മോണ തവിൽ, മഞ്ജു വാര്യർ | photo: special arrangements
ചില സിനിമകളുണ്ട്. കണ്ടിറങ്ങുമ്പോള്‍ ചിലരങ്ങ് കൂടെപ്പോരും. അത്തരമൊരാളാണ് ആയിഷയിലെ 'മാമ' എന്ന കഥാപാത്രം. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മാമയെ അസാധ്യമാക്കിയത് സിറിയയില്‍നിന്നുള്ള മോണ തവില്‍ എന്ന കലാകാരിയാണ്...
ആയിഷ സംസാരവിഷയമാകുമ്പോള്‍ മഞ്ജുവാര്യര്‍ക്കൊപ്പം തന്നെ ചേര്‍ത്തു വായിക്കപ്പെടുന്ന പേരാണിപ്പോള്‍ മോണ തവില്‍. എങ്ങിനെയാണ് ആയിഷ എന്ന സിനിമയിലേക്ക് എത്തിയത്
സിറിയയില്നിന്നാണെങ്കിലും യു.എ.ഇ.യില്‍ ആണ് താമസിക്കുന്നത്. ഓഡിഷന് വഴിയാണ് ഞാന്‍ ആയിഷയുടെ പാര്‍ട്ട് ആയത്. വേറെ ഒരാള്‍ കൂടി എത്തിയിരുന്നു ഓഡിഷന്. ഓഡിഷന് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുശേഷം എന്നെ സെലക്ട് ചെയ്തതായി ആയിഷയുടെ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു.
മാമ സിനിമയില്‍ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുന്നതായാണ് തോന്നിയത്. ഭാഷക്കതീതമായി എങ്ങിനെയാണ് ഇത്ര അനായാസമായി പെര്‍ഫോം ചെയ്യാന്‍ പറ്റിയത്
ആക്ടിങ് എനിക്ക് ലഹരിയാണ്. വലിയ പാഷനാണ്. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ എന്റെ കഥാപാത്രത്തിന് ഏറെ ചെയ്യാനുണ്ടെന്ന് ബോധ്യപ്പെട്ടു. പിന്നെ എനിക്ക് ഇംഗ്ലീഷും അറബിയും അനായാസമായി സംസാരിക്കാന്‍ കഴിയും. എന്നെ വല്ലാതെ സ്പര്‍ശിച്ച കഥാപാത്രമാണ് മാമ. അതുകൊണ്ടുതന്നെ അവരുടെ സന്തോഷവും സങ്കടവും എന്റെതും കൂടിയായി. അതിപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം
മഞ്ജു വാര്യരുമൊത്തുള്ള അഭിനയത്തെക്കുറിച്ച്
ശരിക്കും എന്നെ അദ്ഭുതപ്പെടുത്തിയ നടിയാണ് മഞ്ജുവാര്യര്‍. അവരുമൊത്ത് അഭിനയിക്കാന്‍ കഴിഞ്ഞത് ഏറെ ഭാഗ്യമായിത്തന്നെയാണ് കരുതുന്നത്. സിനിമയില്‍ പറയും പോലെത്തന്നെ മറ്റുള്ളവരില്‍നിന്നും പ്രത്യേകമായെന്തോ ഉള്ള ഒരാളാണ് അവരെന്ന് തോന്നിയിട്ടുണ്ട്. അതവരുടെ സ്നേഹത്തോടെയുള്ള പെരുമാറ്റമാവാം അതുമല്ലെങ്കില്‍ ജോലിയോടുള്ള അവരുടെ സമര്‍പ്പണം കൊണ്ടാവാം. എന്തായാലും എനിക്ക് വല്ലാത്ത അടുപ്പം തോന്നിയിരുന്നു.
മലയാളം സിനിമകള്‍ കാണാറുണ്ടോ
ഇന്ത്യന്‍ സിനിമകള്‍ ചിലതെല്ലാം കാണ്ടിട്ടുണ്ട്. പക്ഷേ, മലയാളം ഇതുവരെ കണ്ടിട്ടില്ല. ഇനി കാണണം.
മാമയെ സ്ക്രീനില്‍ കണ്ടപ്പോള്‍ എന്തു തോന്നി
വലിയ സ്ന്തോഷം. തിയേറ്ററില്‍ നിന്നുണ്ടായ കൈയടികളും കമന്റുകളും ഞാന്‍ നന്നായിത്തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നതിനു തെളിവായിരുന്നു.
