ 'മിസ്റ്റര്‍ സത്യന്' എന്ന് അഭിസംബോധനചെയ്തതും മലയാളത്തിലെ പ്രശസ്തയായ ഗായികയോട് 'ഇനിയും പാടി പാടി റിമിടോമിയെപ്പോലെ ഒരു മഹാഗായികയാവണ'മെന്ന് ഉപദേശിച്ചതും ഇന്നും പ്രചരിക്കുന്ന നര്മവാര്ത്തകളാണ്. ബഹുജനം പലവിധം എന്നല്ലാതെ എന്തുപറയാന്‍. പക്ഷേ, നര്‍മം ആസ്വദിക്കാന്‍ ലഭിക്കുന്ന അസുലഭ സന്ദര്‍ഭങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം അല്ലേ?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..