പ്രതിസന്ധികളെയും പ്രവചനങ്ങളെയും മറികടന്ന് വിജയ പുഞ്ചിരിയുമായി മുന്നേറുകയാണ് മഞ്ജു വാര്യര്‍.  രണ്ടാംവരവിന് തുടക്കംകുറിച്ച ഹൗ ഓള്‍ഡ് ആര്‍ യുവിനുശേഷം വലിയ ഹിറ്റുകളൊന്നും ലഭിക്കാത്തത് താരമെന്ന നിലയില്‍ ചെറിയ ക്ഷീണമായിരുന്നു. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറിയ മഞ്ജുവിന് 2017-ല്‍ കൈനിറയെ സിനിമകളാണ്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ കെയര്‍ ഓഫ് സൈറാബാനു മികച്ച അഭിപ്രായം നേടിയത് കരിയറില്‍ നേട്ടമായി. മഞ്ജു വാര്യര്‍ സഹകരിക്കുന്ന ഏഴു ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ നായികാപ്രാധാന്യമുള്ള ചിത്രങ്ങളും ഉള്‍പ്പെടുന്നു.

മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സാറ്റലൈറ്റ് സുരക്ഷിതത്വവും ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയും തിയേറ്റര്‍ വിജയവും നിര്‍മാണച്ചെലവിനായി വന്‍തുക മുടക്കേണ്ടതില്ലെന്നുമെല്ലാമുള്ള കാരണങ്ങളാണ് മഞ്ജു വാര്യര്‍ക്ക് അനുകൂലമാകുന്നത്. മാധവിക്കുട്ടിയുടെ ജീവിതംപറയുന്ന കമല്‍ ചിത്രം ആമിയില്‍ ടൈറ്റില്‍ റോളിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. കഥാപാത്രത്തിനായി താരം നടത്തിയ മേക്ക്ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിയിരുന്നു. പാലക്കാട്ട് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരണത്തിനായി ഒരുങ്ങുകയാണ്. പൃഥ്വിരാജ്, മുരളി ഗോപി, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലുണ്ട്.

നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന 'ഉദാഹരണം സുജാത' മഞ്ജു വാര്യര്‍ അഭിനയിക്കുന്ന നായികാപ്രാധാന്യമുള്ള മറ്റൊരു സിനിമയാണ്. തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെടുമുടി വേണു, ജോജു ജോര്‍ജ്, അലന്‍സിയര്‍, സുധി കൊപ്പ, സ്വരാജ്, അഭിനവ്, അനശ്വര, അജ്മിന, ആഭിജ എന്നിവര്‍ക്കൊപ്പം നാല്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്. തിരുവനന്തപുരം നഗരത്തിലെ ഒരു കോളനിയില്‍ പലപല വീട്ടുജോലികള്‍ ചെയ്ത് ജീവിക്കുന്ന സാധാരണക്കാരിയായ സുജാത എന്ന സ്ത്രീയുടെ രസകരങ്ങളായ ജീവിതമുഹൂര്‍ത്തങ്ങളാണ് സിനിമ പറയുന്നത്. നവീന്‍ ഭാസ്‌കര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന സിനിമയില്‍ മേയ്ക്കപ്പില്ലാതെയാണ് താരം അഭിനയിക്കുന്നത്.

മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ഫാനാകുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രം എറണാകുളത്ത് പുരോഗമിക്കുകയാണ്. ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടനെന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തില്‍ മീനുക്കുട്ടിയെന്ന ലാല്‍ ആരാധികയുടെ വേഷമാണ് മഞ്ജുവിന്റെത്. 1980-കളില്‍ ക്രിസ്മസ് റിലീസായി എത്തിയ മഞ്ഞില്‍വിരിഞ്ഞപൂക്കള്‍ തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിക്കുന്ന കുട്ടിയിലൂടെയാണ് മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്,കെ.പി.എ.സി. ലളിത, സിദ്ദിഖ്, മണിയന്‍പിള്ള രാജു, ബാലചന്ദ്രമേനോന്‍, ഉഷാ ഉതുപ്പ് എന്നിവര്‍ അഭിനയിക്കുന്നു.
ഛായാഗ്രാഹകന്‍ വേണു എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗബ്രിയേലും മാലാഖമാരും. പൃഥ്വിരാജിന്റെ പേരാണ്  നായകസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്.

മോഹന്‍ലാലിനൊപ്പം മൂന്നു സിനിമകളിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ബി. ഉണ്ണികൃഷ്ണന്റെ വില്ലനില്‍ ലാലിന്റെ നായികയാണ്. മുഴുനീള കഥാപാത്രമല്ലെങ്കിലും ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷമാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ അടുത്ത പ്രോജക്ടുകളായ ഒടിയന്‍, മഹാഭാരതം എന്നീ ചിത്രങ്ങളിലും മഞ്ജു വാര്യര്‍ അഭിനയിക്കും. എ.വി. ശ്രീകുമാര്‍ മേനോനാണ് ഇരുചിത്രങ്ങളും സംവിധാനംചെയ്യുന്നത്. ഇതില്‍ ഒടിയന്‍ മാജിക്കല്‍ റിയലിസത്തിന്റെ പശ്ചാത്തലമാക്കി വികസിക്കുന്ന കഥയാണ്.

എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മഹാഭാരതം. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കും. ആയിരംകോടി ചെലവില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ബി.ആര്‍. ഷെട്ടിയാണ്. സിനിമയിലെ മഞ്ജുവിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.