മോണയില്‍നിന്ന് മാമയിലേക്കുള്ള മാറ്റത്തെപ്പറ്റി പറയാമോ
സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞ് ഞാന്‍ ആ കഥാപാത്രത്തെക്കുറിച്ചുള്ള കുഞ്ഞു കുഞ്ഞു കുറിപ്പുകള്‍ എഴുതി വാങ്ങിയിരുന്നു. ഡീറ്റെയിലിങ്ങിനു വേണ്ടി. അത് കൃത്യമായി പഠിച്ച് ആ കഥാപാത്രത്തിന്റെ സ്വഭാവം മനസിലാക്കി. തുടര്‍ന്നങ്ങോട്ട് നോട്ടവും ഭാവവുമെല്ലാം മാമയായിത്തന്നെയാണ് മുന്നോട്ടു കൊണ്ടുപോയത്.
ആയിഷ തിയേറ്റില്‍ കണ്ടിരുന്നോ
യെസ്, ദുബായിലെ സ്റ്റാര്‍സ് സിനിമയില്‍നിന്നാണ് ഞാന്‍ ആയിഷ കണ്ടത്. അവിടുത്തെ ആളുകളുടെ റെസ്പോണ്‍സ് അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ചിലര്‍ വന്ന് നേരിട്ട് കൈ പിടിച്ച് അഭിനന്ദിച്ചു. ചില രംഗങ്ങളില്‍ കരഞ്ഞു എന്ന് പറഞ്ഞു. അപ്പോള്‍മുതല്‍ ആ കഥാപാത്രമാകുന്നതില്‍ ഞാന്‍ വിജയിച്ചതായി തോന്നി. സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.
ഓവറാക്കല്ലേ...ഓവറാക്കുന്നോരെ അല്ലാഹുവിനിഷ്ടല്ല...ഇതാണ് ആയിഷയില്‍ മാമ പറയുന്ന ഒരേയൊരു മലയാളം. ആ ഒരു എക്സ്പീരിയന്‍സ് എങ്ങിനെയായിരുന്നു.
വളരെ കുറച്ചു മലയാളം വാക്കുകളേ ഞാന്‍ ഈ സിനിമയില്‍ പറഞ്ഞുള്ളൂ. മലയാളം പഠിക്കാന്‍ ഇത്തിരി പ്രയാസമാണെങ്കിലും മനോഹരമായ ഭാഷയാണെന്ന് എനിക്ക് മനസ്സിലായി. ഇപ്പോഴും ഇടക്കിടെ ആ വാക്കുകള്‍ ഞാന്‍ ഓര്‍ത്ത് പറയാന്‍ ശ്രമിക്കാറുണ്ട്.
മുമ്പ് അഭിനയിച്ചിട്ടുണ്ടോ
പരസ്യചിത്രങ്ങളിലും സീരീസുകളിലും മറ്റും കുറേക്കാലമായി അഭിനയിക്കുന്നുണ്ട്. ഇത്തരം കഥാപാത്രങ്ങള്‍ വന്നാല്‍ ഭാഷ നോക്കാതെ അഭിനയിക്കാനാണിഷ്ടം.
കുടുംബം
ഭര്‍ത്താവ് കരിം ബാഹ്ന. മൂന്നു മക്കളുണ്ട്. രണ്ടു പേരുടെ വിവാഹം കഴിഞ്ഞു. അവര്‍ക്ക് കുട്ടികളുണ്ട്. ആയിഷയിലെ മാമയെപ്പോലെ ഞാനും പേരക്കുട്ടികളൊക്കെയുള്ള ഒരാളാണ്.
മാമയെ സ്വീകരിച്ച മലയാളി പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്
നന്ദി. സിനിമ കണ്ട് നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവരോടും സ്നേഹം. ഇനിയും ഇത്തരം കഥാപാത്രങ്ങളുമായി മലയാളികള്‍ക്കു മുന്നിലെത്താന്‍ സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു. എല്ലാ ആദരവും സ്നേഹവും അവര്‍ക്കും കൂടിയുള്ളതാണ്. കാരണം മലയാളികള്‍ എപ്പോഴും പൊളിയാണ്.
Content Highlights: manju warrier ayisha movie actress mona interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..